നമ്മുടെ ലഘുപത്രികകൾ പഠിക്കൽ
നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1998 ഫെബ്രുവരി ലക്കത്തിൽ അറിയിച്ചിരുന്നതുപോലെ, 1998 മേയ് 4 മുതൽ സെപ്റ്റംബർ 14 വരെയുള്ള വാരങ്ങളിൽ നമ്മുടെ സഭാപുസ്തകാധ്യയനങ്ങളിൽ മൂന്നു ലഘുപത്രികകൾ തുടർച്ചയായി പരിചിന്തിക്കുന്നതായിരിക്കും. സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്നീ ലഘുപത്രികകൾ നാം വേഗത്തിൽ പരിചിന്തിക്കുന്നതായിരിക്കുമെന്ന് ഓരോ മാസത്തെയും നമ്മുടെ രാജ്യ ശുശ്രൂഷയിൽ വരുന്ന പട്ടികയിൽനിന്നു മനസ്സിലാക്കാം. അതിനർഥം, പെട്ടെന്ന് ഉത്തരം പറയാൻ കഴിയത്തക്കവണ്ണം സംബന്ധിക്കുന്നവരും അധ്യയനനിർവാഹകനും നന്നായി തയ്യാറാകണമെന്നാണ്. സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയിൽ അച്ചടിച്ച ചോദ്യങ്ങൾ ഇല്ലാത്തതിനാൽ ഖണ്ഡികയിലെ മുഖ്യാശയങ്ങൾ വ്യക്തമാകത്തക്ക വിധത്തിൽ ഓരോ അധ്യയനനിർവാഹകനും സ്വന്തമായി ചോദ്യങ്ങൾ തയ്യാറാക്കണം. പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഖണ്ഡികകളും വായിക്കാൻ കഴിഞ്ഞെന്നു വരില്ല. എങ്കിലും പ്രധാനപ്പെട്ട ഖണ്ഡികകൾ വായിക്കുന്നുവെന്ന് അധ്യയനനിർവാഹകൻ ഉറപ്പു വരുത്തേണ്ടതുണ്ട്. സത്വര പരിചിന്തനം ലഘുപത്രികകളുടെ ആകമാന വിഷയവുമായി പരിചിതരാകാൻ നമ്മെ സഹായിക്കുന്നു. അങ്ങനെ, ഭാവിയിൽ ഒരു പ്രത്യേക ആശയത്തിനു വേണ്ടി ഗവേഷണം നടത്തുമ്പോൾ അത് എവിടെ തിരയണമെന്നു നമുക്കു നിശ്ചയമുണ്ടായിരിക്കും.
നേരേമറിച്ച്, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയുടെ മൂന്നു പാഠങ്ങൾ മാത്രമേ ഓരോ അധ്യയനത്തിനുമായി പട്ടികപ്പെടുത്തിയിട്ടുള്ളൂ. എല്ലാ ഖണ്ഡികകളും വായിക്കുന്നതിനും മിക്കവാറും എല്ലാ പരാമർശിത തിരുവെഴുത്തുകളും വായിച്ചു ചർച്ചചെയ്യുന്നതിനും അതുപോലെ സുചിന്തിതമായ ഉത്തരങ്ങൾ പറയുന്നതിനും വേണ്ടത്ര സമയമുണ്ടായിരിക്കേണ്ടതിനാണ് അങ്ങനെ ക്രമീകരിച്ചിരിക്കുന്നത്. ഇതിനും എല്ലാവരും നന്നായി തയ്യാറാകേണ്ടത് ആവശ്യമാണ്. ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കാൻ മിക്കപ്പോഴും നാം ഉപയോഗിക്കുന്ന ലഘുപത്രിക ഇതാണ്. അതിനാൽ, ഈ ലഘുപത്രിക ഉപയോഗിച്ച് അൽപ്പമാത്രമായ ബൈബിൾ പരിജ്ഞാനമുള്ള അല്ലെങ്കിൽ ഒട്ടുംതന്നെയില്ലാത്ത വ്യക്തികളെ എങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്നും അനാവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്താതെ തിരുവെഴുത്താശയങ്ങളെക്കുറിച്ച് എങ്ങനെ ന്യായവാദം ചെയ്യാമെന്നും യഹോവയുടെ നിലവാരങ്ങളോടുള്ള ഹൃദയംഗമമായ വിലമതിപ്പ് പുതിയവരിൽ വളർത്തിയെടുക്കാൻ എങ്ങനെ കഴിയുമെന്നും അധ്യയനനിർവാഹകൻ വ്യക്തമാക്കണം. 16-ാം പാഠം പഠിച്ചശേഷം മുഴുലഘുപത്രികയും പുനരവലോകനം ചെയ്യുമ്പോൾ, അധ്യയനനിർവാഹകനു ബൈബിളധ്യയന വേലയിൽ ഉപയോഗിക്കാവുന്ന പഠിപ്പിക്കൽ ആശയങ്ങൾ പ്രത്യേകിച്ചും പുനരവലോകനം ചെയ്യാൻ സാധിക്കും. അത്തരമൊരു പരിചിന്തനം ദൈവവചനം പഠിപ്പിക്കുന്നവരെന്ന നിലയിലുള്ള നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നതെല്ലാം ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ബലിഷ്ഠമാക്കുകയും ചെയ്യും.—സങ്കീ. 143:10; യെശ. 50:4.