അർമ്മഗെദ്ദോൻ—എന്താണ് സത്യം?
“സർവ്വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ . . . ഭൂതാത്മാക്കൾ . . . എബ്രായഭാഷയിൽ ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു.” —വെളിപാട് 16:14, 16, സത്യവേദപുസ്തകം.
ബൈബിളിൽ, അർമ്മഗെദ്ദോൻ അഥവാ “ഹർമ്മഗെദ്ദോൻ” എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്. എന്നാൽ ഭൂമിയിൽ എവിടെയും ഈ പേരിൽ ഒരു സ്ഥലം ഉണ്ടായിരുന്നതായി അറിവില്ല.
അങ്ങനെയെങ്കിൽ “അർമ്മഗെദ്ദോൻ” എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? അതിനെ മിക്കപ്പോഴും ഒരു സംഭവത്തോട് അതായത് ഒരു യുദ്ധത്തോട് ബന്ധപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണ്?
അർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് കൂട്ടിച്ചേർത്തു
ഹർമ്മഗെദ്ദോൻ എന്ന എബ്രായ വാക്കിന്റെ അക്ഷരാർഥം “മെഗിദ്ദോ പർവതം” എന്നാണ്. മെഗിദ്ദോ എന്നു പേരുള്ള ഒരു പർവതം ഇല്ലെങ്കിലും ആ പേരിൽ ഒരു സ്ഥലം നിലവിലുണ്ട്. പുരാതന ഇസ്രായേൽജനത പാർത്തിരുന്ന പ്രദേശത്തിന് വടക്കുപടിഞ്ഞാറായി രണ്ടു പ്രധാനപാതകളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്തിരുന്ന തന്ത്രപ്രധാനമായ ഒരു പട്ടണമായിരുന്നു മെഗിദ്ദോ. നിർണായകമായ പല യുദ്ധങ്ങൾക്കും ഇത് വേദിയായിരുന്നിട്ടുണ്ട്. അതുകൊണ്ടാണ് മെഗിദ്ദോ എന്ന പദത്തെ യുദ്ധവുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്.a
എന്നിരുന്നാലും മെഗിദ്ദോയിൽ ഏതൊക്കെ യുദ്ധങ്ങൾ നടന്നു എന്നതിനല്ല മറിച്ച് ആ ഏറ്റുമുട്ടലുകൾ എന്തിനായിരുന്നു എന്നതിനാണ് പ്രസക്തി. യഹോവ ഇസ്രായേല്യർക്ക് കൊടുത്തിരുന്ന വാഗ്ദത്ത ദേശത്തിന്റെ ഭാഗമായിരുന്നു മെഗിദ്ദോ. (പുറപ്പാടു 33:1; യോശുവ 12:7, 21) ഇസ്രായേൽജനത്തെ അക്രമികളിൽനിന്ന് സംരക്ഷിക്കുമെന്ന് യഹോവ അവർക്ക് ഉറപ്പു നൽകിയിരുന്നു. പറഞ്ഞതുപോലെ അവൻ പ്രവർത്തിക്കുകയും ചെയ്തു. (ആവർത്തനപുസ്തകം 6:18, 19) ഉദാഹരണത്തിന് കനാന്യരാജാവായ യാബീനും അവന്റെ സേനാപതിയായ സീസെരയും ഇസ്രായേല്യരെ ആക്രമിച്ചപ്പോൾ മെഗിദ്ദോയിൽ വെച്ചായിരുന്നു യഹോവ അവരെ അത്ഭുതകരമായി സംരക്ഷിച്ചത്.—ന്യായാധിപന്മാർ 4:14-16.
അതുകൊണ്ടുതന്നെ “ഹർമ്മഗെദ്ദോൻ” അഥവാ “അർമ്മഗെദ്ദോൻ” എന്ന വാക്കിന് ആലങ്കാരികമായി വലിയ അർഥമാണുള്ളത്. വലിയൊരു യുദ്ധവുമായി, രണ്ടു വൻശക്തികൾ തമ്മിലുള്ള പോരാട്ടവുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.
പെട്ടെന്നുതന്നെ, ദൈവജനത്തിനും അവരുടെ പ്രവർത്തനങ്ങൾക്കും എതിരായി സൈന്യത്തെ അണിനിരത്താൻ സാത്താനും അവന്റെ ഭൂതങ്ങളും മാനുഷ ഗവണ്മെന്റുകളെ പ്രേരിപ്പിക്കുമെന്ന് വെളിപാട് പുസ്തകത്തിലെ പ്രവചനം വെളിപ്പെടുത്തുന്നു. ദൈവം അവരെ പരാജയപ്പെടുത്തുമ്പോൾ ദശലക്ഷങ്ങളായിരിക്കും മരിച്ചുവീഴുക.—വെളിപാട് 19:11-18.
