വീക്ഷാഗോപുരം—തക്കസമയത്ത് ആത്മീയ ഭക്ഷണം
1 ഏതാണ്ട് 114 വർഷമായി വീക്ഷാഗോപുരം അതിന്റെ വായനക്കാരെ ആത്മീയമായി ജാഗ്രതയുളളവരായിരിക്കാൻ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ കൂട്ടു മാസികയായ ഉണരുക! നമ്മുടെ തലമുറയിൽത്തന്നെയുളള സമാധാനപൂർണ്ണവും സുരക്ഷിതവുമായ ഒരു പുതിയലോകത്തെക്കുറിച്ചുളള സ്രഷ്ടാവിന്റെ വാഗ്ദാനത്തിൽ ദൃഢവിശ്വാസം വളർത്തുന്നു. ഈ രണ്ടു പ്രസിദ്ധീകരണങ്ങളും ഇരുളടഞ്ഞ ഒരു ലോകത്തിലൂടെ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്ന വിശ്വസ്ത ഉപകരണങ്ങളായിരുന്നിട്ടുണ്ട്. (യെശ. 60:2) ദൈവവചനത്തിന്റെ പരമാർത്ഥതയ്ക്ക് ഒരിക്കലും മാററമില്ല, എന്നാൽ നമുക്ക് “തക്കസമയത്ത് ആത്മീയ ഭക്ഷണം” നല്കാൻ യഹോവ ഇവയും മററ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ അതെക്കുറിച്ചുളള നമ്മുടെ ഗ്രാഹ്യം കൂടുതൽ വ്യക്തമായിത്തീരുന്നു.—മത്താ. 24:45; സദൃ. 4:18.
2 മാസികകൾ ഏററവും നന്നായി പ്രയോജനപ്പെടുത്തുക: വീക്ഷാഗോപുരവും ഉണരുക!യും വായിക്കാൻ ഉത്സാഹഭരിതമായി ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു നമുക്കു ലഭിച്ച ആത്മീയ പ്രബുദ്ധതയ്ക്കു നമ്മുടെ കൃതജ്ഞത പ്രകടമാക്കാൻ കഴിയും. വീക്ഷാഗോപുരം മാസികയ്ക്കു വരിക്കാരാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏപ്രിൽ, മെയ് മാസങ്ങളിൽ വീടുവീടാന്തരമുളള ശുശ്രൂഷയിൽ നാം ഒരു പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. കൂടാതെ, മാസികകളുടെ ഒററപ്രതി കോപ്പികൾ നമ്മളിൽനിന്ന് ഏറെക്കുറെ ക്രമമായി ലഭിക്കുന്നവരും പ്രത്യക്ഷത്തിൽ അവയുടെ വായന ആസ്വദിക്കുന്നവരുമായ അനേകമാളുകളെ നമുക്ക് അറിയാമായിരിക്കും. ഏപ്രിൽ, മെയ് മാസങ്ങളിൽ നമുക്ക് ഈ വ്യക്തികളെ പുനഃസന്ദർശിച്ചു വരിക്കാരാനാകാൻ പ്രോത്സാഹിപ്പിക്കാൻ കഴിയും, അവർ വരിക്കാരാകുകയാണെങ്കിൽ മാസിക തപാൽമാർഗം അവരുടെ വീടുകളിൽ ക്രമമായി എങ്ങനെ എത്തുമെന്നു കാണിച്ചുകൊണ്ടു തന്നെ.
