2002-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ
1 സംസാര പ്രാപ്തിയെ തികച്ചും സ്വാഭാവികമായ ഒന്നായി കണക്കാക്കി പലരും അതിനെ കുറിച്ച് അത്ര വിലമതിപ്പോടെ ചിന്തിക്കാറില്ല. എന്നിരുന്നാലും, അത് യഹോവയിൽനിന്നുള്ള ഒരു ദാനമാണ്. മറ്റുള്ളവരുമായി ആശയവിനിമയം ചെയ്യാനും നമ്മുടെ ചിന്തകളും വികാരങ്ങളും പ്രകടിപ്പിക്കാനും അതിലൂടെ നമുക്കു കഴിയുന്നു. സർവോപരി, ആ പ്രാപ്തി ഉള്ളതിനാൽ നമുക്ക് ദൈവത്തെ സ്തുതിക്കാൻ കഴിയുന്നു.—സങ്കീ. 22:22; 1 കൊരി. 1:4-7.
2 യഹോവയുടെ നാമം ഘോഷിക്കുന്നതിന് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളും പരിശീലിപ്പിക്കപ്പെടുന്നു. (സങ്കീ. 148:12, 13) വ്യക്തിപരമായി നമുക്കു പ്രയോജനം ചെയ്യുന്നതും ശുശ്രൂഷയിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ വ്യത്യസ്തങ്ങളായ നിരവധി ബൈബിൾ വിഷയങ്ങൾ അടങ്ങുന്നതാണ് 2002-ലേക്കുള്ള സ്കൂൾ പരിപാടി. സ്കൂളിനുവേണ്ടി തയ്യാറാകുകയും അതിൽ പങ്കെടുക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പരിജ്ഞാനവും ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിലുള്ള വൈദഗ്ധ്യവും നമുക്കു വർധിപ്പിക്കാനാകും.—സങ്കീ. 45:1.
3 ദൈനംദിനം ബൈബിൾ വായിക്കുക: എപ്പോഴും ഒരു ബൈബിൾ സമീപത്ത് ഉണ്ടെങ്കിൽ, ഒഴിവുസമയം ലഭിക്കുമ്പോൾ അതു വായിക്കാൻ കഴിയും. ദിവസവും ഈ വിധത്തിൽ ഉപയോഗിക്കാൻ കഴിയുന്ന കുറെ സമയം നമ്മിൽ മിക്കവർക്കും ലഭിക്കാറുണ്ട്. ഓരോ ദിവസവും കുറഞ്ഞത് ഒരു പേജ് എങ്കിലും വായിക്കുന്നത് എത്ര പ്രയോജനകരമാണ്! സ്കൂൾ പട്ടികയിലെ ബൈബിൾ വായനാ പരിപാടി പിൻപറ്റുന്നതിന് അത്രയേ നാം ചെയ്യേണ്ടതുള്ളൂ.—സങ്കീ. 1:1-3.
4 ബൈബിൾ നന്നായി വായിക്കാനുള്ള പ്രാപ്തിക്ക് കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലാനും യഹോവയെ സ്തുതിക്കാൻ അവരെ പ്രേരിപ്പിക്കാനും നമ്മെ സഹായിക്കാനാകും. സ്കൂളിൽ രണ്ടാം നമ്പർ നിയമനം ലഭിക്കുന്ന സഹോദരന്മാർ നിയമിത ഭാഗം നിരവധി തവണ വായിച്ചു പരിശീലിക്കണം. സ്കൂൾ മേൽവിചാരകൻ അഭിനന്ദനങ്ങളും വായന മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും നൽകും.
5 ന്യായവാദം പുസ്തകം ഉപയോഗിക്കുക: മൂന്നും നാലും നിയമനങ്ങൾ ന്യായവാദം പുസ്തകത്തിൽനിന്ന് ആയിരിക്കും. വയൽ ശുശ്രൂഷയിൽ ഈ പ്രായോഗിക സഹായി കൂടുതലായി ഉപയോഗിക്കുന്ന കാര്യത്തിൽ നമ്മിൽ മിക്കവർക്കും ഏറെ ശ്രദ്ധാലുക്കളായിരിക്കാൻ കഴിയും. പ്രദേശത്ത് പ്രായോഗികമായ അവതരണങ്ങൾ വേണം സഹോദരിമാർ തിരഞ്ഞെടുക്കാൻ. അവർ എങ്ങനെ പഠിപ്പിക്കുന്നു, എങ്ങനെ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നു എന്നതിന് സ്കൂൾ മേൽവിചാരകൻ പ്രത്യേക ശ്രദ്ധ നൽകണം.
6 സുവാർത്ത ഘോഷിക്കാനും നമ്മുടെ മഹാദൈവമായ യഹോവയെ സ്തുതിക്കാനും നമ്മുടെ ദൈവദത്ത ദാനമായ സംസാര പ്രാപ്തി ഉപയോഗിക്കുന്നതിൽ തുടരാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമ്മെയെല്ലാം സഹായിക്കുമാറാകട്ടെ!—സങ്കീ. 34:1; എഫെ. 6:19.