നിങ്ങളുടെ അയൽക്കാരനോടു സത്യം സംസാരിക്കുക
1 ഏറ്റവും വലിയ രണ്ടു കൽപ്പനകളിലൊന്ന് “നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം” എന്നതാണ്. (മത്താ. 22:39, NW) നമുക്കുള്ള ഏറ്റവും നല്ല സംഗതി—നാം ദൈവവചനത്തിൽ കണ്ടെത്തിയിരിക്കുന്ന സത്യം—നമ്മുടെ അയൽക്കാരനുമായി പങ്കുവയ്ക്കാൻ അത്തരം സ്നേഹം നമ്മെ പ്രേരിപ്പിക്കും. വീക്ഷാഗോപുരം, ഉണരുക! മാസികകൾ സത്യം സംബന്ധിച്ച ബൈബിൾ സന്ദേശത്തെ വിപുലമാക്കുന്നതിനാൽ മേയ് മാസത്തിൽ ഈ ജേർണലുകളുടെ വരിസംഖ്യകൾ കൊടുക്കുന്നത് ‘നമ്മുടെ അയൽക്കാരോട് സത്യം സംസാരിക്കാ’നുള്ള ഒരു മാർഗമാണ്.—എഫേ. 4:25, NW.
2 ഏപ്രിൽ 22 “ഉണരുക!”യുടെ നിങ്ങളുടെ പക്കലുള്ള ശേഖരം തീരുന്നതുവരെ അതു വിശേഷവത്കരിക്കേണ്ടതുണ്ട്. നിങ്ങൾ ഇപ്രകാരം ചോദിച്ചുകൊണ്ട് അവതരണം തുടങ്ങിയേക്കാം:
◼“യുദ്ധമില്ലാത്ത ഒരു ലോകത്തോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്? [പ്രതികരണത്തിന് അനുവദിക്കുക.] ലോകത്തിലെ മതങ്ങൾ യുദ്ധങ്ങളെയും കൊലയെയും വാസ്തവത്തിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നു നിങ്ങൾ അറിഞ്ഞിരുന്നോ? [പ്രതികരണത്തിന് അനുവദിക്കുക.] നേർ വിപരീതമായി, ദൈവത്തിന്റെ സത്യാരാധകർ എന്തു ചെയ്യുമെന്നാണു ബൈബിൾ പറയുന്നതെന്നു ശ്രദ്ധിക്കുക.” മാസികയുടെ 4-ാം പേജിന്റെ മുകളിലുള്ള യെശയ്യാവു 2:2-4-ഉം പിന്നീട് 10-ാം പേജിലെ “സമാധാനപ്രേമികൾക്ക് ആഹ്വാനം” എന്ന ഉപതലക്കെട്ടിൻകീഴിലുള്ള ആദ്യത്തെ ഖണ്ഡികയും വായിക്കുക. എന്നിട്ട്, “ദൈവം അത് എങ്ങനെയാണു ചെയ്യുന്നതെന്നു നിങ്ങൾക്കറിയാമോ?” എന്നു ചോദിക്കുക. “ഉത്തരം ഈ മാസികയിൽ കണ്ടെത്താൻ കഴിയും” എന്നു പറയുക. വരിസംഖ്യ കൊടുക്കുക; അതു നിരസിക്കുന്ന പക്ഷം മാസികകളുടെ ഒറ്റപ്രതികൾ കൊടുക്കുക.
3 വരിസംഖ്യ കൊടുക്കുന്നതിന് മേയ് 15 “വീക്ഷാഗോപുരം” വിശേഷവത്കരിക്കുമ്പോൾ, ആളുകൾക്ക് അരക്ഷിതത്വം അനുഭവപ്പെടാനിടയാക്കിയ അടുത്തകാലത്തെ ഒരു വാർത്താസംഭവം പരാമർശിക്കാൻ ശ്രമിക്കുക, എന്നിട്ട് ഇപ്രകാരം ചോദിക്കുക:
◼“നമുക്ക് ഈ ജീവിതത്തിൽ യഥാർഥ സുരക്ഷിതത്വം അനുഭവപ്പെടാൻ എന്ത് ആവശ്യമാണെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] സത്യസന്ധമായി പറഞ്ഞാൽ, മനുഷ്യവർഗത്തെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യരിൽ ആശ്രയിക്കുന്നതിൽ യാഥാർഥ്യബോധമുണ്ടോ? [പ്രതികരണത്തിന് അനുവദിക്കുക; എന്നിട്ട് സങ്കീർത്തനം 146:3 വായിക്കുക.] ഭാവിയെ സംബന്ധിച്ച് ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാനുള്ള കാരണം സങ്കീർത്തനക്കാരൻ അടുത്തതായി നമുക്കു നൽകുന്നു. [സങ്കീർത്തനം 146:5, 6 വായിക്കുക.] ഭൂമിയിൽ മെച്ചപ്പെട്ട അവസ്ഥകൾ കൊണ്ടുവരുന്ന കാര്യത്തിൽ നമുക്കു യഹോവയാം ദൈവത്തിൽ ആശ്രയിക്കാൻ കഴിയുന്നതെന്തുകൊണ്ടെന്ന് ‘യഥാർഥ സുരക്ഷിതത്വം, ഇന്നും എന്നേക്കും’ എന്ന ഈ ലേഖനം വിവരിക്കുന്നു.” ഒരു വരിസംഖ്യ കൊടുക്കുകയും ഇപ്പോൾത്തന്നെ ഒരു സുരക്ഷിത ജീവിതം ആസ്വദിക്കാൻ സാധിക്കുന്നതെങ്ങനെയെന്നു ചർച്ചചെയ്യാൻ മടങ്ങിവരാമെന്നു പറയുകയും ചെയ്യുക.
