“സ്വർണത്തിനുപകരം ഞാൻ രത്നങ്ങൾ കണ്ടെത്തി”
മിഖാലിസ് കാമിനാറിസ് പറഞ്ഞപ്രകാരം
സ്വർണം തേടി ദക്ഷിണാഫ്രിക്കയിലെത്തിയ ഞാൻ അഞ്ചു വർഷം അവിടെ ചെലവഴിച്ച ശേഷം അതിനെക്കാൾ വളരെയേറെ അമൂല്യമായ ഒന്നുമായി സ്വന്തനാട്ടിലേക്കു മടങ്ങുകയായിരുന്നു. എനിക്കിപ്പോൾ ലഭിച്ചതും പങ്കുവെക്കാനാഗ്രഹിച്ചതുമായ ആ ധനത്തെപ്പറ്റി ഞാൻ നിങ്ങളോടു പറയാം.
അയോണിയൻ കടലിലെ സെഫലോണിയ എന്ന ഗ്രീക്ക് ദ്വീപിൽ 1904-ലാണ് ഞാൻ ജനിച്ചത്. എന്റെ മാതാവും പിതാവും അധികം താമസിയാതെ മരിച്ചുപോയതിനാൽ ഞാൻ ഒരു അനാഥനായാണു വളർന്നത്. ഞാൻ സഹായത്തിനായി കൊതിക്കുകയും, മിക്കപ്പോഴും ദൈവത്തോടു പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ഞാൻ ക്രമമായി പോകുമായിരുന്നെങ്കിലും ബൈബിളിനെക്കുറിച്ച് എനിക്കു യാതൊന്നുമറിയില്ലായിരുന്നു. എനിക്കു യാതൊരു സാന്ത്വനവും ലഭിച്ചില്ല.
1929-ൽ, മറ്റൊരു ദേശത്തു കുടിയേറിപ്പാർത്തുകൊണ്ടു മെച്ചപ്പെട്ട ജീവിതമന്വേഷിക്കുന്നതിനു ഞാൻ തീരുമാനിച്ചു. എന്റെ തരിശായ ദ്വീപ് ഉപേക്ഷിച്ച്, കപ്പലിൽ ഞാൻ ഇംഗ്ലണ്ടു വഴി ദക്ഷിണാഫ്രിക്കയ്ക്കു തിരിച്ചു. 17 ദിവസങ്ങൾ കടലിൽ ചെലവഴിച്ചശേഷം ഞാൻ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെത്തി. അവിടെച്ചെന്ന് ഏറെത്താമസിയാതെ എന്റെ നാട്ടുകാരനായ ഒരാൾതന്നെ എന്നെ ജോലിക്കു വിളിച്ചു. എന്നാൽ, ഭൗതിക ധനമുണ്ടായിട്ടും എനിക്ക് ആശ്വാസം ലഭിച്ചില്ല.
വിലയേറിയ ഒന്ന്
ദക്ഷിണാഫ്രിക്കയിലെത്തി എകദേശം രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് ഒരു യഹോവയുടെ സാക്ഷി ജോലിസ്ഥലത്ത് എന്നെ സന്ദർശിച്ച് എനിക്കു ഗ്രീക്കു ഭാഷയിലുള്ള ബൈബിൾ സാഹിത്യങ്ങൾ തന്നത്. അതിൽ മരിച്ചവർ എവിടെ?, അടിച്ചമർത്തൽ, അതെപ്പോൾ അവസാനിക്കും? (ഇംഗ്ലീഷ്) എന്നീ ചെറുപുസ്തകങ്ങൾ ഉൾപ്പെട്ടിരുന്നു. അതു വായിച്ചുതീർക്കാൻ എനിക്കുണ്ടായിരുന്ന ആകാംക്ഷ ഞാൻ ശരിക്കും ഓർമിക്കുന്നു, അതിലുദ്ധരിച്ച എല്ലാ വാക്യങ്ങളും ഞാൻ മനപ്പാഠമാക്കുകപോലും ചെയ്തു. ഒരു ദിവസം ഞാനെന്റെ സഹപ്രവർത്തകനോട് ഇങ്ങനെ പറഞ്ഞു: “വർഷങ്ങളിലുടനീളം ഞാൻ എന്തിനു വേണ്ടിയാണോ തിരഞ്ഞുകൊണ്ടിരുന്നത്, അതെനിക്കു ലഭിച്ചു. ഞാൻ സ്വർണത്തിനു വേണ്ടി ആഫ്രിക്കയിലേക്കു വന്നു. എന്നാൽ സ്വർണത്തിനു പകരം ലഭിച്ചതോ രത്നങ്ങൾ.”
ദൈവത്തിനു യഹോവ എന്ന വ്യക്തിപരമായ നാമമുണ്ടെന്നും അവന്റെ രാജ്യം സ്വർഗത്തിൽ സ്ഥാപിതമായിക്കഴിഞ്ഞുവെന്നും നമ്മൾ ഈ വ്യവസ്ഥിതിയുടെ അവസാന നാളുകളിലാണു ജീവിക്കുന്നതെന്നും ഞാൻ വളരെയധികം ആനന്ദത്തോടെയാണു മനസ്സിലാക്കിയത്. (സങ്കീർത്തനം 83:18; ദാനീയേൽ 2:44; മത്തായി 6:9, 10; 24:3-12; 2 തിമൊഥെയൊസ് 3:1-5; വെളിപ്പാടു 12:7-12) യഹോവയുടെ രാജ്യം മുഴു മനുഷ്യവർഗത്തിനും അവസാനിക്കാത്ത അനുഗ്രഹങ്ങൾ കൈവരുത്തുമെന്ന അറിവ് എത്ര രോമാഞ്ചജനകമായിരുന്നു! എന്നെ ആകർഷിച്ച മറ്റൊരു സംഗതി, ഈ വിലയേറിയ സത്യങ്ങൾ ലോകവ്യാപകമായി പ്രസംഗിക്കപ്പെടുന്നു എന്നതാണ്.—യെശയ്യാവു 9:6, 7; 11:6-9; മത്തായി 24:14; വെളിപ്പാടു 21: 3, 4.
