മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എത്രമാത്രം ചിന്തയുള്ളവരാണ്?
“എല്ലാറ്റിന്നും ഒരു സമയമുണ്ട്.”—സഭാ. 3:1.
1, 2. സർക്കിട്ട് മേൽവിചാരകന്മാർ അനേകം സഭകളിലും എന്ത് നിരീക്ഷിച്ചിരിക്കുന്നു?
സർക്കിട്ട് മേൽവിചാരകനുമായുള്ള മൂപ്പന്മാരുടെ യോഗം അവസാനിക്കാറായി. കഠിനാധ്വാനികളായ ആ സഹോദരന്മാരുടെ മുഖത്തു നോക്കിയ അദ്ദേഹത്തിന് അവരോട് ആഴമായ സ്നേഹം തോന്നി. അവരിൽ ചിലർക്ക് അദ്ദേഹത്തിന്റെ അച്ഛന്റെ പ്രായമുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അവരോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു: “സഹോദരന്മാരെ, സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനായി നിങ്ങൾ എന്താണ് ചെയ്തിരിക്കുന്നത്?” മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനായി കൂടുതൽ സമയം കണ്ടെത്തണമെന്ന് കഴിഞ്ഞ സന്ദർശനത്തിൽ സർക്കിട്ട് മേൽവിചാരകൻ തങ്ങളോടു പറഞ്ഞിരുന്നെന്ന് അവർക്ക് അറിയാമായിരുന്നു. അതിന് ഉത്തരമായി: “ഞങ്ങൾക്ക് അക്കാര്യത്തിൽ അധികമൊന്നും ചെയ്യാനായില്ല” എന്ന് ഒരു മൂപ്പൻ പറഞ്ഞു. മറ്റു മൂപ്പന്മാരും അതു ശരിവെച്ചു.
2 നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ ഒരുപക്ഷേ ഇതേ ഉത്തരമായിരിക്കും നിങ്ങൾക്കും പറയാനുള്ളത്. സഭയെ സഹായിക്കാൻ പ്രായമായവർക്കും ചെറുപ്പക്കാർക്കും പരിശീലനം ആവശ്യമാണ്. സഹോദരന്മാർക്ക് അത്തരം പരിശീലനം നൽകുന്നതിന് അനേകം മൂപ്പന്മാരും കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടെന്ന് സർക്കിട്ട് മേൽവിചാരകന്മാർ നിരീക്ഷിച്ചിരിക്കുന്നു. എന്നിരുന്നാലും, ഇതു വളരെ ബുദ്ധിമുട്ടായിരുന്നേക്കാം, എന്തുകൊണ്ട്?
3. (എ) മറ്റുള്ളവരെ പരിശീലിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ബൈബിൾ കാണിച്ചുതരുന്നത് എങ്ങനെ, ഇതിൽ നമ്മളെല്ലാവരും തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.) (ബി) മറ്റുള്ളവരെ പരിശീലിപ്പിക്കുക എന്നത് ചില മൂപ്പന്മാർക്ക് ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്?
3 ഒരു മൂപ്പനെന്ന നിലയിൽ സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി സമയം ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന കാര്യത്തിൽ നിങ്ങൾക്കു സംശയമില്ല.a സഭകളെ ഇപ്പോൾത്തന്നെ ശക്തമായി നിലനിറുത്തുന്നതിനും ഭാവിയിൽ പുതിയ സഭകളെ പിന്തുണയ്ക്കുന്നതിനും കൂടുതൽ സഹോദരന്മാരുടെ ആവശ്യമുണ്ടെന്ന് നിങ്ങൾക്ക് അറിയാം. (യെശയ്യാവു 60:22 വായിക്കുക.) കൂടാതെ, നിങ്ങൾ ‘മറ്റുള്ളവരെ പഠിപ്പിക്കണം’ എന്ന് ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 2:2 വായിക്കുക.) എന്നിരുന്നാലും, അതിനായി സമയം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നേക്കാം. കാരണം, നിങ്ങൾക്കു കുടുംബോത്തരവാദിത്വങ്ങൾ, തൊഴിൽ, സഭാകാര്യങ്ങൾ എന്നിവ ചെയ്യേണ്ടതുണ്ട്. അതുപോലെ, അടിയന്തിരമായി ചെയ്തു തീർക്കേണ്ട മറ്റു പല കാര്യങ്ങളുമുണ്ട്. ഇങ്ങനെ ചെയ്യാൻ ഏറെയുണ്ടെങ്കിലും, മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് പറയുന്നതിന്റെ കാരണം നമുക്കു നോക്കാം.
