2001-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ
1 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നാമേവരും കഴിയുന്നത്ര പൂർണമായി പങ്കെടുക്കുന്നതിന് മതിയായ തിരുവെഴുത്തു കാരണങ്ങളുണ്ട്.—സദൃ. 15:23; മത്താ. 28:19, 20; പ്രവൃ. 15:32; 1 തിമൊ. 4:12, 13; 2 തിമൊ. 2:2; 1 പത്രൊ. 3:15.
2 പ്രതിവാര ബൈബിൾ വായനാ പരിപാടി ദീർഘകാലമായി സ്കൂളിന്റെ ഒരു സവിശേഷത ആയിരുന്നിട്ടുണ്ട്. ദിവസവും ബൈബിളിന്റെ ഏതാണ്ട് ഒരു പേജ് വായിക്കത്തക്ക വിധമാണ് അതു ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം മുതൽ, എഴുത്തു പുനരവലോകനത്തിന്റെ വാരത്തിലും ബൈബിൾ വായന പട്ടികപ്പെടുത്തിയിട്ടുണ്ട്. മൂന്നു വർഷം മുമ്പു തുടങ്ങിയ അനുബന്ധ ബൈബിൾ വായനാ പട്ടിക പൂർത്തിയായി. എന്നാൽ പട്ടികപ്പെടുത്തിയിരിക്കുന്നതിലും കൂടുതൽ തിരുവെഴുത്തുകൾ വായിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്കു സ്വന്തമായി ഒരു പട്ടിക ഉണ്ടാക്കാവുന്നതാണ്.
3 ദൈവവചനത്തിന്റെ “പരസ്യ വായന”യ്ക്കായി സഹോദരങ്ങളെ പരിശീലിപ്പിക്കാനാണ് 2-ാം നമ്പർ പ്രസംഗം. (1 തിമൊ. 4:13, NW) നിങ്ങൾക്ക് നിയമനമുള്ളപ്പോൾ അത് ഉറക്കെ വീണ്ടും വീണ്ടും വായിച്ച് ശീലിക്കുക. ഉച്ചാരണവും ഉച്ചനീചത്വവും വായനയുടെ മറ്റനേകം നല്ല വശങ്ങളും മെച്ചപ്പെടുത്താൻ നിങ്ങൾക്ക് സ്കൂൾ ഗൈഡ് ബുക്കിലെ വ്യത്യസ്ത നിർദേശങ്ങൾ പിൻപറ്റാവുന്നതാണ്.
4 3-ഉം 4-ഉം നമ്പർ പ്രസംഗങ്ങൾ ന്യായവാദം പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ്. വയൽശുശ്രൂഷയിൽ ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്. നിയമിത സമയത്തിനുള്ളിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ, സഭയുടെ പ്രദേശത്ത് ഏറ്റവും യോജിക്കുന്നതു മാത്രം തിരഞ്ഞെടുക്കുക. നിങ്ങളുടെ പ്രദേശത്തിനു ചേർന്ന ഏതൊരു രംഗസംവിധാനവും ഉപയോഗിക്കാവുന്നതാണ്.
5 സ്കൂളിലെ നിങ്ങളുടെ ഏതൊരു നിയമനവും നിർവഹിക്കുന്നതിന് ന്യായമായ എല്ലാ ശ്രമവും ചെയ്യുക. സമയമെടുത്ത് നന്നായി തയ്യാറാകുകയും ഹൃദയത്തിൽനിന്ന് സംസാരിക്കുകയും ചെയ്യുക. നിങ്ങൾ സഭയ്ക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കും, 2001-ലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ മുഴുഹൃദയത്തോടെ പങ്കെടുക്കുന്നതു മുഖാന്തരം നിങ്ങൾ വ്യക്തിപരമായും പ്രയോജനം അനുഭവിക്കും.