ഞാൻ വേഗംതന്നെ വാച്ച് ടവർ സൊസൈറ്റിയുടെ കേപ് ടൗണിലെ ബ്രാഞ്ച് ഓഫീസിന്റെ മേൽവിലാസം തേടിപ്പിടിച്ചു കൂടുതൽ ബൈബിൾ സാഹിത്യങ്ങൾ സമ്പാദിച്ചു. ഒരു ബൈബിൾ സ്വന്തമാക്കാൻ സാധിച്ചതിൽ എനിക്കു പ്രത്യേകിച്ചും സന്തോഷം തോന്നി. ഞാൻ വായിച്ച കാര്യങ്ങൾ, സാക്ഷീകരിക്കാൻ എനിക്കു പ്രചോദനമേകി. എന്റെ സ്വന്തപട്ടണമായ ലിക്സൂറിയനിലെ എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പരിചയക്കാർക്കുമൊക്കെ ഞാൻ ബൈബിൾ സാഹിത്യങ്ങൾ അയയ്ക്കാൻ തുടങ്ങി. യഹോവയെ പ്രീതിപ്പെടുത്തുന്നതിന് ഒരുവൻ തന്റെ ജീവിതം അവനു സമർപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് എന്റെ പഠനത്തിലൂടെ ക്രമേണ ഞാൻ മനസ്സിലാക്കി. അതുകൊണ്ട് ഞാൻ ഉടനെതന്നെ പ്രാർഥനയിൽ സമർപ്പണം നടത്തി.
ഒരവസരത്തിൽ, ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിച്ചു. പക്ഷേ, ഇംഗ്ലീഷ് അറിഞ്ഞുകൂടായിരുന്നതിനാൽ എനിക്ക് ഒന്നും മനസ്സിലായില്ല. പോർട്ട് എലിസബെത്തിൽ ഒരുപാടു ഗ്രീക്കുകാർ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അവിടേക്കു താമസംമാറ്റിയെങ്കിലും ഗ്രീക്കു സംസാരിക്കുന്ന സാക്ഷികളെ കണ്ടെത്താൻ എനിക്കു സാധിച്ചില്ല. അതുകൊണ്ട്, ഞാൻ ഗ്രീസിലേക്കു മടങ്ങി ഒരു മുഴുസമയ സുവിശേഷകനാകാൻ തീരുമാനിച്ചു. ഞാനിങ്ങനെ ആത്മഗതം ചെയ്തതായി ഓർക്കുന്നു, ‘അർധനഗ്നനായിട്ടേ എത്തൂ എന്നുവന്നാലും ഞാൻ ഗ്രീസിലേക്കു മടങ്ങും.’
ഗ്രീസിലെ മുഴുസമയ ശുശ്രൂഷ
ഇറ്റാലിയൻ കപ്പലായ ഡ്യൂലിയോയിൽ 1934-ലെ വസന്തകാലത്ത് ഞാൻ യാത്ര തിരിച്ചു. ഫ്രാൻസിലെ മാർസീല്ലെസിലെത്തിച്ചേർന്ന ഞാൻ, അവിടെ പത്തു ദിവസം താമസിച്ചശേഷം പാട്രിസ് എന്ന യാത്രക്കപ്പലിൽ ഗ്രീസിലേക്കു തിരിച്ചു. ഞങ്ങൾ കടലിലായിരുന്നപ്പോൾ, കപ്പലിനു യന്ത്രത്തകരാറു സംഭവിച്ചു, അതിനാൽ രാത്രിയിൽ ലൈഫ്ബോട്ടുകൾ കടലിലിറക്കാൻ നിർദേശം ലഭിച്ചു. അപ്പോൾ ഗ്രീസിലേക്ക് അർധനഗ്നനായി എത്തേണ്ടിവരുന്നതിനെക്കുറിച്ചു ചിന്തിച്ചതു ഞാനോർമിച്ചു. എന്നിരുന്നാലും, കപ്പലുകൾ വലിച്ചു നീക്കാനുപയോഗിക്കുന്ന ഒരു ഇറ്റാലിയൻ ബോട്ട് ഒടുവിൽ വന്നെത്തി ഞങ്ങളുടെ കപ്പൽ ഇറ്റലിയിലെ നേപ്പിൾസിലേക്കു വലിച്ചുകൊണ്ടുപോയി. ഒടുക്കം, കുറച്ചു നാളുകൾക്കു ശേഷം ഞങ്ങൾ ഗ്രീസിലെ പിറേയസിൽ എത്തിച്ചേർന്നു.
