സകലർക്കുമുളള പ്രത്യേക രാജ്യവാർത്ത
1 ഏപ്രിൽ 24 മുതൽ നാം പ്രത്യേക രാജ്യവാർത്തയുടെ വിതരണം ആരംഭിച്ചു. എല്ലായിടത്തും അതു ചിന്തിക്കുന്ന ആളുകളിൽ താത്പര്യമുണർത്തിയിരിക്കുകയാണ്! അതിന്റെ സന്ദേശം കാലോചിതം മാത്രമല്ല, അടിയന്തിരവുമാണ്. ആയിരക്കണക്കിന് ആളുകളുടെ കരങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാൻ ആഗ്രഹിച്ചുകൊണ്ട് സകല സഭകളിലെയും പ്രസാധകർ മുഴുഹൃദയ പിന്തുണ പ്രകടിപ്പിച്ചിരിക്കുന്നു. ഒരു സമ്പൂർണ പങ്കുപറ്റലിനുവേണ്ടി നിങ്ങൾ ശ്രമിക്കുകയാണോ?
2 ഒരു പ്രസാധകന് 50-ഉം ഒരു പയനിയർക്ക് 250-ഉം വീതം ലഭിക്കുമാറ് രാജ്യവാർത്ത ഓരോ സഭയ്ക്കും അയച്ചിട്ടുണ്ട്. നിങ്ങൾക്ക് എത്രയെണ്ണം വിതരണം ചെയ്യാൻ സാധിച്ചു? പ്രതീക്ഷിച്ചത്രയും നിങ്ങൾക്കു വിതരണം ചെയ്യാനായില്ലെങ്കിൽ, മേയ് 14-നു വിതരണം അവസാനിക്കുന്നതിനു മുമ്പായി കൂടുതൽ വിതരണം ചെയ്യാനുളള മാർഗങ്ങൾ നിങ്ങൾ പരിചിന്തിച്ചുവോ? ഒരു സഹായ പയനിയറായി പേർ ചാർത്തുന്നതിനെക്കുറിച്ച് എന്തു പറയുന്നു? പ്രസ്തുത വാരത്തിലെ സായാഹ്ന സാക്ഷീകരണത്തിന്റേതുപോലുളള, കൂടുതലായ വയൽസേവന യോഗങ്ങളിൽനിന്നു നിങ്ങൾക്കു പ്രയോജനങ്ങൾ നേടാനാവുമോ?
3 ആസൂത്രണം ചെയ്തതുപോലെ സ്ഥലങ്ങൾ പ്രവർത്തിച്ചു തീർത്തോ എന്നു മൂപ്പന്മാർ ശ്രദ്ധാപൂർവം പുനരവലോകനം ചെയ്യുന്നതായിരിക്കും. സഭയ്ക്ക് അതിന്റെ മുഴു പ്രദേശവും പ്രവർത്തിച്ചുതീർക്കാൻ ചിലപ്പോൾ സാധിച്ചെന്നുവരില്ല. അതിനാൽ അടുത്തുളള ഒരു സഭ ഈ ലഘുലേഖ ഉപയോഗിച്ചുകൊണ്ട് അതിന്റെ മുഴു പ്രദേശവും പ്രവർത്തിച്ചു തീർന്നെങ്കിൽ, (തീരെ കുറച്ചു സഭകളിലേ ഇങ്ങനെ സംഭവിക്കുകയുളളു) മൂപ്പന്മാർ ആ സഭയുമായി ബന്ധപ്പെട്ട് സഹായമുറപ്പാക്കണം. നമ്മുടെ മുഴുഹൃദയത്തോടെയുളള ഉദ്യമങ്ങളും, ഒപ്പം സഭകൾ തമ്മിലുളള നല്ല സഹകരണവും ഉണ്ടായിരിക്കുമ്പോൾ വേല ഭംഗിയായി തീരേണ്ടതാണ്.
4 പുതിയ പ്രസാധകരും യുവപ്രായക്കാരും ഉൾപ്പെടെ അനേകർക്കും പങ്കെടുക്കാൻ കഴിഞ്ഞിരിക്കുന്നതുകൊണ്ട് നിങ്ങൾ ഈ വേലയിൽ കൂടുതലായ സന്തോഷം അനുഭവിച്ചിരിക്കാനിടയുണ്ട്. അനുകൂലമായി പ്രതികരിച്ചവർക്കു മടക്കസന്ദർശനങ്ങൾ നടത്തി തുടർന്നു പ്രവർത്തിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് സന്തോഷത്തിന്റേതായ ഈ ആത്മാവിനെ നിലനിർത്താമെന്നു പ്രതീക്ഷിക്കാവുന്നതാണ്. താത്പര്യം പ്രകടമാക്കുന്നവരെക്കുറിച്ചുളള വിവരം രേഖപ്പെടുത്തിക്കൊണ്ട് വീടുതോറുമുളള രേഖ കൃത്യമായി സൂക്ഷിക്കാൻ നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. പുതിയ ബൈബിളധ്യയനങ്ങൾ ആരംഭിക്കണമെന്ന ലക്ഷ്യത്തിൽ മടക്കസന്ദർശനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റിയ സമയമായിരിക്കും മേയ് മാസത്തിന്റെ രണ്ടാം പകുതി.
