വാഗ്ദാനങ്ങൾ പാലിക്കേണ്ടത് എന്തുകൊണ്ട്?
“ഏറ്റവും കുറച്ചു വാഗ്ദാനങ്ങൾ നൽകുന്ന വ്യക്തിക്ക് വോട്ടു ചെയ്യുക; അദ്ദേഹം നിങ്ങളെ അധികം നിരാശപ്പെടുത്തുകയില്ല,” അമേരിക്കൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്ന ബർനാഡ് ബാരൂക്ക് പറഞ്ഞു. ലംഘിക്കപ്പെടാൻ മാത്രമാണ് ഇന്നത്തെ ലോകത്തിൽ വാഗ്ദാനങ്ങൾ നൽകപ്പെടുന്നതെന്നു തോന്നുന്നു. അവ വിവാഹ പ്രതിജ്ഞകളോ ബിസിനസ് കരാറുകളോ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കാമെന്നുള്ള വാഗ്ദാനമോ ഒക്കെ ആകാം. “വാഗ്ദാനപാലനത്തിലാണ് ഒരുവന്റെ വില” എന്ന പഴമൊഴിയുടെ സൂചിതാർഥം പരക്കെ വിസ്മരിക്കപ്പെടുന്നു.
വാഗ്ദാനങ്ങൾ പാലിക്കണമെന്ന ഉദ്ദേശ്യമേ അനേകർക്കുമില്ല. മറ്റു ചിലർ തങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ തിടുക്കം കൂട്ടി വാഗ്ദാനം ചെയ്യുന്നു. അല്ലെങ്കിൽ, വാക്കു പാലിക്കാതിരിക്കുന്നതാണു കൂടുതൽ എളുപ്പം എന്നു തോന്നുമ്പോൾ കേവലം അക്കാരണത്താൽ വാഗ്ദാന ലംഘനം നടത്തുന്നു.
മുൻകൂട്ടി കാണാത്ത സാഹചര്യങ്ങൾ ഉയർന്നു വന്നാൽ വാക്കു പാലിക്കുക ബുദ്ധിമുട്ടായിരിക്കാം എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ വാഗ്ദാന ലംഘനം വാസ്തവത്തിൽ ഏറെ ഭവിഷ്യത്തുകൾ ഉളവാക്കുമോ? നിങ്ങൾ വാഗ്ദാനങ്ങൾ ഗൗരവമായി എടുക്കണമോ? യഹോവയാം ദൈവത്തിന്റെ മാതൃക ഹ്രസ്വമായി പരിചിന്തിക്കുന്നത് ഈ കാര്യത്തെ നാം ഗൗരവമായി കരുതേണ്ടത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
യഹോവ തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നു
നാം ആരാധിക്കുന്ന ദൈവത്തിന്റെ പേരുതന്നെ വാഗ്ദാന പാലനത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ബൈബിൾ കാലങ്ങളിൽ ഒരുവന്റെ പേരു മിക്കപ്പോഴും അയാളെ കുറിച്ച് ഒരു വിശദീകരണം നൽകിയിരുന്നു. “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്ന് അർഥമുള്ള യഹോവ എന്ന പേരിന്റെ കാര്യത്തിലും ഇതു സത്യമാണ്. അതുകൊണ്ട്, ദൈവം തന്റെ വാഗ്ദാനങ്ങൾ പാലിക്കുകയും ഉദ്ദേശ്യങ്ങൾ നിവർത്തിക്കുകയും ചെയ്യുമെന്നുള്ള ആശയം ദിവ്യനാമത്തിൽ ഉൾക്കൊള്ളുന്നു.
പുരാതന ഇസ്രായേൽ ജനതയ്ക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചുകൊണ്ട് യഹോവ തന്റെ നാമത്തിനു ചേർച്ചയിൽ പ്രവർത്തിച്ചു. ആ വാഗ്ദാനങ്ങളെ കുറിച്ച് ശലോമോൻ രാജാവ് ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “താൻ വാഗ്ദാനം ചെയ്തതുപോലെ ഒക്കെയും തന്റെ ജനമായ യിസ്രായേലിന്നു സ്വസ്ഥത നൽകിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ തന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാററിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.”—1 രാജാക്കന്മാർ 8:56.
“ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു” എന്ന് പൗലൊസ് ന്യായവാദം ചെയ്യുമാറ് അത്രയധികം ആശ്രയയോഗ്യനാണ് യഹോവ. (എബ്രായർ 6:13) അതെ, യഹോവയുടെ പേരും അവൻ ആരാണെന്നുള്ള വസ്തുതയും, വലിയ വില നൽകേണ്ടിവന്നാൽ പോലും അവൻ വാഗ്ദാനങ്ങളിൽനിന്നു പിന്മാറില്ലെന്ന് ഉറപ്പേകുന്നു. (റോമർ 8:32) യഹോവ വാഗ്ദാനങ്ങൾ പാലിക്കുന്നു എന്ന വസ്തുത, ഒരു നങ്കൂരമായി വർത്തിക്കുന്ന പ്രത്യാശ നമുക്കു നൽകുന്നു.—എബ്രായർ 6:19.
യഹോവയുടെ വാഗ്ദാനങ്ങളും നമ്മുടെ ഭാവിയും
നമ്മുടെ പ്രത്യാശയും വിശ്വാസവും ജീവനും എല്ലാം യഹോവയുടെ വാഗ്ദാനങ്ങളുടെ നിവൃത്തിയെ ആശ്രയിച്ചിരിക്കുന്നു. എന്തു പ്രത്യാശയാണു നാം പ്രിയങ്കരമായി വെച്ചുപുലർത്തുന്നത്? “നാം [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ് 3:13) “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്ന വിശ്വാസത്തിനുള്ള അടിസ്ഥാനവും തിരുവെഴുത്തുകൾ നമുക്കു തരുന്നു. (പ്രവൃത്തികൾ 24:15) ഇപ്പോഴത്തെ ഈ ജീവിതം മാത്രമല്ല ഉള്ളതെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. തീർച്ചയായും, “നിത്യജീവ”നെയാണ് യോഹന്നാൻ അപ്പൊസ്തലൻ ദൈവം “തന്ന വാഗ്ദത്തം” എന്നു വിളിക്കുന്നത്. (1 യോഹന്നാൻ 2:25) എന്നാൽ യഹോവ തന്റെ വചനത്തിലൂടെ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ ഭാവി സംബന്ധിച്ചു മാത്രമുള്ളതല്ല. അവ ഇപ്പോൾത്തന്നെ നമ്മുടെ അനുദിന ജീവിതത്തിന് അർഥം പകരുന്നു.
സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: ‘യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. അവൻ അവരുടെ നിലവിളി കേൾക്കും.’ (സങ്കീർത്തനം 145:18, 19) താൻ ‘ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുകയും ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുകയും’ ചെയ്യുമെന്നും ദൈവം നമുക്ക് ഉറപ്പു തരുന്നു. (യെശയ്യാവു 40:29) ‘നമുക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ ദൈവം സമ്മതിക്കാതെ നമുക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും’ എന്ന് അറിയുന്നത് എന്തൊരു ആശ്വാസമാണ്! (1 കൊരിന്ത്യർ 10:13) ഈ വാഗ്ദാനങ്ങളിൽ ഏതിന്റെയെങ്കിലും നിവൃത്തി നാം വ്യക്തിപരമായി അനുഭവിച്ചിട്ടുണ്ടെങ്കിൽ യഹോവയെ പൂർണമായും ആശ്രയിക്കാനാകുമെന്നു നമുക്ക് അറിയാം. യഹോവ നൽകുകയും നിറവേറ്റുകയും ചെയ്യുന്ന അനേകം വാഗ്ദാനങ്ങളിൽനിന്നു പ്രയോജനങ്ങൾ അനുഭവിക്കുന്ന സ്ഥിതിക്ക്, അവനോടുള്ള നമ്മുടെ വാഗ്ദാനങ്ങളെ നാം എങ്ങനെ വീക്ഷിക്കണം?