അവിടെനിന്ന് ഏഥൻസിലേക്കു തിരിച്ച ഞാൻ അവിടെയുള്ള സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് സന്ദർശിച്ചു. ബ്രാഞ്ച് മേൽവിചാരകനായ അത്തനാസ്യോസ് കാരാനാസ്യോസുമായി നടത്തിയ സംഭാഷണത്തിനിടയിൽ ഞാൻ അദ്ദേഹത്തോടു മുഴുസമയ പ്രസംഗകനായി നിയമനം തരാമോ എന്നു ചോദിച്ചു. പിറ്റേ ദിവസം ഞാൻ ഗ്രീസ് വൻകരയുടെ തെക്കൻ ഭാഗത്തുള്ള പെലൊപ്പൊനിസസിലേക്കു യാത്ര തിരിച്ചു. ഈ മുഴു ജില്ലയും എനിക്കു പ്രവർത്തന പ്രദേശമായി നിയമിച്ചുകിട്ടി!
അതിരറ്റ ഉത്സാഹത്തോടെ പട്ടണംതോറും ഗ്രാമംതോറും കൃഷിയിടംതോറും ഒറ്റപ്പെട്ട വീടുകൾതോറും ഞാൻ പ്രസംഗവേല ആരംഭിച്ചു. പെട്ടെന്നുതന്നെ മൈക്കിൾ ട്രിയാൻഡാഫിലൊപൂലൊസും എന്നോടൊപ്പം ചേർന്നു. 1935-ലെ വേനൽക്കാലത്ത് അദ്ദേഹം എന്നെ സ്നാപനപ്പെടുത്തി—എന്റെ മുഴുസമയ ശുശ്രൂഷ ആരംഭിച്ച് ഒരു വർഷത്തിലേറെ കഴിഞ്ഞ്! അന്നൊക്കെ, പൊതു വാഹനസൗകര്യങ്ങൾ ലഭ്യമായിരുന്നില്ല. അതുകൊണ്ടു ഞങ്ങൾ നടന്നായിരുന്നു എല്ലായിടത്തും പോയിരുന്നത്. ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം ഞങ്ങളെ തടയാൻ എന്തുചെയ്യാനും ഒരുക്കമായിരുന്ന വൈദികവൃന്ദത്തിൽനിന്നുണ്ടായ എതിർപ്പായിരുന്നു. ഇതു നിമിത്തം ഞങ്ങൾക്കു വളരെയധികം മുൻവിധി നേരിടേണ്ടി വന്നു. എന്നിരുന്നാലും, പ്രതിബന്ധങ്ങൾക്കിടയിലും സാക്ഷീകരണവേല മുന്നേറുകയും യഹോവയുടെ നാമം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തു.
എതിർപ്പുകൾ സഹിച്ചുനിൽക്കൽ
അർകേഡിയ മലമ്പ്രദേശങ്ങളിൽ പ്രസംഗിച്ചുകൊണ്ടിരുന്ന നാളുകളിൽ, ഒരു പ്രഭാതത്തിൽ, ഞാൻ മാഗൂല്യാനാ എന്ന ഒരു ഗ്രാമത്തിൽ എത്തിച്ചേർന്നു. ഒരു മണിക്കൂറോളം സാക്ഷീകരണം നടത്തിക്കഴിഞ്ഞപ്പോൾ പള്ളിമണികൾ അടിക്കുന്ന ശബ്ദം കേട്ടു, എന്നെപ്രതിയാണ് അവർ മണി മുഴക്കുന്നതെന്ന് എനിക്കു മനസ്സിലായി! ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ഒരു ആർക്കിമാൻഡ്രൈറ്റിന്റെ (ബിഷപ്പു കഴിഞ്ഞാൽ അടുത്ത സ്ഥാനമുള്ള പള്ളിയധികാരി) നേതൃത്വത്തിൽ വളരെ ആളുകൾ കൂടിവന്നു. ഞാൻ സാക്ഷീകരണത്തിനുപയോഗിക്കുന്ന ബാഗ് പെട്ടെന്നടച്ചു നിശബ്ദനായി യഹോവയോടു പ്രാർഥിച്ചു. ആർക്കിമാൻഡ്രൈറ്റും അയാളെ പിന്തുടർന്ന ഒരു പറ്റം കുട്ടികളും എന്റെ നേർക്ക് അടുത്തു. അയാൾ “അതാ അവൻ! അതാ അവൻ!” എന്നു വിളിച്ചു പറയാൻ തുടങ്ങി.
കുട്ടികൾ എന്നെ പൊതിഞ്ഞു. പുരോഹിതനാണെങ്കിൽ മുന്നോട്ടുവന്ന് താൻ ‘അശുദ്ധനായിത്തീരും എന്നതിനാൽ’ എന്നെ തൊടാൻ തോന്നുന്നില്ല എന്നു പറഞ്ഞുകൊണ്ട് തന്റെ വലിയ കുടവയറുകൊണ്ട് എന്നെ തള്ളാൻ തുടങ്ങി. “അവനെ അടിക്ക്! അവനെ അടിക്ക്!” എന്നയാൾ ആക്രോശിച്ചു. എന്നാൽ, ആ സമയത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവിടെവന്നു ഞങ്ങളെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഒരു ആൾക്കൂട്ടത്തെ ഇളക്കിവിട്ടതിന്റെ പേരിൽ പുരോഹിതനെ വിചാരണ ചെയ്ത് 300 ദ്രാക്മയും പുറമേ കോടതിച്ചെലവുകളും അയാൾക്കു പിഴയിട്ടു. എന്നെ വെറുതെ വിട്ടു.