പരിശീലനം അടിയന്തിരപ്രാധാന്യം അർഹിക്കുന്നു
4. പരിശീലനം നൽകുന്നതിൽ മൂപ്പന്മാർ ചിലപ്പോൾ വൈകുന്നത് എന്തുകൊണ്ട്?
4 സഭയിലുള്ള സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിന് സമയം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായേക്കാവുന്നത് എന്തുകൊണ്ട്? ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘പരിശീലനം നൽകുക എന്നത് പ്രധാനം തന്നെയാണ്, പക്ഷേ, വളരെ പെട്ടെന്നു സഭയിൽ ചെയ്തുതീർക്കേണ്ട മറ്റ് പല ഉത്തരവാദിത്വങ്ങളുണ്ടല്ലോ? ഞാൻ ഇപ്പോൾത്തന്നെ പരിശീലനം കൊടുത്തില്ലെങ്കിലും സഭയിലെ കാര്യങ്ങൾ ഒന്നും നടക്കാതിരിക്കില്ല.’ എന്നാൽ അങ്ങനെ ചിന്തിക്കുന്നതു ശരിയാണോ? പെട്ടെന്നു ചെയ്യേണ്ട മറ്റു പല കാര്യങ്ങളുമുണ്ടായിരുന്നേക്കാമെങ്കിലും, സഹോദരന്മാർക്കു പരിശീലനം നൽകുന്നതിൽ നിങ്ങൾ വീഴ്ചവരുത്തുന്നെങ്കിൽ അതു സഭയുടെ ആത്മീയക്ഷേമത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
5, 6. ഒരു ഡ്രൈവർ കാർ പരിപാലിക്കുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം, ഈ പരിപാലനത്തെ സഭയിൽ പരിശീലനം നൽകുന്നതുമായി നമുക്ക് എങ്ങനെ താരതമ്യം ചെയ്യാം?
5 ഒരു ഉദാഹരണം നോക്കാം: ഒരു കാർ കേടുകൂടാതെ പരിപാലിക്കാൻ ഇടയ്ക്കിടെ ഓയിൽ മാറ്റേണ്ടതുണ്ടെന്ന് ഒരു ഡ്രൈവർക്ക് അറിയാം. എന്നിരുന്നാലും, കാറിൽ ഇന്ധനം നിറയ്ക്കുന്നതാണ് അതിലും അത്യാവശ്യമെന്ന് അയാൾ ചിന്തിച്ചേക്കാം. അല്ലെങ്കിൽ കാർ നിന്നുപോകും. ചിലപ്പോൾ തിരക്കു കാരണം, ‘ഓയിൽ ഇപ്പോൾ മാറ്റിയില്ലെങ്കിലും കുഴപ്പമില്ല, കാർ കുറച്ചുനാളുകൂടി ഓടുമല്ലോ’ എന്നു കരുതി അദ്ദേഹം അതു മാറ്റാതിരിക്കുന്നെങ്കിലോ? എന്തു സംഭവിക്കും? പെട്ടെന്നുതന്നെ കാർ കേടായേക്കാം. അവസാനം ആ കാർ നന്നാക്കുന്നതിനുവേണ്ടി അദ്ദേഹം കൂടുതൽ സമയവും പണവും ചെലവഴിക്കേണ്ടിവന്നേക്കാം. എന്താണ് ഇതിൽനിന്നുള്ള പാഠം?
