വീക്ഷാഗോപുരവും ഉണരുക!യും നന്നായി ഉപയോഗപ്പെടുത്തൽ
1 ആളുകൾക്ക് ഇന്നു വായിക്കാൻ കഴിയുന്ന ഏററവും മൂല്യമുളളതും പ്രയോജനപ്രദവുമായ മാസികകളാണു വീക്ഷാഗോപുരവും ഉണരുക!യും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവയിൽ അടങ്ങിയിരിക്കുന്ന ആത്മീയ സത്യങ്ങൾക്ക് ആളുകളുടെ ജീവിതത്തിൽ നിലനിൽക്കുന്ന ഒരു നല്ല ഫലം ഉളവാക്കാൻ കഴിയും. എന്നിരുന്നാലും, അനേകരും തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു പൂർണമായും ബോധവാൻമാരല്ല, അഥവാ അതിനെ തൃപ്തിപ്പെടുത്താൻ എവിടേക്കു നോക്കണമെന്ന് അവർക്ക് അറിഞ്ഞുകൂടാ. ആളുകളുടെ കണ്ണുകൾ ആത്മീയമായി തുറക്കാൻ സഹായിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസിനെ അനുകരിക്കുകയെന്നുളളതു നമ്മുടെ പദവിയാണ്.—മത്താ. 5:3; പ്രവൃത്തികൾ 26:18.
2 ക്രിയാത്മക മനോഭാവം ഉളളവരായിരിക്കുകയും നല്ലവണ്ണം തയ്യാറാകുകയും ചെയ്യുക: സത്യത്തോടു പ്രതികരിച്ചേക്കാവുന്ന ചെമ്മരിയാടുതുല്യരായ ആളുകൾ നിങ്ങളുടെ പ്രദേശത്ത് ഉണ്ടായിരിക്കാനിടയുണ്ട്. ഈ മാസികകൾ വായിക്കാൻ ചിലർക്കു ദയാപുരസ്സരമായ പ്രോത്സാഹനം ആവശ്യമായിരിക്കാം. അതുകൊണ്ട് നിങ്ങൾ വീക്ഷാഗോപുരവും ഉണരുക!യും സമർപ്പിക്കുമ്പോൾ ക്രിയാത്മക മനോഭാവം ഉളളവരും വശീകരണപ്രാപ്തിയുളളവരും ആയിരിക്കുക. മാസികകളുടെ ഒരു ശേഖരം കൈവശം വയ്ക്കുക, മററു പ്രസിദ്ധീകരണങ്ങൾ വിശേഷവത്കരിക്കുമ്പോൾപ്പോലും അവ വിതരണം ചെയ്യുന്നതിന് എല്ലാ അവസരവും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
3 മാസികകൾ വിതരണം ചെയ്യുന്നതിൽ എന്ത് നമ്മെ കൂടുതൽ ഫലപ്രദരാക്കിയേക്കാം? ആദ്യം, നാംതന്നെ അവയുടെ മൂല്യം യഥാർഥത്തിൽ വിലമതിക്കണം. സമർപ്പിക്കുന്ന മാസികകളിലെ ലേഖനങ്ങളുമായി നാം പരിചിതരായിരിക്കണം, ഇതു നമ്മുടെ ആത്മവിശ്വാസത്തെയും അവ അവതരിപ്പിക്കാനുളള ആകാംക്ഷയെയും വർധിപ്പിക്കും. നിങ്ങൾ അവ ആദ്യം വായിക്കുമ്പോൾ ഈ ആശയം മനസ്സിൽ പിടിക്കുക. ശുശ്രൂഷയിൽ പ്രദീപ്തമാക്കാൻ ആശയങ്ങൾ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചു ജാഗ്രത പുലർത്തുക. നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കുക: ‘ഈ ലേഖനം വിശേഷിച്ച് ആർക്ക് ഇഷ്ടപ്പെടും? ഒരു വീട്ടമ്മയോ, ഒരു ചെറുപ്പക്കാരനോ, ഒരുപക്ഷേ ഒരു ബിസ്സിനസുകാരനോ ഇതു വിലമതിക്കുമോ? ഈ വിഷയം ഒരു വിദ്യാർഥിക്ക്, ഒരു വിവാഹിത വ്യക്തിക്ക്, പരിസ്ഥിതിയെക്കുറിച്ച് ഉത്ക്കണ്ഠയുളള ഒരാൾക്ക് ആകാംക്ഷ ജനിപ്പിക്കുന്നതായിരിക്കുമോ?’ വാസ്തവത്തിൽ ഫലപ്രദരായിരിക്കുന്നതിന്, ആ മാസികകളിലെ സമയോചിത ലേഖനങ്ങളെക്കുറിച്ചുളള നമ്മുടെ വ്യക്തിപരമായ അറിവിലും ആസ്വാദനത്തിലും അടിസ്ഥാനപ്പെടുത്തി അവ ശുപാർശ ചെയ്യാൻ നാം പ്രാപ്തരായിരിക്കണം.