ഞങ്ങൾ ഒരു പുതിയ പ്രദേശത്തെത്തി വലിയൊരു പട്ടണം കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച്, അവിടെനിന്നു നാലു മണിക്കൂർകൊണ്ടു നടന്നെത്താവുന്ന ചുറ്റുവട്ടത്തുള്ള പ്രദേശം മുഴുവൻ പ്രവർത്തിച്ചു തീർത്തു. അതിന്റെ അർഥം ഞങ്ങൾ വെളുപ്പിന് ഇരുട്ടുള്ളപ്പോൾ തന്നെ പുറപ്പെടുകയും ഇരുട്ടുവീണ ശേഷം മാത്രം മടങ്ങുകയും ചെയ്തിരുന്നുവെന്നാണ്. സാധാരണഗതിയിൽ ദിവസം ഒന്നോ രണ്ടോ ഗ്രാമങ്ങൾ ഞങ്ങൾ സന്ദർശിക്കുമായിരുന്നു. ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളെല്ലാം പ്രവർത്തിച്ചു തീർന്നശേഷം ഞങ്ങൾ കേന്ദ്രമാക്കിയിരുന്ന പട്ടണത്തിൽ പ്രവർത്തിച്ചിട്ടു മറ്റൊരു സ്ഥലത്തേക്കു നീങ്ങി. വൈദികർ ഞങ്ങൾക്കെതിരെ ജനങ്ങളെ ഇളക്കിവിടുന്നതു നിമിത്തം മിക്കപ്പോഴും ഞങ്ങളെ അറസ്റ്റു ചെയ്തിരുന്നു. മധ്യ ഗ്രീസിലെ പാർനാസസിൽ പൊലീസ് എനിക്കുവേണ്ടി മാസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. എന്നുവരികിലും, അവർക്കൊരിക്കലും എന്നെ പിടികൂടാൻ സാധിച്ചില്ല.
ഒരു ദിവസം, ട്രിയാൻഡാഫിലൊപൂലൊസ് സഹോദരനും ഞാനും ബിയോഷിയ പ്രദേശത്തുള്ള മൂറിക്കി ഗ്രാമത്തിൽ പ്രസംഗവേലയിൽ എർപ്പെട്ടിരിക്കുകയായിരുന്നു. ഞങ്ങൾ ഗ്രാമത്തെ രണ്ടു ഭാഗമായി തിരിച്ചു. കൂട്ടത്തിൽ പ്രായക്കുറവ് എനിക്കായിരുന്നതിനാൽ കുത്തനെയുള്ള ചരിവുകളിൽ ഞാൻ പ്രവർത്തനമാരംഭിച്ചു. പെട്ടെന്ന് ഞാൻ താഴെനിന്നും നിലവിളികൾ കേട്ടു. താഴേക്ക് ഓടിയിറങ്ങുമ്പോൾ ഞാൻ വിചാരിച്ചു, ‘ട്രിയാൻഡാഫിലൊപൂലൊസ് സഹോദരനെ ആരോ അടിക്കുകയാണ്.’ സ്ഥലത്തെ ഒരു കാപ്പിക്കടയിൽ ഗ്രാമീണർ കൂട്ടംകൂടി നിൽക്കുകയും ഒരു പുരോഹിതൻ അമർത്തിച്ചവിട്ടി വെട്ടുപോത്തിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. “ഇവർ ഞങ്ങളെ ‘സർപ്പത്തിന്റെ സന്തതി’ എന്നാണു വിളിക്കുന്നത്” അയാൾ ആക്രോശിച്ചു.
അയാൾ ഊന്നുവടി ഒടിഞ്ഞുപോകാൻപാകത്തിനു ട്രിയാൻഡാഫിലൊപൂലൊസ് സഹോദരന്റെ തലയ്ക്കിട്ട് അടിച്ചുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖത്തുകൂടെ രക്തം ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഞാൻ ചോര തുടച്ചുകളഞ്ഞു. എന്നിട്ട് ഒരുവിധത്തിൽ അവിടം വിട്ടുപോന്നു. മൂന്നു മണിക്കൂർ നടന്നു ഞങ്ങൾ തിബ്സ് പട്ടണത്തിൽ എത്തി. അവിടെ, ഒരു ആശുപത്രിയിൽ ചെന്ന് മുറിവുകെട്ടി. ഞങ്ങൾ സംഭവം പൊലീസിൽ റിപ്പോർട്ടുചെയ്ത് ഒരു കേസും കൊടുത്തു. എന്നിരുന്നാലും, പുരോഹിതന് ഉന്നതതലങ്ങളിൽ പിടിയുണ്ടായിരുന്നതിനാൽ അയാളെ വെറുതെ വിട്ടു.
ഞങ്ങൾ ല്യൂക്കാസ് എന്ന പട്ടണത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ, ആ പ്രദേശത്തെ രാഷ്ട്രീയ നേതാക്കന്മാരിലൊരാളുടെ അനുയായികൾ ഞങ്ങളെ “അറസ്റ്റുചെയ്ത്” ഗ്രാമത്തിലെ കാപ്പിക്കടയിൽ കൊണ്ടുവന്നു. അവിടെ, ഞങ്ങളിൽ കുറ്റം ചുമത്തിക്കൊണ്ട് ഒരു വിചാരണ പ്രഹസനം നടന്നു. രാഷ്ട്രീയ നേതാവും അയാളുടെ ആളുകളും ഞങ്ങളുടെ മുമ്പിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു മാറിമാറി ഞങ്ങളോടു പ്രസംഗിച്ചു, കൂടെക്കൂടെ പൊട്ടിത്തെറിച്ചു, മുഷ്ടിചുരുട്ടി ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരെല്ലാവരും മദ്യപിച്ചിരുന്നു. ഉച്ചമുതൽ സൂര്യസ്തമയംവരെ ഞങ്ങൾക്കെതിരെ അവർ നിന്ദാവാക്കുകളുതിർത്തു. എങ്കിലും ഞങ്ങൾ ശാന്തരായി നിലകൊള്ളുകയും പുഞ്ചിരിച്ചുകൊണ്ടു ഞങ്ങളുടെ നിരപരാധിത്വം അറിയിക്കുകയും സഹായത്തിനായി നിശബ്ദം യഹോവയോടു പ്രാർഥിക്കുകയും ചെയ്തു.