6 പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ മൂപ്പന്മാർ പെട്ടെന്നുതന്നെ ചെയ്യണമെന്നുള്ളതു ശരിയാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അത് സഭയെ ബാധിക്കും. ഒരു ഡ്രൈവർ കാറിൽ കൃത്യമായി ഇന്ധനം നിറയ്ക്കേണ്ടതുപോലെ, മൂപ്പന്മാർ ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുന്നവർ’ ആയിരിക്കണം. (ഫിലി. 1:10) എന്നാൽ ചില മൂപ്പന്മാർ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയമില്ലാത്ത വിധം മറ്റു പ്രധാനകാര്യങ്ങളിൽ മുഴുകിപ്പോയേക്കാം. ഇത് കാറിന്റെ ഓയിൽ കൃത്യസമയത്ത് മാറ്റാത്തതുപോലെയാണ്. മൂപ്പന്മാർ സഹോദരന്മാരെ പരിശീലിപ്പിക്കാൻ അമാന്തിക്കുന്നെങ്കിൽ അധികം വൈകാതെതന്നെ സഭയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പരിശീലനം ലഭിച്ച സഹോദരന്മാരുടെ അഭാവം വന്നേക്കാം.
7. പരിശീലനം നൽകാൻ സമയം കണ്ടെത്തുന്ന മൂപ്പന്മാരെ നമ്മൾ എങ്ങനെ വീക്ഷിക്കണം?
7 അതുകൊണ്ട്, പരിശീലനം നൽകുക എന്നത് അപ്രധാനമായ ഒന്നാണെന്ന് ഒരിക്കലും ചിന്തിക്കരുത്. സഭയുടെ ഭാവിയെക്കുറിച്ചു താത്പര്യമുള്ളവരും മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്തുന്നവരും ആയ മൂപ്പന്മാർ വിവേകമുള്ളവരും സഹോദരീസഹോദരന്മാർക്ക് വിലപ്പെട്ടവരും ആണ്. (1 പത്രോസ് 4:10 വായിക്കുക.) എന്നാൽ, സഭയ്ക്ക് എങ്ങനെയാണ് ഇത് പ്രയോജനമായിരിക്കുന്നത്?
ജ്ഞാനപൂർവമായ ഒരു നിക്ഷേപം
8. (എ) മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിനായി മൂപ്പന്മാർക്ക് എന്ത് കാരണങ്ങളാണുള്ളത്? (ബി) ആവശ്യമധികമുള്ളിടത്ത് സേവിക്കുന്ന മൂപ്പന്മാർക്ക് എന്ത് അടിയന്തിര ഉത്തരവാദിത്വമാണുള്ളത്? (“ഒരു അടിയന്തിരദൗത്യം” എന്ന ചതുരം കാണുക.)
8 പ്രായമാകുന്തോറും മുമ്പു ചെയ്തിരുന്നതുപോലെ കാര്യങ്ങൾ ചെയ്യാൻ തങ്ങളെക്കൊണ്ടാകില്ലെന്നു നല്ല അനുഭവപരിചയമുള്ള മൂപ്പന്മാർപോലും താഴ്മയോടെ മനസ്സിലാക്കേണ്ടതുണ്ട്. (മീഖാ 6:8) കൂടാതെ, “കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും” തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം എന്നും അവർ മനസ്സിൽപ്പിടിക്കണം. (സഭാ. 9:11, 12; യാക്കോ. 4:13, 14) അതുകൊണ്ട്, വർഷങ്ങൾകൊണ്ട് തങ്ങൾ പഠിച്ച അനേകം കാര്യങ്ങൾ യുവസഹോദരന്മാരെ പഠിപ്പിക്കാൻ പല മൂപ്പന്മാരും കഠിനശ്രമം ചെയ്യുന്നു. യഹോവയുടെ ജനത്തോടുള്ള കരുതലിനെയും സ്നേഹത്തെയും പ്രതിയാണ് അവർ അങ്ങനെ ചെയ്യുന്നത്.—സങ്കീർത്തനം 71:17, 18 വായിക്കുക.
9. ഭാവിയിൽ നടക്കാനിരിക്കുന്ന എന്താണ് പരിശീലനത്തെ ഇത്ര പ്രധാനമാക്കുന്നത്?
