രാജ്യവാർത്തയോടു താത്പര്യം കാണിച്ചവരെ വീണ്ടും സന്ദർശിക്കുക
1 നാം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി, എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ? എന്ന ശീർഷകത്തിലുള്ള രാജ്യവാർത്ത നമ്പർ 35 വിതരണം ചെയ്യുന്നതിന്റെ പദവി ആസ്വദിച്ചുവരുകയാണ്. രാജ്യവാർത്തയുടെ ഈ ലക്കവുമായി യോഗ്യതയുള്ള പരമാവധി ആളുകളുടെ അടുക്കലെത്താൻ ലോകവ്യാപകമായുള്ള പ്രസാധകർ കഠിനശ്രമം ചെയ്യുകയാണ്. (മത്താ. 10:11) പ്രസ്ഥാനകാലം നവംബർ 16, ഞായറാഴ്ച അവസാനിക്കുന്ന വിധത്തിലാണ് പട്ടികപ്പെടുത്തിയിരിക്കുന്നതെങ്കിലും, സഭയിലെ ശേഖരം തീരുന്നതുവരെ രാജ്യവാർത്ത നമ്പർ 35-ന്റെ വിതരണം തുടരാൻ മൂപ്പന്മാർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
2 ഈ ലക്കം രാജ്യവാർത്ത അനേകരുടെയും താത്പര്യത്തെ തൊട്ടുണർത്തിയിട്ടുണ്ട്. പൊതുവേ ആളുകളുടെ ഇടയിൽ സ്വാഭാവികപ്രിയം നഷ്ടപ്പെട്ടിരിക്കുന്നെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ ഭാവി എന്തു കൈവരുത്തുമെന്ന് അവർ ചിന്തിക്കുന്നു. (2 തിമൊ. 3:3, NW) താത്പര്യം കാണിച്ചിരിക്കുന്നവരെ നാം വീണ്ടും സന്ദർശിക്കേണ്ടതുണ്ട്.
3 രാജ്യവാർത്ത ഫലം കൊയ്യുന്നു: 1995-ലെ രാജ്യവാർത്ത പ്രസ്ഥാനകാലത്ത് അതിന്റെ ഒരു പ്രതി ലഭിച്ച ഒരു സ്ത്രീ, യഹോവയുടെ സാക്ഷികൾ എന്താണു വിശ്വസിക്കുന്നതെന്നു കൂടുതലായറിയാൻ വേണ്ടി രാജ്യഹാളിൽ ഒരു യോഗത്തിനു ഹാജരായി. ആ യോഗത്തിൽവെച്ച് അവർ യാതൊരു മടിയുംകൂടാതെ ഒരു ബൈബിളധ്യയനം സ്വീകരിച്ചു. പിന്നീട് അവർ അപൂർവമായി മാത്രമേ യോഗങ്ങൾ മുടക്കിയിട്ടുള്ളൂ. അധികം താമസിയാതെ, അവർ താൻ അംഗമായിരുന്ന പള്ളിയിലേക്ക് അംഗത്വം രാജിവെച്ചുകൊണ്ടു കത്തയച്ചു!
4 ഇതിനോടകം നിങ്ങളുടെ പ്രദേശത്തുള്ള നൂറുകണക്കിനാളുകൾ രാജ്യവാർത്ത നമ്പർ 35-ലെ സന്ദേശം വായിച്ചിട്ടുണ്ട്. പക്ഷേ അതിനോടുള്ള അവരുടെ പ്രതികരണമെന്തായിരുന്നു? തങ്ങൾ വായിച്ചതിനെക്കുറിച്ചു മതിപ്പു തോന്നിയിട്ടുണ്ടായിരിക്കാമെങ്കിലും, മിക്കവരും യഹോവയുടെ സാക്ഷികളിലാരെങ്കിലും തങ്ങളുടെ ഭവനം വീണ്ടും സന്ദർശിക്കുന്നതുവരെ യാതൊരു നടപടിയുമെടുക്കില്ല. നിങ്ങൾ മടങ്ങിച്ചെല്ലാൻ ആസൂത്രണം ചെയ്യുന്നുണ്ടോ? സഹമനുഷ്യരോടുള്ള നമ്മുടെ സ്നേഹപൂർവകമായ താത്പര്യം നമ്മെ അതിനു പ്രേരിപ്പിക്കണം. രാജ്യവാർത്തയോടു താത്പര്യം കാണിച്ച എല്ലാവരെയും വീണ്ടും സന്ദർശിക്കണം.