ദൈവത്തോടുള്ള നമ്മുടെ വാഗ്ദാനങ്ങൾ പാലിക്കൽ
നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം നിസ്സംശയമായും ദൈവത്തിനുള്ള നമ്മുടെ സമർപ്പണമാണ്. ഈ പടി സ്വീകരിക്കുന്നതിലൂടെ നാം യഹോവയെ എന്നുമെന്നും സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്. ദൈവത്തിന്റെ കൽപ്പനകൾ ഭാരപ്പെടുത്തുന്നവ അല്ലെങ്കിലും, ഈ ദുഷ്ട വ്യവസ്ഥിതിയിൽ ജീവിക്കുമ്പോൾ അവന്റെ ഇഷ്ടം ചെയ്യുക എല്ലായ്പോഴും എളുപ്പമല്ലായിരിക്കാം. (2 തിമൊഥെയൊസ് 3:12; 1 യോഹന്നാൻ 5:3) എന്നാൽ നാം ‘കലപ്പെക്കു കൈ വെച്ച്’ യഹോവയുടെ സമർപ്പിത ദാസന്മാരും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും ആയിത്തീർന്നാൽപ്പിന്നെ, പിന്നിൽ വിട്ടുകളഞ്ഞ ലോകത്തിന്റെ കാര്യങ്ങളിലേക്ക് ഒരിക്കലും പിന്തിരിഞ്ഞു നോക്കരുത്.—ലൂക്കൊസ് 9:62.
പ്രാർഥിക്കുമ്പോൾ, ഒരു ദൗർബല്യത്തെ മറികടക്കാനോ ഒരു ക്രിസ്തീയ ഗുണം നട്ടുവളർത്താനോ നമ്മുടെ ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ ഒരു വശം മെച്ചപ്പെടുത്താനോ നാം പരിശ്രമിക്കുമെന്ന് യഹോവയോടു വാഗ്ദാനം ചെയ്യാൻ നാം പ്രേരിതരായേക്കാം. അത്തരം വാഗ്ദാനങ്ങൾ പാലിക്കാൻ നമ്മെ എന്തു സഹായിക്കും?—സഭാപ്രസംഗി 5:2-5 താരതമ്യം ചെയ്യുക.
ആത്മാർഥമായ വാഗ്ദാനങ്ങൾ ഹൃദയത്തിൽനിന്നും മനസ്സിൽനിന്നുമാണു വരുന്നത്. അതുകൊണ്ട്, നമ്മുടെ ഭയങ്ങളും ആഗ്രഹങ്ങളും ദൗർബല്യങ്ങളും സത്യസന്ധമായി പ്രകടിപ്പിക്കുകവഴി നമ്മുടെ ഹൃദയങ്ങൾ യഹോവയുടെ മുമ്പാകെ തുറന്നുകൊണ്ട് നമുക്ക് അവനോടുള്ള വാഗ്ദാനങ്ങളെ പിന്താങ്ങാം. ഒരു വാഗ്ദാനത്തെ കുറിച്ചു പ്രാർഥിക്കുന്നത് അതു പാലിക്കാനുള്ള നമ്മുടെ നിശ്ചയത്തെ ബലിഷ്ഠമാക്കും. ദൈവത്തോടുള്ള നമ്മുടെ വാഗ്ദാനങ്ങളെ കടബാധ്യതകളായി കരുതാനാകും. കടം വലുതായിരിക്കുമ്പോൾ അതു പടിപടിയായി കൊടുത്തു തീർക്കണം. സമാനമായി, യഹോവയോടു നാം ചെയ്യുന്ന അനേകം വാഗ്ദാനങ്ങളും നിവർത്തിക്കാൻ സമയം എടുക്കും. എന്നാൽ നമുക്ക് അവനു നൽകാൻ കഴിയുന്നതു പതിവായി നൽകിക്കൊണ്ട് നാം പറയുന്നതു തന്നെ നാം അർഥമാക്കുന്നുവെന്നു നമുക്കു പ്രകടമാക്കാൻ സാധിക്കും. തദനുസരണം അവൻ നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.