9 മറ്റുള്ളവരെ പരിശീലിപ്പിക്കുന്ന മൂപ്പന്മാർ സഭയ്ക്ക് അമൂല്യരായിരിക്കുന്നതിന്റെ മറ്റൊരു കാരണമെന്താണ്? അവരുടെ ശ്രമങ്ങൾ സഭയെ ശക്തിപ്പെടുത്തുന്നു. ഐക്യത്തിലും ദൈവത്തോടുള്ള വിശ്വസ്തതയിലും സഭയെ നിലനിറുത്താൻ സഹായിക്കുന്നതിന് അത്തരം പരിശീലനം കൂടുതൽ സഹോദരന്മാരെ സജ്ജരാക്കുന്നു. ഈ അന്ത്യനാളുകളിൽ ഇത് വളരെ പ്രധാനമാണ്, വരാനിരിക്കുന്ന മഹാകഷ്ടത്തിന്റെ സമയത്ത് പ്രത്യേകിച്ചും. (യെഹെ. 38:10-12; മീഖാ 5:5, 6) അതുകൊണ്ട് പ്രിയ മൂപ്പന്മാരേ, മറ്റുള്ളവരെ പരിശീലിപ്പിക്കാൻ ക്രമമായി സമയം ചെലവഴിക്കുക, ഇന്നു മുതൽ.
10. മറ്റുള്ളവരെ പരിശീലിപ്പിക്കാൻ സമയം കണ്ടെത്തുന്നതിന് ഒരു മൂപ്പൻ എന്തു ചെയ്യേണ്ടിവന്നേക്കാം?
10 പ്രാധാന്യമർഹിക്കുന്ന അനേകം സഭാകാര്യങ്ങൾ നിങ്ങൾക്കു ചെയ്യാനുള്ളതിനാൽ ഇപ്പോൾത്തന്നെ നിങ്ങൾ വളരെ തിരക്കുള്ളവരാണെന്നു ഞങ്ങൾക്ക് അറിയാം. അതുകൊണ്ട്, പരിശീലനം നൽകുന്നതിനായി, നിങ്ങൾ സഭാകാര്യങ്ങൾക്കായി ചെലവിടുന്ന സമയത്തിൽനിന്നു കുറച്ചു സമയം കടമെടുക്കേണ്ടിവന്നേക്കാം. (സഭാ. 3:1) അപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങൾ സമയം തക്കത്തിൽ ഉപയോഗിക്കുകയായിരിക്കും. അത് ഭാവിയിൽ സഭയുടെ പ്രയോജനത്തിൽ കലാശിക്കുകയും ചെയ്യും.
ഉചിതമായ അന്തരീക്ഷം ഒരുക്കുക
11. (എ) പരിശീലനത്തെക്കുറിച്ച് വ്യത്യസ്ത ദേശങ്ങളിൽനിന്നുള്ള മൂപ്പന്മാർ നൽകിയ നിർദേശങ്ങളുടെ പ്രത്യേകത എന്ത്? (ബി) സദൃശവാക്യങ്ങൾ 15:22-നു ചേർച്ചയിൽ മറ്റു മൂപ്പന്മാരുടെ അഭിപ്രായങ്ങൾ ചർച്ച ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സഹോദരന്മാരെ പരിശീലിപ്പിക്കുന്നതിൽ വിജയിച്ച ചില മൂപ്പന്മാരോട് അവർ എങ്ങനെയാണ് ആ പരിശീലനം നൽകുന്നതെന്ന് അടുത്തിടെ ചോദിച്ചറിയുകയുണ്ടായി.b വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലായിരുന്നിട്ടും എല്ലാ മൂപ്പന്മാരും സമാനമായ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത് എന്നത് ശ്രദ്ധേയമാണ്. ഇത് എന്തു തെളിയിക്കുന്നു? ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പരിശീലനം “എല്ലായിടത്തും എല്ലാ സഭകളിലും” ഉള്ള പഠിതാക്കൾക്ക് വളരെ പ്രയോജനകരമാണ്. (1 കൊരി. 4:17) അതുകൊണ്ട് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും മേൽപ്പറഞ്ഞ മൂപ്പന്മാർ നൽകിയ ചില നിർദേശങ്ങൾ നമ്മൾ പരിചിന്തിക്കും. (സദൃ. 15:22) പരിശീലനം നൽകുന്നവരെ അധ്യാപകരെന്നും പരിശീലനം നേടുന്നവരെ പഠിതാക്കളെന്നും ആയിരിക്കും നമ്മൾ ഈ ലേഖനങ്ങളിൽ അഭിസംബോധന ചെയ്യുക.
