അതു പ്രസംഗവേലയ്ക്ക് ഒരു തടസ്സമാണോ?
1 മിക്ക ആളുകളും തിരക്കുള്ളവരാണ്. യഹോവയുടെ സാക്ഷികൾ ഏറ്റവും തിരക്കുള്ളവരുടെ ഗണത്തിൽപ്പെടും—അവർക്ക് ദൈവവചനം പഠിക്കുകയും സഭായോഗങ്ങൾക്കു ഹാജരാകുകയും വയൽസേവനത്തിൽ പങ്കെടുക്കുകയും ചെയ്യേണ്ടതുണ്ട്. അതിനു പുറമേ ലൗകിക ജോലി, വീട്ടുജോലി, ഗൃഹപാഠം എന്നിങ്ങനെ മറ്റ് പല ഉത്തരവാദിത്വങ്ങളും ഉണ്ട്, അതിനെല്ലാം സമയം ആവശ്യമാണ്. കുടുംബനാഥന്മാരുടെ കാര്യത്തിൽ ഇത് വിശേഷാൽ വെല്ലുവിളി ഉയർത്തുന്നു.
2 പല സ്ഥലങ്ങളിലെയും അനുകൂലമല്ലാത്ത സാമ്പത്തിക സ്ഥിതി നിമിത്തം ജീവിതാവശ്യങ്ങൾക്കു വേണ്ടി കുടുംബനാഥന്മാർക്ക് അനേകം മണിക്കൂറുകൾ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ലൗകിക ജോലിക്കുവേണ്ടി തങ്ങളുടെ സമയത്തിന്റെയും ഊർജത്തിന്റെയും നല്ലൊരു പങ്ക് ചെലവഴിച്ചു കഴിയുമ്പോൾ പ്രസംഗവേലയ്ക്കു വേണ്ടി ഏറെയൊന്നും ശേഷിച്ചിട്ടുണ്ടാവില്ല. കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതാനുള്ള കടപ്പാടുള്ളതിനാൽ തങ്ങൾക്കു ശുശ്രൂഷയിൽ പരിമിതമായ പങ്കേ ഉണ്ടായിരിക്കാനാവു എന്ന് ചിലർ വിചാരിക്കുന്നു. (1 തിമൊ. 5:8) ജീവിതാവശ്യങ്ങൾക്കുള്ള വക നേടുന്നതിനോടു ബന്ധപ്പെട്ട് ഇന്ന് പല സമ്മർദങ്ങളും ഉണ്ടെന്നുള്ളതു സത്യമാണ്. എന്നാൽ ഒരുവന്റെ ലൗകിക ജോലി സുവാർത്താ പ്രസംഗത്തിന് ഒരു തടസ്സമായിരിക്കേണ്ടതില്ല. (മർക്കൊ. 13:10) അതുകൊണ്ട് നാം നമ്മുടെ യഥാർഥ സാഹചര്യം ഒന്നു വിലയിരുത്തുന്നതു നന്നായിരിക്കും.
3 ലോകരംഗത്ത് നിരന്തരം മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ അപ്രതീക്ഷിത പ്രതിസന്ധികളെ നേരിടുന്നതിനായി തന്റെ സാമ്പത്തികനില മെച്ചപ്പെടുത്താൻ തക്കവണ്ണം ജോലിയിൽ വളരെയധികം സമയം ചെലവഴിക്കാൻ ഒരു കുടുംബനാഥൻ പ്രേരിതനായേക്കാം. (1 കൊരി. 7:31, പി.ഒ.സി. ബൈബിൾ) കൂടുതൽ സമയം ജോലി ചെയ്ത് പണം സമ്പാദിക്കുന്നതിലൂടെ കൂടുതലായ ഭൗതിക വസ്തുക്കളോ വിനോദത്തിനും ഉല്ലാസത്തിനുമുള്ള കൂടുതലായ അവസരങ്ങളോ നേടാനാകുന്നതായി തോന്നിയേക്കാമെങ്കിലും, ആത്മീയ അനുധാവനങ്ങൾക്കും ക്രമമായ യോഗ ഹാജരിനുമുള്ള സമയം ബലികഴിച്ചിട്ടാണ് അതു ചെയ്യുന്നതെങ്കിൽ അവ കുടുംബത്തിന്റെ വർധിച്ച സന്തുഷ്ടിയിലും സംതൃപ്തിയിലും കലാശിക്കുമോ? നമ്മുടെ ആത്മീയതയെ അപകടത്തിലാക്കിയേക്കാവുന്ന എന്തും ഒഴിവാക്കാൻ നാം തീർച്ചയായും ആഗ്രഹിക്കും. ‘സ്വർഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊള്ളാനും’ ‘ദൈവവിഷയമായി സമ്പന്നനാകാനും’ ഉള്ള യേശുവിന്റെ ബുദ്ധിയുപദേശം ചെവിക്കൊള്ളുന്നതാണ് ബുദ്ധിപൂർവകമായ ഗതി.—മത്താ. 6:19-21; ലൂക്കൊ. 12:15-21.
