നാം വിശ്വാസമുള്ള തരക്കാരാണ്
പെറുവിലെ ആൾട്ടിപ്ലാനോയിൽ രാജ്യസുവാർത്ത പ്രസംഗിക്കുന്നു
ആൾട്ടിപ്ലാനോ സ്ഥിതിചെയ്യുന്നത് ആൻഡീസ് പർവതനിരകളുടെ പൂർവ-പശ്ചിമ ഭാഗങ്ങൾക്ക് ഇടയിലാണ്. അവിടെയാണ് ബൊളീവിയയും പെറുവും തമ്മിൽ സന്ധിക്കുന്നതും. ആൾട്ടിപ്ലാനോ എന്ന പേരിന്റെ അർഥം “ഉന്നത സമതലം” അഥവാ “പീഠഭൂമി” എന്നാണ്. അതിന്റെ ഭൂരിഭാഗവും ബൊളീവിയയിലാണ്.
സമുദ്രനിരപ്പിൽനിന്ന് ശരാശരി 3,700 മീറ്റർ ഉയരമുള്ള ആൾട്ടിപ്ലാനോയ്ക്ക് 100 കിലോമീറ്റർ വീതിയും 1,000-ത്തിലേറെ കിലോമീറ്റർ നീളവുമുണ്ട്. പെറുവിന്റെ തീരദേശ തലസ്ഥാന നഗരമായ ലിമയിൽനിന്നു വിമാനത്തിൽ അവിടേക്കു യാത്ര ചെയ്താൽ, 5,822 മീറ്റർ ഉയരത്തിൽ മാനംമുട്ടി നിൽക്കുന്ന ഹിമാവൃത അഗ്നിപർവതമായ എൽമിസ്റ്റിയുടെ മുകളിലൂടെ നിങ്ങൾ കടന്നുപോകും. ഏകദേശം 6,000 മീറ്റർ ഉയരമുള്ളതും മഞ്ഞുമൂടിക്കിടക്കുന്നതുമായ നേവാദോ ആംപാറ്റോ, നേവാദോ കോറോപൂന എന്നീ കൊടുമുടികൾ അകലെയായി കാണാം. പെട്ടെന്നുതന്നെ വിസ്തൃതമായൊരു പീഠഭൂമി ദൃഷ്ടിപഥത്തിലെത്തുന്നു—ദക്ഷിണ പെറുവിലെ ആൾട്ടിപ്ലാനോ.
പെറുവിലെ ആൾട്ടിപ്ലാനോയുടെ തലസ്ഥാനം പ്യൂനോ ആണ്. റ്റിറ്റിക്കാക്ക തടാകത്തിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് മൂന്നിലേറെ കിലോമീറ്റർ ഉയരത്തിലായതിനാൽ ഇവിടത്തെ നേർത്ത വായുവുമായി പൊരുത്തപ്പെടാൻ സന്ദർശകർക്ക് അൽപ്പം സമയം വേണ്ടിവരും. കപ്പൽസഞ്ചാരമുള്ളതും ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതുമായ തടാകമാണ് റ്റിറ്റിക്കാക്ക. ഈ തടാകത്തിനു സമീപം താമസിക്കുന്നത് കെച്ചവ-ഐമറാ ഇൻഡ്യാക്കാരാണ്. ചെമപ്പോ പച്ചയോ നീലയോ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് അവർ തങ്ങളുടെ ചാക്രാസിൽ അഥവാ ചെറിയ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതു കാണാം. പെറുവിലെ പ്രധാന ഭാഷ സ്പാനിഷ് ആണെങ്കിലും ആൾട്ടിപ്ലാനോയിലുള്ളവർ കെച്ചവ, ഐമറാ ഭാഷകളും സംസാരിക്കുന്നു.
പ്രസംഗവേലയ്ക്ക് നേതൃത്വം നൽകുന്നു
കെച്ചവ, ഐമറാ ഭാഷകൾ സംസാരിക്കുന്ന എളിയവരും കഠിനാധ്വാനികളുമായ അനേകം ആളുകൾ അടുത്തകാലത്തായി ബൈബിൾ സത്യത്തെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിച്ചിരിക്കുന്നു. ഇതു പ്രധാനമായും, ഇവിടെ പ്രത്യേക പയനിയർമാരായി സേവിക്കുന്ന മുഴുസമയ രാജ്യ ഘോഷകരുടെമേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹത്തിന്റെ ഫലമാണ്.
