നിങ്ങളുടെ ശുശ്രൂഷയിൽ ഫലപ്രദർ ആയിരിക്കുക
1 ആകാശം ഇരുളുന്നു, പേടിപ്പെടുത്തുന്ന ഒരു ശബ്ദം വർധിച്ചു വർധിച്ച് കാതടപ്പിക്കുന്ന ഒരു ഗർജനം ആയിത്തീരുന്നു. പുകസമാന മേഘം താഴ്ന്നുവരുന്നു. എന്താണത്? ദേശത്തിനു സമ്പൂർണ ശൂന്യത വരുത്താൻ ദശലക്ഷക്കണക്കിനു വെട്ടുക്കിളികളുടെ ഒരു സൈന്യം വരുകയാണ്! യോവേൽ പ്രവാചകൻ വിവരിക്കുന്ന ആ രംഗത്തിന് ഇന്ന് അഭിഷിക്ത ദൈവദാസന്മാരുടെയും അവരുടെ സഹകാരികളായ മഹാപുരുഷാരത്തിന്റെയും പ്രസംഗ വേലയിൽ ഒരു നിവൃത്തിയുണ്ട്.
2 1998 മേയ് 1 ലക്കം വീക്ഷാഗോപുരം അതിന്റെ 11-ാം പേജിലെ 19-ാം ഖണ്ഡികയിൽ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദൈവത്തിന്റെ ആധുനികകാല വെട്ടുക്കിളി സൈന്യം ക്രൈസ്തവലോകമാകുന്ന ‘പട്ടണത്തിൽ’ സമ്പൂർണ സാക്ഷ്യം കൊടുത്തിരിക്കുന്നു. (യോവേൽ 2:9) . . . ഇപ്പോഴും അനേകം പ്രതിബന്ധങ്ങൾ തരണം ചെയ്തുകൊണ്ട് യഹോവയുടെ സന്ദേശം പ്രഖ്യാപിക്കവേ അവർ കോടിക്കണക്കിനു ഭവനങ്ങൾ സന്ദർശിക്കുകയും തെരുവിലുള്ള ആളുകളെ സമീപിക്കുകയും ഫോണിലൂടെ ആളുകളോടു സംസാരിക്കുകയും സാധ്യമായ മറ്റു വിധങ്ങളിൽ അവരുമായി ബന്ധപ്പെടുകയും ചെയ്യുന്നു.” ഈ ദൈവനിയുക്ത വേലയിൽ പങ്കുണ്ടായിരിക്കുക എന്നത് ഒരു പദവിയല്ലേ?
3 അക്ഷരീയ വെട്ടുക്കിളികളുടെ ഏക ലക്ഷ്യം തീറ്റ മാത്രമാണ്. അതിൽനിന്നു വ്യത്യസ്തമായി, യഹോവയുടെ ദാസന്മാർ തങ്ങൾ പ്രസംഗിക്കുന്ന ആളുകളുടെ ജീവിതത്തിൽ താത്പര്യം കാണിക്കുന്നു. ദൈവവചനത്തിലെ മഹത്തായ സത്യങ്ങൾ പഠിക്കാനും നിത്യ രക്ഷയിലേക്കു നയിക്കുന്ന പടികൾ സ്വീകരിക്കാൻ പ്രചോദിതരാകാനും മറ്റുള്ളവരെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നു. (യോഹ. 17:3; 1 തിമൊ. 4:16) അതുകൊണ്ട്, ഫലപ്രദമായ വിധത്തിൽ ശുശ്രൂഷ നിർവഹിക്കുക എന്നതാണ് നമ്മുടെ ആഗ്രഹം. പ്രസംഗിക്കാൻ നാം ഏതു മാർഗം അവലംബിച്ചാലും, മികച്ച ഫലങ്ങൾ കൈവരുത്തുന്ന രീതിയിലും സമയത്തും ആണോ നാം അതു ചെയ്യുന്നത് എന്നു പരിചിന്തിക്കണം. “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കു”ന്നതിനാൽ, കഴിയുന്നത്ര ഫലപ്രദർ ആയിരിക്കുകയെന്ന വെല്ലുവിളി നേരിടുന്നു എന്ന് ഉറപ്പാക്കാൻ നാം നമ്മുടെ രീതികളും സമീപനവും വിശകലനം ചെയ്യുന്നത് നല്ലതാണ്.—1 കൊരി. 7:31, NW.
