എഴുത്തുപുനരവലോകനത്തിനുവേണ്ടി ഒരുങ്ങുക
1 ആയിരത്തിത്തൊളളായിരത്തി എൺപത്തൊൻപത് ജനുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷയിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ എഴുത്തുപുനരവലോകനങ്ങൾക്കുളള പുതിയ ക്രമീകരണം വിശദീകരിച്ചിരുന്നു. ഈ പുനരവലോകനങ്ങൾ ആണ്ടിൽ മൂന്നുപ്രാവശ്യം നടത്തപ്പെടും—ഫെബ്രുവരി, ജൂൺ, ഒക്ടോബർ എന്നീ മാസങ്ങളുടെ അവസാനങ്ങളിൽ. വ്യക്തിപരമായ പ്രയത്നം കുറച്ചു കൂടെ ആവശ്യമാക്കിത്തീർക്കുമെങ്കിലും പങ്കുകൊളളുന്നവർ വർദ്ധിച്ച പ്രയോജനങ്ങൾ കൊയ്യും. മുൻ ലേഖനം പ്രതിപാദിച്ചതുപോലെ ഉത്തരം എഴുതുന്നതിനുളള സ്ഥലത്തോടുകൂടിയ ഒരു അച്ചടിച്ച പുനരവലോകന കടലാസ് മേലാൽ പ്രദാനം ചെയ്യുകയില്ല. എന്നിരുന്നാലും രാജ്യശുശ്രൂഷയുടെ മെയ്, സെപ്ററമ്പർ, ജനുവരി എന്നീ ലക്കങ്ങളോടുകൂടി അച്ചടിച്ച ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഈ ഷീററുകൾ നേരത്തെ ലഭിക്കുന്നതുകൊണ്ട് ഓരോരുത്തർക്കും പൂർണ്ണമായി തയ്യാറാകുന്നതിന് പ്രത്യേക വിവരങ്ങൾ ഗവേഷണം ചെയ്യുന്നതിനുളള അവസരമുണ്ടായിരിക്കും.
2 നിങ്ങൾ ഈ ചോദ്യക്കടലാസ് എഴുത്തുപുനരവലോകനത്തിന് ഉപയോഗിക്കുന്നതിനാൽ അച്ചടിച്ച ചോദ്യങ്ങൾക്കാധാരമായി പരാമർശിച്ചിരിക്കുന്ന വിവരങ്ങൾ നോക്കുമ്പോൾ ചോദ്യക്കടലാസിൽ അടയാളപ്പെടുത്തുകയൊ എഴുതുകയൊ ചെയ്യരുത്. എഴുത്തുപുനരവലോകനത്തിൽ ബൈബിൾ മാത്രമേ പരിശോധിക്കാവൂ എന്ന കാര്യം ഓർക്കുക. ആ സമയത്ത് നിങ്ങളുടെ വ്യക്തിപരമായ കുറിപ്പുകളൊ മററു സംശോധകങ്ങളൊ ഉപയോഗിക്കരുത്.
3 എഴുത്തുപുനരവലോകനത്തിന് അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങളുടെ സ്വന്തം വാചകത്തിലുളള അഭിപ്രായമാവശ്യമായിരിക്കുന്ന ചോദ്യങ്ങൾക്കുളള നിങ്ങളുടെ ഉത്തരങ്ങൾ എഴുതുന്നതിന് നിങ്ങൾ വേറൊരു കടലാസ് കൊണ്ടുവരേണ്ടതാവശ്യമാണ്. കൃത്യമായ വിവരങ്ങൾ നൽകുന്നതിനും ഹ്രസ്വമായിരിക്കുന്നതിനും ശ്രമിക്കുക. നിങ്ങൾ നേരത്തെ തയ്യാറാകുമെന്നുളളതിനാൽ ഇത് വളരെ പ്രയാസകരമായിരിക്കയില്ല. സ്കൂൾ മേൽവിചാരകൻ ഉത്തരങ്ങൾ പറയുമ്പോൾ നിങ്ങൾ എഴുതിയ വിവരം ശരിയാണോ എന്ന് അറിയും.
4 ഓരോരുത്തരും ഓരോ വാരത്തെയും ദിവ്യാധിപത്യസ്കൂളിനുവേണ്ടി നന്നായി തയ്യാറാവണം. യോഗ സമയത്ത് സൂക്ഷ്മശ്രദ്ധ കൊടുക്കുകയും പ്ലാററ്ഫോറത്തിൽനിന്ന് വിവരങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ മുഖ്യ ആശയങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുക. സ്കൂൾമേൽവിചാരകൻ അടുത്ത എഴുത്തുപുനരവലോകനത്തിൽ പരിചിന്തിക്കപ്പെടാനുളള എല്ലാ ആശയങ്ങളും വ്യക്തമായി പ്രസ്താവിച്ചോ എന്ന് നിശ്ചയപ്പെടുത്തിയിരിക്കണം.
5 ഈ പുതിയ ക്രമീകരണം എല്ലാവർക്കും ഹാജരാകുന്നതിനും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ ഈ വശത്ത് പങ്കുപററുന്നതിനും കൂടുതലായ പ്രചോദനം നൽകും. ഉൾപ്പെട്ടിരിക്കുന്ന കൂടുതലായ ഗവേഷണം മുഖ്യ ആശയങ്ങൾ നമ്മുടെ മനസ്സുകളിൽ സ്ഥാപിക്കുന്നതിന് സഹായിക്കും. ഈ പുതിയ ക്രമീകരണത്തോടെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിന്റെ ഉദ്ദേശ്യം കൂടുതൽ പൂർണ്ണമായി നിറവേറും. ഇത് ശുശ്രൂഷാവേലക്കുവേണ്ടി മെച്ചമായി സജ്ജീകൃതരായിത്തീരുന്നതിൽ പ്രതിഫലിക്കണം.