12. ഒരു അധ്യാപകൻ ആദ്യംതന്നെ എന്താണ് ചെയ്യേണ്ടത്, എന്തുകൊണ്ട്?
12 അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കുക എന്നതാണ് ഒരു അധ്യാപകൻ ആദ്യംതന്നെ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് അത് പ്രധാനമായിരിക്കുന്നത്? ഒരു വിത്ത് നടുന്നതിനു മുമ്പ് തോട്ടക്കാരൻ നിലം ഒരുക്കേണ്ടതുള്ളതുപോലെ പുതിയ കാര്യങ്ങൾ പഠിപ്പിക്കാനായി ഒരു അധ്യാപകൻ തന്റെ പഠിതാവിന്റെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ പരിശീലനത്തിന് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ ഒരു അധ്യാപകന് എങ്ങനെ കഴിയും? അദ്ദേഹത്തിന് പുരാതന നാളിലെ ഒരു മികച്ച അധ്യാപകനായ ശമുവേൽ പ്രവാചകന്റെ മാതൃക അനുകരിക്കാനാകും.
13-15. (എ) എന്തു ചെയ്യാനാണ് യഹോവ ശമുവേലിനോട് ആവശ്യപ്പെട്ടത്? (ബി) തന്റെ പുതിയ നിയമനത്തിനായി ശമുവേൽ ശൗലിനെ ഒരുക്കിയത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (സി) ശമുവേലിനെക്കുറിച്ചുള്ള ഈ വിവരണം ഇന്നുള്ള മൂപ്പന്മാർക്ക് മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
13 വാർധക്യത്തിലെത്തിയ ശമുവേൽ പ്രവാചകനോട് ഏതാണ്ട് 3,000 വർഷം മുമ്പ് യഹോവ ഇങ്ങനെ പറഞ്ഞു: “നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം.” (1 ശമൂ. 9:15, 16) ഇസ്രായേൽ ജനതയെ ഇനി നയിക്കുന്നത് താനായിരിക്കില്ലെന്നും അതിനു പകരം താൻ മറ്റൊരാളെ അഭിഷേകം ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നെന്നും ശമുവേൽ തിരിച്ചറിഞ്ഞു. അതുകൊണ്ട് ആ വ്യക്തിയെ പുതിയ നിയമനത്തിന് എങ്ങനെ ഒരുക്കാൻ കഴിയുമെന്ന് ആലോചിച്ച് ശമുവേൽ ഒരു വഴി കണ്ടെത്തി.
14 പിറ്റേന്ന് ശമുവേൽ ശൗലിനെ കണ്ടപ്പോൾ, “ആൾ ഇതാ” എന്ന് യഹോവ പ്രവാചകനോട് പറഞ്ഞു. അപ്പോൾത്തന്നെ ശമുവേൽ മനസ്സിൽ തീരുമാനിച്ചതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു. ശൗലിനോടു സംസാരിക്കാൻ അവൻ ഒരു നല്ല അവസരം ഒരുക്കി. ശമുവേൽ ശൗലിനെയും അദ്ദേഹത്തിന്റെ ഭൃത്യനെയും വിഭവസമൃദ്ധമായ ഒരു വിരുന്നിന് ക്ഷണിക്കുകയും അവരെ പ്രധാന ഇരിപ്പിടത്തിൽ ഇരുത്തുകയും ചെയ്തിട്ട്, “നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക” എന്ന് പറഞ്ഞു. ഭക്ഷണത്തിനു ശേഷം ശമുവേൽ ശൗലിനെ തന്റെ ഭവനത്തിലേക്കു ക്ഷണിച്ചു. യാത്രാമധ്യേ അവർ ഇരുവരും ഹൃദ്യമായൊരു സംഭാഷണത്തിൽ ഏർപ്പെട്ടു. ശമുവേലിന്റെ വീട്ടിലെത്തിയശേഷം ഉറങ്ങുന്നതുവരെ “വീട്ടിന്റെ മുകളിൽവെച്ചു ശൌലുമായി സംസാരിച്ചു.” പിറ്റെന്നാൾ ശമുവേൽ ശൗലിനെ അഭിഷേകം ചെയ്ത്, അവനെ ചുംബിച്ച്, കൂടുതൽ നിർദേശങ്ങൾ നൽകി. അതിനു ശേഷം, വരാനിരിക്കുന്ന കാര്യങ്ങൾക്കായുള്ള തയാറെടുപ്പോടെ ശൗൽ അവിടെനിന്നു പോകുന്നു.—1 ശമൂ. 9:17-27; 10:1.