4 പഴയ ലക്കങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക: വീക്ഷാഗോപുരവും ഉണരുക!യും അവ പ്രസിദ്ധപ്പെടുത്തുന്ന തീയതിക്ക് ഒന്നോ രണ്ടോ മാസത്തിനുളളിൽ സമർപ്പിച്ചില്ലെങ്കിൽപ്പോലും അവയുടെ മൂല്യം നഷ്ടമാകുന്നില്ല എന്ന് ഓർമിക്കുക. കാലം കടന്നുപോകുന്നതോടെ അവയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പ്രാധാന്യം കുറഞ്ഞവയായിത്തീരുന്നില്ല, പഴയ ലക്കങ്ങൾ നല്ല അവസ്ഥയിലാണെങ്കിൽ അവ സമർപ്പിക്കാൻ നാം വിമുഖത കാണിക്കരുത്. പഴയ മാസികകൾ കുമിഞ്ഞുകൂടാൻ അനുവദിക്കുന്നതും അവ ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതും ഈ മൂല്യവത്തായ ഉപകരണങ്ങളോടുളള വിലമതിപ്പില്ലായ്മയെ കാണിക്കുന്നു. ഓരോ മാസികയിലും ആത്മീയ വിശപ്പിനെ ഉണർത്താനും തൃപ്തിപ്പെടുത്താനും ശക്തിയുളള സത്യങ്ങൾ അടങ്ങിയിരിക്കുന്നു. പഴയ ലക്കങ്ങൾ മാററിവെക്കുകയും മറന്നുകളയുകയും ചെയ്യുന്നതിനുപകരം അവ താത്പര്യക്കാരുടെ കൈകളിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുന്നതോ ചുരുങ്ങിയപക്ഷം ആളുകൾ വീട്ടിൽ ഇല്ലാത്തപ്പോൾ പെട്ടെന്നു കാണാൻ കഴിയാത്ത ഒരു സ്ഥലത്ത് അവ വയ്ക്കുന്നതോ ഏറെ മെച്ചമായിരിക്കില്ലേ?
5 തുടക്കത്തിൽ ആത്മീയ ചായ്വില്ലാതിരുന്ന അനേകരെ തങ്ങളുടെ ആത്മീയാവശ്യം സംബന്ധിച്ചു ബോധമുളളവരായിത്തീരാൻ ഉണരുക! മാസിക സഹായിച്ചിട്ടുണ്ട്. യഹോവയുടെ ജനത്തിന്റെ ആത്മീയ പോഷിപ്പിക്കൽ പരിപാടിയിൽ വീക്ഷാഗോപുരം ഒരു മുഖ്യ ഉപകരണമാണ്. ഈ മാസികകൾ പരസ്പരപൂരകമായി നന്നായി വർത്തിക്കുകയും സുവാർത്ത പ്രസംഗിക്കുന്നതിൽ ഒരു മുഖ്യപങ്കു വഹിക്കുകയും ചെയ്യുന്നു.
6 മാസികകൾ സമർപ്പിക്കാനുളള എല്ലാ അവസരവും നാം പ്രയോജനപ്പെടുത്തുമ്പോൾ ചെമ്മരിയാടുതുല്യരായവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേററുന്നതിലുളള അവയുടെ ഫലപ്രദത്വത്തിൽ നമുക്കു പൂർണ ആത്മവിശ്വാസം ഉളളവരായിരിക്കാൻ കഴിയും. ഒരു ക്രിയാത്മക മനോഭാവം നിലനിർത്താനും നന്നായി തയ്യാറാകാനും ശുശ്രൂഷയിൽ ക്രമമുളളവരായിരിക്കാനും നാം ആഗ്രഹിക്കുന്നു. സുവാർത്തയുടെ പ്രസാധകർ എന്നനിലയിൽ നമുക്കെല്ലാവർക്കും വീക്ഷാഗോപുരവും ഉണരുക!യും ക്രമമായി നല്ലവിധത്തിൽ ഉപയോഗപ്പെടുത്താം.