നമ്മുടെ മഹാസ്രഷ്ടാവിനെ വിലമതിക്കാൻ മററുളളവരെ സഹായിക്കുക
1 നാം നമ്മുടെ ചുററിലുമുളള സൃഷ്ടികളെ നിരീക്ഷിക്കുമ്പോൾ ഒരു സ്രഷ്ടാവ് സ്ഥിതിചെയ്യുന്നുവെന്നതിനും അവൻ നമ്മുടെ ഭാവിയെ സംബന്ധിച്ച് വളരെയധികം തല്പരനാണെന്നതിനും നമ്മുടെ മനസ്സുകളിൽ യാതൊരു സംശയവുമില്ല. (റോമ. 1:20) ജീവൻ—അത് ഇവിടെ വന്നതെങ്ങനെ? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകം സ്രഷ്ടാവിനോടുളള നമ്മുടെ വിലമതിപ്പിനു മൂർച്ച കൂട്ടാൻ പ്രേരകമായിരുന്നിട്ടുണ്ട്. ഇത് ജീവൻ ഇവിടെ വന്നതെങ്ങനെയെന്ന് കൃത്യമായി മററുളളവർക്ക് വിശദീകരിച്ചുകൊടുക്കാനും നമ്മെ സഹായിച്ചിരിക്കുന്നു.
2 ശാസ്ത്രപശ്ചാത്തലമുളള ഒരാൾ ഈ പുസ്തകം വായിച്ചശേഷം ജീവനെ സംബന്ധിച്ച് വിലമതിപ്പു കെട്ടുപണിചെയ്യാൻ താൻ വായിച്ചിട്ടുളള പുസ്തകങ്ങളിൽ വച്ച് ഏററം നല്ല പുസ്തകമാണിതെന്ന് വിശദീകരിച്ചു. ഒരു കോളജ് പ്രൊഫസ്സർ ഇപ്രകാരം പ്രസ്താവിച്ചു: “സൃഷ്ടിപ്പിനെ സംബന്ധിച്ച് ഇത്ര നന്നായി അവതരിപ്പിച്ചിട്ടുളള ന്യായവാദം ഞാൻ ഇതുവരെ കണ്ടിട്ടില്ല.” സ്പഷ്ടമായും സൃഷ്ടി പുസ്തകം അനേകരെയും നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തെ വിലമതിക്കാൻ സഹായിക്കുന്നതിനുളള ഒരു നല്ല ഉപകരണമായിരുന്നിട്ടുണ്ട്.
ഉചിതമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക
3 ഒക്ടോബർ മാസത്തിൽ നമുക്ക് വയൽശുശ്രൂഷയിൽ ഈ പുസ്തകം സമർപ്പിക്കുന്നതിനുളള പദവി വീണ്ടും ഉണ്ടായിരിക്കും. നമ്മുടെ പതിവായ വീടുതോറുമുളള വേലക്കു പുറമെ തെരുവു വേലയിലേർപ്പെടുമ്പോഴും അനൗപചാരിക സാക്ഷീകരണത്തിലും നമുക്ക് സൃഷ്ടി പുസ്തകം സമർപ്പിക്കാൻ കഴിയും. നമുക്ക് ഇത് സഹജോലിക്കാർക്കും സഹപാഠികൾക്കും ബന്ധുക്കൾക്കും നാം ബന്ധപ്പെടുന്ന മററുളളവർക്കും സമർപ്പിക്കാൻ കഴിയും. നിങ്ങളുടെ ബൈബിൾ വിദ്യാർത്ഥികൾക്ക് ഇതിന്റെ ഒരു പ്രതിയുണ്ടോ? ഇല്ലെങ്കിൽ അവർക്ക് ഒന്നു ലഭ്യമാക്കാൻ എന്തുകൊണ്ട് ശ്രദ്ധിച്ചുകൂടാ? നിങ്ങൾക്ക് ഒരു മാസികാറൂട്ടുണ്ടോ? ഈ ആളുകൾ ഒരു പ്രതി ഉണ്ടായിരിക്കാൻ ഇഷ്ടപ്പെട്ടേക്കാം. ഈ മാസം സൃഷ്ടി പുസ്തകം സമർപ്പിക്കുന്നതിന് ഉചിതമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുക.