15 ഒരു ജനതയുടെ നായകനായാണ് ശമുവേൽ ശൗലിനെ അഭിഷേകം ചെയ്തത്. എന്നാൽ, സഭയിൽ ഒരു സഹോദരനെ മൂപ്പനോ ശുശ്രൂഷാദാസനോ ആയി പരിശീലിപ്പിക്കുന്നത് ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. എങ്കിലും ശമുവേൽ ശൗലിന്റെ ഹൃദയത്തെ ഒരുക്കിയതിൽനിന്ന് മൂപ്പന്മാർക്ക് പ്രധാനപ്പെട്ട പല പാഠങ്ങളും പഠിക്കാൻ കഴിയും. അതിൽ രണ്ടെണ്ണം നമുക്ക് ഇപ്പോൾ പരിശോധിക്കാം.
മനസ്സൊരുക്കമുള്ള അധ്യാപകർ, ഉറ്റസുഹൃത്തുക്കൾ
16. (എ) ഇസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ ശമുവേലിന് എന്തു തോന്നി? (ബി) ശൗലിനെ അഭിഷേകം ചെയ്യാൻ യഹോവ ശമുവേലിനോട് പറഞ്ഞപ്പോൾ അവൻ എങ്ങനെയാണ് പ്രതികരിച്ചത്?
16 മനസ്സുള്ളവരായിരിക്കുക, മടി വിചാരിക്കരുത്. ഇസ്രായേല്യർ ഒരു മാനുഷരാജാവിനെ ആവശ്യപ്പെട്ടപ്പോൾ ശമുവേൽ നിരുത്സാഹിതനായി. ജനം തന്നെ തള്ളിക്കളഞ്ഞതായി അവനു തോന്നി. (1 ശമൂ. 8:4-8) ആളുകളുടെ ആ ആവശ്യം നിവർത്തിക്കാൻ ശമുവേലിനു ഒട്ടും താത്പര്യമില്ലായിരുന്നു. അതുകൊണ്ട് ജനത്തിന്റെ വാക്ക് കേൾക്കാൻ യഹോവയ്ക്കു മൂന്ന് പ്രാവശ്യം ശമുവേലിനോട് പറയേണ്ടിവന്നു. (1 ശമൂ. 8:7, 9, 22) അത്തരം വികാരങ്ങളുണ്ടായിരുന്നിട്ടും തന്റെ സ്ഥാനം ലഭിക്കാൻ പോകുന്ന ആ മനുഷ്യനോട് ശമുവേലിന് ദേഷ്യമോ അസൂയയോ തോന്നിയില്ല. ശൗലിനെ അഭിഷേകം ചെയ്യാൻ യഹോവ പറഞ്ഞപ്പോൾ ശമുവേൽ മടിച്ചില്ല. അവൻ അതു മനസ്സോടെ അനുസരിച്ചു. അങ്ങനെ ചെയ്യാനുള്ള തന്റെ നിയമനത്തെപ്രതിയല്ല പകരം യഹോവയോടുള്ള സ്നേഹത്തെപ്രതിയാണ് അവൻ അങ്ങനെ ചെയ്തത്.
