യുവാക്കളേ—വിദഗ്ദ്ധമായി നിങ്ങളുടെ ചുവടുകളെ നയിക്കുക
1 നമ്മുടെ പിതാവായ യഹോവ യുവജനങ്ങളുടെ ആത്മീയ പുരോഗതിയിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നു. അവിടുത്തെ സ്നേഹപൂർവകമായ കല്പനകൾ ജ്ഞാനത്തോടെ ശ്രദ്ധിക്കുന്നതിനാൽ, യുവാക്കൾ അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുക മാത്രമല്ല തങ്ങളുടെ ദേഹികൾക്കു നവോൻമേഷം കണ്ടെത്തുകയും ചെയ്യുന്നു. (സദൃശ. 27:11; മത്താ.11:28-30) തങ്ങളുടെ ചുവടുകൾക്കു വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം നല്കാൻ അവർ യഹോവയെ അനുവദിക്കുന്നു.—സദൃശ. 16:9.
2 ക്രിസ്തുയേശു തന്റെ യൗവനത്തിൽ, ദൈവത്തിന്റെയും മനുഷ്യരുടെയും അംഗീകാരം നേടിയ ഒരുവനെന്നനിലയിൽ മാതൃകവെച്ചു. (ലൂക്കൊസ് 2:52) ഇന്നു യുവാക്കൾ അപ്രകാരം ചെയ്യാൻ കഠിനശ്രമം ചെയ്യണം. ഒരു യുവവ്യക്തിയുടെ ചുവടുകൾക്കുളള വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശം അയാൾ ആത്മീയ കാര്യങ്ങൾ അനുധാവനം ചെയ്യുന്നതിൽ പ്രകടമായിരിക്കണം. പന്ത്രണ്ടാമത്തെ വയസ്സിൽ, യഹോവയെക്കുറിച്ചു മററുളളവരോടു സംസാരിക്കാനുളള തന്റെ ആഗ്രഹം നിമിത്തം യേശു പ്രസിദ്ധനായി. (ലൂക്കൊസ് 2:46, 47) ഇന്നു യുവജനങ്ങൾ മററുളളവർക്കു തങ്ങളുടെ വിശ്വാസത്തെ വിശദീകരിച്ചുകൊടുക്കാൻ സമാനമായ ഒരു താത്പര്യം പ്രകടമാക്കിയിട്ടുണ്ട്.—w90 7⁄1 പേജ് 29-30; w87 12⁄1 പേജ് 21.
3 “നിങ്ങളുടെ വിലയേറിയ വസ്തുക്കൾക്കൊണ്ടു യഹോവയെ ബഹുമാനി”ക്കാൻ, ഇപ്പോൾ, വിശേഷിച്ചു വേനലവധിക്കാല മാസങ്ങളിൽ യുവാക്കളായ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? (സദൃശ. 3:9, NW) സാധാരണ പ്രസംഗപ്രവർത്തനത്തിലും സുവാർത്ത പഠിപ്പിക്കുന്നതിലും നിങ്ങൾ ചെലവഴിക്കുന്ന സമയം, ഒരുപക്ഷേ ഒരു സഹായപയനിയർ എന്ന നിലയിൽപോലും, എന്തുകൊണ്ടു വർദ്ധിപ്പിച്ചുകൂടാ? ശുശ്രൂഷയിലെ വർദ്ധിച്ച പ്രവർത്തനത്തിൽനിന്നു സ്വാഭാവികമായി പ്രവഹിക്കുന്ന വർദ്ധിച്ച സന്തോഷവും മററു പ്രയോജനങ്ങളും നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. വ്യത്യസ്ത പ്രസാധകരുടെ ഒരു വലിയ കൂട്ടത്തോടൊപ്പം വയൽസേവനത്തിൽ പ്രവർത്തിക്കാനുളള അവസരവും ഇതു നിങ്ങൾക്കു നല്കും. ഈ വാരാന്തത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അനുഭവപരിചയമുളള ഒന്നോ രണ്ടോ പ്രസാധകരെ ക്ഷണിച്ചുകൊണ്ട് ഇപ്പോൾത്തന്നെ തുടങ്ങാൻ നിങ്ങൾ പ്രാപ്തനായിരിക്കാം.