4 അനേകം വിധങ്ങളിൽ ആളുകളുമായി സമ്പർക്കം പുലർത്താൻ നാം ശ്രമിച്ചാലും, നമ്മുടെ ശുശ്രൂഷയുടെ മുഖ്യ വശം വീടുതോറുമുള്ള പ്രവർത്തനം തന്നെയാണ്. നിങ്ങൾ സന്ദർശിക്കുന്ന മിക്ക സമയത്തും ആളുകൾ വീട്ടിൽ ഇല്ലാതിരിക്കുന്നുവോ, അതോ അപ്പോൾ അവർ ഉറങ്ങുകയാണോ? അവരുമായി സുവാർത്താ ദൂത് പങ്കുവെക്കാൻ കഴിയാതിരിക്കുന്നത് എത്രയോ നിരാശകരമാണ്! നിങ്ങൾക്ക് ഈ വെല്ലുവിളി എങ്ങനെ നേരിടാൻ കഴിയും?
5 വഴക്കവും ന്യായബോധവും ഉള്ളവർ ആയിരിക്കുക: ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിൽ ആളുകൾ രാത്രിയിലാണു മത്സ്യബന്ധനം നടത്തിയിരുന്നത്. എന്തുകൊണ്ട് രാത്രിയിൽ? അവർക്ക് ഏറ്റവും സൗകര്യപ്രദമായ സമയം അല്ലായിരുന്നു അതെങ്കിലും ഏറ്റവുമധികം മീൻ പിടിക്കാൻ കഴിയുന്നത് അപ്പോഴായിരുന്നു. അതേ, ഏറ്റവും ഫലം കിട്ടുന്ന സമയം അതായിരുന്നു. ഈ രീതിയെക്കുറിച്ച് 1992 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പ്രസ്താവിച്ചു: ‘ഭൂരിപക്ഷം ആളുകൾ വീട്ടിലുള്ളപ്പോഴും സ്വീകാര്യക്ഷമത ഉള്ളവരായിരിക്കുമ്പോഴും മീൻപിടിത്തത്തിനു പോകത്തക്കവണ്ണം നമ്മുടെ പ്രദേശത്തെക്കുറിച്ചു നാമും പഠിക്കേണ്ടതാണ്.’ നഗരപ്രാന്തങ്ങളിലെ പല സമുദായങ്ങളിൽ അല്ലെങ്കിൽ പാർപ്പിട മേഖലകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും പ്രഭാത സമയങ്ങളിൽ സന്ദർശനം നടത്തുമ്പോൾ ആളുകൾ വീടുകളിൽ ഉണ്ടെങ്കിലും, നാം ആ സമയത്ത് സന്ദർശിക്കുന്നതിൽ അവർക്ക് താത്പര്യം ഇല്ലാത്തതായി കാണുന്നുവെന്ന് സാമൂഹിക പ്രവണതകൾ സംബന്ധിച്ച നിരീക്ഷണം വെളിപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് അതു സത്യമാണെങ്കിൽ, രാവിലെ കുറെ സമയം കഴിഞ്ഞോ ഉച്ചതിരിഞ്ഞോ സന്ദർശിക്കാൻ ക്രമീകരിച്ചുകൂടേ? നമ്മുടെ ശുശ്രൂഷയുടെ ഫലപ്രദത്വം വർധിപ്പിക്കാനും അയൽക്കാരോടു പരിഗണന കാണിക്കാനും കഴിയുന്ന ഒരു നല്ല വിധമാണ് അത്. അപ്പോൾ അത് യഥാർഥ ക്രിസ്തീയ സ്നേഹത്തിന്റെ തെളിവായിരിക്കും.—മത്താ. 7:12.
