2000-ാം ആണ്ടിലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ
1 ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ യഹോവയുടെ ജനത്തിനു വലിയൊരു അനുഗ്രഹം എന്നു തെളിഞ്ഞിരിക്കുന്നു. 50-ലധികം വർഷമായി, പരസ്യ പ്രസംഗകർ എന്ന നിലയിലും ബൈബിൾ സത്യത്തിന്റെ ഉപദേഷ്ടാക്കൾ എന്ന നിലയിലുമുള്ള തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാൻ ഇതു ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു. (സങ്കീ. 145:10-12; മത്താ. 28:19, 20) ഈ സ്കൂൾ നിങ്ങളെ എങ്ങനെ സഹായിച്ചിരിക്കുന്നു എന്ന് നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? നിങ്ങൾ അതിൽ പൂർണമായി പങ്കുപറ്റുകയും നൽകപ്പെടുന്ന ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്യുന്നെങ്കിൽ, 2000-ാം ആണ്ടിലും അതു നിങ്ങളെ സഹായിക്കും.
2 നിയമനങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങളും ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളും 2000-ാം ആണ്ടിലേക്കുള്ള സ്കൂൾ പട്ടികയുടെ ആദ്യ പേജിൽ കൊടുത്തിട്ടുണ്ട്. ഓരോ ഭാഗത്തിനും അനുവദിച്ചിരിക്കുന്ന സമയം, വിവരങ്ങളുടെ ഉറവിടം, വിവരങ്ങൾ അവതരിപ്പിക്കേണ്ട വിധം എന്നിവയും മറ്റു വിശദാംശങ്ങളും അവിടെ ചർച്ച ചെയ്തിരിക്കുന്നു. നിർദേശങ്ങൾ സമയമെടുത്ത് ശ്രദ്ധാപൂർവം വായിക്കുകയും ബാധകമാക്കുകയും ചെയ്യുക.
3 പ്രതിവാര ബൈബിൾ വായന: പ്രതിവാര ബൈബിൾ വായനയ്ക്കായി വ്യത്യസ്തമായ രണ്ടു ക്രമീകരണങ്ങൾ സ്കൂൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈബിളിന്റെ അഞ്ച് പേജുകളോളം വായിച്ചുതീർക്കാവുന്ന സാധാരണ വായനാ ക്രമീകരണമാണ് ഒന്ന്. ബൈബിൾ വിശേഷാശയങ്ങൾ ഇതിനെ അധികരിച്ചുള്ളതായിരിക്കും. അതിന്റെ ഇരട്ടിയോളം വായിച്ചുതീർക്കാവുന്ന അനുബന്ധ വായനാ പരിപാടിയാണ് മറ്റൊന്ന്. ഇതു പിൻപറ്റിയാൽ, മൂന്ന് വർഷം കൊണ്ടു മുഴു ബൈബിളും വായിച്ചുതീർക്കാൻ നിങ്ങൾക്കു കഴിയും. ചിലർ അനുബന്ധ വായനാ പരിപാടിയിൽ ഉള്ളതിനെക്കാൾ കൂടുതൽ വായിക്കാൻ ആഗ്രഹിച്ചേക്കാം. എന്നാൽ മറ്റു ചിലർക്ക് ഒരു പക്ഷേ ആ പട്ടികയോടു പറ്റിനിൽക്കാൻ കഴിയുന്നില്ല. നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനു പകരം, നിങ്ങൾക്കു ചെയ്യാനാകുന്നതിൽ സന്തോഷിക്കുക. (ഗലാ. 6:4, NW) പ്രധാനപ്പെട്ട സംഗതി, ദൈവവചനം ദിവസവും വായിക്കുക എന്നതാണ്.—സങ്കീ. 1:1-3.
4 ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ പേർ ചാർത്തുന്നതിന്, നിങ്ങൾക്ക് സ്കൂൾ മേൽവിചാരകനോടു സംസാരിക്കാവുന്നതാണ്. നിങ്ങളുടെ നിയമനം ഗൗരവത്തോടെ എടുക്കുക. തക്ക കാരണമില്ലാതെ പരിപാടി നടത്താതിരിക്കരുത്. യഹോവയിൽ നിന്നുള്ള ഒരു കരുതൽ എന്ന നിലയിൽ സ്കൂളിനെ വിലമതിക്കുക. നന്നായി തയ്യാറാകുക, നിയമിത ഭാഗത്തെ വിവരങ്ങളുമായി സുപരിചിതരാകുക, വിവരങ്ങൾ സ്വന്തം വാക്കുകളിൽ അവതരിപ്പിക്കുക, അങ്ങനെ സ്കൂളിൽ നിന്നു പൂർണ പ്രയോജനം നേടുക.