ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു
1.ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ 1943 മുതൽ അതിന്റെ നല്ല കരുതലുകൾ പ്രയോജനപ്പെടുത്തിയവർക്ക് ഒരു യഥാർത്ഥ അനുഗ്രഹമാണെന്ന് തെളിഞ്ഞിരിക്കുന്നു. അതെ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ അതിന്റെ പിൻവരുന്ന രണ്ട് മുഖ്യ ലക്ഷ്യങ്ങൾ നിവർത്തിക്കുന്നതിൽ തുടരുന്നു: (1) ബൈബിൾ സത്യം സംസാരിക്കുന്നതിനുളള നമ്മുടെ കഴിവ് വർദ്ധിപ്പിക്കുന്നതിനും (2) ദൈവത്തിന്റെ വചനവും അതിന്റെ ഉപദേശങ്ങളും അതിന്റെ തത്വങ്ങളും നമുക്ക് കൂടുതൽ പരിചിതമായിത്തീരുന്നതിനും. ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിന്റെ പുരോഗമനപരമായ പരിശീലനത്തിൽനിന്നും ലഭിച്ച പ്രയോജനങ്ങൾക്ക് അനേകരും ആഴമായ വിലമതിപ്പ് പ്രകടമാക്കിയിട്ടുണ്ട്. സഹോദരൻമാരും സഹോദരിമാരും ‘സത്യത്തിന്റെ വചനം ശരിയായി കൈകാര്യം ചെയ്യാൻ’ സഹായിക്കപ്പെട്ടിട്ടുണ്ട്.—2 തിമൊ. 2:15.
പുരോഗതി കൈവരുത്തുക
2.പുതുതായി പേർചേർത്തവർക്കും അനേക വർഷങ്ങളായി സ്കൂളിൽ ഉണ്ടായിരുന്നവർക്കും തങ്ങളുടെ നിയമനങ്ങൾ ശ്രദ്ധാപൂർവം തയ്യാർ ചെയ്തുകൊണ്ട് ഏററവും വലിയ പ്രയോജനം നേടാൻ കഴിയും. ചിലർ തങ്ങളുടെ അവതരണം വായിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു. ഒരു സാക്ഷ്യം നൽകുന്നതിൽ കൂടുതൽ സമർത്ഥരായിത്തീരുന്നതിന് നല്ല വായനയും വാചാപ്രസംഗ രൂപേണ ആശയപ്രകടനം നടത്തുന്നതിനുളള കഴിവും ആവശ്യമാണ്.
3.ന്യായവാദം പുസ്തകം നമ്മുടെ വേലക്ക് ഒരു നല്ല മുതൽക്കൂട്ടാണെന്ന് തെളിഞ്ഞിരിക്കുന്നു, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, അതിന്റെ അനേക വശങ്ങൾ നന്നായി പരിചയപ്പെടുന്നതിനുളള ഒരു അതിവിശിഷ്ടമായ ചർച്ചാവേദിയുമാണ്. ഈ പ്രസിദ്ധീകരണം കൂടുതൽ കൂടുതൽ പരിചിതമാക്കുന്നതിനാൽ ആശയങ്ങൾ നമ്മുടെ സ്വന്തം വാക്കുകളിൽ പറയുന്നത് സാധ്യമായിത്തീരും. 1989-ൽ ന്യായവാദം പുസ്തകത്തിലെ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള വിദ്യാർത്ഥി പ്രസംഗങ്ങൾ മുഖാന്തരം നാം ഒരു പുരോഗമനപരമായ പരിചിന്തനത്തിൽനിന്ന് തുടർന്ന് പ്രയോജനം അനുഭവിക്കും.
1989-ലേക്കുളള നിർദ്ദേശങ്ങൾ
4.ഈ വർഷവും നിയമനം നമ്പർ 1, “എല്ലാതിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും. 15 മിനിട്ട് നീക്കിവെച്ചിരിക്കുമെങ്കിലും, ഒരു ചെറിയ ക്രമീകരണം ചെയ്തിട്ടുണ്ട്. പ്രസംഗത്തിന് 10-മുതൽ 12-വരെ മിനിട്ടും വാചാ പുനരവലോകനത്തിന് 3-മുതൽ 5-വരെ മിനിട്ടും ഉപയോഗിക്കാവുന്നതാണ്.
5.ബൈബിൾ വായനാഭാഗത്തു നിന്നുളള വിശേഷാശയങ്ങൾ തുടർന്നും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ഏററവും പ്രധാന ഇനങ്ങളിൽ ഒന്നായിരിക്കും. ഈ നിയമനം കൈകാര്യം ചെയ്യുന്ന സഹോദരൻമാർ, വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്ന് ഗ്രഹിക്കാൻ സദസിനെ സഹായിക്കണം. വീക്ഷാഗോപുര വിഷയസൂചികയിലെ തിരുവെഴുത്തു സൂചിക ഉപയോഗിക്കുന്നത് വളരെ സഹായകരമായിരിക്കാൻ കഴിയും. കൂടുതലായി, എബ്രായ തിരുവെഴുത്തിലെ പുസ്തകങ്ങളെ സംബന്ധിച്ച പ്രത്യേക ലേഖനങ്ങൾ തുടർന്നും വീക്ഷാഗോപുരത്തിൽ പ്രത്യക്ഷപ്പെടും, ഇവ ഉപയോഗിക്കാൻ കഴിയുന്ന പശ്ചാത്തല വിവരങ്ങളും മററു പ്രായോഗിക ആശയങ്ങളും പ്രദാനം ചെയ്യും. ബൈബിൾ വിശേഷാശയങ്ങളുടെ പ്രതിവാര അവതരണം ഉചിതമായി നിർവഹിക്കുന്നില്ലെങ്കിൽ സ്കൂൾമേൽവിചാരകൻ സ്വകാര്യ ബുദ്ധിയുപദേശം നൽകുന്നതായിരിക്കും.