നമ്മുടെ വാഗ്ദാനങ്ങളെ കുറിച്ചു കൂടെക്കൂടെ, ഒരുപക്ഷേ ദിവസവും, പ്രാർഥിച്ചുകൊണ്ട് നാം അവയെ ഗൗരവമായി എടുക്കുന്നുവെന്നു പ്രകടമാക്കാൻ കഴിയും. അങ്ങനെ, നമുക്ക് ആത്മാർഥത ഉണ്ടെന്ന് നമ്മുടെ സ്വർഗീയ പിതാവിന്റെ മുമ്പാകെ പ്രകടിപ്പിക്കാൻ കഴിയും. അത് ഒരു പതിവായ ഓർമിപ്പിക്കലായും ഉതകും. ഇക്കാര്യത്തിൽ ദാവീദ് നമുക്ക് ഒരു നല്ല മാതൃക വെക്കുകയുണ്ടായി. ഒരു ഗീതത്തിൽ അവൻ യഹോവയോട് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ. . . . ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.”—സങ്കീർത്തനം 61:1, 8.
വാഗ്ദാനങ്ങൾ പാലിക്കുന്നത് വിശ്വാസ്യത വർധിപ്പിക്കുന്നു
ദൈവത്തോടുള്ള വാഗ്ദാനങ്ങൾ നിസ്സാരമായി എടുക്കരുതെങ്കിൽ, സഹക്രിസ്ത്യാനികളോടുള്ള വാഗ്ദാനങ്ങളും നിസ്സാരമായി എടുക്കാൻ പാടില്ല. നാം യഹോവയോട് ഒരു വിധത്തിലും നമ്മുടെ സഹോദരങ്ങളോട് മറ്റൊരു വിധത്തിലും ഇടപെടാൻ പാടില്ല. (1 യോഹന്നാൻ 4:20 താരതമ്യം ചെയ്യുക.) തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ.” (മത്തായി 5:37) നമ്മുടെ വാക്കുകൾ എല്ലായ്പോഴും ആശ്രയയോഗ്യമാണെന്ന് ഉറപ്പു വരുത്തുന്നത് ‘സഹവിശ്വാസികൾക്കു നൻമ ചെയ്യാ’നുള്ള ഒരു മാർഗമാണ്. (ഗലാത്യർ 6:10) നാം പാലിക്കുന്ന ഓരോ വാഗ്ദാനവും വിശ്വാസ്യത വർധിപ്പിക്കുന്നു.
പണപരമായ കാര്യങ്ങളിലാകുമ്പോൾ വാഗ്ദാന ലംഘനത്താലുണ്ടാകുന്ന ഭവിഷ്യത്തു മിക്കപ്പോഴും പെരുപ്പിച്ചു കാണിക്കപ്പെടുന്നു. ഒരു ലോൺ തിരിച്ചടയ്ക്കുന്നതോ പണം വാങ്ങി ഒരു സേവനം ചെയ്യുന്നതോ ഒരു വ്യാപാര ഉടമ്പടി പാലിക്കുന്നതോ പോലുള്ള ഏതു കാര്യത്തിലും ഒരു ക്രിസ്ത്യാനി തന്റെ വാക്കു പാലിക്കണം. അതു ദൈവത്തെ പ്രസാദിപ്പിക്കുകയും സഹോദരന്മാർ “ഒത്തൊരുമിച്ചു വസിക്കു”ന്നതിനു വളരെ അത്യന്താപേക്ഷിതമായ പരസ്പര വിശ്വാസത്തെ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 133:1.