ദൃഷ്ടാന്തത്തിന്, പ്രത്യേക പയനിയർമാരായ ഹോസേയ്ക്കും സിൽവിയയ്ക്കും റ്റിറ്റിക്കാക്ക തടാകത്തിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള പൂട്ടിനാ പട്ടണത്തിൽ നിയമനം ലഭിച്ചു. രണ്ടു മാസത്തിനുള്ളിൽ, സിൽവിയയ്ക്ക് 16-ഉം ഹോസായ്ക്ക് 14-ഉം ബൈബിൾ അധ്യയനങ്ങൾ കിട്ടി. വെറും ആറു മാസംകൊണ്ട് സഭാപ്രസാധകരുടെ എണ്ണം 23-ൽനിന്ന് 41 ആയും യോഗഹാജർ 48-ൽനിന്ന് 132 ആയും വർധിച്ചു.
ഹോസാ ഇങ്ങനെ പറയുന്നു: “ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിൽ സഭായോഗങ്ങൾ പുതുതായി ആരംഭിക്കുമ്പോൾ, ആദ്യം പരസ്യയോഗവും സഭാപുസ്തകാധ്യയനവും നടത്തുന്നതാണ് പ്രായോഗികമെന്ന് ഞങ്ങൾ മനസ്സിലാക്കി. പുതിയ താത്പര്യക്കാരെ സംബന്ധിച്ചിടത്തോളം ഈ യോഗങ്ങളിൽ സംബന്ധിക്കുന്നത് കൂടുതൽ എളുപ്പമാണ്.”
പൂട്ടിനായിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ഒറ്റപ്പെട്ടു കിടക്കുന്ന മൂന്യാനിയിൽ ആദ്യമായി സുവാർത്ത എത്തിച്ചത് രണ്ടു സഹോദരിമാരാണ്—അവരിൽ ഒരാൾ പയനിയറായിരുന്നു. അവിടെ അവർ ലൂസിയോ എന്നു പേരുള്ള ഒരു അന്ധനുമായി ബൈബിൾ അധ്യയനം ആരംഭിച്ചു.a അദ്ദേഹം തന്റെ സഹോദരനായ മിഗെലിനെ അധ്യയനത്തിനു ക്ഷണിച്ചു. ഒരു അൽമായ കത്തോലിക്കാ മിഷനറിയും സ്ഥലത്തെ സാമുദായിക നേതാവും ആയിരുന്നു മിഗെൽ. എന്തിനാണ് എല്ലാ ആഴ്ചയും മൂന്യാനിക്കു പോകുന്നതെന്നു മിഗെലിനോട് ഒരു സ്നേഹിതൻ ചോദിച്ചു. യഹോവയെയും അവന്റെ വചനത്തെയും കുറിച്ചു പഠിക്കാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോൾ, “നമുക്ക് ഇവിടെവെച്ച് ബൈബിൾ പഠിക്കരുതോ?” എന്നായി സ്നേഹിതൻ. മിഗെലിന്റെ പ്രദേശത്തുള്ള ആളുകളുടെ താത്പര്യം നിമിത്തം അവിടെ യോഗങ്ങൾ നടത്താൻ സാക്ഷികൾ പെട്ടെന്നുതന്നെ ക്രമീകരണം ചെയ്തു.
താൻ പഠിക്കുന്ന കാര്യങ്ങൾ മിഗെൽ മറ്റുള്ളവരുമായി പങ്കുവെക്കാൻ തുടങ്ങി. അൽമായ കത്തോലിക്കാ മിഷനറിയും ഡപ്യൂട്ടി ഗവർണറും എന്ന നിലയിള്ള അദ്ദേഹത്തിന്റെ സ്ഥാനത്തിന്റെ കാര്യമോ? കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ഒരു യോഗത്തിൽ, കത്തോലിക്കാ മിഷനറി എന്ന സ്ഥാനത്തുനിന്ന് താൻ രാജിവെക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പകരം മറ്റൊരു വ്യക്തിയെ നിയമിക്കേണ്ടതുണ്ടോ? സദസ്സിൽനിന്ന് ഒരാൾ പറഞ്ഞു: “നാം സത്യം പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് നമുക്ക് എന്തിനാണ് മറ്റൊരു മിഷനറി?” യഹോവയുടെ സാക്ഷികൾ അപ്പോൾത്തന്നെ നടത്തിക്കൊണ്ടിരുന്ന പഠിപ്പിക്കലിനെ കുറിച്ചുള്ള ഒരു പരാമർശമായിരുന്നു അത്. മറ്റൊരു വ്യക്തി ഇങ്ങനെ കൂട്ടിച്ചേർത്തു: “താങ്കൾ മാത്രം രാജിവെക്കുന്നതിനോട് ഞങ്ങൾക്കു യോജിപ്പില്ല. നമുക്ക് എല്ലാവർക്കുംകൂടി രാജിവെക്കരുതോ?” അപ്പോൾ, സദസ്സിലുണ്ടായിരുന്ന എല്ലാവരും കൂടി ഏകസ്വരത്തിൽ പറഞ്ഞു: “ഞങ്ങളെല്ലാം രാജിവെക്കുകയാണ്!”