4 ശുശ്രൂഷയിൽ കുട്ടികളോടൊപ്പം പോകുന്നതുകൂടാതെ പരിശീലന യോഗങ്ങളുടെ ഉപയോഗത്തിലൂടെ മാതാപിതാക്കൾക്കു തങ്ങളുടെ കുട്ടികൾക്കു വലിയ പ്രോത്സാഹനവും സഹായവും നല്കാൻ കഴിയും. വീടുതോറുമുളള ശുശ്രൂഷയിലും മടക്കസന്ദർശനത്തിലും ബൈബിൾ അദ്ധ്യയനവേലയിലും തങ്ങളോടൊപ്പം പോരാൻ ചെറുപ്പക്കാരോട് ആവശ്യപ്പെട്ടുകൊണ്ടു സഭയിലെ പക്വതയുളള മററുളളവർക്കു മുൻകൈ എടുക്കാൻ കഴിയും. ആത്മീയമായി ബലിഷ്ഠരായ അത്തരം പ്രസാധകരുമായുളള അടുത്ത സഹവാസം ചെറുപ്പക്കാരെ കെട്ടുപണിചെയ്യുകയും “പക്വതയിലേക്കു മുന്നേറാൻ” അവരെ സഹായിക്കുകയും ചെയ്യും.—എബ്രാ. 6:1, NW.
5 ഓരോ ക്രിസ്ത്യാനിയും തന്റെ പഠിപ്പിക്കൽ പ്രാപ്തി മെച്ചപ്പെടുത്തേണ്ട ആവശ്യമുണ്ട്. യുവാക്കൾ അതിൽനിന്ന് ഒഴിവുളളവരല്ല. ദിവ്യാധിപത്യശുശ്രൂഷാ സ്കൂളിൽ നടത്താൻ നിങ്ങൾക്കു പദവി ലഭിച്ചേക്കാവുന്ന നിയമനങ്ങൾക്കായി യുവാക്കളായ നിങ്ങൾ നന്നായി തയ്യാറാകുന്നുണ്ടോ? വായനയ്ക്കും വ്യക്തിപരമായ പഠനത്തിനും അതുപോലെതന്നെ ധ്യാനത്തിനും നിങ്ങൾക്കു ക്രമമായ ഒരു പട്ടികയുണ്ടോ? നിങ്ങൾ പരിചിന്തിക്കുന്ന വിവരം ഉടനെ വ്യക്തിപരമായി ബാധകമാക്കുന്നുണ്ടോ? വിവരം പൂർണ്ണമായി മനസ്സിലാകാനും അഭിപ്രായങ്ങൾ പറയാൻ സജ്ജനായിരിക്കാനും കഴിയത്തക്കവണ്ണം നിങ്ങൾ യോഗങ്ങൾക്കുവേണ്ടി നന്നായി തയ്യാറാകുന്നുണ്ടോ? യോഗങ്ങളിൽ അവതരിപ്പിക്കുന്ന സഹായകമായ ആശയങ്ങൾ നിങ്ങൾ കുറിച്ചെടുക്കുകയും നമ്മുടെ രാജ്യശുശ്രൂഷയിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവോ?
6 രാജ്യഹാൾ ശുചീകരണത്തിൽ പങ്കെടുക്കാനും പ്രായമുളളവരോ വികലാംഗരോ ആയ സഹോദരീസഹോദരൻമാരെ അവരുടെ ജോലികൾ ചെയ്യുന്നതിലോ മറേറതെങ്കിലും പ്രായോഗിക വിധങ്ങളിലോ സഹായിക്കാനുമുളള അവസരങ്ങൾ വിട്ടുകളയരുത്. രാജ്യഹാൾ ചെലവുകൾക്കും സൊസൈററിയുടെ ലോകവ്യാപകവേലയ്ക്കുംവേണ്ടി കരുതാൻ സഹായിക്കുന്ന നിങ്ങളുടെ ക്രമമായ സംഭാവനകൾ നല്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്.
7 നാം ‘യഹോവയുടെ വചനപ്രകാരം സൂക്ഷിക്കുക’യും നമ്മുടെ ചുവടുകളെ നയിക്കാൻ യഹോവയെ അനുവദിക്കുകയും ചെയ്താൽ അവിടുന്ന് സന്തുഷ്ടിയിലേക്കും വർദ്ധിച്ച സേവനപദവികളിലേക്കും നമ്മെ നയിക്കും.—സങ്കീ. 119:9.