4 തൊഴിലില്ലായ്മ പ്രശ്നത്തെക്കുറിച്ചുള്ള വ്യാപകമായ ഉത്കണ്ഠയുടെ വീക്ഷണത്തിൽ മേയ് 22 “ഉണരുക!”യുടെ പുറകിലുള്ള “അദ്ദേഹം അന്വേഷിച്ചതു സത്യസന്ധതയായിരുന്നു” എന്ന അനുഭവം ഒരുപക്ഷേ നന്നായി സ്വീകരിക്കപ്പെട്ടേക്കും. ഇപ്രകാരം ചോദിച്ചുകൊണ്ട് നിങ്ങൾക്കതു പരിചയപ്പെടുത്താവുന്നതാണ്:
◼“മത്സര മനോഭാവമുള്ള ഇന്നത്തെ തൊഴിൽ വിപണിയിൽ, തങ്ങൾ ജോലിക്കെടുക്കുന്ന ആളുകളിൽ ഏതു ഗുണങ്ങളാണ് തൊഴിലുടമകൾ അന്വേഷിക്കുന്നതെന്നാണു നിങ്ങൾ വിചാരിക്കുന്നത്. [പ്രതികരണത്തിന് അനുവദിക്കുക.] നാം തൊഴിലുടമകളോ തൊഴിലാളികളോ ഉദ്യോഗാർഥിയോ ആരായാലും ജോലിസ്ഥലത്തെ സത്യസന്ധതയുടെ ആവശ്യം നാം തീർച്ചയായും വിലമതിക്കുന്നു. സത്യസന്ധനായ ഒരു ജോലിക്കാരനു ലഭിക്കുന്ന പ്രതിഫലം എന്താണെന്ന് ഈ അനുഭവം പ്രകടമാക്കുന്നത് പ്രോത്സാഹജനകമാണ്.” ഒരു വരിസംഖ്യ കൊടുത്തിട്ട് ഇങ്ങനെ പറയുക: “ബാധകമാക്കുന്ന പക്ഷം, ഈ അനിശ്ചിത കാലങ്ങളിൽ ജോലികൾ നിലനിർത്താൻ നമ്മെ സഹായിക്കുന്ന മറ്റൊരു ബൈബിൾ തത്ത്വം അടുത്ത സന്ദർശനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
5 നിങ്ങൾ ഹ്രസ്വമായ ഒരു അവതരണമാണ് ഇഷ്ടപ്പെടുന്നതെങ്കിൽ നിങ്ങൾക്ക് ഇതു പരീക്ഷിക്കാവുന്നതാണ്:
◼“ഇന്നത്തെ പ്രചാരം സിദ്ധിച്ച മാസികകൾ മിക്കവയും വാണിജ്യസംസ്കാരവും ലൈംഗികതയും അക്രമവും വളരെയധികം വിശേഷവത്കരിക്കുന്നതായി അനേകർക്കും തോന്നുന്നു. [വീക്ഷാഗോപുരവും ഉണരുക!യും കാണിക്കുക.] ബൈബിളിൽ അധിഷ്ഠിതമായ, ആരോഗ്യാവഹമായ ഈ ജേർണലുകൾ ഞങ്ങൾ വിതരണം ചെയ്യുകയാണ്. അവ വളരെ പ്രബോധനപരമാണ്. ദൈവത്തെ ആരാധിക്കാനും നമ്മുടെ അയൽക്കാരനെ സ്നേഹിക്കാനും നേരായ നടത്ത നിലനിർത്താനും അവ നമ്മെ പഠിപ്പിക്കുന്നു. നിങ്ങൾ വായനയ്ക്കുള്ള ഇത്തരം വിവരങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ഈ ലക്കങ്ങളിൽ കാണുന്നതു നിങ്ങൾ ആസ്വദിക്കുമെന്ന് എനിക്കറിയാം.”
6 നമ്മുടെ അയൽക്കാരോടു സത്യം സംസാരിക്കുന്നതിൽ നാം തീക്ഷ്ണതയുള്ളവരാണെങ്കിൽ അനേകർക്കും വളരെയധികം ആനന്ദം കൈവരുത്താൻ നമുക്കു കഴിഞ്ഞേക്കാം.—പ്രവൃ. 8:4, 8.