ശരിയായി നിയോഗിക്കപ്പെട്ടവരെ അന്വേഷിക്കുവിൻ
1 പ്രസംഗവേലയുടെ ഒരു ഉദ്ദേശ്യം “നിത്യജീവനു വേണ്ടി ശരിയായി നിയോഗിക്കപ്പെട്ട”വരെ കണ്ടെത്തുകയെന്നതാണ്. (പ്രവൃ. 13:48) വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വിതരണം ഇതു നിവർത്തിക്കുന്നതിനുള്ള ഒരു വിശിഷ്ട മാർഗമാണെന്നു തെളിഞ്ഞിരിക്കുന്നു, കാരണം നമ്മുടെ പത്രികകൾ രാജ്യപ്രത്യാശ സംബന്ധിച്ച് ആളുകളെ ബോധവാന്മാരാക്കുന്നു. ഏപ്രിലിൽ ഈ മാസികകൾക്കുള്ള വരിസംഖ്യകൾ നാം സമർപ്പിക്കുന്നതായിരിക്കും. താത്പര്യം കാണുന്നിടത്ത് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഉപയോഗിച്ചു പുതിയ ബൈബിളധ്യയനങ്ങൾ തുടങ്ങാൻ നമുക്കു കഴിയുമെന്നു പ്രതീക്ഷിക്കാം. നിങ്ങൾക്കു പ്രായോഗികമായിരുന്നേക്കാവുന്ന ചില നിർദേശങ്ങൾ ഇതാ:
2 ഏപ്രിൽ 1 ലക്കം “വീക്ഷാഗോപുരം” ഉപയോഗിക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷനിലെ “നിത്യതയുടെ രാജാവിനെ സ്തുതിക്കുക” എന്ന പരസ്യപ്രസംഗത്തെ കേന്ദ്രീകരിച്ചുള്ള ലേഖനം വിശേഷവത്കരിച്ചിട്ട് നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഞങ്ങൾ സംസാരിക്കുന്ന മിക്ക ആളുകൾക്കും ദൈവത്തിൽ വിശ്വാസമുണ്ട്. അവനിൽ വിശ്വസിക്കുക പ്രയാസമാണെന്നു ചുരുക്കം ചിലർ കണ്ടെത്തുന്നു. നിങ്ങൾക്കെങ്ങനെ തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഒരു ദൈവം ഉണ്ടായിരുന്നേ പറ്റൂ എന്നു തെളിയിക്കുന്ന പ്രത്യക്ഷമായ തെളിവ് നമുക്കു ചുറ്റുമുണ്ട്. [സങ്കീർത്തനം 104:24 വായിക്കുക.] ഒരു ക്യാമറയോ കമ്പ്യൂട്ടറോ കാണുമ്പോൾ, അതു ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകൻ നിർമിച്ചതായിരിക്കണമെന്നു നാം സത്വരം അംഗീകരിക്കുന്നു. ഭൂമി, മനുഷ്യരായ നാം എന്നിങ്ങനെ അതിലുമേറെ സങ്കീർണമായ കാര്യങ്ങൾ ആകസ്മികമായി ഉളവായതാണെന്നു പറയുക ന്യായമായിരിക്കുമോ?” ദൈവത്തിൽ വിശ്വസിക്കുന്നതിന് ഈടുറ്റ കാരണം കാണിക്കുന്നതിനു ലേഖനത്തിൽനിന്നുള്ള ഒരു ഖണ്ഡിക ഉപയോഗിക്കുക. മാസികയുടെ മൂല്യത്തെക്കുറിച്ചു വിശദീകരിക്കുകയും വരിസംഖ്യ സമർപ്പിക്കുകയും ചെയ്യുക.
3 ഏപ്രിൽ 15 ലക്കം “വീക്ഷാഗോപുരം,” “സത്യാരാധനയ്ക്കു ദൈവാനുഗ്രഹം ലഭിക്കുന്നതിന്റെ കാരണം” എന്ന ലേഖനം വിശേഷവത്കരിക്കുന്നു. അത് അവതരിപ്പിക്കുന്നതിനു മുമ്പ്, ഉചിതമായിരിക്കുന്നിടത്ത് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“ലോകത്തിൽ നൂറുകണക്കിനു മതങ്ങൾ നിലവിലിരിക്കെ, അവയെല്ലാം ദൈവത്തിനു സ്വീകാര്യമായിരിക്കുമെന്നു നിങ്ങൾ കരുതുന്നുണ്ടോ? [അഭിപ്രായം പറയാൻ അനുവദിക്കുക.] മതഭക്തരായ പല വ്യക്തികളും എന്തുതന്നെ അവകാശപ്പെട്ടാലും ദൈവഹിതം പ്രവർത്തിക്കാത്തവർ തള്ളിക്കളയപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. [മത്തായി 7:21-23 വായിക്കുക.] യേശു പഠിപ്പിച്ച സത്യമതം നാം തിരിച്ചറിയുന്നതു പ്രധാനമാണ്.” 16-ാമത്തെ പേജിൽ തുടങ്ങുന്ന “സത്യമതം എന്തു ഫലം പുറപ്പെടുവിക്കണം?” എന്ന ശീർഷകത്തിലേക്കു തിരിഞ്ഞ്, ഈ ആശയം ചിത്രീകരിക്കാൻ ഒരു ഉദാഹരണം ചർച്ച ചെയ്യുക.
