1998-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ
വിദ്യാഭ്യാസം നേടുക എന്നതിന്റെ അർഥം “ഒരു പ്രത്യേക അറിവോ വൈദഗ്ധ്യമോ നേടിയെടുക്കാൻ പഠിക്കുക അല്ലെങ്കിൽ അഭ്യസിക്കുക” എന്നാണ്. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലൂടെ നമുക്കു ദൈവികപരിജ്ഞാനത്തിൽ നിരന്തര പരിശീലനം ലഭിക്കുന്നു. കൂടാതെ, ഈ സ്കൂളിൽ പങ്കുപറ്റുന്നത് നമ്മുടെ സംസാര, പഠിപ്പിക്കൽ പ്രാപ്തികൾ വികസിപ്പിക്കാൻ നമ്മെ സഹായിക്കുന്നു. 1998-ലേക്കുള്ള സ്കൂൾ കാര്യപരിപാടി, നമുക്കു കൂടുതൽ ആത്മീയ പുരോഗതി കൈവരിക്കാനുള്ള നിരവധി അവസരങ്ങൾ പ്രദാനം ചെയ്യുന്നു.
അടുത്ത വർഷത്തെ സ്കൂൾ പട്ടിക പരിശോധിക്കുമ്പോൾ, 3-ാം നമ്പർ നിയമനം ഇടയ്ക്കൊക്കെ ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും ബൈബിൾ കഥാപാത്രത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നു നിങ്ങൾക്കു കാണാം. ഇതു കൂടാതെ, കുടുംബ സന്തുഷ്ടി പുസ്തകവും 1998-ലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു, 3-ാമത്തെയും 4-ാമത്തെയും നിയമനങ്ങളിൽ നാമിതു ക്രമാനുഗതമായി പരിചിന്തിക്കും. 4-ാം നമ്പർ നിയമനം കുടുംബ സന്തുഷ്ടി പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തേണ്ട അവസരങ്ങളിലെല്ലാം, ഒരു സഹോദരൻ സഭയോട് പ്രസംഗിക്കുന്ന വിധത്തിലായിരിക്കണം അതു കൈകാര്യം ചെയ്യേണ്ടത്. ആരും അനുവദിച്ചിരിക്കുന്ന സമയത്തിൽ കൂടുതലെടുക്കരുതെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു.
ഒരു പുതിയ സവിശേഷത: നമ്മുടെ വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടി, ഒരു “അനുബന്ധ ബൈബിൾ വായനാ പട്ടിക” ഓരോ വാരത്തേക്കുമുള്ള ഗീതത്തിന്റെ നമ്പരിനു ശേഷം ചതുരവലയങ്ങൾക്കുള്ളിൽ കൊടുത്തിരിക്കുന്നു. വാരംതോറുമുള്ള സ്കൂൾ പരിപാടികളിലൊന്നുംതന്നെ അതിനെ അടിസ്ഥാനപ്പെടുത്തിയല്ലെങ്കിലും അതു പിൻപറ്റാൻ ലക്ഷ്യംവെക്കുക. നിങ്ങൾക്കു ദൈനംദിന ബൈബിൾ വായനാ പരിപാടിയില്ലെങ്കിൽ അതൊരു ശീലമാക്കാൻ ഇതു നിങ്ങളെ പ്രാപ്തരാക്കും.
നിയമനങ്ങൾ, ഗുണദോഷം, എഴുത്തു പുനരവലോകനങ്ങൾ എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്ക് ദയവായി “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1998” എന്ന ഭാഗത്തും 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജിലും കാണപ്പെടുന്ന നിർദേശങ്ങൾ സശ്രദ്ധം വായിക്കുക.
ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഇതുവരെ പേർ ചാർത്തിയിട്ടില്ലെങ്കിൽ ഇപ്പോൾ അപ്രകാരം ചെയ്യാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ഈ അനുപമമായ സ്കൂൾ, യഹോവയുടെ താഴ്മയുള്ള വിശ്വസ്ത ദാസന്മാരെ അവന്റെ ശുശ്രൂഷകരെന്ന നിലയിൽ കൂടുതൽ യോഗ്യതകൾ നേടിയെടുക്കാൻ പരിശീലിപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നതിൽ തുടരുന്നു.—1 തിമൊ. 4:13-16.