ആസന്നമായിരിക്കുന്ന മെച്ചപ്പെട്ട അവസ്ഥകളെ സംബന്ധിച്ച സുവാർത്ത അറിയിക്കുക
1 ആസന്നമായിരിക്കുന്ന പുതിയ ലോകത്തെക്കുറിച്ചുളള ദൂതു പ്രഖ്യാപിക്കുന്നതിൽ ക്രമമായി പങ്കെടുക്കുന്നത് എത്ര സന്തോഷകരമായ പദവിയാണ്! മററുളളവർക്ക് ഈ സന്ദേശം എത്തിക്കുന്നതിൽ നാം എത്ര സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടവരാണ്! നാം വരാനിരിക്കുന്ന ഈ മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ചുളള സുവാർത്ത പങ്കുവെക്കുമ്പോൾ നമ്മുടെതന്നെ വിശ്വാസവും തീക്ഷ്ണതയും ബലിഷ്ഠമാക്കപ്പെടുന്നു. നാം “യഹോവക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുക” എന്ന ഉദ്ബോധനത്തിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ നമ്മുടെ ഹൃദയം സന്തോഷിക്കുന്നു.—സങ്കീ. 96:2-4.
2 നിങ്ങൾ ഓരോ ദിവസവും രാജ്യത്തിന്റെ ദൂത് സംസാരിക്കുന്നത് നിങ്ങളുടെ ലാക്കാക്കുന്നുണ്ടോ? സഹായപയനിയറിംഗ് അല്ലെങ്കിൽ നിരന്തരപയനിയറിംഗ് വേലയിൽ ഏർപ്പെടുന്നവർക്ക് സാധാരണയായി സുവാർത്ത അറിയിക്കുന്നതിൽ ഒരു ദൈനംദിന പങ്കു ലഭിക്കുന്നു. നിങ്ങൾക്ക് ഇതു ചെയ്യാൻ കഴിയുമോ? ഇല്ലെങ്കിൽ നിങ്ങൾക്ക് എല്ലാ ദിവസവും കുറച്ചു പങ്ക്, അല്പമായ ഒരു അനൗപചാരിക പങ്കെങ്കിലും, ഉണ്ടായിരിക്കാൻ കഴിയുമോ? നമുക്കെല്ലാം ഇതു ചെയ്യാൻ കഴിയുകയാണെങ്കിൽ യഹോവക്ക് എത്ര മഹത്തായ സ്തുതിയുടെ ആർപ്പുവിളിയിലായിരിക്കും അതു കലാശിക്കുക! നിങ്ങൾ ഓരോ ദിവസവും രാജ്യപ്രത്യാശ പ്രഖ്യാപിക്കുമ്പോൾ യഹോവയിൽനിന്നുളള സമൃദ്ധമായ അനുഗ്രഹം അനുഭവപ്പെടും.
3 ശുശ്രൂഷയോടുളള നമ്മുടെ മനോഭാവത്തിന് നാം മററുളളവരോട് എത്ര കൂടെക്കൂടെ സുവാർത്ത പങ്കുവെക്കുമെന്നതിനെ സ്വാധീനിക്കാൻ കഴിയും. ആളുകളുടെ ഭാഗത്തെ പ്രതികരണത്തിന്റെ കുറവുമൂലം നാം നിരാശിതരായിത്തീരുകയും രാജ്യദൂത് സമർപ്പിക്കുന്നതിൽ മന്ദീഭവിക്കുകയും ചെയ്യരുത്. പകരം, വരാനിരിക്കുന്ന മെച്ചപ്പെട്ട അവസ്ഥകളോടുളള ഒരു ക്രിയാത്മക മനോഭാവവും തീവ്രമായ വിലമതിപ്പും സുവാർത്ത അറിയിക്കുന്നതിൽ ദൈനംദിനം പങ്കുകൊളളുന്നതിനുളള നമ്മുടെ കഠിനശ്രമത്തെ ബലിഷ്ഠമാക്കാൻ കഴിയും.—ലൂക്കോ. 6:45.