5 തിരിച്ചുചെല്ലുമ്പോൾ നമുക്ക് എന്തു പറയാനാവും? ഇങ്ങനെ പറയുന്നതു ഫലപ്രദമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം: “ഞാൻ ഈയിടെ നിങ്ങൾക്കു തന്ന നോട്ടീസ് നിങ്ങൾ ഓർക്കുന്നുണ്ടാവും. അതു വായിച്ചുനോക്കാനും അക്കാര്യത്തെക്കുറിച്ച് അൽപ്പമൊന്നു ചിന്തിക്കാനും നിങ്ങൾക്ക് അവസരം കിട്ടിയെന്നു വിചാരിക്കുന്നു. അതു മുഴു മനുഷ്യവർഗത്തെയും അഭിമുഖീകരിക്കുന്ന മർമപ്രദാനമായ പ്രശ്നങ്ങളെ സ്പർശിക്കുന്നതുകൊണ്ട് അതിന്റെ സന്ദേശം ഇവിടെ ആളുകളുടെയിടയിലെല്ലാം കാര്യമായ ചർച്ചയ്ക്കു കാരണമായിരിക്കുകയാണ്.” രണ്ടാം പേജിലുളള ചിന്തോദ്ദീപകമായ പ്രസ്താവനകളിൽ ഏതെങ്കിലും പരാമർശിച്ചിട്ട് ഇങ്ങനെ ചോദിക്കുക: “ഭാവി എന്തു കൈവരുത്തിയാലും അതിനെ നേരിടാൻ നാം സജ്ജരാണെന്ന് ഉറപ്പാക്കാൻ നാം എന്തു ചെയ്യണമെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” പ്രതികരിക്കാൻ അനുവദിക്കുക. താത്പര്യം പ്രകടമാക്കുന്നെങ്കിൽ രാജ്യവാർത്തയുടെ 2-4 പേജുകളിലെ മറ്റ് ആശയങ്ങൾ ചർച്ചചെയ്തിട്ട് ഒരു ബൈബിളധ്യയനമോ, അതു സാധ്യമല്ലെങ്കിൽ ഏറ്റവും പുതിയ മാസികകളോ വാഗ്ദാനം ചെയ്യുക.
6 മറ്റൊരു സഭയുടെ പ്രദേശത്തു പ്രവർത്തിക്കാൻ നിങ്ങളെ ക്ഷണിക്കുന്നെങ്കിൽ, നിങ്ങൾ കണ്ടെത്തുന്ന താത്പര്യക്കാരുടെ വിലാസം അവർക്കു കൈമാറുന്നുവെന്ന് ഉറപ്പുവരുത്തുക. അങ്ങനെയാവുമ്പോൾ ആ സഭയിലെ പ്രസാധകർക്കു മടക്കസന്ദർശനങ്ങൾ നടത്താനാവും. അതുപോലെതന്നെ, മടക്കസന്ദർശനങ്ങൾ നടത്താൻ നിങ്ങളോട് ആവശ്യപ്പെടുന്നപക്ഷം ഉടൻതന്നെ അതു തീർച്ചയായും നിർവഹിക്കുക.
7 ഈ രാജ്യവാർത്തയുടെ പ്രത്യേക വിതരണം ആവേശം ഉണർത്തുകയും രാജ്യപ്രസംഗ വേലയിലുളള നമ്മുടെ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നമ്മെയെല്ലാം പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു. യഹോവയുടെ ശ്രേഷ്ഠ നാമത്തെയും ഉദ്ദേശ്യത്തെയുംകുറിച്ച് സകലയിടത്തും ആളുകൾക്കുളള ബോധം വർധിപ്പിക്കുന്നത് ഒരു മഹാ വിജയമായിരിക്കുമെന്നു നമുക്ക് ഉറപ്പുളളവരായിരിക്കാൻ കഴിയും. (യെശ. 12:4, 5) നാം എത്ര കൂടുതൽ ചെയ്യുന്നുവോ അത്ര മഹത്തരമായിരിക്കും നമ്മുടെ സന്തോഷം.—സങ്കീ. 126:3.