അതേത്തുടർന്ന് താമസിയാതെ നടന്ന ഒരു സമൂഹയോഗത്തിൽ വിഗ്രഹങ്ങളെയും കുരിശിനെയും കുറിച്ചുള്ള ചർച്ചയുണ്ടായി. ആവർത്തനപുസ്തകം 7:25 വായിക്കാൻ ഒരു വ്യക്തി സന്നിഹിതരായിരുന്ന എല്ലാവരോടും നിർദേശിച്ചു. ആ വാക്യത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാൻ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ചു എടുത്തുകൊള്ളരുതു; അതു നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.”
കൈവശമുള്ള വിഗ്രഹങ്ങളെല്ലാം ചുട്ടുകളയുന്നതിനോടു യോജിക്കുന്നവർ കൈകൾ ഉയർത്താൻ അദ്ദേഹം ആവശ്യപ്പെട്ടു. ഉടൻതന്നെ എല്ലാ കൈകളും ഉയർന്നു. (പ്രവൃത്തികൾ 19:19, 20) ആ പ്രദേശത്തെ 25 കുടുംബങ്ങളിൽ 23-ഉം ഇപ്പോൾ ദൈവവചനം പഠിക്കുന്നു. രണ്ടുപേർ സ്നാപനം ഏറ്റിട്ടില്ലാത്ത പ്രസാധകരായി സേവിക്കുന്നു. യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു നിലയുണ്ടായിരിക്കേണ്ടതിന് അഞ്ച് ദമ്പതികൾ തങ്ങളുടെ വിവാഹം നിയമപരമാക്കാൻ ഉദ്ദേശിക്കുന്നു.—തീത്തൊസ് 3:1; എബ്രായർ 13:4.
കാസെറ്റുകൾ ഉപയോഗിച്ച് പഠിപ്പിക്കുന്നു
ആൾട്ടിപ്ലാനോയിൽ സാക്ഷരതാ നിരക്കു വളരെ കുറവായതിനാൽ, വാച്ച്ടവർ സൊസൈറ്റിയുടെ പ്രാദേശിക ഭാഷകളിലുള്ള ഓഡിയോ-വീഡിയോ കാസെറ്റുകൾ വളരെയേറെ പ്രയോജനപ്രദമാണ്—ബൈബിൾ അധ്യയനങ്ങൾ നടത്തുന്ന കാര്യത്തിൽപ്പോലും. ഓഡിയോ കാസെറ്റിന്റെ സഹായത്തോടെ ഡോറ എന്ന പ്രത്യേക പയനിയർ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിൽനിന്ന് അധ്യയനങ്ങൾ നടത്തുന്നു. ആ സഹോദരി ടേപ്പിൽനിന്നു ഓരോ ഖണ്ഡിക വീതം കേൾപ്പിക്കും. എന്നിട്ട് കേട്ട കാര്യത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ബൈബിൾ വിദ്യാർഥിയോടു ചോദിക്കും.
ഒരു പ്രാദേശിക റേഡിയോ നിലയം ആവശ്യം ലഘുപത്രികയുടെ ഭാഗങ്ങൾ കെച്ചവ ഭാഷയിൽ പതിവായി പ്രക്ഷേപണം ചെയ്യുന്നുണ്ട്. കൂടാതെ, സ്പാനിഷിലുള്ള ഉണരുക! മാസികയുടെ ഭാഗങ്ങളും ആ നിലയം പ്രക്ഷേപണം ചെയ്യാറുണ്ട്. അങ്ങനെ അനേകം ആളുകൾ രാജ്യസന്ദേശം തിരിച്ചറിയുകയും യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുമ്പോൾ കൂടുതലായി പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ആൾട്ടിപ്ലാനോ പൊതുവെ ലോകത്തിന്റെ ശ്രദ്ധയിൽ പെടാത്ത ഒരു സ്ഥലമാണ്. എന്നാൽ അത് ദൈവത്തിന്റെ ശ്രദ്ധയിൽ പെടാതിരിക്കുന്നില്ല. മനുഷ്യവർഗത്തോടുള്ള യഹോവയുടെ സ്നേഹം നിമിത്തം, ആൻഡിയൻ ആൾട്ടിപ്ലാനോയിൽ താമസിക്കുന്ന അനേകർ അവന്റെ സത്യാരാധനയുടെ പ്രൗഢോജ്വലമായ ആലയത്തെ മഹത്വപ്പെടുത്തുന്ന ജനതയുടെ ഭാഗമായിത്തീരുന്നു.—ഹഗ്ഗായി 2:7.
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.