സന്ധ്യയായപ്പോൾ രണ്ടു പോലീസുകാർ വന്നു ഞങ്ങളെ രക്ഷിച്ചു. അവർ ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി നന്നായി ഉപചരിച്ചയച്ചു. തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നതിനായി രാഷ്ട്രീയ നേതാവു പിറ്റേദിവസം അവിടെ വന്ന്, ഞങ്ങൾ ഗ്രീസിലെ രാജാവിനെതിരെ ദുഷ്പ്രചരണം നടത്തുന്നുവെന്നു ഞങ്ങളെക്കുറിച്ച് ആരോപണമുന്നയിച്ചു. അതുകൊണ്ടു പൊലീസ് ഞങ്ങളെ ലാമിയ പട്ടണത്തിൽ കൂടുതൽ പരിശോധനയ്ക്കായി രണ്ട് ആളുകളുടെ അകമ്പടിയോടെ അയച്ചു. ഞങ്ങളെ ഏഴു ദിവസം കസ്റ്റഡിയിൽ വെക്കുകയും പിന്നീട് ലാറിസ്സാ എന്ന പട്ടണത്തിൽ വിചാരണയ്ക്കായി കൈവിലങ്ങുവെച്ചു കൊണ്ടുപോകുകയും ചെയ്തു.
കാലേകൂട്ടി വിവരങ്ങളെല്ലാം അറിഞ്ഞിരുന്ന ലാറിസ്സായിലെ ക്രിസ്തീയ സഹോദരങ്ങൾ അവിടെ ഞങ്ങളുടെ ആഗമനത്തിനായി കാത്തുനിന്നിരുന്നു. അവർ ഞങ്ങളോടു കാട്ടിയ വലിയ സ്നേഹം കാവൽക്കാർക്ക് ഒരു നല്ല സാക്ഷ്യമായിരുന്നു. ഒരു മുൻ ലെഫ്റ്റനൻറ് കേണലും ഒരു യഹോവയുടെ സാക്ഷിയുമായ ഞങ്ങളുടെ വക്കീൽ പട്ടണത്തിലെ ഒരു പ്രശസ്ത വ്യക്തിയായിരുന്നു. അദ്ദേഹം കോടതിയിൽ ഹാജരായി ഞങ്ങളുടെ കേസു വാദിച്ചപ്പോൾ, ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതായിരുന്നുവെന്നു തെളിയുകയും ഞങ്ങളെ വെറുതെ വിടുകയും ചെയ്തു.
പ്രസംഗവേലയിൽ യഹോവയുടെ സാക്ഷികൾക്കു പൊതുവേ ലഭിച്ച വിജയം എതിർപ്പു കൂടാൻ കാരണമായി. 1938-ലും 1939-ലും മതപരിവർത്തനത്തെ നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള നിയമങ്ങൾ പാസ്സാക്കി, മൈക്കിളും ഞാനും ഈ പ്രശ്നത്തിൽ നിരവധി കോടതി കേസുകളിൽ ഉൾപ്പെട്ടിരുന്നു. പിന്നീട്, ഞങ്ങളുടെ പ്രവർത്തനത്തിൽ ഏറെ ജനശ്രദ്ധ പതിയാതിരിക്കുന്നതിനായി വേറിട്ടു പ്രവർത്തിക്കാൻ ബ്രാഞ്ച് ഓഫീസ് ഞങ്ങളോടാവശ്യപ്പെട്ടു. ഒരു കൂട്ടാളിയില്ലാഞ്ഞതിൽ എനിക്കു ബുദ്ധിമുട്ടു തോന്നി. എങ്കിലും യഹോവയിലാശ്രയിച്ചുകൊണ്ടു ഞാൻ ആറ്റിക്ക, ബിയോഷിയ, തിയോറ്റെസ്, യുബിയ, ഈറ്റോലിയ, അകർനേനിയ, യുറിറ്റേനിയ തുടങ്ങിയ ജില്ലകളും പെലൊപ്പൊനിസസ് ജില്ലയും കാൽനടയായിത്തന്നെ പ്രവർത്തിച്ചുതീർത്തു.
ഈ കാലയളവിൽ എന്നെ സഹായിച്ചതു യഹോവയിലാശ്രയിക്കുന്നതിനെക്കുറിച്ചുള്ള സങ്കീർത്തനക്കാരന്റെ മനോഹരമായ വാക്കുകളാണ്: “നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും. എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീർക്കുകയും ചെയ്യുന്ന ദൈവം തന്നേ. അവൻ എന്റെ കാലുകളെ മാൻപേടക്കാല്ക്കു തുല്യമാക്കി, എന്റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.”—സങ്കീർത്തനം 18:29, 32, 33.