എഴുത്തു പുനരവലോകനങ്ങൾ
6.എഴുത്തു പുനരവലോകനങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിൽ 1989 മുതൽ ഒരു മാററം ഉണ്ടായിരിക്കും. പുനരവലോകനങ്ങൾ ആണ്ടിൽ മൂന്നുപ്രാവശ്യം നടത്തപ്പെടും—സാധാരണയായി ഫെബ്രുവരിയിലും ജൂണിലും ഒക്ടോബറിലും. സൊസൈററി മേലാൽ അച്ചടിച്ച പുനരവലോകന കടലാസ് നൽകുന്നതല്ല, എന്നാൽ ഓരോ പ്രസാധകനും പങ്കെടുക്കുന്നതിന് സ്വന്തം കടലാസും പേനയും കൊണ്ടുവരണം. കഴിഞ്ഞ കാലത്തെപ്പോലെ, സൊസൈററി തയ്യാർ ചെയ്ത ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ സഹിതം നൽകുന്നതായിരിക്കും. എഴുത്തു പുനരവലോകനങ്ങളിൽ നിയമനം നമ്പർ 1-ലും ബൈബിൾ വിശേഷാശയങ്ങളിലും ഉൾക്കൊണ്ടിരുന്ന വിവരങ്ങൾക്ക് സവിശേഷ ശ്രദ്ധ കൊടുക്കുന്നതായിരിക്കും.
ബൈബിൾ വായന
7.നാം നിയമിത ബൈബിൾ വായനയിൽനിന്ന് വ്യക്തിപരമായ പ്രയോജനം അനുഭവിക്കുന്നുണ്ടോ? നാം വായിക്കുമ്പോൾ, വിലമതിപ്പ് കെട്ടുപണിചെയ്യുന്നതൊ നമ്മുടെ വ്യക്തിപരവും കുടുംബപരവുമായ ജീവിതത്തിൽ ആവശ്യമായ ഗുണങ്ങളെ ബലപ്പെടുത്തുന്നതൊ അല്ലെങ്കിൽ സംഭവവിവരണത്തിലെ ദൃഷ്ടാന്തങ്ങൾ പകർത്താൻ നമുക്ക് സഹായകരമായതൊ ആയ തിരുവെഴുത്തുകൾക്കുവേണ്ടി നമുക്ക് നോക്കാം. സൊസൈററിയുടെ ബൈബിൾ ടേപ്പുകൾ ശ്രദ്ധിക്കുമ്പോൾ നമ്മുടെ പ്രതിവാര ബൈബിൾ വായന നിർവഹിക്കാൻ നാം ശ്രമിച്ചിട്ടുണ്ടോ? അപ്രകാരം കാഴ്ചയുടെയും കേൾവിയുടെയും ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് വിഷയം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യം വളരെയധികം വർദ്ധിപ്പിക്കാൻ കഴിയും. പ്രസംഗം നമ്പർ 2 തയ്യാർ ചെയ്യുന്നതിന് നിയമിക്കപ്പെടുന്ന സഹോദരൻമാർക്ക് ഈ ടേപ്പുകൾ പ്രദാനം ചെയ്യുന്ന അതി വിശിഷ്ട സഹായം നമുക്ക് അവഗണിക്കാതിരിക്കാം. ശരിയായ ഉച്ചാരണത്തിനും ശബ്ദവ്യതിയാനങ്ങൾക്കും അർത്ഥം ഊന്നലിനും ഉച്ചനീചത്വത്തിനും ശ്രദ്ധ നൽകിക്കൊണ്ട് അവർക്ക് തങ്ങളുടെ വായന കൂടുതൽ ജീവനുളളതും അർത്ഥവത്തും ആക്കാൻ കഴിയും.
8.യഹോവ നമ്മുടെ ജീവൽപ്രധാനമായ പ്രസംഗവേലയെ സഹായിക്കുന്നതിന് സമൃദ്ധമായ ആത്മീയ കരുതൽ ചെയ്തിരിക്കുന്നു. സങ്കീർത്തനം 19:14-ൽ ദാവീദ് തന്റെ പ്രാർത്ഥനാപൂർവകമായ ആഗ്രഹം പ്രകടമാക്കിയിരിക്കുന്നു: “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ എന്റെ വായിലെ സംസാരവും എന്റെ ഹൃദയത്തിലെ ധ്യാനവും നിന്റെ മുമ്പാകെ ആനന്ദപ്രദമായിത്തീരട്ടെ.” ദാവീദിന്റെ സംഗതിയിലെന്നപോലെ നമ്മുടെ ഹൃദയത്തിൽ യഹോവയോടും അവന്റെ പുത്രനോടുമുളള സ്നേഹം വർദ്ധിക്കുന്നെങ്കിൽ 1989-ൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന് നമ്മുടെ വായുടെ സംസാരത്തെ യഹോവക്ക് കൂടുതൽ ആനന്ദപ്രദമാക്കാൻ നമ്മെ സഹായിക്കാൻ കഴിയും. ഇപ്പോൾ നമുക്ക് നമ്മുടെ കാരുണ്യവാനായ സ്വർഗ്ഗീയ പിതാവിന്റെ സ്നേഹപൂർവകമായ ഈ കരുതലിൽ നിന്ന് പൂർണ്ണപ്രയോജനം നേടാൻ തീരുമാനം ചെയ്യാം.