രാജ്യവാർത്ത നമ്പർ 36 ഉണർത്തിയ താത്പര്യത്തെ ഊട്ടിവളർത്തൽ
1 നിങ്ങൾ രാജ്യവാർത്ത നമ്പർ 36 സമർപ്പിച്ചുകഴിഞ്ഞോ? എല്ലാവർക്കും ചിന്തിക്കാനുള്ള കാലോചിതമായ ഒരു ചോദ്യം അത് ഉന്നയിക്കുന്നുണ്ട്: “പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?” 2000-മാണ്ട് സമീപിച്ചുകൊണ്ടിരുന്നപ്പോൾ പുതിയ സഹസ്രാബ്ദം കൈവരുത്താൻ പോകുന്നതിനെ സംബന്ധിച്ച് പലപല പ്രതീക്ഷകളാണ് മിക്കവർക്കും ഉണ്ടായിരുന്നത്. രാജ്യവാർത്ത നമ്പർ 36 അവയിൽ ചില പ്രതീക്ഷകളെക്കുറിച്ചു ചർച്ച ചെയ്യുകയും ലോകാവസ്ഥകൾ ശുഭപ്രതീക്ഷയ്ക്കുള്ള അടിസ്ഥാനം നൽകുന്നില്ലെന്നു നമ്മെ ഓർമിപ്പിക്കുകയും ചെയ്യുന്നു. മിക്കവാറും എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന സമാധാനവും സുരക്ഷിതത്വവും ആനയിക്കുന്ന ഏക സഹസ്രാബ്ദം ക്രിസ്തു യേശുവിന്റെ സഹസ്രാബ്ദമാണ്. അവന്റെ രാജ്യം യാഥാർഥ്യമായിത്തീരുമെന്ന നമ്മുടെ ഉത്തമവിശ്വാസമാണ് കഴിയുന്നത്ര ആളുകൾക്ക് രാജ്യവാർത്ത നമ്പർ 36 നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
2 രാജ്യവാർത്തയോടുള്ള പ്രതികരണങ്ങൾ: മുൻവർഷങ്ങളിലെ രാജ്യവാർത്താ വിതരണങ്ങൾ വയലിലെ നമ്മുടെ പ്രവർത്തനത്തിന് നല്ല പ്രചോദനമേകി. രാജ്യവാർത്താ നമ്പർ 35-നെ കുറിച്ച് കാനഡാ ബ്രാഞ്ച് എഴുതി: “ഈ പ്രത്യേക പ്രസ്ഥാനത്തിൽ പ്രസാധകരും പയനിയർമാരും ഉത്സാഹപൂർവം പങ്കെടുത്തു. അവർക്കു പ്രോത്സാഹജനകമായ നിരവധി അനുഭവങ്ങളും ഉണ്ടായി. രാജ്യവാർത്താ നമ്പർ 36-ന്റെ വിതരണത്തിലും നിങ്ങൾ സമാനമായ ഉത്സാഹം കാണിച്ചിട്ടുണ്ട് എന്നതിനു സംശയമില്ല.
3 ഈ രാജ്യവാർത്താ പ്രസ്ഥാനം, 2000 നവംബർ 30-ന് അവസാനിക്കത്തക്ക വിധത്തിലാണു പട്ടികപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ സഭയുടെ നിയമിത പ്രദേശമെല്ലാം പ്രവർത്തിച്ചുതീർന്നോ? ഇല്ലെങ്കിൽ, ഡിസംബറിൽ ഈ പ്രസ്ഥാനം തുടരാൻ മൂപ്പന്മാർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
4 നിങ്ങളുടെ പ്രദേശത്ത് രാജ്യവാർത്ത നമ്പർ 36 വിതരണം ചെയ്തതിൽനിന്ന് ഇതുവരെ എന്തു പ്രതികരണമാണ് ലഭിച്ചത്? ചില ആളുകൾ കൂപ്പൺ പൂരിപ്പിച്ചുകൊണ്ട് ആവശ്യം ലഘുപത്രികയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും ബൈബിളധ്യയനവും അല്ലെങ്കിൽ അവയിൽ ഏതെങ്കിലും ഒന്ന് ആവശ്യപ്പെടും. എന്നിരുന്നാലും, പ്രാരംഭ സന്ദർശനത്തിൽ സഹസ്രാബ്ദമെന്ന വിഷയത്തിൽ താത്പര്യം കാട്ടിയ ഭൂരിപക്ഷം ആളുകളും നാം മടങ്ങിച്ചെന്നില്ലെങ്കിൽ ആവശ്യമായ പടികൾ സ്വീകരിക്കാൻ സാധ്യതയില്ല. അതുകൊണ്ട് താത്പര്യം കാണിച്ച എല്ലാവരെയും വീണ്ടും സന്ദർശിക്കണം. അതു ചെയ്യാനുള്ള പറ്റിയ സമയം എപ്പോഴായിരിക്കും? എത്രയും പെട്ടെന്നുതന്നെ.