“കരുണയും ദീർഘക്ഷമയും ദയാസമൃദ്ധിയും” ഉള്ളവൻ എന്നാണ് ബൈബിൾ ദൈവത്തെ വിശേഷിപ്പിക്കുന്നത്. (നെഹെമ്യാവു 9:17) ഇങ്ങനെയൊരു ദൈവത്തിന് ഇത്രയധികം മനുഷ്യരുടെ മരണത്തിന് കാരണക്കാരനാകാൻ എങ്ങനെ കഴിയും? ദൈവം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ മൂന്നുചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്: (1) ആരാണ് യുദ്ധത്തിനു തുടക്കമിടുന്നത്? (2) ദൈവം അതിൽ ഉൾപ്പെടുന്നത് എന്തിനാണ്? (3) ഈ ഏറ്റുമുട്ടൽ ഭൂമിക്കും അതിലെ നിവാസികൾക്കും ശാശ്വതമായ എന്തു പ്രയോജനം കൈവരുത്തും?
1. ആരാണ് യുദ്ധത്തിനു തുടക്കമിടുന്നത്?
ദൈവം തുടങ്ങിവെക്കുന്ന ഒരു യുദ്ധമല്ല അർമ്മഗെദ്ദോൻ. ദുഷ്ടരുടെ ആക്രമണത്തിൽനിന്ന് നല്ലവരെ സംരക്ഷിക്കുകയാണ് ദൈവം ചെയ്യുന്നത്. യുദ്ധം ആരംഭിക്കുന്നത് ‘സർവഭൂതലത്തിലുമുള്ള രാജാക്കന്മാർ’ അതായത് ലോകനേതാക്കൾ ആണ്. എന്തിനുവേണ്ടിയാണ് ഈ പോരാട്ടം? ഗവണ്മെന്റുകളെയും അവരുടെ സൈന്യത്തെയും ഉപയോഗിച്ചുകൊണ്ട് വിദഗ്ധനായ ഒരു പാവകളിക്കാരനെപ്പോലെ സാത്താനാണ് ഇതിന്റെ കരുക്കൾ നീക്കുന്നത്; യഹോവയാംദൈവത്തിന്റെ ആരാധകരെ പൂർണമായി നശിപ്പിക്കുകയാണ് അവന്റെ ലക്ഷ്യം.—വെളിപാട് 16:13, 14; 19:17, 18.
ചില രാജ്യങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഗവണ്മെന്റുകൾ പ്രാധാന്യം നൽകുന്നുണ്ട്. ആ സ്ഥിതിക്ക് ഏതെങ്കിലും മതപ്രസ്ഥാനത്തെ ഇല്ലാതാക്കാനോ അതിന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനോ ഗവണ്മെന്റുകൾതന്നെ ശ്രമിക്കുമെന്ന കാര്യം അസംഭവ്യമാണെന്നു തോന്നിയേക്കാം. പക്ഷേ അത്തരം ഏറ്റുമുട്ടലുകൾ 20-ാം നൂറ്റാണ്ടിലുടനീളം നടന്നിട്ടുണ്ട്, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.b എന്നാൽ അവയിൽനിന്ന് അർമ്മഗെദ്ദോനെ വ്യത്യസ്തമാക്കുന്ന രണ്ടു പ്രധാനഘടകങ്ങളുണ്ട്. ഒന്ന്, ഈ പോരാട്ടം ഗോളവ്യാപകമായി നടക്കുന്ന ഒന്നായിരിക്കും. രണ്ട്, മുൻകാലങ്ങളെ അപേക്ഷിച്ച് യഹോവയുടെ പ്രതികരണം അതിശക്തമായിരിക്കും. (യിരെമ്യാവു 25:32, 33) ഈ പോരാട്ടത്തെ, “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” എന്ന് ബൈബിൾ വിളിക്കുന്നു.
2. ദൈവം ഉൾപ്പെടുന്നത് എന്തിനാണ്?
സമാധാനത്തിൽ ജീവിക്കാനും ശത്രുക്കളെ സ്നേഹിക്കാനും ആണ് തന്നെ ആരാധിക്കുന്നവരോട് യഹോവ നിർദേശിച്ചിരിക്കുന്നത്. (മീഖാ 4:1-3; മത്തായി 5:43, 44; 26:52) അതുകൊണ്ട് ഈ അതിക്രൂരമായ ആക്രമണത്തിൽ സ്വയരക്ഷയ്ക്കായി ദൈവജനം ആയുധമേന്തുകയില്ല. ദൈവം അവരെ സംരക്ഷിച്ചില്ലെങ്കിൽ അവർ നിശ്ശേഷം നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ അത് യഹോവയുടെ നാമത്തിനും സത്പേരിനും കളങ്കം വരുത്തിവെക്കും. ദൈവജനത്തെ നശിപ്പിക്കുന്നതിൽ ശത്രുക്കൾ വിജയിക്കുന്നപക്ഷം യഹോവയാംദൈവം സ്നേഹശൂന്യനും നീതിരഹിതനും അശക്തനും ആണെന്നുവരും. പക്ഷേ അത് അസാധ്യമാണ്!—സങ്കീർത്തനം 37:28, 29.