6 നാം ‘നമ്മുടെ ന്യായബോധം സകല മനുഷ്യർക്കും അറിവുള്ളതായിത്തീരാൻ’ അനുവദിക്കണമെന്ന് പൗലൊസ് അപ്പൊസ്തലൻ ഫിലിപ്പിയർ 4:5-ൽ [NW] നമ്മെ ഓർമിപ്പിക്കുന്നു. ഈ നിശ്വസ്ത മാർഗനിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ട് ഉത്സാഹത്തോടും തീക്ഷ്ണതയോടും കൂടി പ്രസംഗ നിയമനം നിർവഹിക്കവേ, നാം അവലംബിക്കുന്ന രീതികളിൽ സമനിലയും ന്യായബോധവും പ്രകടമാക്കാൻ നാം ആഗ്രഹിക്കുന്നു. ‘പരസ്യമായും വീടുതോറും ഉപദേശിക്കുന്നത് നിർത്താ’നല്ല മറിച്ച്, ന്യായയുക്തവും ഫലപ്രദവുമായ സമയത്ത് വീടുതോറുമുള്ള ശുശ്രൂഷ നിർവഹിക്കാനാണ് നാം ആഗ്രഹിക്കുന്നത്. (പ്രവൃ. 20:20, 21) ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിൽ ഉണ്ടായിരുന്ന മീൻപിടിത്തക്കാരെ പോലെ, ഏറ്റവും ഫലം കിട്ടുന്ന സമയത്ത് ‘മത്സ്യബന്ധനം’ നടത്താനാണ് നമുക്കു താത്പര്യം, അല്ലാതെ ഏറ്റവും സൗകര്യപ്രദമായ സമയത്തു നടത്താനല്ല.
7 എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്താൻ സാധിക്കും? മിക്കപ്പോഴും ശനിയാഴ്ചയും ഞായറാഴ്ചയും വയൽസേവന യോഗങ്ങൾ നടത്തുന്നത് രാവിലെ 9:00-നോ 9:30-നോ ആണ്. തുടർന്ന്, തങ്ങളുടെ പ്രദേശത്ത് വീടുതോറുമുള്ള വേലയ്ക്കായി കൂട്ടം ഉടൻതന്നെ പുറപ്പെടുന്നു. എന്നിരുന്നാലും പാർപ്പിട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിന് മുമ്പ്, തെരുവു സാക്ഷീകരണം, ബിസിനസ് മേഖലകളിൽ പ്രവർത്തിക്കൽ, മടക്കസന്ദർശനങ്ങൾ നടത്തൽ എന്നിവ പോലുള്ള ശുശ്രൂഷയുടെ മറ്റു മണ്ഡലങ്ങളിൽ തങ്ങളുടെ കൂട്ടം പ്രവർത്തിക്കാൻ മൂപ്പന്മാരുടെ ചില സംഘങ്ങൾ ക്രമീകരണം ചെയ്തിട്ടുണ്ട്. രാവിലെ കുറെക്കൂടി സമയം കഴിയുമ്പോൾ—10:00-ന്, 11:00-ന് അല്ലെങ്കിൽ 12:00-ന്—ആണ് മറ്റു ചില സഭകൾ വയൽസേവന യോഗങ്ങൾ നടത്തുന്നത്. അതേത്തുടർന്ന്, നേരിട്ടു വീടുതോറുമുള്ള വേലയ്ക്ക് പുറപ്പെടുന്ന ആ കൂട്ടം ഉച്ചകഴിഞ്ഞ് കുറേ സമയം കൂടി സേവനത്തിൽ തുടരുന്നു. ചില പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് ഉടനേതന്നെ വയൽസേവനത്തിന് കൂടിവരുന്നതാണ് ഏറ്റവും ഉചിതം. അത്തരം പൊരുത്തപ്പെടുത്തലുകൾ വീടുതോറുമുള്ള വേലയിൽ കൂടുതൽ ഫലം കൈവരിക്കാൻ സഹായിക്കുന്നു.