എന്നാൽ കരാർ ലംഘനം സഭയ്ക്കും കരാറിൽ നേരിട്ട് ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും ഹാനികരമായിരുന്നേക്കാം. ഒരു സഞ്ചാരമേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ബിസിനസ് തർക്കങ്ങൾ എപ്പോഴും ആരംഭിക്കുന്നത് ഒരു കക്ഷി ഉടമ്പടി പാലിച്ചില്ലെന്നു മറ്റേ കക്ഷി കരുതുമ്പോഴാണ്. അത്തരം തർക്കങ്ങൾ മിക്കപ്പോഴും പരസ്യമാകുന്നു. ഫലമോ, സഹോദരന്മാർ പക്ഷം പിടിക്കുന്നു. രാജ്യഹാളിലെ അന്തരീക്ഷം സമ്മർദപൂരിതവും ആയേക്കാം. നാം ചെയ്യുന്ന ഉടമ്പടികളെ കുറിച്ചു ശ്രദ്ധാപൂർവം പരിചിന്തിക്കുന്നതും അവ എഴുതി വെക്കുന്നതും എത്ര പ്രധാനമാണ്!a
വിലപിടിപ്പുള്ള ഉത്പന്നങ്ങൾ വിൽക്കുമ്പോൾ അല്ലെങ്കിൽ ചില സംരംഭങ്ങൾക്കു മുതൽമുടക്കാൻ ശുപാർശ ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം, വിശേഷിച്ച് പ്രസ്തുത ഇടപാടിൽനിന്ന് നമുക്കു വ്യക്തിപരമായി ലാഭം കിട്ടുന്നുണ്ടെങ്കിൽ. അതുപോലെതന്നെ, ഏതെങ്കിലും സാധനങ്ങളുടെയോ ആരോഗ്യ രക്ഷാ ഉത്പന്നങ്ങളുടെയോ പ്രയോജനങ്ങൾ പെരുപ്പിച്ചു കാട്ടാതിരിക്കാനും മുതൽമുടക്കിൽനിന്ന് വലിയ ലാഭം കിട്ടുമെന്ന് അയഥാർഥമായി വാഗ്ദാനം ചെയ്യാതിരിക്കാനും നാം അതീവ ശ്രദ്ധ ഉള്ളവരായിരിക്കണം. ഉൾപ്പെട്ടിരിക്കുന്ന ഏതൊരു അപകടസാധ്യതയും പൂർണമായി വിശദീകരിക്കാൻ സ്നേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിക്കണം. (റോമർ 12:10, NW) മിക്ക സഹോദരങ്ങൾക്കും ബിസിനസിൽ കാര്യമായ അനുഭവപരിചയം ഇല്ലാത്തതിനാൽ, നാം അവരോടു വിശ്വാസത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന ഒറ്റ കാരണത്താൽ അവർ നമ്മുടെ ഉപദേശം വിശ്വസിച്ചേക്കാം. ആ വിശ്വാസം തകരുന്നത് എത്ര വലിയ ഒരു ദുരന്തമായിരിക്കും!
അവിശ്വസ്തമോ മറ്റുള്ളവരുടെ ന്യായമായ താത്പര്യങ്ങളെ അവഗണിക്കുന്നതോ ആയ ബിസിനസ് നടപടികളിൽ ഏർപ്പെടാൻ ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്കാവില്ല. (എഫെസ്യർ 2:2, 3; എബ്രായർ 13:18) യഹോവയുടെ ‘കൂടാരത്തിലെ അതിഥി’ (NW) എന്ന നിലയിലുള്ള അവന്റെ പ്രീതി നേടുന്നതിനു നാം ആശ്രയയോഗ്യർ ആയിരിക്കണം. ‘സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവർ’ ആയിരിക്കണം നാം.—സങ്കീർത്തനം 15:1, 4.