17. ഇന്നത്തെ മൂപ്പന്മാർ എങ്ങനെയാണ് ശമുവേലിനെ അനുകരിക്കുന്നത്, അത് അവർക്ക് സന്തോഷം നൽകുന്നത് എങ്ങനെ?
17 ശമുവേലിനെ അനുകരിച്ചുകൊണ്ട് മറ്റുള്ളവരെ സ്നേഹപൂർവം പരിശീലിപ്പിക്കുന്ന അനുഭവസമ്പന്നരായ അനേകം മൂപ്പന്മാർ ഇന്ന് നമുക്കിടയിലുണ്ട്. (1 പത്രോ. 5:2) ദയാനിധികളായ ഈ മൂപ്പന്മാർ മറ്റുള്ളവരെ പഠിപ്പിക്കാൻ സന്നദ്ധരും സഭയിലെ ചില പദവികൾ പഠിതാക്കളുമായി പങ്കുവെക്കാൻ മടിയില്ലാത്തവരും ആണ്. മാത്രമല്ല പഠിതാക്കളായ ഈ സഹോദരന്മാരെ, സഭയുടെ ആവശ്യങ്ങൾക്കായി കരുതാൻ തങ്ങളെ സഹായിക്കുന്ന അമൂല്യരായ “കൂട്ടുവേലക്കാരാ”യാണ് മൂപ്പന്മാർ കരുതുന്നത്. (2 കൊരി. 1:24; എബ്രാ. 13:16) ഈ പഠിതാക്കൾ യഹോവയുടെ ജനത്തെ സഹായിക്കുന്നതിന് തങ്ങളുടെ പ്രാപ്തികൾ ഉപയോഗിക്കുന്നത് കാണുമ്പോൾ നിസ്സ്വാർഥരായ മൂപ്പന്മാർ സന്തോഷിക്കുന്നു.—പ്രവൃ. 20:35.
18, 19. പരിശീലനത്തിനായി പഠിതാവിന്റെ ഹൃദയത്തെ ഒരു മൂപ്പന് എങ്ങനെ ഒരുക്കാം, അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 അധ്യാപകൻ മാത്രമായിരിക്കാതെ സുഹൃത്തുകൂടെ ആയിരിക്കുക. ശൗലിനെ കണ്ടപ്പോൾത്തന്നെ വേണമെങ്കിൽ ശമുവേലിന് തൈലം അവന്റെ തലയിൽ ഒഴിച്ച് അവനെ രാജാവായി അഭിഷേകം ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അപ്പോൾത്തന്നെ അവൻ അഭിഷിക്തരാജാവാകുമായിരുന്നു, എന്നാൽ ദൈവജനത്തെ നയിക്കാൻ സജ്ജനാകുമായിരുന്നില്ല. അതുകൊണ്ട് തന്റെ പുതിയ നിയമനത്തിനായി ശൗലിന്റെ ഹൃദയത്തെ ഒരുക്കാൻ ശമുവേൽ സമയമെടുത്തു. ശൗലിനെ അഭിഷേകം ചെയ്യുന്നതിനു മുമ്പ് അവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, ഒന്നു നടക്കാൻ പോയി, കുറേ നേരം സംസാരിച്ചു, കൂടാതെ അല്പം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ, പുതിയ രാജാവിനെ അഭിഷേകം ചെയ്യാനുള്ള ഉചിതമായ സമയത്തിനായി ശമുവേൽ കാത്തിരുന്നു.