5 മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾ എന്തു പറയും? രാജ്യവാർത്തയിലെ സന്ദേശം എത്ര കാലോചിതമാണെന്നതിനെ സംബന്ധിച്ച് ഏതാനും പരാമർശങ്ങൾ നടത്തിയശേഷം നിങ്ങൾ ചിന്തോദ്ദീപകമായ ഒരു ചോദ്യം ചോദിച്ചേക്കാം. വീട്ടുകാരൻ തന്റെ ആശയങ്ങൾ പറയുമ്പോൾ അവധാനപൂർവം ശ്രദ്ധിക്കുക. അങ്ങനെ ചെയ്യവേ അദ്ദേഹത്തിന്റെ മനസ്സിലുള്ളതെന്താണെന്ന് നിങ്ങൾക്കറിയാൻ സാധിക്കും. അതിനുശേഷം രാജ്യവാർത്തയിൽ വിശേഷവത്കരിച്ചിട്ടുള്ള അനുയോജ്യമായ ഒരു വിഷയം തിരഞ്ഞെടുത്ത് അതേക്കുറിച്ച് ആവശ്യം ലഘുപത്രിക പറഞ്ഞിരിക്കുന്നതിലേക്കു ശ്രദ്ധ ക്ഷണിക്കുക. അനുകൂലമായ പ്രതികരണമാണു ലഭിക്കുന്നതെങ്കിൽ, അപ്പോൾത്തന്നെ ഒരു ബൈബിളധ്യയനം തുടങ്ങാൻ ശ്രമിക്കുക.
6 “രാജ്യവാർത്ത” നമ്പർ 35-ൽ താത്പര്യം കാണിച്ചവർക്കു മടക്കസന്ദർശനം നടത്തുമ്പോൾ പരീക്ഷിച്ചു നോക്കാവുന്ന ചില അവതരണങ്ങളിതാ:
◼“കഴിഞ്ഞ ദിവസം ഞാൻ തന്നിട്ടു പോയ ഒരു ലഘുലേഖയെക്കുറിച്ചു നിങ്ങൾ ഓർക്കുന്നുണ്ടാകും. അതിലെ സന്ദേശം ഇന്നു മനുഷ്യവർഗത്തെ തമ്മിലകറ്റുന്ന ഒരു സുപ്രധാന പ്രശ്നത്തെ—മറ്റുള്ളവരോടുള്ള സ്നേഹരാഹിത്യത്തെ—സ്പർശിക്കുന്നു.” രാജ്യവാർത്തയുടെ 2-ാം പേജിൽ “അയൽസ്നേഹം തണുത്തുപോയിരിക്കുന്നു” എന്ന തലക്കെട്ടിൻകീഴിൽ കൊടുത്തിരിക്കുന്ന തെളിവുകളിലേക്കു ശ്രദ്ധക്ഷണിക്കുക. അതിനുശേഷം ഇങ്ങനെ ചോദിക്കുക: “മനുഷ്യവർഗം ഈ വിധത്തിൽ ജീവിക്കുകയെന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. ആവശ്യം ലഘുപത്രികയുടെ 5-ാം പാഠത്തിലേക്കു പേജുകൾ മറിക്കുക, ഒരു അധ്യയനമാരംഭിക്കാൻ ശ്രമിക്കുക.
◼“‘എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?’ എന്ന വിഷയത്തെക്കുറിച്ച് ചില വിവരങ്ങളടങ്ങിയ ഒരു ലഘുലേഖ ഞാൻ കഴിഞ്ഞതവണ തന്നിട്ടു പോയിരുന്നല്ലോ. അത്തരമൊരു ലോകം എന്നെങ്കിലും വരുമെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?” പ്രതികരിക്കാൻ അനുവദിക്കുക. ആവശ്യം ലഘുപത്രികയുടെ 6-ാം പാഠത്തിലേക്കു തുറന്ന് അതിന്റെ 6-ാം ഖണ്ഡിക വായിക്കുക. അതിനുശേഷം മീഖാ 4:3, 4-ൽ ദൈവം നൽകിയിരിക്കുന്ന വാഗ്ദാനം വായിക്കുക. വീട്ടുകാരനു താത്പര്യമുള്ളതായി കാണുന്നപക്ഷം ലഘുപത്രിക സമർപ്പിക്കുകയും അധ്യയന ക്രമീകരണത്തെക്കുറിച്ചു പറയുകയും ചെയ്യുക.