തനിക്ക് അമോന്യരുടെ മേൽ വിജയം നൽകിയാൽ, യുദ്ധം കഴിഞ്ഞു മടങ്ങി വരുമ്പോൾ തന്നെ എതിരേറ്റുവരുന്ന ആദ്യ വ്യക്തിയെ യഹോവയ്ക്ക് ഒരു ഹോമയാഗമായി നൽകുമെന്ന് ഇസ്രായേല്യ ന്യായാധിപനായിരുന്ന യിഫ്താഹ് പ്രതിജ്ഞ ചെയ്തു. സന്ദർഭവശാൽ, അവനെ എതിരേറ്റു വന്നത് അവന്റെ ഏകജാത പുത്രി ആയിരുന്നു. എങ്കിലും അവൻ തന്റെ വാക്കിൽനിന്നു പിന്മാറിയില്ല. പുത്രിയുടെ പൂർണസമ്മതത്തോടെ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ എക്കാലവും സേവിക്കാൻ അവൻ അവളെ നൽകി. അതു തീർച്ചയായും വേദനാജനകവും പല തരത്തിൽ നഷ്ടം വരുത്തി വെക്കുന്നതുമായ ഒരു ത്യാഗമായിരുന്നു.—ന്യായാധിപന്മാർ 11:30-40.
തങ്ങളുടെ ഉടമ്പടിപ്രകാരം പ്രവർത്തിക്കാനുള്ള ഒരു പ്രത്യേക ഉത്തരവാദിത്വം സഭാ മേൽവിചാരകന്മാർക്കുണ്ട്. 1 തിമൊഥെയൊസ് 3:2 പറയുന്നത് അനുസരിച്ച് ഒരു മേൽവിചാരകൻ “നിരപവാദ്യനാ”യിരിക്കണം. ഈ പദം, “പിടിക്കപ്പെടാൻ കഴിയാത്ത, അനിന്ദ്യമായ, അപവാദരഹിതമായ” എന്നിങ്ങനെ അർഥമുള്ള ഒരു ഗ്രീക്ക് പ്രയോഗത്തിന്റെ പരിഭാഷയാണ്. “ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടായിരുന്നാൽ മാത്രം പോരാ, അയാൾ അത് അർഹിക്കുന്നത് ആയിരിക്കുകയും വേണം എന്ന് [അത്] അർഥമാക്കുന്നു.” (ഗ്രീക്ക് പുതിയ നിയമത്തിന്റെ ഒരു ഭാഷാ താക്കോൽ [ഇംഗ്ലീഷ്]) ഒരു മേൽവിചാരകൻ “നിരപവാദ്യനാ”യിരിക്കണം എന്നതിനാൽ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ എല്ലായ്പോഴും ആശ്രയയോഗ്യം ആയിരിക്കണം.
വാഗ്ദാനങ്ങൾ പാലിക്കാനുള്ള മറ്റു മാർഗങ്ങൾ
സഹക്രിസ്ത്യാനികൾ അല്ലാത്തവരോടുള്ള വാഗ്ദാനങ്ങളെ നാം എങ്ങനെ വീക്ഷിക്കണം? “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്ന് യേശു പറഞ്ഞു. (മത്തായി 5:16) വാക്കു പാലിക്കുന്നവർ ആണെന്നു തെളിയിക്കുന്നതിലൂടെ നാം മറ്റുള്ളവരെ നമ്മുടെ ക്രിസ്തീയ സന്ദേശത്തിലേക്ക് ആകർഷിച്ചേക്കാം. ലോകവ്യാപകമായി സത്യസന്ധതയുടെ നിലവാരത്തിന് അപക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിലും, മിക്കവരും ഇപ്പോഴും വിശ്വസ്തതയെ വിലമതിക്കുന്നു. വാഗ്ദാനങ്ങൾ പാലിക്കുന്നത് ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹം പ്രകടമാക്കാനും നീതി സ്നേഹികളെ ആകർഷിക്കാനുമുള്ള ഒരു മാർഗമാണ്.—മത്തായി 22:36-39; റോമർ 15:2.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ 1998 സേവന വർഷത്തിൽ ദൈവരാജ്യത്തിന്റെ സുവാർത്ത പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് 100 കോടിയിൽ അധികം മണിക്കൂർ ചെലവഴിച്ചു. (മത്തായി 24:14) ബിസിനസ് ഇടപാടുകളിലോ മറ്റു കാര്യങ്ങളിലോ നാം വാക്കു പാലിച്ചിട്ടില്ലെങ്കിൽ ഈ സുവാർത്ത പ്രസംഗത്തിൽ കുറെ പതിച്ചത് ബധിര കർണങ്ങളിൽ ആയിരിക്കാം. സത്യത്തിന്റെ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നവരെന്ന നിലയിൽ നാം സത്യസന്ധരായിരിക്കാൻ ആളുകൾ ഉചിതമായും പ്രതീക്ഷിക്കുന്നു. ആശ്രയയോഗ്യരും സത്യസന്ധരും ആയിരിക്കുകവഴി നാം “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കുന്നു.—തീത്തൊസ് 2:9, 10.