1940-ൽ ഇറ്റലി ഗ്രീസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു, അധികം താമസിയാതെ ജർമൻ പട രാജ്യത്തേക്ക് ആക്രമിച്ചുകയറി. പട്ടാളനിയമം പ്രഖ്യാപിക്കുകയും വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ നിരോധിക്കുകയും ചെയ്തു. ഗ്രീസിലുള്ള യഹോവയുടെ സാക്ഷികൾക്കു കഷ്ടപ്പാടിന്റെ നാളുകളായിരുന്നു അവ; എന്നുവരികിലും, അവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി—1940-ൽ 178 സാക്ഷികൾ മാത്രമുണ്ടായിരുന്നത് 1945-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനമായപ്പോഴേക്കും 1,770 പേരായി വർധിച്ചു!
ബെഥേൽ സേവനം
1945-ൽ യഹോവയുടെ സാക്ഷികളുടെ ഏഥൻസിലെ ബ്രാഞ്ച് ഓഫീസിൽ സേവിക്കാൻ എനിക്കു ക്ഷണം ലഭിച്ചു. “ദൈവത്തിന്റെ ഭവനം” എന്നർഥമുള്ള ബെഥേൽ അപ്പോൾ ലൊംബാർഡൂ എന്ന തെരുവിലെ വാടകയ്ക്കെടുത്ത ഒരു വീട്ടിലായിരുന്നു. ഓഫീസുകൾ ഒന്നാം നിലയിലും അച്ചടി സംവിധാനങ്ങൾ താഴെയുമായിരുന്നു. അതിൽ ഒരു ചെറിയ പ്രസ്സും ട്രിമ്മിങ്ങ് യന്ത്രവും ഉൾപ്പെട്ടിരുന്നു. ആദ്യം പ്രസ്സിൽ ജോലിയിലേർപ്പെട്ടിരുന്നത് ആകെ രണ്ടുപേരായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ പുറത്തുനിന്നുള്ള സഹോദരങ്ങൾ ദിവസവും വന്നു ജോലിയിൽ സഹായിക്കാൻ തുടങ്ങി.
1945-ൽ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ, ബ്രുക്ലിനിലുള്ള ലോക ആസ്ഥാനവുമായി ബന്ധം പുനഃസ്ഥാപിക്കുകയും അതേ വർഷംതന്നെ ഞങ്ങൾ വീക്ഷാഗോപുരം ക്രമമായി ഗ്രീസിൽ വീണ്ടും അച്ചടിച്ചു തുടങ്ങുകയും ചെയ്തു. 1947-ൽ, ഞങ്ങൾ ബ്രാഞ്ച് 16 ടെനെഡൂ തെരുവിലേക്കു മാറ്റി. പക്ഷേ അച്ചടി സംവിധാനങ്ങൾ ലൊംബാർഡൂ തെരുവിൽത്തന്നെയായിരുന്നു. പിന്നീട് അച്ചടി സംവിധാനങ്ങൾ ലൊംബാർഡൂ തെരുവിൽനിന്ന് ഏകദേശം അഞ്ചു കിലോമീറ്റർ അകലെയുള്ള, ഒരു സാക്ഷിയുടെ ഫാക്ടറിയിലേക്കു മാറ്റി. ഇതുനിമിത്തം, കുറച്ചു കാലം ഞങ്ങൾ മൂന്നു സ്ഥലങ്ങൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരുന്നു.
നന്നേ വെളുപ്പിന് എഴുന്നേറ്റു ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് അച്ചടി സൗകര്യമുള്ള സ്ഥലത്തേക്കു പോകുന്നത് എനിക്കോർമയുണ്ട്. ഉച്ചകഴിഞ്ഞ് 1:00 മണിവരെ അവിടെ ജോലിചെയ്തശേഷം ഞാൻ, അച്ചടിച്ചു കഴിഞ്ഞ പേപ്പർ സൂക്ഷിച്ചിരുന്ന ലൊംബാർഡൂ തെരുവിലേക്കു പോകുമായിരുന്നു. അവിടെ അവ കൈകൊണ്ടു തന്നെ മടക്കി, തയ്ച്ച്, അരികുകൾ കത്രിച്ചു മാസികകളാക്കിയിരുന്നു. പിന്നീട്, ഞങ്ങൾ ഈ മാസികകൾ പോസ്റ്റോഫീസിൽ കൊണ്ടുപോയി, മൂന്നാം നിലയിൽ കയറ്റി അവിടെയുള്ള ജോലിക്കാരെ അതു തരംതിരിക്കുന്നതിനു സഹായിക്കുകയും അയയ്ക്കുന്നതിനായി കവറുകളിൽ സ്റ്റാമ്പ് ഒട്ടിക്കുകയും ചെയ്യുമായിരുന്നു.
1954 ആയപ്പോഴേക്കും ഗ്രീസിലെ യഹോവയുടെ സാക്ഷികളുടെ എണ്ണം 4,000-ത്തിലേറെയായി വർധിച്ചു കഴിഞ്ഞിരുന്നതിനാൽ കൂടുതൽ സൗകര്യങ്ങളുടെ ആവശ്യം നേരിട്ടു. അതുകൊണ്ടു ഞങ്ങൾ ഏഥൻസ് പട്ടണത്തിന്റെ തെക്ക് കാർടാലി തെരുവിൽ മൂന്നുനിലയുള്ള ഒരു പുതിയ ബെഥേൽ കെട്ടിടത്തിലേക്കു മാറി. 1958-ൽ എന്നോട് അടുക്കളയുടെ മേൽനോട്ടം ഏറ്റെടുക്കാനാവശ്യപ്പെട്ടു. 1983 വരെ എന്റെ ജോലി അതായിരുന്നു. അതിനോടകം, 1959-ൽ, യഹോവയുടെ സേവനത്തിൽ ഒരു വിശ്വസ്ത സഹായിയാണെന്നു തെളിഞ്ഞ എലെഫ്താറിയയെ ഞാൻ വിവാഹം ചെയ്തു.