◼“കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ, ‘എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുമോ?’ എന്ന ശീർഷകത്തോടുകൂടിയ ഒരു ലഘുലേഖ നിങ്ങൾക്കു തന്നിട്ടുപോയിരുന്നല്ലോ. അതിൽ ഒരു സൗജന്യ ബൈബിളധ്യയനത്തിനുള്ള വാഗ്ദാനമുണ്ടായിരുന്നു. ഞങ്ങളുപയോഗിക്കുന്ന പഠനസഹായി നിങ്ങളെ കാണിക്കാനാണു ഞാൻ മടങ്ങിവന്നത്. [പരിജ്ഞാനം പുസ്തകം കാണിക്കുക.] എല്ലാവരും അന്യോന്യം സ്നേഹിക്കുന്ന ഒരു കാലം വരുന്നതെപ്പോഴാണെന്ന് ഈ പുസ്തകം വ്യക്തമായി വിശദീകരിക്കുന്നു. കൂടാതെ, നാം വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്? ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? നമ്മുടെ മരിച്ച പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നു? എന്നിങ്ങനെ നിങ്ങൾ അറിയാൻ ആഗ്രഹിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് ഇതു വ്യക്തമായി ഉത്തരം നൽകുന്നു.” എന്നിട്ട്, “അധ്യയനം നടത്തുന്നതെങ്ങനെയാണെന്ന് ഒന്നു പ്രകടിപ്പിച്ചു കാണിക്കട്ടേ?” എന്നു ചോദിക്കുക. വീട്ടുകാരൻ നിങ്ങളുടെ വാഗ്ദാനം നിരസിക്കുന്നെങ്കിൽ, പുസ്തകം തന്നെത്താൻ വായിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിക്കുക. ഒരു പ്രതി സമർപ്പിക്കുക. വീണ്ടും മടങ്ങിച്ചെല്ലാൻ ആസൂത്രണം ചെയ്യുക.
7 രാജ്യവാർത്ത നമ്പർ 35-ന്റെ ശേഖരം തീർന്നുകഴിയുമ്പോൾ, മാസത്തിന്റെ ശേഷിച്ച ദിവസങ്ങളിൽ നമുക്ക് പരിജ്ഞാനം പുസ്തകം സമർപ്പിക്കാവുന്നതാണ്. ഈ പുസ്തകത്തിനുവേണ്ടി നിർദേശിക്കപ്പെട്ട അവതരണങ്ങളുടെ ഒരു നല്ല ശേഖരം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 മാർച്ച്, ജൂൺ, നവംബർ ലക്കങ്ങളുടെയും 1997 ജൂൺ ലക്കത്തിന്റെയും പിൻപേജിൽ കാണാവുന്നതാണ്.
8 രാജ്യവാർത്തയുടെ ഈ പ്രത്യേക വിതരണം, പ്രസംഗവേലയിലെ നമ്മുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ നമ്മെയെല്ലാവരെയും പ്രചോദിപ്പിക്കണം. യഹോവയുടെ സഹായത്തോടെ ഈ പ്രസ്ഥാനം സുനിശ്ചിതമായും വിജയം കൈവരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. മുഴുമനുഷ്യവർഗവും അന്യോന്യം സ്നേഹിക്കണം എന്ന ദൈവോദ്ദേശ്യത്തെക്കുറിച്ച് അറിയാൻ അത് ആളുകളെ സഹായിക്കും. രാജ്യവാർത്തയോട് ആളുകൾ കാണിച്ച താത്പര്യത്തെ പിൻചെല്ലവേ, യഹോവ നമ്മുടെ ആത്മാർഥ ശ്രമങ്ങളെ അനുഗ്രഹിക്കുന്നതിൽ തുടരുമാറാകട്ടെ.