4 കുടുംബാംഗങ്ങൾ യഹോവക്ക് ‘മഹത്വവും ബലവും ആരോപിക്കുന്നതിൽ’ ഐക്യത്തിൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുമ്പോൾ അനേകം സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും. (സങ്കീ. 96:7) ഒരു കുടുംബമെന്ന നിലയിൽ ശുശ്രൂഷയിൽ പ്രവർത്തിക്കുന്നതിന് സമയം പട്ടികപ്പെടുത്തുമ്പോൾ കുടുംബപരവും ആത്മീയവുമായ ബന്ധങ്ങൾ ബലിഷ്ഠമാക്കപ്പെടുന്നു. രാജ്യപ്രത്യാശ അറിയിക്കുന്നതിന് കുടുംബാംഗങ്ങൾക്ക് സഭയിലെ മററ് കുടുംബങ്ങളോടൊത്ത് പ്രവർത്തിക്കുന്നതിന് ശനിയാഴ്ചകളും ഞായറാഴ്ചകളും വളരെ നല്ല അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
എന്നേക്കും ജീവിക്കാൻ പുസ്തകം ഉപയോഗിക്കുക
5 ഏപ്രിലിൽ നാം എന്നേക്കും ജീവിക്കാൻ പുസ്തകം സമർപ്പിക്കും. ആളുകൾ ദൈനംദിന ജീവിതത്തെക്കുറിച്ച് ഉത്ക്കണ്ഠാകുലരാണ്, ഒരു സന്തുഷ്ട ഭാവി ആഗ്രഹിക്കുകയും ചെയ്യുന്നു. ആത്മാർത്ഥഹൃദയരായ ആളുകൾ ഇന്ന് മനുഷ്യവർഗ്ഗത്തിന് വളരെ സാധാരണമായിരിക്കുന്ന പ്രശ്നങ്ങളില്ലാതെ ദീർഘമായി ജീവിക്കുന്നതിനുളള സാദ്ധ്യതയെസംബന്ധിച്ച് അറിയുന്നതിൽ സന്തോഷിക്കുന്നു. ഈ പ്രത്യാശയെ സംബന്ധിച്ചുളള സൂക്ഷ്മമായ അറിവും അത് പെട്ടെന്ന് യാഥാർത്ഥ്യമായിത്തീരുമെന്നുളള വിശ്വാസവും രാജ്യസന്ദേശം സമർപ്പിക്കുന്നതിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് നമ്മെ ഉത്തേജിപ്പിക്കണം.
6 നിങ്ങളുടെ അവതരണം ആകർഷകമാക്കിത്തീർക്കുന്നതിന് നിങ്ങൾ പറയാൻപോകുന്നതിനെക്കുറിച്ച് പ്രാർത്ഥനാപൂർവം മുൻകൂട്ടി ചിന്തിക്കുക. നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം നിങ്ങൾക്ക് ഏതാണ്ട് ഇതുപോലെ പറയാവുന്നതാണ്: “നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഏതു തരത്തിലുളള ഭാവി ഉണ്ടായിരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു? [ഉത്തരം പറയാൻ അനുവദിക്കുക.] നാമെല്ലാം ജീവിതം ആസ്വദിക്കുകയും നമുക്കു കഴിയുന്നിടത്തോളം ദീർഘകാലം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അനേകം പ്രശ്നങ്ങൾ പൊന്തിവരുകയും നമ്മുടെ ജീവിതത്തെത്തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ കാരണത്താൽ നിങ്ങൾ ഒരു ശോഭനമായ ഭാവിയെ സംബന്ധിച്ചും ജീവിതത്തിന്റെ ഉത്ക്കണ്ഠകളെ അഭിമുഖീകരിക്കുന്ന വിധം സംബന്ധിച്ചും ബൈബിളിന്റെ സന്ദേശം അറിയാൻ താത്പ്പര്യപ്പെട്ടേക്കാം.” ഈ ഘട്ടത്തിൽ നിങ്ങൾക്ക് പുതിയ സംഭാഷണവിഷയത്തിലെ തിരുവെഴുത്തുകൾ പ്രദീപ്തമാക്കാൻ കഴിയും. മുന്നിൽ സ്ഥിതിചെയ്യുന്ന ശോഭനമായ ഭാവിയെ ഊന്നിപ്പറയുന്നതിന് 9, 11-13, 161, 162 എന്നീ പേജുകളിൽ കാണപ്പെടുന്നതുപോലുളള കൃത്യമായ സംസാരാശയങ്ങൾ ഉപയോഗിക്കുക.
7 യഹോവ നമുക്ക് എത്ര സന്തുഷ്ടവും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമായ സന്ദേശമാണ് പ്രഖ്യാപനം ചെയ്യുന്നതിനായി നൽകിയിരിക്കുന്നത്! നമുക്ക് യഹോവയുടെ മഹത്തായ വാഗ്ദാനങ്ങളിൽ ആഴമായ വിലമതിപ്പുളള മററുളളവരുമായി അടുത്തു പ്രവർത്തിക്കുന്നതിനുളള വലിയ പദവിയും ഉണ്ട്. നാം ഇപ്പോൾ നിർവഹിക്കുന്ന വേല ഒരിക്കലും ആവർത്തിക്കപ്പെടേണ്ടതല്ലാത്തതിനാലും പെട്ടെന്നു അവസാനിക്കുന്നതാകയാലും വരാൻപോകുന്ന മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ചുളള സുവാർത്ത അനുദിനം അറിയിക്കുന്നതിന് നമ്മുടെ ലഭ്യമായ സമയവും കഴിവുകളും ഉപയോഗിക്കേണ്ടതല്ലേ?