ആളുകളുള്ളിടത്തെല്ലാം സാക്ഷീകരിക്കുക
1 തന്റെ ശുശ്രൂഷയിൽ ദൈവാത്മാവു വഹിച്ച പങ്കു തിരിച്ചറിഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലൊസ് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവമത്രേ വളരുമാറാക്കിയതു.” അവനിങ്ങനെയും സമ്മതിച്ചു പറഞ്ഞു: “ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ.” (1 കൊരി. 3:5-9) ഇതു വിസ്മയാവഹമായ ഒരു പദവിയാണ്. ദൈവത്തിന്റെ കൂട്ടുവേലക്കാരായിരിക്കുന്നതിനെ നാം വിലമതിക്കുന്നുവെന്നു പരസ്യമായി പ്രകടമാക്കാൻ നമുക്കെങ്ങനെ സാധിക്കും? വീടുതോറുമുള്ള പ്രവർത്തനത്തിലും അല്ലാതെയും നാം കണ്ടുമുട്ടുന്ന എല്ലാവരോടും സുവാർത്ത പ്രസംഗിക്കുന്നതിലൂടെ.
2 “സകലജാതികളെയും ശിഷ്യരാ”ക്കാനുള്ള ആജ്ഞ നമുക്കു ലഭിച്ചിരിക്കുന്നു. (മത്താ. 28:19, 20) ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ ചുരുക്കമാളുകളെയേ കണ്ടുമുട്ടുന്നുള്ളുവെങ്കിൽ നാം വേഗത്തിൽ നിരുത്സാഹിതരായിത്തീരുകയും നമുക്ക് അൽപ്പമേ ചെയ്യാൻ സാധിച്ചുള്ളു എന്നു ചിന്തിക്കുകയും ചെയ്തേക്കാം. അതേസമയം, അനേകമാളുകളെ കണ്ടെത്താനും അവരുമായി സംസാരിക്കാനും സാധിക്കുമ്പോൾ നാം നമ്മുടെ ശുശ്രൂഷ വളരെയേറെ ആസ്വദിക്കുന്നു. ഇതു കുറെയൊക്കെ വെല്ലുവിളി ഉയർത്തിയേക്കാം. കാരണം ആളുകളുള്ളിടത്തെല്ലാം അവരെ കണ്ടുമുട്ടാൻ സാധ്യമാകത്തക്കവിധത്തിൽ ചെന്നെത്തുന്നതിനു നാം മുൻകൈയെടുക്കേണ്ടത് ആവശ്യമായിത്തീരുന്നു.
3 പ്രായോഗിക ദൃഷ്ടാന്തങ്ങൾ: കമ്പോളങ്ങൾ, പാർക്കുകൾ, വിശ്രമ സ്ഥലങ്ങൾ, ബസ്സ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പ്രവേശനാനുമതിയുള്ള സ്ഥലങ്ങളിൽ നമുക്കു സാക്ഷീകരണം നടത്താവുന്നതാണ്. പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്ന വേളകളിൽ സാക്ഷീകരിക്കാൻ നിങ്ങൾ സജ്ജനാണോ? വയൽസേവനയോഗത്തിനു കൂടിവരാൻ നിശ്ചയിച്ചിരുന്ന പ്രദേശത്തേക്കു തിരക്കുള്ള ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു സാക്ഷികൾ പരിജ്ഞാനം പുസ്തകത്തിലെ പറുദീസയുടെ ചിത്രത്തെക്കുറിച്ച്, ദൈവത്തിന്റെ ഭാവി വാഗ്ദാനങ്ങളെക്കുറിച്ച് സംഭാഷണത്തിലേർപ്പെട്ടു. അവർ പ്രതീക്ഷിച്ചതുപോലെതന്നെ സമീപത്തു നിന്നിരുന്ന ഒരു യുവാവ് ഇതു ശ്രദ്ധിക്കുകയും കേട്ടകാര്യം അദ്ദേഹത്തിൽ മതിപ്പുളവാക്കുകയും ചെയ്തു. ബസ്സിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് അദ്ദേഹം ഒരു പുസ്തകം സ്വീകരിക്കുകയും തന്റെ വീട്ടിൽ ആരെങ്കിലും വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
4 അനേകം പ്രസാധകർ അനൗപചാരിക സാക്ഷീകരണം നടത്തുന്നതിൽ സന്തോഷം കണ്ടെത്തിയിരിക്കുന്നു. ഒരു സഹോദരി ഒരു ദിവസം ഉച്ചകഴിഞ്ഞ് സ്വന്തപ്രദേശത്തെ ഷോപ്പിങ് സെൻറർ സന്ദർശിച്ചു. സാധനങ്ങൾ വാങ്ങി മടങ്ങിപ്പോകുകയായിരുന്ന, തിരക്കിലല്ലാത്തവരെന്നു തോന്നിയ ആളുകളെ അവൾ സമീപിച്ചു. അവൾ തന്റെ ബാഗിലുണ്ടായിരുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും സമർപ്പിച്ചു. തന്റെ കാറിൽ ആരെയോ കാത്തിരിക്കുകയായിരുന്ന ഒരു വ്യക്തി സന്തോഷപൂർവം അവളിൽ നിന്നു മാസികകൾ സ്വീകരിച്ചു. അദ്ദേഹം മുമ്പു യോഗങ്ങളിൽ സംബന്ധിച്ചിരുന്നു. അവരുടെ സംഭാഷണം അദ്ദേഹത്തിന്റെ താത്പര്യത്തെ പുനരുജ്ജീവിപ്പിച്ചു.
5 യഹോവയുടെ നാമത്തെ സ്തുതിക്കുന്നത് ഒരു പദവിയാണ്. പ്രസംഗവേലയോടു നാം തീക്ഷ്ണത പ്രകടമാക്കുന്നത് ദൈവം നമ്മോടു കാണിച്ചിട്ടുള്ള അനർഹദയയെ നാം അലക്ഷ്യമാക്കുന്നില്ല എന്നാണു കാണിക്കുന്നത്. കാരണം, “ഇപ്പോൾ ആകുന്നു” മറ്റുള്ളവരെ സഹായിക്കാനുള്ള “സുപ്രസാദകാലം.” അതുകൊണ്ട് നമുക്ക് ആളുകളുള്ളിടത്തെല്ലാം യഹോവയുടെ “രക്ഷാദിവസ”ത്തെക്കുറിച്ചു സാക്ഷീകരിക്കാം.—2 കൊരി. 6:1, 2.