അനുഭവജ്ഞാനമില്ലാത്തവരെ ഗ്രഹിക്കാൻ സഹായിക്കുക
1 ദൈവം എന്താണ് ആവശ്യപ്പെടുന്നതെന്നു ശിഷ്യരാക്കൽ വേലയിലൂടെ നാം മറ്റുള്ളവരെ പഠിപ്പിക്കുന്നു. (മത്താ. 28:19, 20) ലോകവ്യാപകമായി 50 ലക്ഷത്തിലധികം സാക്ഷികൾ അതു ചെയ്യുന്നതിനായി ഒരു ബൃഹത്തായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ചെലവഴിച്ച മണിക്കൂറുകൾ, സമർപ്പിച്ച സാഹിത്യങ്ങൾ, തുടങ്ങിവെച്ച ബൈബിളധ്യയനങ്ങൾ എന്നിവയാലല്ല വിജയം അളക്കുന്നത്. തങ്ങൾ പഠിക്കുന്നത് ആളുകൾ ഗ്രഹിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം നമ്മുടെ ലക്ഷ്യം കൈവരിക്കുന്നു.
2 മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിൽ “അനുഭവജ്ഞാനമില്ലാത്തവരെ ഗ്രഹിപ്പിക്കുന്നത്” ഉൾപ്പെടുന്നു. (സങ്കീ. 119:130, NW) ആളുകൾ ‘അർഥം ഗ്രഹിക്കുമ്പോൾ’ മാത്രമാണ് ഹൃദയത്തിൽ മതിപ്പുളവാകുകയും അവർ പ്രചോദിതരാകുകയും ചെയ്യുന്നത്. (മത്താ. 15:10, NW) നമ്മുടെ വേല വ്യാപകവും ഊർജിതവുമാകുന്നതോടെ, ലാളിത്യത്തോടെ സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം നാം അധികമധികം ഗ്രഹിക്കുന്നു. അതുകൊണ്ടാണ് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബൈബിളിലെ അടിസ്ഥാന പഠിപ്പിക്കലുകളെല്ലാം ഉൾക്കൊള്ളുന്ന ഒരു പഠന പദ്ധതി അതിൽ ഉൾപ്പെടുന്നു. ഹ്രസ്വമായ പാഠങ്ങൾ, സങ്കീർണമല്ലാത്ത പദപ്രയോഗങ്ങൾ, അനായാസം ഗ്രഹിക്കാവുന്ന പ്രബോധനം എന്നിവ ഈ ലഘുപത്രികയ്ക്കു വ്യാപകമായ ആകർഷണീയത നൽകുന്നു.
3 ഏപ്രിൽ, മേയ് മാസങ്ങളിൽ വരിസംഖ്യകളോടൊപ്പം ഈ ലഘുപത്രിക വിശേഷവത്കരിക്കാവുന്നതാണ്. സാഹിത്യങ്ങൾ മുമ്പ് മടികൂടാതെ സ്വീകരിച്ചിട്ടുള്ളവരെ ഈ ലഘുപത്രിക കാണിക്കുക. കുട്ടികളെയും നിങ്ങൾക്ക് ഒഴുക്കോടെ സംസാരിക്കാൻ സാധിക്കാത്ത ഒരു ഭാഷ സംസാരിക്കുന്നവരെയും പരിമിതമായ വായനാ പ്രാപ്തിയുള്ളവരെയും പഠിപ്പിക്കുന്നതിൽ ഇതു വിശേഷാൽ പ്രയോജനപ്രദമായിരിക്കാമെന്ന് ഓർമിക്കുക.
4 ലളിതമായ സമീപനം സ്വീകരിക്കുക: ആവശ്യം ലഘുപത്രിക അവതരിപ്പിക്കുമ്പോൾ രണ്ടാം പേജ് പരാമർശിക്കുക. “ഈ ലഘുപത്രിക ഒരു ബൈബിൾപഠന പദ്ധതിയായി സംവിധാനം ചെയ്തിരിക്കുന്നു”വെന്ന് അവിടെ വിശദീകരിച്ചിരിക്കുന്നു. ഒരു വ്യക്തി ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ടാണെന്നു കാണിക്കുന്നതിനു 3-ാം പേജിലെ 3-ാം ഖണ്ഡികയിലേക്കു ശ്രദ്ധ ക്ഷണിക്കുക. ലളിതമായ ബൈബിൾ സത്യങ്ങൾ വെളിപ്പെടുത്തുന്ന ചില പാഠങ്ങളുടെ ശീർഷകങ്ങൾകൊണ്ട് അയാളുടെ താത്പര്യം ഉണർത്തുക. ഈ ലഘുപത്രിക പഠനം ഉല്ലാസപ്രദമാക്കുന്നതെങ്ങനെയെന്നു കാണിച്ചിട്ട് അയാൾക്കു വ്യക്തിപരമായ സഹായം വാഗ്ദാനം ചെയ്യുക.
5 പുരോഗമനപരമായ അധ്യയനം നടത്തുക: അധ്യയനങ്ങൾ നടത്തുകയെന്നതു മാത്രമല്ല നമ്മുടെ ലക്ഷ്യം—സത്യാരാധനയുടെ സുശക്ത പിന്തുണക്കാരായ ശിഷ്യൻമാരെ ഉളവാക്കാൻ നാം ആഗ്രഹിക്കുന്നു. ഏതാനും ആഴ്ചകൾകൊണ്ട് ഈ ലഘുപത്രിക മുഴുവൻ ചർച്ചചെയ്യാവുന്നതാണ്. അതു പരിജ്ഞാനം പുസ്തകത്തിന്റെ അധ്യയനത്തിലേക്കു നയിക്കണം. (31-ാം പേജിലെ അടിക്കുറിപ്പു കാണുക.) യഹോവയുടെ സ്ഥാപനത്തെ തിരിച്ചറിയാൻ ആരംഭംമുതൽ വിദ്യാർഥിയെ സഹായിക്കുക. (ന്യായവാദം പുസ്തകത്തിന്റെ 283-4 പേജുകൾ കാണുക.) സഭായോഗങ്ങളുടെ മൂല്യം എടുത്തുകാട്ടുക. യോഗങ്ങൾക്കു ഹാജരാകുന്നത് സത്യാരാധന ആചരിക്കേണ്ട വിധം സംബന്ധിച്ച ഒരു സർവതല ഗ്രാഹ്യം പ്രദാനം ചെയ്യുന്നുവെന്നു വിശദീകരിക്കുക.—എബ്രാ. 10:24, 25.
6 ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ പ്രത്യേക വേലയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കുന്നത്, ജീവനിലേക്കു നയിക്കുന്ന ‘ഗ്രാഹ്യം ആർജിക്കാൻ’ ആത്മാർഥ ഹൃദയരെ സഹായിക്കുന്നതിൽനിന്നുണ്ടാകുന്ന സന്തോഷം നമുക്കു കൈവരുത്തുമെന്ന് ഉറപ്പാണ്.—സദൃ. 4:5, NW.