5 രാജ്യവാർത്ത നമ്പർ 35 സമർപ്പിച്ചവരുടെ അടുക്കൽ മടങ്ങിച്ചെന്നതിന്റെ ഫലമായി ഉണ്ടായ പിൻവരുന്ന അനുഭവങ്ങൾ ശ്രദ്ധിക്കുക. അയർലഡിലെ ഒരു പയനിയർ ഒരു റസ്റ്ററന്റ് ഉടമയ്ക്ക് ആ രാജ്യവാർത്ത നൽകി. അതിലെ സന്ദേശത്തിൽ താത്പര്യം തോന്നിയ ആ സ്ത്രീ പയനിയറോട് വീണ്ടും വരാൻ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം പയനിയർ മടങ്ങിച്ചെന്നു, ഒരു ബൈബിൾ അധ്യയനവും ആരംഭിച്ചു. ഡെന്മാർക്കിൽ, ഒരു ആളില്ലാ ഭവനത്തിൽ സാക്ഷികൾ ഒരു രാജ്യവാർത്ത ഇടുകയുണ്ടായി. അന്നുതന്നെ അവിടെ താമസിച്ചിരുന്ന ഒരു സ്ത്രീ അതിലെ കൂപ്പൺ പൂരിപ്പിച്ച് സൊസൈറ്റിക്ക് അയച്ചു. സൊസൈറ്റി അത് പ്രാദേശിക സഭയ്ക്ക് കൈമാറി. ആ ആഴ്ചയിൽത്തന്നെ, രണ്ടു സഹോദരിമാർ അവരെ സന്ദർശിച്ച് അധ്യയനം ക്രമീകരിച്ചു. ആ സ്ത്രീ രാജ്യഹാളിൽ യോഗത്തിനു ഹാജരാകുകയും ചെയ്തു!
6 മടങ്ങിച്ചെല്ലുമ്പോൾ പറയേണ്ടത്: രാജ്യവാർത്ത സമർപ്പിച്ചിടങ്ങളിൽ മടങ്ങിച്ചെല്ലുന്നത് താരതമ്യേന എളുപ്പവും നമ്മുടെ ശുശ്രൂഷയുടെ ആസ്വാദ്യമായ ഒരു ഭാഗവുമാണ്. മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങളുടെ കൈവശം രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു പ്രതി ഉണ്ടായിരിക്കുന്നതു നല്ലതാണ്, കാരണം ചിലപ്പോൾ വീട്ടുകാരന്റെ പ്രതി അയാളുടെ പക്കൽ കണ്ടെന്നുവരില്ല. നിങ്ങൾക്കു പിൻവരുന്ന നിർദേശങ്ങൾ പിൻപറ്റാവുന്നതാണ്.
