നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• മറ്റൊരാളുമായി നമുക്കുള്ള ഭിന്നത പരിഹരിക്കുന്നതിന് ഏത് അടിസ്ഥാന കാര്യങ്ങൾ നാം മനസ്സിൽ പിടിക്കണം?
ആദ്യം തന്നെ, നമ്മിൽ ആർക്കു വേണമെങ്കിലും തെറ്റായ ചിന്തകളും മനോഭാവങ്ങളും ഉണ്ടായേക്കാം എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അടുത്തതായി, പ്രശ്‌നത്തിനു കാരണം മറ്റേ വ്യക്തിയാണെന്നു തീരുമാനിക്കുന്നതിനു പകരം, നാം തന്നെയാണോ അതിന് ഉത്തരവാദി എന്നു ഗൗരവമായി പരിചിന്തിക്കണം.—8/15, പേജ് 23.
• പ്രവൃത്തികൾ 3:21-ൽ പറഞ്ഞിരിക്കുന്ന “ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം” എപ്പോഴാണ്?
യഥാസ്ഥാനപ്പെടൽ രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുന്നത്. ആദ്യം ഒരു ആത്മീയ പുനഃസ്ഥിതീകരണം. 1919 മുതൽ അതു നടന്നുകൊണ്ടാണിരിക്കുന്നത്. അതിനുശേഷം, ഭൂമിയിൽ അക്ഷരീയ പറുദീസയുടെ സ്ഥാപനം.—9/1, പേജ് 17, 18.
• സദൃശവാക്യങ്ങൾ 6:6-8-ൽ പറഞ്ഞിരിക്കുന്ന പ്രകാരം ഉറുമ്പുകൾക്കു നായകനില്ലാതിരുന്നിട്ടും, അവ നമുക്കു നല്ല മാതൃക ആയിരിക്കുന്നത് എങ്ങനെ?
ഒരു ഉറുമ്പു കോളനിയിൽ, രാജ്ഞിയായിട്ട് ഒരു ഉറുമ്പ് ഉണ്ടെങ്കിലും, മുട്ടയിടുകയും ആ സമൂഹത്തിന്റെ അമ്മയായിരിക്കുകയും ചെയ്യുന്നു എന്ന അർഥത്തിൽ മാത്രമാണ് ഈ പദവി. ഉറുമ്പുകൾ കഠിനാധ്വാനികൾ ആണ്. അതുപോലെ നാമും കഠിനമായി അധ്വാനിക്കുകയും നിരീക്ഷിക്കാൻ ആരുമില്ലെങ്കിലും വേലയിൽ പുരോഗതി പ്രാപിക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്.—9/15, പേജ് 26.
• യോശീയാവ് യുദ്ധത്തിൽ ദാരുണമായി മുറിവേറ്റു മരിച്ച സ്ഥിതിക്ക് 2 രാജാക്കന്മാർ 22:20-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യോശീയാവ് “സമാധാനത്തോടെ” മരിക്കും എന്ന ഹുൽദായുടെ പ്രവചനം ശരിയായിരുന്നോ?
അതേ, പൊ.യു.മു. 609-607-ൽ ബാബിലോന്യർ യെരൂശലേമിനെ ഉപരോധിച്ച് അതിന്റെമേൽ അനർഥം വരുത്തുന്നതിനു മുമ്പുതന്നെ യോശീയാവ് മരിച്ചു എന്ന അർഥത്തിൽ അദ്ദേഹത്തിന്റെ മരണം സമാധാനത്തോടെ ആയിരുന്നു.—9/15, പേജ് 30.
• ഒരു ഭാര്യയെ “കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയും [“മലയാടും,”NW ]” എന്ന് ശലോമോൻ വിശേഷിപ്പിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 5:18, 19)
പെൺ മലയാടിന് ശാന്തവും ആകർഷകവുമായ പ്രകൃതമാണുള്ളത്. എന്നിട്ടും, പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിൽക്കാനും എത്തിപ്പെടാനാവാത്തതും തീറ്റ കിട്ടാൻ പ്രയാസമുള്ളതുമായ പാറപ്രദേശങ്ങളിൽ പ്രസവിക്കാനും അതിനു കഴിയുന്നു.—10/1, പേജ് 30, 31.
• ഹെൻട്രി ഗ്രൂവും ജോർജ് സ്റ്റോഴ്‌സും ആരായിരുന്നു?
