നിങ്ങൾ അങ്ങേയറ്റം തിരക്കിലോ?
1 “എല്ലായ്പോഴും കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാനുള്ളവരായിരി”ക്കാൻ പൗലോസ് നമ്മെ ഉദ്ബോധിപ്പിച്ചു. (1 കൊരി. 15:58) വ്യക്തിപരമായ പഠനത്തിനുവേണ്ടി ഒരു ദിനചര്യ നിലനിർത്താനും ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കാനും യോഗങ്ങളിൽ വിശ്വസ്തമായി പങ്കെടുക്കാനും സഭാ നിയമനങ്ങൾക്ക് ശുഷ്കാന്തിയോടെ ശ്രദ്ധ കൊടുക്കാനും നമ്മെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, നമ്മുടെ സഹായം ആവശ്യമുള്ള മറ്റുള്ളവരെ നാം സഹായിക്കുകയും വേണം. ഇത്രയധികം ചെയ്യാനുള്ളപ്പോൾ ചിലപ്പോൾ നമുക്ക് അമിതഭാരം തോന്നിയേക്കാം. ജോലി ഭാരം കുറയ്ക്കാനുള്ള മാർഗങ്ങൾ തേടേണ്ടിയിരിക്കുന്നു എന്നു നാം വിചാരിച്ചേക്കാം.
2 പ്രത്യേക ചില പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതോ അവയുടെ അളവു കുറയ്ക്കുന്നതോ ജ്ഞാനപൂർവകവും ന്യായവുമായിരുന്നേക്കാവുന്ന സാഹചര്യങ്ങളുണ്ട്. മറ്റുള്ളവർ ആവശ്യപ്പെടുന്നതെല്ലാം ചെയ്യാൻ തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതായി ചില വ്യക്തികൾ വിചാരിക്കുന്നു. ഇക്കാര്യത്തിലെ സമനിലയുടെ അഭാവത്തിന് ആത്യന്തികമായി വിനാശകരമായിത്തീരുന്ന പിരിമുറുക്കവും സമ്മർദവും ഉളവാക്കാൻ കഴിയും.
3 സമനിലയുള്ളവരായിരിക്കുക: സമനിലയുടെ താക്കോൽ “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ തിട്ടപ്പെടുത്തുക” എന്ന പൗലോസിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിലാണ്. (ഫിലി. 1:10, NW) നാം യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും സമയവും സാഹചര്യങ്ങളും അനുവദിക്കുന്നപക്ഷം പ്രാധാന്യം കുറഞ്ഞ ചില കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്ന് അത് അർഥമാക്കുന്നു. മർമപ്രധാനമായ ആ സംഗതികളിൽ കുടുംബ ഉത്തരവാദിത്വങ്ങൾ തീർച്ചയായും മുമ്പിൽ വരുന്നു. ചില ലൗകിക ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാൽ നമ്മുടെ മുൻഗണനകൾ ഒന്നാമതു രാജ്യം അന്വേഷിക്കണമെന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് യേശു പഠിപ്പിച്ചു. യഹോവയ്ക്കുള്ള നമ്മുടെ സമർപ്പണം നിവർത്തിക്കാൻ നമ്മെ അനുവദിക്കുന്ന കാര്യങ്ങൾ നാം ഒന്നാമത് ചെയ്യണം.—മത്താ. 5:3; 6:33.
4 ഇതു മനസ്സിൽ പിടിച്ചുകൊണ്ട്, അനാവശ്യമായ വ്യക്തിപരമായ അനുധാവനങ്ങളും അമിതമായ വിനോദ പ്രവർത്തനങ്ങളും മറ്റുള്ളവരോടുള്ള അത്യാവശ്യമില്ലാത്ത ബാധ്യതകളും ഒഴിവാക്കുന്നുവെന്നു നാം ഉറപ്പുവരുത്തും. ഓരോ ആഴ്ചത്തേക്കുമുള്ള നമ്മുടെ പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ നാം വ്യക്തിപരമായ വേണ്ടത്ര പഠനത്തിനും സേവനത്തിൽ ന്യായമായ പങ്കിനും യോഗങ്ങളിലെ ഹാജരാകലിനും നമ്മുടെ ആരാധനയുമായി അടുത്തു ബന്ധപ്പെട്ട മറ്റേതു കാര്യങ്ങൾക്കും വേണ്ടി സമയം മാറ്റി വയ്ക്കും. രാജ്യം ഒന്നാമതു വയ്ക്കുന്ന സമനിലയുള്ള ക്രിസ്ത്യാനികൾ ആയിരിക്കുകയെന്ന നമ്മുടെ പ്രഥമ ലക്ഷ്യം നേടുന്നതിന് മറ്റ് അനുധാവനങ്ങൾ എത്രമാത്രം സംഭാവന ചെയ്യുന്നുവെന്നതിനെ ആശ്രയിച്ച് ബാക്കിയുള്ള സമയം അവയ്ക്കായി വിഭജിക്കാവുന്നതാണ്.
5 എന്നിട്ടും, നമ്മുടെ ഭാരം സമ്മർദജനകമായിരിക്കുന്നതായി നമുക്കു തോന്നിയേക്കാം. അങ്ങനെയെങ്കിൽ നാം യേശുവിന്റെ പിൻവരുന്ന ക്ഷണത്തോടു പ്രതികരിക്കേണ്ടതുണ്ട്: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” (മത്താ. 11:28) കൂടാതെ, “നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന”വനും ക്ഷീണിതനു ശക്തി നൽകുന്നവനുമായ യഹോവയിലേക്കു നോക്കുക. നീതിമാൻ വീണുപോകാൻ താൻ ഒരിക്കലും അനുവദിക്കില്ലെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. (സങ്കീ. 55:22; 68:19; യെശ. 40:29) ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ ഒരു സജീവ ജീവിതം നിലനിർത്തുക സാധ്യമാക്കിത്തീർത്തുകൊണ്ട് നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് നമുക്ക് ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ കഴിയും.
6 വിലയേറിയ രാജ്യതാത്പര്യങ്ങൾ പിന്തുടരുന്നതിൽ നാം തീർച്ചയായും തിരക്കുള്ളവരായിരിക്കുമ്പോൾ കർത്താവുമായുള്ള ബന്ധത്തിലെ നമ്മുടെ പ്രയത്നം വൃഥാവിലല്ലെന്ന് അറിയുന്നതിൽ നമുക്ക് സന്തോഷിക്കാൻ കഴിയും.—1 കൊരി. 15:58.