വീണ്ടും എതിർപ്പുകൾ സഹിച്ചുനിൽക്കൽ
1967-ൽ ഒരു പട്ടാളവിപ്ലവ സംഘം അധികാരത്തിലേറുകയും ഞങ്ങളുടെ പ്രസംഗവേലയിൽ വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും, പ്രവർത്തനത്തിന്മേലുള്ള നിരോധനങ്ങളെ തരണം ചെയ്യുന്നതിലുള്ള ഞങ്ങളുടെ മുൻപരിചയം നിമിത്തം ഞങ്ങൾ പെട്ടെന്നുതന്നെ അതിനോട് അനുരൂപപ്പെടുകയും വിജയകരമായി രഹസ്യ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.
ഞങ്ങൾ സ്വകാര്യ ഭവനങ്ങളിൽ യോഗങ്ങൾ നടത്തുകയും ഞങ്ങളുടെ വീടുതോറുമുള്ള ശുശ്രൂഷയിൽ മുൻകരുതലോടെ പ്രവർത്തിക്കുകയും ചെയ്തു. എന്നിരുന്നാലും, നമ്മുടെ സഹോദരങ്ങൾ മിക്കപ്പോഴും അറസ്റ്റുചെയ്യപ്പെടുകയും കോടതിക്കേസുകൾ പെരുകുകയും ചെയ്തു. ഞങ്ങളുടെ വക്കീലന്മാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരുന്ന വ്യത്യസ്ത വിചാരണകളിൽ പങ്കെടുക്കുന്നതിനായി ഓടിനടന്നു. എതിർപ്പുകളെല്ലാമുണ്ടായിരുന്നിട്ടും, സാക്ഷികളിൽ ഭൂരിഭാഗവും തങ്ങളുടെ പ്രസംഗ പ്രവർത്തനത്തിൽ ക്രമമായി പങ്കുപറ്റി, പ്രത്യേകിച്ച് വാരാന്തങ്ങളിൽ.
ശനിയാഴ്ചത്തെ അല്ലെങ്കിൽ ഞായറാഴ്ചത്തെ പതിവു പ്രസംഗപ്രവർത്തനത്തിനുശേഷം ഞങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാവരും മടങ്ങിയെത്തിയോ എന്നു നോക്കുക പതിവായിരുന്നു. സാധാരണഗതിയിൽ, കാണാതാകുന്നവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ചിട്ടുണ്ടാകും. അതുകൊണ്ട് ഞങ്ങൾ അവർക്കു പുതപ്പുകളും ഭക്ഷണവും കൊണ്ടുപോയി കൊടുക്കുകയും പ്രോത്സാഹനമേകുകയും ചെയ്യും. കൂടാതെ, ഞങ്ങൾ ഞങ്ങളുടെ വക്കീലന്മാരെയും വിവരം അറിയിക്കും. അവർ കസ്റ്റഡിയിൽ ഉള്ളവർക്കുവേണ്ടി വാദിക്കാൻ തിങ്കളാഴ്ച പ്രോസിക്യൂട്ടർക്കു മുമ്പാകെ ഹാജരാകും. ഞങ്ങൾ കഷ്ടം സഹിച്ചതു സത്യത്തെപ്രതിയായിരുന്നതിനാൽ ഈ അവസ്ഥകളെയെല്ലാം സന്തോഷത്തോടെ അഭിമുഖീകരിച്ചു!
നിരോധനകാലത്തു ബെഥേലിലുള്ള ഞങ്ങളുടെ അച്ചടി പ്രവർത്തനങ്ങൾ നിലച്ചു. അതുകൊണ്ട് ഞാനും എലെഫ്താറിയയും താമസിച്ചിരുന്ന ഏഥൻസ് നഗരപ്രാന്തത്തിലുള്ള ഭവനം ഒരുതരം അച്ചടിശാലയായി മാറി. എലെഫ്താറിയ ഒരു കനമുള്ള ടൈപ്പ്റൈറ്റർ ഉപയോഗിച്ച് വീക്ഷാഗോപുര ലേഖനത്തിന്റെ കോപ്പികൾ ടൈപ്പുചെയ്തുണ്ടാക്കി. അവൾ ഒരു സമയത്ത് 10 ഷീറ്റ് കടലാസ് ടൈപ്പ്റൈറ്ററിൽ കയറ്റുമായിരുന്നതിനാൽ ശക്തിയായി അടിച്ചാൽ മാത്രമേ അക്ഷരങ്ങൾ പതിയുമായിരുന്നുള്ളൂ. പിന്നീട് ഞാൻ കടലാസുകൾ ഒരുമിച്ചു ചേർത്തു തുന്നും. എന്നും വൈകിട്ട് അർധരാത്രിവരെ ഇതു തുടരുമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്നതിനു തൊട്ടുതാഴത്തെനിലയിൽ ഒരു പൊലീസുകാരൻ താമസിച്ചിരുന്നു. അയാൾക്കു സംശയം തോന്നാഞ്ഞതെന്തെന്നു ഞങ്ങളിപ്പോഴും അത്ഭുതപ്പെടുന്നു.