ഈ രണ്ടു പുരുഷന്മാരും 1800-കളിൽ ജീവിച്ചിരുന്ന ശുഷ്‌കാന്തിയുള്ള ബൈബിൾ പഠിതാക്കൾ ആയിരുന്നു. ത്രിത്വം, ആത്മാവിന്റെ അമർത്യത, നരകാഗ്നി തുടങ്ങിയവ തെറ്റായ പഠിപ്പിക്കലുകളാണെന്ന് ഗ്രൂ മനസ്സിലാക്കി. ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്ന ആളുകൾ ഉണ്ടായിരിക്കും എന്ന് സ്റ്റോഴ്‌സ് തിരിച്ചറിഞ്ഞു. അവർ ഇരുവരും 1879-ൽ ഈ മാസികയുടെ പ്രസാധനം ആരംഭിച്ച ചാൾസ് ടെയ്‌സ് റസ്സലിനു മുമ്പുണ്ടായിരുന്നവരായിരുന്നു.—10/15, പേജുകൾ 26-30.
• സ്വന്തം രക്തത്തിന്റെ ഉപയോഗം ഉൾപ്പെടുന്ന വൈദ്യ നടപടികളെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു വീക്ഷിക്കുന്നത്?
ബൈബിളിലുള്ള തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, അവർ സ്വന്തം രക്‌തം പിന്നീട് തങ്ങളുടെ തന്നെ ശരീരത്തിൽ കയറ്റുന്നതിന് വേണ്ടി ശേഖരിച്ചു വെക്കുന്നില്ല. ശസ്‌ത്രക്രിയയുടെയോ വൈദ്യ പരിശോധനയുടെയോ വൈദ്യചികിത്സയുടെയോ സമയത്ത് തന്റെ രക്തം ഏതു രീതിയിൽ കൈകാര്യം ചെയ്യപ്പെടണം എന്നു തീരുമാനിക്കേണ്ടത് ഓരോ ക്രിസ്‌ത്യാനിയുമാണ്. അയാൾ, രക്തത്തെക്കുറിച്ച് ബൈബിൾ എന്തു പറയുന്നുവെന്ന് പരിഗണിക്കുകയും താൻ ദൈവത്തിനു പൂർണമായി സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കുകയും ചെയ്യേണ്ടതുണ്ട്.—10/15, പേജുകൾ 30, 31.
• 2000-ാമാണ്ടിന്റെ ആദ്യഘട്ടത്തിൽ നടത്തിയ ഒരു സർവേ കാണിക്കുന്ന പ്രകാരം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ ഇടയിൽ ഏത് പ്രധാന ആവശ്യം നിലവിലുണ്ട്?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വികസ്വര രാജ്യങ്ങളിൽ 11,000 രാജ്യഹാളുകളുടെ ആവശ്യമുണ്ട്. ലോകവ്യാപക സഹോദരവർഗത്തിന്റെ സ്വമേധയാ സംഭാവനകൾ, വേണ്ടത്ര രാജ്യഹാളുകൾ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നു.—11/1, പേജ് 30.
• ആരാധനയോടു ബന്ധപ്പെടുത്തി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ചില മൂല ഗ്രീക്കു പദങ്ങൾ ഏവ?
പുതിയലോക ഭാഷാന്തരത്തിൽ “പൊതുസേവനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ലിറ്റൂറിയയും “വിശുദ്ധ സേവനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ലാട്രിയയും ആണ് അവ. (എബ്രായർ 10:11; ലൂക്കൊസ 2:36, 37)—11/15, പേജുകൾ 11, 12.
• ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള ബൈബിൾ വിവരണത്തിൽ നിന്ന് എന്ത് അടിസ്ഥാന പാഠമാണ് നമുക്കു പഠിക്കാൻ കഴിയുന്നത്?
യഹോവയാം ദൈവത്തെ ആശ്രയിക്കാതെതന്നെ ജീവിക്കാനാകുമെന്ന ഏതൊരു അവകാശവാദവും തികഞ്ഞ വിഡ്‌ഢിത്തമാണ്.—11/15, പേജുകൾ 24-7.
• ദൈവം തന്റെ ദാസന്മാരെ ശക്തീകരിക്കുന്നു എന്നതിന് തിരുവെഴുത്തുപരമായ എന്തു തെളിവുണ്ട്?
ദൈവം തങ്ങളെ ശക്തീകരിച്ചു എന്ന വസ്‌തുതയ്‌ക്ക് ദാവീദ്, ഹബക്കൂക്, പൗലൊസ് അപ്പൊസ്‌തലൻ എന്നിവർ വ്യക്തിപരമായ തെളിവുകൾ നൽകി. (സങ്കീർത്തനം 60:12; ഹബക്കൂക് 3:19; ഫിലിപ്പിയർ 4:13) അതുകൊണ്ട്, ദൈവത്തിനു നമ്മെ ശക്തീകരിക്കാൻ കഴിവും മനസ്സും ഉണ്ടെന്ന് നമുക്ക് ഉറപ്പോടെ വിശ്വസിക്കാൻ കഴിയും.—12/1, പേജുകൾ 10, 11.