3 നമ്മുടെ ദൂതിൽ താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികളെ അവർ വരിക്കാരായാലും അല്ലെങ്കിലും പുനഃസന്ദർശിക്കേണ്ട ആവശ്യമുണ്ട്. ആത്മാർത്ഥമായ താത്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്കെങ്ങനെ അതു വിവേചിച്ചറിയാൻ കഴിയും? നിങ്ങൾ ഒരു മാസികയിലെയോ, ഒരു ലഘുലേഖയിലെയോ ഒരു ലഘുപത്രികയിലെയോ ഒന്നോ രണ്ടോ ആശയങ്ങൾ വിശേഷവൽക്കരിക്കുമ്പോൾ വീട്ടുകാരന്റെ പ്രതികരണം ശ്രദ്ധിക്കുക. അദ്ദേഹം ശ്രദ്ധാപൂർവ്വം കേൾക്കുന്നുവോ? അദ്ദേഹം ബൈബിളിനെ ആദരിക്കുകയും ബൈബിൾ വാക്യങ്ങളുടെ വായന ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുന്നുവോ? അദ്ദേഹം വീക്ഷണചോദ്യങ്ങളോടു പ്രതികരിക്കുന്നുവോ? അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങൾ ഒരാഴ്ചക്കുളളിലോ അതിലും പെട്ടെന്നോ ഒരു മടക്കസന്ദർശനത്തിനുവേണ്ടി ക്രമീകരിച്ച് ആ സമയത്ത് ഒരു വിശദമായ ചർച്ച ആസ്വദിച്ചേക്കാം. അങ്ങനെ ആ വീട്ടുകാരനുമായി ഒരു ക്രമമായ ബൈബിളദ്ധ്യയനം ആരംഭിക്കാൻ കഴിയും.
4 സാദ്ധ്യമാകുമ്പോഴെല്ലാം നിങ്ങളോടൊപ്പം മാസികകൾ കൊണ്ടുനടക്കുക. സഹജീവനക്കാർക്കും ബിസിനസ് കൂട്ടാളികൾക്കും സഹപാഠികൾക്കും ബന്ധുക്കൾക്കും മാസികകളും ഒരു വരിസംഖ്യപോലും സമർപ്പിക്കാൻ ശ്രദ്ധാലുക്കളായിരിക്കുക. മാസികകൾ നിരന്തരമായി തെരുവു സാക്ഷീകരണത്തിലോ യാത്രയ്ക്കിടയിലോ സമർപ്പിക്കാൻ കഴിഞ്ഞേക്കും.
5 പുതിയ മാസികകൾ സഭയിൽ കിട്ടിക്കഴിഞ്ഞാൽ എത്രയും പെട്ടെന്ന് അവ പ്രസാധകർക്കു ലഭ്യമാക്കണം. നിങ്ങൾക്ക് ഒരു പുതിയ ലക്കം ലഭിക്കുമ്പോൾ അതുമായി പൂർണ്ണമായി പരിചയപ്പെടുക. നിങ്ങളുടെ പ്രദേശത്തെ ആളുകളെ ആഴത്തിൽ ബാധിക്കുന്ന വിഷയങ്ങൾ എന്തെല്ലാമാണ്? ലോകസമാധാനവും സുരക്ഷിതത്വവും? സമ്പദ്വ്യവസ്ഥ? നല്ല ഗവൺമെൻറ്? പരിസ്ഥിതി? ശ്രദ്ധേയമായി, വീക്ഷാഗോപുരം നിലനിൽക്കുന്ന ഏക പരിഹാരമാർഗ്ഗത്തിലേക്ക്, ദൈവരാജ്യത്തിലേക്ക് ആളുകളെ തിരിക്കുന്നു. (ദാനീ. 2:44; മത്താ. 6:10) അതു യഥാർത്ഥത്തിൽ നമ്മുടെ “മഹാ ഉപദേഷ്ടാവി”ൽനിന്നുളള ഒരു അമൂല്യ സമ്മാനമാണ്.—യെശ. 30:20, NW.
6 വയൽസേവനത്തിനു കൂടുതൽ സമയം അർപ്പിക്കാൻ ഏപ്രിൽ മെയ് മാസങ്ങൾ വിശിഷ്ട അവസരങ്ങൾ പ്രദാനം ചെയ്യുന്നു. മെയ്യിൽ അഞ്ചു പൂർണ്ണ വാരാന്തങ്ങൾ ഉളളതിനാൽ അനേകർ സഹായപയനിയർമാരായി പേർചാർത്തുന്നതായിരിക്കും. ഈ രണ്ടു മാസങ്ങളിൽ നമ്മുടെ വയൽസേവനം വർദ്ധിപ്പിക്കുന്നതിനും ഉത്സാഹഭരിതമായി വരിസംഖ്യകൾ സമർപ്പിക്കുന്നതിനും, അങ്ങനെ നാം കണ്ടുമുട്ടുന്ന ഓരോരുത്തരെയും വീക്ഷാഗോപുരവും ഉണരുക!യും വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കെല്ലാവർക്കും ഇപ്പോൾ വ്യക്തിപരമായ ലാക്കുകൾ വെക്കാൻ കഴിയും.