നമ്മുടെ ശുശ്രൂഷയിൽ നമുക്കു വാക്കു പാലിക്കാനുള്ള അവസരങ്ങളുണ്ട്, രാജ്യ സന്ദേശത്തോടു താത്പര്യം പ്രകടിപ്പിക്കുന്നവരെ സന്ദർശിക്കാൻ മടങ്ങിപ്പോകുന്നതിനോടുള്ള ബന്ധത്തിലാണത്. മടങ്ങിച്ചെല്ലാമെന്നു പറഞ്ഞാൽ നാം അപ്രകാരം ചെയ്യണം. പറഞ്ഞതനുസരിച്ചു മടങ്ങിച്ചെല്ലുന്നത്, ‘നന്മ ചെയ്വാൻ യോഗ്യന്മാരായിരിക്കുന്നവർക്ക് അതു ചെയ്യാനുള്ള’ ഒരു മാർഗമാണ്. (സദൃശവാക്യങ്ങൾ 3:27) ഒരു സഹോദരി സംഗതി ഇങ്ങനെ വിശദീകരിച്ചു: “ഒരു സാക്ഷി മടങ്ങിവരാമെന്നു പറഞ്ഞിട്ട് മടങ്ങിവന്നില്ല എന്നു പറയുന്ന താത്പര്യക്കാരെ ഞാൻ അനേകം തവണ കണ്ടുമുട്ടിയിട്ടുണ്ട്. വീട്ടുകാർ ഭവനത്തിൽ ഇല്ലായിരുന്നിരിക്കാം, അല്ലെങ്കിൽ മടങ്ങിച്ചെല്ലുന്നത് അസാധ്യമാക്കുന്ന സാഹചര്യങ്ങൾ ഉടലെടുത്തിരിക്കാം എന്ന് തീർച്ചയായും എനിക്കറിയാം. എന്നാൽ എന്നെ കുറിച്ച് ആരും അപ്രകാരം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് വ്യക്തിയെ വീട്ടിൽ കണ്ടുമുട്ടാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കുന്നു. ഞാൻ ഒരുവനെ നിരാശപ്പെടുത്തിയാൽ, അത് യഹോവയ്ക്കും എന്റെ സഹോദരങ്ങൾക്കു മൊത്തത്തിലും ദുഷ്കീർത്തി വരുത്തുമെന്നു ഞാൻ കരുതുന്നു.”
ചില സാഹചര്യങ്ങളിൽ, വ്യക്തിക്ക് യഥാർഥ താത്പര്യം ഇല്ലെന്നു നിഗമനം ചെയ്തുകൊണ്ടു നാം മടങ്ങിപ്പോകാതിരുന്നേക്കാം. അതേ സഹോദരിതന്നെ വിശദീകരിക്കുന്നു: “താത്പര്യത്തിന്റെ അളവ് നിർണയിക്കാൻ ഞാൻ ശ്രമിക്കാറില്ല. ആദ്യ ധാരണ മിക്കപ്പോഴും തെറ്റാണെന്നു സ്വന്തം അനുഭവം എന്നെ പഠിപ്പിച്ചിരിക്കുന്നു. ആയതിനാൽ, ഓരോ വ്യക്തിയെയും ഒരു സഹോദരിയോ സഹോദരനോ ആയിത്തീരാൻ സാധ്യതയുള്ള ആളായി കണ്ടുകൊണ്ട് ശുഭാപ്തി വിശ്വാസം ഉള്ളവളായിരിക്കാൻ ഞാൻ ശ്രമിക്കുന്നു.”
