അതു ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?
1 ‘എന്തു ചെയ്യാൻ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. സദൃശവാക്യങ്ങൾ 3:27 ഉത്തരം നൽകുന്നു: “നൻമ ചെയ്വാൻ നിനക്കു പ്രാപ്തിയുളളപ്പോൾ അതിന്നു യോഗ്യൻമാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.” നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച്, സഹായപയനിയർ സേവനത്തിലോ നിരന്തരപയനിയർ സേവനത്തിലോ പങ്കുപററുന്നതിനു നിങ്ങൾക്കു “പ്രാപ്തി”യുണ്ടോ? അതു ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?
2 ഇൻഡ്യയിൽ ശരാശരി 1,501 പ്രത്യേക, നിരന്തര, സഹായ പയനിയർമാർ ഉണ്ടായിരുന്നു എന്നു 1993-ലെ ഇയർ ബുക്കൽ വായിക്കാൻ കഴിഞ്ഞത് എത്ര പ്രോത്സാഹജനകമായിരുന്നു, അത് 8 പ്രസാധകർക്ക് 1 പയനിയർ എന്ന അനുപാതത്തിലാണ്. കഴിഞ്ഞവർഷം 100-ലേറെപ്പേർ നിരന്തരപയനിയർ സേവനത്തിൽ പ്രവേശിച്ചു. ഇത് ഓരോ മൂന്നു ദിവസവും ഏതാണ്ട് ഒരു പ്രസാധകൻ തന്റെ സാഹചര്യങ്ങൾ പരിശോധിക്കുകയും ശുശ്രൂഷയിൽ തനിക്കു കൂടുതൽ ചെയ്യാൻ കഴിയുമെന്നു കണ്ടെത്തുകയും ചെയ്തതിനു തുല്യമാണ്.
3 മററുളളവർക്കു നൻമ ചെയ്യാൻ കഴിയുന്ന ഒരു മേഖലയാണു സഹായപയനിയറിംഗ്. കഴിഞ്ഞ വർഷം 1,198 സഹായപയനിയർമാരുടെ ഒരു അത്യുച്ചം ഉണ്ടായിരുന്നു. അതു വളരെ നല്ലതാണ്. മിക്കവാറും, വർഷത്തിലുടനീളം കൂടെക്കൂടെ സഹായപയനിയറിംഗ് നടത്താനുളള മാർഗങ്ങൾ പല പ്രസാധകരും അന്വേഷിച്ചുകൊണ്ടാണിരിക്കുന്നത്.
4 നിങ്ങൾക്ക് “അതു ചെയ്യാൻ” കഴിയുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നതിന്, ആദ്യമായി നിങ്ങളുടെ ഹൃദയപൂർവകമായ ആഗ്രഹം പരിശോധിക്കേണ്ടതുണ്ട്. (മത്താ. 22:37-39) പ്രവൃത്തികൾ 20:35 [NW] ഇപ്രകാരം പറയുന്നു: “സ്വീകരിക്കുന്നതിലുളളതിനെക്കാൾ അധികം സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.” നിസ്സംശയമായും, ഹൃദയത്തിൽനിന്ന് ഉദാരമായി ആത്മീയ സഹായം കൊടുക്കുന്നവർക്കു ശരിയായ ആഗ്രഹമുണ്ട്. വിജയപ്രദനായ ഒരു പ്രസാധകനോ പയനിയറോ ആയിരിക്കുന്നതിന് ആ ആഗ്രഹം അത്യന്താപേക്ഷിതമാണ്.
5 രണ്ടാമതായി, നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പരിചിന്തിക്കുക. മുഴുസമയം സേവിക്കുന്നതിനു നിങ്ങൾക്കു നിങ്ങളുടെ അനുദിന കാര്യാദികളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ കഴിയുമോ? എല്ലാവർക്കും അതിനു കഴിയുകയില്ല. എന്നാൽ പ്രാർഥനാപൂർവകമായ ആത്മപരിശോധനക്കുശേഷം ഓരോ വർഷവും ആയിരക്കണക്കിനാളുകൾ “അതു ചെയ്യാനു”ളള ഒരു മാർഗം കണ്ടെത്തുന്നുണ്ട്. (കൊലൊ. 4:5; w77 പേജ് 701) ദൃഷ്ടാന്തത്തിന്, ചില കുടുംബങ്ങൾ, കുടുംബത്തിലെ മുഴു അംഗങ്ങളോ കുറെപ്പേരോ സഹായപയനിയറിംഗ് നടത്തുന്നതിനു ചില പ്രത്യേക മാസങ്ങൾ തിരഞ്ഞെടുക്കുന്നു, അല്ലെങ്കിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും സഹായപയനിയറിംഗ് നടത്തുന്നു. മററുചില കുടുംബങ്ങൾ തങ്ങളിൽ ഒരംഗത്തിന് ഒരു നിരന്തര പയനിയറായിരിക്കുന്നതിനുളള എല്ലാ സഹായവും നൽകുന്നു. ഈ സാധ്യതകൾക്കു നിങ്ങളുടെ കുടുംബം പരിഗണന നൽകിയിട്ടുണ്ടോ?—സദൃശവാക്യങ്ങൾ 11:25 കാണുക.
6 നിങ്ങൾ ഒരു പ്രസാധകനായി പ്രവർത്തിച്ചാലും ഒരു പയനിയറായി പ്രവർത്തിച്ചാലും സത്യം അറിയാൻ മററുളളവരെ സഹായിക്കുന്നതാണു യഥാർഥ സംതൃപ്തി കൈവരുത്തുന്നത്. മററുളളവർക്കു നൻമ ചെയ്യുന്നതിൽനിന്നാണു യഥാർഥ സന്തോഷം വരുന്നതെന്നു നമുക്കറിയാം, വിശേഷിച്ച് ‘നമുക്കു പ്രാപ്തിയുണ്ടെങ്കിൽ.’