മറ്റുള്ളവരെ പരിശീലിപ്പിക്കുന്നതിന്റെ തുടക്കം അവരുമായി ഒരു ഉറ്റ സുഹൃദ്ബന്ധം വളർത്തിയെടുക്കുന്നതാണ് (18, 19 ഖണ്ഡികകൾ കാണുക)
19 ഇന്നും ഇതേപോലെ ഒരു പഠിതാവിനെ പരിശീലിപ്പിക്കുന്നതിനു മുമ്പ് പഠിതാവുമായി ഒരു നല്ല സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ ഒരു മൂപ്പൻ പ്രത്യേകശ്രമം ചെയ്യണം. അതിനായി ഒരു മൂപ്പൻ ചെയ്യുന്ന കാര്യങ്ങൾ ഓരോ സാഹചര്യത്തിനും സംസ്കാരത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായിരുന്നാലും പഠിതാവിനോടൊപ്പം സമയം ചെലവഴിക്കാൻ തിരക്കുപിടിച്ച ജീവിതചര്യയിൽനിന്ന് നിങ്ങൾ സമയം വിലയ്ക്കു വാങ്ങണം. അങ്ങനെയാകുമ്പോൾ ആ പഠിതാവ് നിങ്ങൾക്കു വേണ്ടപ്പെട്ട ഒരാളാണെന്ന് അയാൾ തിരിച്ചറിയും. (റോമർ 12:10 വായിക്കുക.) പഠിതാക്കൾക്കു നൽകുന്ന സ്നേഹപുരസ്സരമായ കരുതലും ശ്രദ്ധയും തീർച്ചയായും അവർ ആഴമായി വിലമതിക്കും.
20, 21. (എ) ഒരു മികച്ച അധ്യാപകനെ നിങ്ങൾ എങ്ങനെ വർണിക്കും? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
20 ഒരു മികച്ച അധ്യാപകൻ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ താത്പര്യമുള്ള ഒരാളായിരിക്കും എന്നത് സത്യമാണ്. എന്നാൽ അതു മാത്രം പോരാ. അദ്ദേഹം പഠിതാവിനെ സ്നേഹിക്കുകയും വേണം. (യോഹന്നാൻ 5:20 താരതമ്യം ചെയ്യുക.) ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം തന്നിൽ ആത്മാർഥതാത്പര്യമെടുക്കുന്നതായി പഠിതാവ് കാണുമ്പോൾ നിങ്ങളിൽനിന്നു പഠിക്കാൻ അദ്ദേഹം കൂടുതൽ ചായ്വുള്ളവനായിരിക്കും. അതുകൊണ്ട് പ്രിയ മൂപ്പന്മാരേ, പഠിപ്പിക്കാൻ മാത്രമല്ല, അവരെ നല്ല സുഹൃത്തുക്കളാക്കാനും കഠിനശ്രമം ചെയ്യുക.—സദൃ. 17:17; യോഹ. 15:15.
21 പഠിതാവിന്റെ ഹൃദയത്തെ ഒരുക്കിയതിനു ശേഷം ഒരു മൂപ്പന് അദ്ദേഹത്തിനുള്ള പരിശീലനം തുടങ്ങാനാകും. അതിനായി മൂപ്പന്മാർക്ക് അവലംബിക്കാനാകുന്ന വിധങ്ങൾ ഏവ? അടുത്ത ലേഖനം അതേക്കുറിച്ചു ചർച്ച ചെയ്യും.
a ഈ ലേഖനവും അടുത്ത ലേഖനവും തയ്യാറാക്കിയിരിക്കുന്നത് പ്രത്യേകാൽ മൂപ്പന്മാരെ ഉദ്ദേശിച്ചാണ്. എങ്കിലും, എല്ലാവരും ഈ വിഷയത്തിൽ താത്പര്യമുള്ളവരായിരിക്കണം. എന്തുകൊണ്ട്? സഭയെ കൂടുതൽ സഹായിക്കുന്നതിന് പരിശീലനം ആവശ്യമാണെന്ന് മനസ്സിലാക്കാൻ അത് എല്ലാ സഹോദരന്മാരെയും സഹായിക്കും. പരിശീലനം നേടിയ സഹോദരന്മാർ സഹായത്തിനായി സഭയിലുള്ളപ്പോൾ അത് എല്ലാവരുടെയും പ്രയോജനത്തിൽ കലാശിക്കും.
b ഈ മൂപ്പന്മാർ ഐക്യനാടുകൾ, ഓസ്ട്രേലിയ, കൊറിയ, ജപ്പാൻ, നമീബിയ, നൈജീരിയ, ഫ്രഞ്ച് ഗയാന, ഫ്രാൻസ്, ബെൽജിയം, ബ്രസീൽ, ബംഗ്ലാദേശ്, മെക്സിക്കോ, സൗത്ത് ആഫ്രിക്ക, റഷ്യ, റീയൂണിയൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.