8 വിവേചനയും നയവും പ്രകടമാക്കുക: വീടുകളിൽ ചെല്ലുമ്പോൾ ആളുകൾ നമ്മുടെ സന്ദേശത്തോട് പല വിധങ്ങളിലാണു പ്രതികരിക്കുന്നത്. ചില വീട്ടുകാർ സ്വീകാര്യക്ഷമത ഉള്ളവരാണ്, മറ്റു ചിലർ നിസ്സംഗത കാണിക്കുന്നു, ഇനിയും വേറെ ചിലർ തർക്കിക്കുകയോ എതിർപ്പു പ്രകടിപ്പിക്കുകയോ ചെയ്യുന്നു. ഒടുവിൽ പറഞ്ഞവരുടെ കാര്യത്തിൽ, “സത്യത്തോട് ആദരവ് കാണിക്കാത്ത ആളുകളോട് ‘തർക്കിച്ച് ജയിക്കുന്നതിന്’” ശ്രമിക്കരുതെന്ന് തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യൽ പുസ്തകം അതിന്റെ 7-ാം പേജിൽ നമ്മെ ഓർമിപ്പിക്കുന്നു. വീട്ടുകാരൻ ശത്രുതാ മനോഭാവം കാണിക്കുന്നെങ്കിൽ, അവിടെനിന്നു പോരുന്നതാണ് ഏറ്റവും ഉചിതം. നമ്മോടു സംസാരിക്കാനോ നമ്മുടെ ആശയഗതി സ്വീകരിക്കാനോ ആളുകളെ നിർബന്ധിക്കുകവഴി നാം ഒരിക്കലും അവരുടെ എതിർപ്പ് വരുത്തിവെക്കരുത്. നാം ആളുകളുടെമേൽ നമ്മുടെ സന്ദേശം അടിച്ചേൽപ്പിക്കുന്നില്ല. അതു ന്യായയുക്തമല്ല എന്നു മാത്രമല്ല, മറ്റു സാക്ഷികൾക്കും പൊതുവേ നമ്മുടെ വേലയ്ക്കു തന്നെയും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
9 ഒരു പ്രദേശത്തു പ്രവർത്തനം തുടങ്ങുന്നതിനു മുമ്പ്, നമ്മോടു ചെല്ലരുതെന്നു പറഞ്ഞിരിക്കുന്ന ഭവനങ്ങളുടെ വിലാസങ്ങൾ അറിയാൻ പ്രദേശ രേഖാ കാർഡ് പരിശോധിക്കുന്നതു ജ്ഞാനമാണ്. അത്തരം ഭവനങ്ങൾ ഉണ്ടെങ്കിൽ, പ്രസ്തുത പ്രദേശത്തു പ്രവർത്തിക്കുന്ന പ്രസാധകനോട് അവിടെ പോകരുതെന്നു പറയണം. സേവന മേൽവിചാരകന്റെ നിർദേശം കൂടാതെ ആരും അവിടെ സന്ദർശിക്കരുത്.—നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1994 ജനുവരി ലക്കത്തിലെ ചോദ്യപ്പെട്ടി കാണുക.
10 വീടുതോറും പ്രവർത്തിക്കുമ്പോൾ വിവേചന പ്രകടമാക്കുകവഴി നമുക്ക് ഫലപ്രദത്വം വർധിപ്പിക്കാൻ സാധിക്കും. നിങ്ങൾ ഒരു വീടിനോടു സമീപിക്കുമ്പോൾ നല്ലവണ്ണം നിരീക്ഷണം നടത്തുക. ജാലക വാതിലുകൾ അടച്ചിരിക്കുകയോ കർട്ടനുകൾ താഴ്ത്തി ഇട്ടിരിക്കുകയോ ആണോ? ആളുകൾ ഉള്ളതിന്റെ ശബ്ദം കേൾക്കാൻ കഴിയുന്നില്ലേ? എങ്കിൽ, വീട്ടുകാർ ഉറങ്ങുകയായിരിക്കാം. കുറെ കഴിഞ്ഞ് വരുകയാണെങ്കിൽ വീട്ടുകാരനുമായി നല്ല ഒരു ചർച്ചയിൽ ഏർപ്പെടുന്നതിന് ഒരുപക്ഷേ നമുക്കു കഴിഞ്ഞേക്കാം. ചിലപ്പോൾ ആ സമയത്ത് അവിടെ പോകാതിരിക്കുന്നത് ആയിരിക്കാം ഉചിതം. എങ്കിലും വീട്ടുനമ്പർ കുറിച്ചിടുക. പ്രദേശം വിട്ടുപോകുന്നതിന് മുമ്പു നിങ്ങൾക്ക് അവിടെ ഒന്നു കൂടി സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ പിന്നീട് സന്ദർശിക്കാൻ കഴിയത്തക്കവണ്ണം ഒരു കുറിപ്പ് എഴുതിവെക്കുക.