ക്രിസ്തീയ ശുശ്രൂഷയിലും മറ്റ് അനേകം മണ്ഡലങ്ങളിലും, നമ്മുടെ വാക്ക് വിശ്വസിക്കാവുന്നത് ആണെന്ന് നാം പ്രകടമാക്കേണ്ടതുണ്ട്. ചില കാര്യങ്ങൾ പറയാൻ വളരെ എളുപ്പമാണെങ്കിലും ചെയ്യാൻ ബുദ്ധിമുട്ടാണെന്നതു സമ്മതിക്കുന്നു. “മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?” എന്ന് ജ്ഞാനിയായ ശലോമോൻ ചോദിച്ചു. (സദൃശവാക്യങ്ങൾ 20:6) നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ നമുക്കു വിശ്വസ്തരും വാക്കു പാലിക്കുന്നവരും ആയിരിക്കാൻ കഴിയും.
ദൈവത്തിൽനിന്നുള്ള സമൃദ്ധമായ അനുഗ്രഹങ്ങൾ
മനപ്പൂർവം പൊള്ളയായ വാഗ്ദാനം നൽകുന്നത് അവിശ്വസ്തതയാണ്. അതിനെ ബാങ്കിൽ പണമില്ലാതെ ചെക്ക് എഴുതി കൊടുക്കുന്നതിനോട് ഉപമിക്കാനാകും. എന്നാൽ വാക്കു പാലിക്കുന്നതിനാൽ എന്തെല്ലാം പ്രതിഫലങ്ങളും അനുഗ്രഹങ്ങളുമാണ് നമുക്കു ലഭിക്കുന്നത്! വിശ്വാസയോഗ്യൻ ആയിരിക്കുന്നതിന്റെ ഒരു അനുഗ്രഹം നല്ല മനസ്സാക്ഷി ഉണ്ടായിരിക്കും എന്നതാണ്. (പ്രവൃത്തികൾ 24:16 താരതമ്യം ചെയ്യുക.) അസഹ്യമായ കുറ്റബോധത്തിന്റെ സ്ഥാനത്ത്, നമുക്കു സംതൃപ്തിയും സമാധാനവും അനുഭവപ്പെടുന്നു. അതിലുപരി, വാക്കു പാലിക്കുന്നത് സഭയുടെ ഐക്യത്തെ ഉന്നമിപ്പിക്കുന്നു. കാരണം, ആ ഐക്യം പരസ്പര വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ “സത്യവചനം,” സത്യത്തിന്റെ ദൈവത്തിന്റെ ശുശ്രൂഷകരായി നമ്മെ ശുപാർശ ചെയ്യുന്നു.—2 കൊരിന്ത്യർ 6:3, 4, 6.
യഹോവ വാക്കു പാലിക്കുന്നു. അവൻ ‘വ്യാജമുള്ള നാവിനെ’ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 6:16, 17) നമ്മുടെ സ്വർഗീയ പിതാവിനെ അനുകരിക്കുക വഴി നാം അവനോട് അടുത്തു വരുന്നു. അതുകൊണ്ട്, വാക്കു പാലിക്കുന്നതിന് നമുക്കു തീർച്ചയായും മതിയായ കാരണമുണ്ട്.
[അടിക്കുറിപ്പുകൾ]
a 1983 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 13-15 പേജുകളിലെ “അത് എഴുതിവെക്കുക!” എന്ന ലേഖനം കാണുക.
[10-ാം പേജിലെ ചിത്രങ്ങൾ]
യിഫ്താഹ് വാഗ്ദാനം പാലിച്ചു, അപ്രകാരം ചെയ്യുന്നതു വേദനാജനകം ആയിരുന്നിട്ടും
[11-ാം പേജിലെ ചിത്രങ്ങൾ]
മടങ്ങിച്ചെല്ലാമെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, അതിനായി നല്ലവണ്ണം തയ്യാറാകുക