4 അനേകം ചെറുപ്പക്കാർ സൃഷ്ടി പുസ്തകം സ്കൂളിൽ സമർപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. നിങ്ങൾ സ്കൂളിൽ ഈ പുസ്തകത്തിന്റെ ഒരു പ്രതി കൊണ്ടുപോയി പരീക്ഷിച്ചിട്ടുണ്ടോ? ജിജ്ഞാസയുളളവർ ചോദ്യങ്ങൾ ചോദിക്കുമ്പോൾ നിങ്ങൾക്ക് അവരോടു സാക്ഷീകരിക്കാൻ അവസരം ലഭിക്കും. ചില പ്രസാധകർ കോളജ് കാമ്പസിന് അടുത്ത് വെളിയിൽ തെരുവു സാക്ഷീകരണം നടത്തുന്നതിൽ വിജയം കണ്ടെത്തി, അനേകം വിദ്യാർത്ഥികളുമായി നല്ല ചർച്ചകൾ നടത്തുകയും ചെയ്തിരിക്കുന്നു.
സംഭാഷണവിഷയം ഉപയോഗിക്കുക
5 സൃഷ്ടി പുസ്തക സമർപ്പണം, “ജീവദാതാവിനെ ആരാധിക്കുക” എന്ന നമ്മുടെ സംഭാഷണവിഷയത്തിന് നന്നായി യോജിക്കും. ഈ പുസ്തകം സമർപ്പിക്കുന്നതിന് നിങ്ങൾക്ക് ഇങ്ങനെ പറയാം: “പല ആളുകളും ജീവൻ ഉത്ഭവിച്ചതെങ്ങനെ എന്ന് അറിയുന്നതിൽ തൽപ്പരരാണ്. നിങ്ങൾ അതിനെ സംബന്ധിച്ച് എപ്പോഴെങ്കിലും അറിയാനാഗ്രഹിച്ചിട്ടുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക.] ജീവന്റെ ഉൽപ്പത്തിയെസംബന്ധിച്ച് അനേകം അഭിപ്രായങ്ങൾ ഉണ്ട്. നമുക്ക് ബൈബിളിന്റെ ന്യായയുക്തമായ വിശദീകരണം പരിഗണിക്കാം. [എബ്രാ. 3:4 വായിക്കുക.] അതുകൊണ്ട് യുക്ത്യാനുസരണം ഇന്നു നമുക്കു ചുററും കാണുന്ന ഓരോ വീടിനും ഒരു രൂപസംവിധായകനും നിർമ്മാതാവും ഉണ്ടായിരുന്നു. സ്പഷ്ടമായും വളരെയധികം സങ്കീർണ്ണമായ അഖിലാണ്ഡത്തിന് ഒരു സ്രഷ്ടാവുണ്ടായിരുന്നിരിക്കണം. എബ്രായർ 3:4 അനുസരിച്ച്, സ്രഷ്ടാവ് ദൈവമാണ്. എന്നാൽ ഈ വസ്തുതസംബന്ധിച്ച അറിവു നമ്മെ എങ്ങനെ ബാധിക്കണം? [വെളിപ്പാട് 4:11 വായിക്കുക.] അതുകൊണ്ട് ഇനിയും ശേഷിച്ച സമയത്ത് സ്വീകരിക്കേണ്ട ബുദ്ധിപൂർവകമായ ഗതി സ്രഷ്ടാവിന്റെ ഇഷ്ടം പഠിക്കുകയും നമ്മുടെ ജീവിതത്തെ അതിനോട് അനുരൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്.” അതിനുശേഷം, മനുഷ്യൻ ഇവിടെ വന്നതെങ്ങനെയെന്നും നമ്മുടെ സ്രഷ്ടാവിനോടുളള അനുസരണത്തിന് നിത്യജീവനിലേക്കു നയിക്കാൻ കഴിയുന്നതെങ്ങനെയെന്നും അത് കാണിക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പുസ്തകം സമർപ്പിക്കുക.
6 പരിണാമം സംബന്ധിച്ചും സൃഷ്ടിപ്പു സംബന്ധിച്ചും ഉളള സത്യം വിശദീകരിക്കുന്ന 256 പേജുളള മനോഹര ചിത്രങ്ങളോടുകുടിയ ഈ വാല്യം ഉളളതിൽ നാം എത്ര സന്തുഷ്ടരാണ്! എന്നിരുന്നാലും പ്രാഥമികമായി, ഈ പുസ്തകം നമ്മുടെ മഹാസ്രഷ്ടാവിനു ബഹുമാനം കരേററുന്നു. ജീവൻ ഇവിടെ വന്ന വിധവും യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിനുളള അവന്റെ അത്ഭുതകരമായ ഉദ്ദേശ്യവും രാജ്യം മുഖേന മനുഷ്യ വർഗ്ഗത്തെ അനുഗ്രഹിക്കുന്നതിനുളള അവന്റെ വാഗ്ദാനവും നാം അറിയാനിടയാക്കിക്കൊണ്ട് അത് അപ്രകാരം ചെയ്യുന്നു.