4 ഒന്നാമതു രാജ്യ താത്പര്യങ്ങൾ അന്വേഷിക്കുക: എല്ലാറ്റിനും ഉപരിയായി ആത്മീയ കാര്യങ്ങൾ വെക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. അവൻ അവരെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.” എന്തുകൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞത്? അവൻ വിശദീകരിച്ചു: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.” ഈ കാര്യത്തിൽ നമുക്ക് ഉറച്ച ബോധ്യം ഉണ്ടെങ്കിൽ, യേശു തുടർന്നു പറഞ്ഞ കാര്യം ചെയ്യുന്നതിൽനിന്ന് നമ്മെ യാതൊന്നും തടയുകയില്ല: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [ഭൗതികമായി ആവശ്യമായത്] നിങ്ങൾക്കു കിട്ടും.” അതേ, നമുക്ക് ആവശ്യമായതൊക്കെയും ലഭിക്കുന്നുവെന്ന് ദൈവം ഉറപ്പുവരുത്തും! (മത്താ. 6:31-33) ജീവിക്കാൻ ആവശ്യമായ വക നേടുന്നതിനെ കുറിച്ച് അനാവശ്യമായി ഉത്കണ്ഠപ്പെട്ടുകൊണ്ടോ പെട്ടെന്നുതന്നെ ഒഴിഞ്ഞുപോകാനിരിക്കുന്ന ഒരു വ്യവസ്ഥിതിയിൽ സുഖസൗകര്യങ്ങൾ തേടിക്കൊണ്ടോ ശ്രദ്ധാശൈഥില്യം പ്രകടമാക്കുന്നതിനുള്ള സമയമല്ല ഇത്.—1 പത്രൊ. 5:7; 1 യോഹ. 2:15-17.
5 ഒരുവന്റെ ഭൗതിക ആവശ്യങ്ങൾക്കായി സമ്പാദിക്കുക എന്നതാണ് ലൗകിക ജോലിയുടെ പ്രമുഖ ഉദ്ദേശ്യം. എന്നാൽ നമുക്ക് ആവശ്യമുള്ളത് എന്തുമാത്രമാണ്? അപ്പൊസ്തലനായ പൗലൊസ് എഴുതി: “ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.” അതിൽ കൂടുതൽ സമ്പാദിക്കാൻ നാം ശ്രമിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ പൗലൊസ് മുന്നറിയിപ്പു നൽകിയ അനന്തരഫലങ്ങൾ നാം കൊയ്യുന്നുണ്ടായിരിക്കാം: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.” (1 തിമൊ. 6:8, 9; മത്താ. 6:24; ലൂക്കൊ. 14:33) അമിതമായ ആഗ്രഹങ്ങൾ നമുക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടോ എന്ന് നമുക്ക് എങ്ങനെ അറിയാൻ കഴിയും?
6 നമ്മുടെ ലൗകിക അനുധാവനങ്ങൾ നിമിത്തം വയൽസേവനത്തിൽ നമുക്ക് നാമമാത്രമായ ഒരു പങ്കേ ഉള്ളൂ എങ്കിൽ അല്ലെങ്കിൽ സുവാർത്തയ്ക്കു വേണ്ടി ത്യാഗങ്ങൾ ചെയ്യേണ്ടതിന്റെ ആവശ്യം കാണാൻ നാം പരാജയപ്പെടുന്നെങ്കിൽ നമ്മുടെ മുൻഗണനകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ട്. (എബ്രാ. 13:15, 16) കൂടുതൽ ലളിതമായ ഒരു ജീവിത രീതിക്ക് പ്രസംഗവേലയിൽ ഏർപ്പെടുന്നതിലുള്ള ഈ തടസ്സത്തെ തരണം ചെയ്യുന്നതിൽ വളരെ സഹായകമായിരിക്കാൻ കഴിയും. നമ്മുടെ സമയത്തിന്റെയും ഊർജത്തിന്റെയും ഉപയോഗം ഉൾപ്പെടുന്ന കാര്യങ്ങളിൽ രാജ്യതാത്പര്യങ്ങൾക്കായിരിക്കണം എപ്പോഴും പ്രഥമ സ്ഥാനം.
7 വ്യർഥമല്ലാത്ത പ്രയത്നം: “[നമ്മുടെ] പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവ”ർ ആയിരിക്കാൻ പൗലൊസിന്റെ വാക്കുകൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (1 കൊരി. 15:58) “കർത്താവിന്റെ വേലയിൽ” ഏറ്റവും പ്രധാനം രാജ്യ പ്രസംഗവും ശിഷ്യരാക്കൽ വേലയും ആണ്. (മത്താ. 24:14; 28:19, 20) അതിൽ സാധ്യമാകുന്നതിന്റെ പരമാവധി പങ്കുണ്ടായിരിക്കുന്നതിന് ഓരോ വാരവും നാം വയൽസേവനത്തിനായി സമയം പട്ടികപ്പെടുത്തണം, ആ സമയം മറ്റു യാതൊന്നിനുംവേണ്ടി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുകയും വേണം. (എഫെ. 5:15-17) അപ്പോൾ ലൗകിക ജോലിയോ മറ്റു യാതൊന്നുമോ നമ്മുടെ ശുശ്രൂഷയ്ക്ക് ഒരു തടസ്സമായിരിക്കില്ല.
8 ബൈബിൾ സത്യം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിന് നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ, കൊടുക്കുന്നതിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠമായ സന്തോഷം നാം അനുഭവിക്കുന്നു. (പ്രവൃ. 20:35) രാജ്യപ്രസംഗ വേലയിൽ ഏർപ്പെട്ടുകൊണ്ട് നമുക്ക് ആത്മവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയും, കാരണം “ദൈവം [നമ്മുടെ] പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”—എബ്രാ. 6:10.