തുടർച്ചയായ വികസനത്തിൽ ആനന്ദിക്കുന്നു
1974-ൽ വീണ്ടും ഗ്രീസിൽ ജനകീയ ഭരണം പുനഃസ്ഥാപിതമായി, ഞങ്ങൾ പ്രസംഗ പ്രവർത്തനം കൂടുതൽ സ്വാതന്ത്ര്യത്തോടെ തുടരുകയും ചെയ്തു. വിലക്കുകൾ ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ ഏഴു വർഷത്തെ പ്രവർത്തനത്തിനിടയിൽ 6,000-ത്തിലേറെ പുതിയ സാക്ഷികളുടെ ഒരു വിസ്മയകരമായ വർധനവു ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു. മൊത്തം രാജ്യ പ്രഘോഷകരുടെ എണ്ണം 17,000-ത്തിലധികമായി.
ബ്രാഞ്ച് പരിസരങ്ങളിൽ ഞങ്ങളുടെ ക്രമമായ അച്ചടി പ്രവർത്തനങ്ങളും ഞങ്ങൾ പുനരാരംഭിച്ചു. ഇതു നിമിത്തം പെട്ടെന്നുതന്നെ കർതാലി തെരുവിലെ ബ്രാഞ്ച് സൗകര്യങ്ങൾ തികയാതെവന്നു. അതിനാൽ ഏഥൻസ് നഗരപ്രാന്തത്തിലെ മാറൂസീയിൽ ഒരു 2.5 ഏക്കർ സ്ഥലം വിലയ്ക്കുവാങ്ങി, 27 കിടപ്പുമുറികളും ഒരു ഫാക്ടറിയും ഓഫീസുകളും മറ്റു സൗകര്യങ്ങളുമുള്ള പുതിയ ബേഥേൽ ഭവനം പണിതു. ഇവയുടെ സമർപ്പണം 1979 ഒക്ടോബറിൽ നടന്നു.
കാലാന്തരത്തിൽ ഞങ്ങൾക്കു കൂടുതൽ സ്ഥലം ആവശ്യമായി വന്നു. അതുകൊണ്ട്, ഏഥൻസിന് ഏകദേശം 60 കിലോമീറ്റർ വടക്കായി 54 ഏക്കർ സ്ഥലം വിലയ്ക്കു വാങ്ങി. ഈ സ്ഥലം എല്യോനായിലെ ഒരു കുന്നിൻചരിവിലാണ്. ഇവിടെ നിന്നാൽ മലകളും ധാരാളം വെള്ളമുള്ള താഴ്വാരങ്ങളും നന്നായി കാണാം. അവിടെ, ഓരോന്നിലും എട്ടു പേരെ വീതം താമസിപ്പിക്കാവുന്ന 22 കെട്ടിടങ്ങൾ സഹിതം വളരെയേറെ സൗകര്യങ്ങളുള്ള ബെഥേലിന്റെ സമർപ്പണം 1991 ഏപ്രിലിൽ നിർവഹിച്ചു.
60 വർഷത്തിലേറെ മുഴുസമയ ശുശ്രൂഷയിലായിരുന്ന ഞാൻ ഇപ്പോഴും നല്ല ആരോഗ്യത്താൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, “വാർദ്ധക്യത്തിലും” ഞാൻ “ഫലം കായിച്ചുകൊണ്ടിരിക്കു”ന്നു. (സങ്കീർത്തനം 92:14) യഹോവയാം ദൈവം തന്റെ സത്യാരാധകരുടെ എണ്ണത്തിലുള്ള മഹത്തായ വർധനവ് എന്റെ സ്വന്തം കണ്ണുകൾ കൊണ്ടു കാണാൻ എന്നെ അനുവദിച്ചതിൽ ഞാൻ പ്രത്യേകിച്ചും നന്ദിയുള്ളവനാണ്. യെശയ്യാ പ്രവാചകൻ അത്തരമൊരു വർധനവിനെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു: “ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.”—യെശയ്യാവു 60:11.
സകല ജനതകളിൽനിന്നും ലക്ഷക്കണക്കിനാളുകൾ യഹോവയുടെ സ്ഥാപനത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുന്നതും മഹോപദ്രവത്തെ അതിജീവിച്ചു ദൈവത്തിന്റെ പുതിയ ലോകത്തിലേക്കു പ്രവേശിക്കുന്നതിനു പഠിപ്പിക്കപ്പെടുന്നതും കാണുന്നത് എത്ര വിസ്മയജനകമാണ്! (2 പത്രൊസ് 3:13) എന്നെ സംബന്ധിച്ചിടത്തോളം മുഴുസമയ ശുശ്രൂഷ ഈ ലോകത്തിനു വാഗ്ദാനം ചെയ്യാൻ കഴിയുന്ന എന്തിനെക്കാളും വിലയേറിയതാണെന്നു തെളിഞ്ഞിരിക്കുന്നുവെന്ന് ആത്മാർഥമായും പറയാൻ സാധിക്കും. അതേ, ഞാൻ സ്വർണ നിക്ഷേപങ്ങൾക്കു പകരം എന്റെ ജീവിതത്തെ അളവറ്റവിധം സമ്പുഷ്ടമാക്കിയ ആത്മീയ രത്നങ്ങൾതന്നെ കണ്ടെത്തിയിരിക്കുന്നു.
[23-ാം പേജിലെ ചിത്രം]
മിഖാലിസും എലെഫ്താറിയ കാമിനാറിസും
(വലത്ത്) ലൊംബാർഡൂ തെരുവിലുള്ള അച്ചടിസൗകര്യങ്ങൾ