പിശാച് യഥാർഥത്തിലുണ്ടോ?
പിശാചിനെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണ്? ദുഷ്ടകാര്യങ്ങൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു യഥാർഥ വ്യക്തിയെന്ന നിലയിലാണോ അതോ തിന്മയുടെ പ്രതീകമായാണോ നിങ്ങൾ പിശാചിനെ കാണുന്നത്? പിശാച്, ഭയപ്പെടേണ്ട ഒരുവനാണോ അതോ അന്ധവിശ്വാസപരവും പൗരാണികവും ആയ ഒരു അയഥാർഥ ആശയമെന്ന നിലയിൽ തള്ളിക്കളയേണ്ട ഒന്നാണോ? “പിശാച്” എന്ന പദം പ്രപഞ്ചത്തിലെ ഏതെങ്കിലും അമൂർത്തമായ നശീകരണ ശക്തിയെ ആണോ പരാമർശിക്കുന്നത്? ഇനി, ചില ആധുനിക ദൈവശാസ്‌ത്രജ്ഞർ അവകാശപ്പെടുന്നതുപോലെ പിശാച് മനുഷ്യനിലുള്ള ദുർഗുണങ്ങളുടെ പ്രതീകം മാത്രമാണോ?
പിശാച് ആരാണെന്ന കാര്യത്തിൽ മനുഷ്യർ വ്യത്യസ്‌ത അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നതിൽ അതിശയിക്കാനില്ല. പ്രച്ഛന്നവേഷം ധരിക്കുന്നതിൽ നിപുണനായ ഒരുവന്റെ യഥാർഥ വ്യക്തിത്വം മനസ്സിലാക്കുന്നത് എത്ര ബുദ്ധിമുട്ടായിരിക്കുമെന്നു സങ്കൽപ്പിച്ചുനോക്കൂ! തന്റെ യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കാൻ അയാൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നെങ്കിൽ അതു വിശേഷിച്ചും ദുഷ്‌കരമാണ്. അത്തരമൊരു വ്യക്തിയായാണ് പിശാചിനെ ബൈബിൾ വർണിക്കുന്നത്. അവനെ സാത്താൻ എന്നു വിളിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.” (2 കൊരിന്ത്യർ 11:14) ദുഷ്ടനായിരിക്കെ മറ്റുള്ളവരെ കബളിപ്പിക്കാൻ പിശാച് നല്ലവനായി ചമയുന്നു. അവൻ അസ്‌തിത്വത്തിലില്ലെന്ന് ആളുകളെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അത് അവന്റെ ഉദ്ദേശ്യത്തിനു കൂടുതൽ സഹായകമായിരിക്കും.
അങ്ങനെയെങ്കിൽ പിശാച് യഥാർഥത്തിൽ ആരാണ്? അവൻ എപ്പോൾ, എങ്ങനെ ആണ് അസ്‌തിത്വത്തിൽ വന്നത്? ഇന്ന് അവൻ മനുഷ്യവർഗത്തെ സ്വാധീനിക്കുന്നത് എങ്ങനെ? ആ സ്വാധീനത്തെ ചെറുത്തുനിൽക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ശരിയായ ഉത്തരവും പിശാചിന്റെ ഉത്ഭവംമുതലുള്ള കൃത്യമായ ചരിത്രവും ബൈബിളിലുണ്ട്.
[3-ാം പേജിലെ ചിത്രം]
യഥാർഥ വ്യക്തിത്വം മറച്ചുപിടിക്കാൻ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്ന ഒരാളെ തിരിച്ചറിയുന്നത് എത്ര ദുഷ്‌കരമാണ്!