ആരെയും നശിപ്പിക്കാൻ ദൈവം ആഗ്രഹിക്കുന്നില്ല. അതിനാൽ താൻ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് അവൻ വ്യക്തമായ മുന്നറിയിപ്പ് കൊടുക്കുന്നു. (2 പത്രോസ് 3:9) തന്റെ ജനത്തിനെതിരെ പോരാടിയവരോട് കഴിഞ്ഞകാലത്ത് ദൈവം പ്രതികാരം ചെയ്തത് എങ്ങനെയെന്ന് ബൈബിൾ വിവരണങ്ങളിലൂടെ അവൻ വിശദീകരിക്കുന്നുണ്ട്. (2 രാജാക്കന്മാർ 19:35) ഭാവിയിൽ സാത്താനും അവന്റെ കളിപ്പാവകളായ മനുഷ്യരും ദൈവജനത്തെ ആക്രമിക്കുമ്പോൾ യഹോവ അവർക്കെതിരെ തന്റെ ശക്തി പ്രയോഗിക്കുമെന്നും ബൈബിൾ മുന്നറിയിപ്പു തരുന്നു. യഹോവ ദുഷ്ടരെ നശിപ്പിക്കുമെന്ന് ദീർഘകാലം മുമ്പുതന്നെ ദൈവവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (സദൃശവാക്യങ്ങൾ 2:21, 22; 2 തെസ്സലോനിക്യർ 1:6-9) സർവശക്തനായ ദൈവത്തോടാണ് തങ്ങൾ ഏറ്റുമുട്ടുന്നതെന്ന കാര്യം അന്നാളിൽ എതിരാളികൾ തിരിച്ചറിയുകതന്നെ ചെയ്യും!—യെഹെസ്കേൽ 38:21-23.
3. ഈ ഏറ്റുമുട്ടൽ ശാശ്വതമായ എന്തു പ്രയോജനം കൈവരുത്തും?
ദശലക്ഷങ്ങളുടെ ജീവൻ അർമ്മഗെദ്ദോൻ യുദ്ധത്തിലൂടെ സംരക്ഷിക്കപ്പെടും. ഭൂമിയിൽ ഒരു സമാധാനയുഗത്തിന് അതു തുടക്കമിടും.—വെളിപാട് 21:3, 4.
ഈ പോരാട്ടത്തെ അതിജീവിക്കുന്നവരായ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത ഒരു “മഹാപുരുഷാര”ത്തെക്കുറിച്ച് വെളിപാടു പുസ്തകം പറയുന്നു. (വെളിപാട് 7:9, 14) ദൈവത്തിന്റെ നിർദേശം അനുസരിച്ച് അവർ ഭൂമിയെ വീണ്ടും ഒരു പറുദീസയാക്കി മാറ്റും, ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ.
അങ്ങനെയെങ്കിൽ, ദൈവജനത്തിനുനേരെ ആക്രമണം ഉണ്ടാകുന്നത് എപ്പോഴായിരിക്കും? (w12-E 02/01)
[അടിക്കുറിപ്പുകൾ]
a സ്ഥലങ്ങളെ യുദ്ധവുമായി ബന്ധപ്പെടുത്തി പരാമർശിക്കുന്നത് അസാധാരണമല്ല. ഉദാഹരണത്തിന്, അണുബോംബ് ആക്രമണത്തിൽ തകർന്നടിഞ്ഞ ജാപ്പനീസ് പട്ടണമായ ഹിരോഷിമയെ ആണവയുദ്ധത്തിന്റെ പ്രതീകമായി പരാമർശിക്കാറുണ്ട്.
b മതവിഭാഗങ്ങളെയും വംശങ്ങളെയും തുടച്ചുനീക്കാൻ ഒരു ഗവണ്മെന്റു നടത്തിയ ശ്രമത്തിന് ഉദാഹരണമാണ് നാസികൂട്ടക്കൊല. സോവിയറ്റ് ഭരണകാലത്ത് യു.എസ്.എസ്.ആറിലെ പല മതവിഭാഗങ്ങളും അടിച്ചമർത്തലിന് ഇരയാകുകയുണ്ടായി. 2011 മെയ് 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “സത്പേരിനുവേണ്ടി പ്രതിവാദിക്കുന്ന സമാധാനപ്രിയരായ ഒരു ജനം” എന്ന ലേഖനം കാണുക.
[6-ാം പേജിലെ ചിത്രം]
മുൻകാലങ്ങളിൽ യഹോവയാംദൈവം തന്റെ ജനത്തെ സംരക്ഷിച്ചിട്ടുണ്ട്
[7-ാം പേജിലെ ചിത്രം]
അർമ്മഗെദ്ദോനിൽ യഹോവ തന്റെ ജനത്തെ വീണ്ടും സംരക്ഷിക്കും