4 ഏപ്രിൽ 22 ലക്കം “ഉണരുക!”യിലെ “മേലാൽ യുദ്ധങ്ങൾ ഇല്ലാതാകുമ്പോൾ” എന്ന മുഖ്യ വിഷയം എടുത്തുകാണിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“ഈ നൂറ്റാണ്ടിൽ, രണ്ടു ലോകയുദ്ധങ്ങൾ ഉൾപ്പെടെ, നൂറുകണക്കിനു യുദ്ധങ്ങൾ അരങ്ങേറിയിട്ടുണ്ട്. എന്നാൽ തങ്ങൾ സമാധാനം ആഗ്രഹിക്കുന്നുവെന്ന് മിക്കവാറും എല്ലാ ലോകനേതാക്കന്മാരും പറയുന്നു. എനിക്കറിയാവുന്ന എല്ലാവരും അതുതന്നെയാണു പറയുന്നത്. എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിൽ, എന്തുകൊണ്ട് അവർക്കതു നേടിക്കൂടാ? [പ്രതികരിക്കാൻ അനുവദിക്കുക.] ഭൂമിയിൽ യഥാർഥ സമാധാനം ഉണ്ടായിരിക്കുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നതെന്നാണു നിങ്ങൾ വിചാരിക്കുന്നത്?” വീട്ടുകാരൻ പ്രതികരിച്ചശേഷം, 8-ഉം 9-ഉം പേജുകളിലേക്കു തിരിഞ്ഞ് സങ്കീർത്തനം 46:8, 9 പോലുള്ള വാക്യങ്ങൾ വായിക്കുക. ചിത്രങ്ങളും ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളും ഉപയോഗിച്ച് എന്നേക്കും നിലനിൽക്കുന്ന ലോകവ്യാപക സമാധാനം ദൈവരാജ്യം എങ്ങനെ കൈവരുത്തുമെന്നു കാട്ടിക്കൊടുക്കുക. എന്നിട്ട് വരിസംഖ്യ സമർപ്പിക്കുകയും മടങ്ങിച്ചെല്ലാനുള്ള ക്രമീകരണം നടത്തുകയും ചെയ്യുക.
5 തിരക്കാണെന്നു പറയുന്ന അനേകമാളുകളെ കണ്ടെത്തുന്നപക്ഷം, നിങ്ങൾക്ക് ഇത് ഉപയോഗിച്ചുനോക്കാവുന്നതാണ്:
◼“തിരക്കിട്ട ജീവിതം നയിക്കുന്നവരെയും ജീവിതത്തിന്റെ ആത്മീയ വശത്തെക്കുറിച്ചു ചിന്തിക്കാൻ സമയമില്ലാത്തവരെയും സഹായിക്കാൻ ഞങ്ങൾക്കു താത്പര്യമുണ്ട്. ഞങ്ങളുടെ ഈ പത്രികകളായ വീക്ഷാഗോപുരവും ഉണരുക!യും, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങൾ സംബന്ധിച്ച് സംഗ്രഹിത വിവരങ്ങൾ പ്രദാനം ചെയ്യുന്നു. നിങ്ങൾ ഈ കോപ്പികൾ സ്വീകരിക്കണമെന്നതാണു ഞങ്ങളുടെ ഇഷ്ടം.”
6 വരിസംഖ്യ നിരസിക്കുന്നവർക്ക് ഈ മാസികകളുടെ പല കോപ്പികൾ 4.00 രൂപ സംഭാവനയ്ക്ക് സമർപ്പിക്കാൻ മറക്കാതിരിക്കുക. “മെച്ചമായ കാര്യത്തെക്കുറിച്ചുള്ള സുവാർത്ത” എത്തിക്കുന്ന വീക്ഷാഗോപുരവും ഉണരുക!യും വായിക്കുന്നതിൽനിന്ന് അവർ തീർച്ചയായും പ്രയോജനമനുഭവിക്കും.—യെശ. 52:7, NW.