7 പരിചയം പുതുക്കിയശേഷം നിങ്ങൾക്ക് ഇങ്ങനെ പറയാം:
◼ “‘പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?’ എന്ന ഒരു ലഘുലേഖ ഞാൻ താങ്കൾക്കു നൽകിയിരുന്നല്ലോ. ഭൂമിയിൽ പറുദീസാ അവസ്ഥ ആനയിച്ചുകൊണ്ട് പെട്ടെന്നുതന്നെ യേശുക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ച തുടങ്ങും എന്നു വായിക്കാൻ കഴിഞ്ഞത് പ്രോത്സാഹജനകമായിരുന്നില്ലേ? [രാജ്യവാർത്ത നമ്പർ 36-ലെ ചിത്രങ്ങൾ കാണിക്കുക.] ഇതിന്റെ പിൻപേജിൽ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയിലെ കൂടുതൽ വിവരങ്ങൾക്കായി അപേക്ഷിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു.” ആ ലഘുപത്രിക കാണിച്ചിട്ട് അതിന്റെ 5-ാം അധ്യായത്തിലേക്ക് മറിച്ച് ഒന്നാമത്തെ ചോദ്യവും 1-ഉം 2-ഉം ഖണ്ഡികകളും വായിക്കുക. എന്നിട്ട്, അതേക്കുറിച്ച് അഭിപ്രായം പറയാൻ വീട്ടുകാരനെ ക്ഷണിക്കുക. ഒന്നോ രണ്ടോ വാക്യങ്ങൾ വായിച്ച് ചർച്ച ചെയ്യുക. സാധ്യമെങ്കിൽ മറ്റൊരു ചോദ്യവും ഖണ്ഡികയും ചർച്ചചെയ്യുക. തുടർന്ന് മടക്കസന്ദർശനം നടത്താനും അങ്ങനെ ചർച്ച തുടരാനും ക്രമീകരണം ചെയ്യുക.
8 ഡിസംബർ മാസത്തെ സാഹിത്യ സമർപ്പണം “പരിജ്ഞാനം” പുസ്തകം ആയതിനാൽ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “കഴിഞ്ഞയിടെ ഞാൻ താങ്കളെ സന്ദർശിച്ചപ്പോൾ, ‘പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?’ എന്ന ഒരു ലഘുലേഖ താങ്കൾക്കു നൽകിയിരുന്നു. അതിൽ സൗജന്യ ഭവന ബൈബിൾ അധ്യയനത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അതിനായി ഞങ്ങൾ ഉപയോഗിക്കുന്ന പഠന സഹായി ഏതാണെന്നു കാണിക്കാനാണ് ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്. [പരിജ്ഞാനം പുസ്തകം കാണിച്ചിട്ട് അതിന്റെ 188-9 പേജുകളിലേക്കു മറിക്കുക.] ബൈബിളിൽ പറഞ്ഞിരിക്കുന്ന സഹസ്രാബ്ദം ഈ ചിത്രത്തിൽ കാണുന്നതുപോലുള്ള അവസ്ഥകൾ കൈവരുത്തും. പറുദീസയിൽ ജീവിക്കാൻ യോഗ്യത നേടണമെങ്കിൽ നാം ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം സമ്പാദിച്ചേ മതിയാകൂ. എങ്ങനെ ബൈബിൾ പഠിക്കാമെന്ന് ഞാൻ കാണിച്ചുതരട്ടെ?”
9 ശുശ്രൂഷയിലെ നമ്മുടെ പങ്കിനെ തീവ്രമാക്കാൻ രാജ്യവാർത്ത നമ്പർ 36-ന്റെ വിതരണം നമ്മെ പ്രചോദിപ്പിച്ചിരിക്കുന്നു. അത് മഹത്തായ സാക്ഷ്യത്തിൽ കലാശിച്ചിരിക്കുന്നു. പ്രദേശത്തുള്ള അനേകരിലും അത് താത്പര്യം ജനിപ്പിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. ഈ താത്പര്യത്തെ ഊട്ടിവളർത്താൻ നാം ഏകീകൃത ശ്രമം നടത്തുന്നെങ്കിൽ യഹോവയുടെ സഹായത്താൽ ചെമ്മരിയാടുതുല്യരായ കൂടുതൽ ആളുകളെ നമുക്ക് കണ്ടെത്താനാകും.—മത്താ. 10:11; പ്രവൃ. 13:48, 49, 52.