11 അങ്ങനെയൊക്കെ ചെയ്താലും, നാം മനഃപൂർവം അല്ലാതെതന്നെ ഒരാളെ ഉണർത്തുകയോ മറ്റു വിധങ്ങളിൽ അയാൾക്ക് ശല്യം ആയിത്തീരുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. അദ്ദേഹം അസ്വസ്ഥനോ കോപിഷ്ഠനോ ആയി കാണപ്പെട്ടേക്കാം. നാം എങ്ങനെ പ്രതികരിക്കണം? സദൃശവാക്യങ്ങൾ 17:27 [NW] ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “വിവേകമുള്ള മനുഷ്യൻ ശാന്തനാകുന്നു.” ശുശ്രൂഷയെ പ്രതി നാം അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നില്ല. എങ്കിലും, അദ്ദേഹത്തിനു സൗകര്യപ്രദമല്ലാത്ത ഒരു സമയത്ത് സന്ദർശിച്ചതിൽ നമുക്കു ഖേദം പ്രകടിപ്പിക്കാൻ സാധിക്കും. മറ്റൊരു സമയത്ത് മടങ്ങിവരുന്നതാണോ കൂടുതൽ ഉചിതമെന്ന് നമുക്കു സാദരം ചോദിക്കാവുന്നതാണ്. ശാന്ത സ്വരത്തിൽ ആത്മാർഥമായ വ്യക്തിഗത താത്പര്യം പ്രകടമാക്കുമ്പോൾ ആ വ്യക്തി തണുത്തേക്കാം. (സദൃ. 15:1) തനിക്ക് രാത്രിയിലെ ഷിഫ്റ്റ് ജോലിയാണ് ഉള്ളതെന്ന് ഒരു വീട്ടുകാരൻ അറിയിക്കുന്ന പക്ഷം, ഭാവിയിൽ ഉചിതമായ സമയത്ത് മാത്രം അവിടെ സന്ദർശിക്കാൻ കഴിയേണ്ടതിന് പ്രദേശ കാർഡിൽ ഒരു കുറിപ്പ് ഉൾപ്പെടുത്താവുന്നതാണ്.
12 നമ്മുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചു തീർക്കാൻ ശ്രമിക്കുമ്പോൾ വിവേചനയും ഉചിതമാണ്. പ്രഥമ സന്ദർശനത്തിൽ പലരും വീട്ടിൽ കാണാത്തതിനാൽ, അവരുടെ പക്കൽ രക്ഷാസന്ദേശം എത്തിക്കുന്നതിന് അവരുമായി ബന്ധപ്പെടാൻ നാം കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. (റോമ. 10:13) ആളുകൾ വീട്ടിലുണ്ടോ എന്ന് അറിയാൻ ചിലപ്പോൾ പ്രസാധകർ ഒരു വീട്ടിൽത്തന്നെ ദിവസം പല പ്രാവശ്യം സന്ദർശിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത് അയൽക്കാരുടെ ശ്രദ്ധയിൽ പെടാതിരിക്കില്ല. യഹോവയുടെ സാക്ഷികൾ തങ്ങളുടെ പ്രദേശത്ത് ‘എന്നും വരുന്നു’ എന്ന മോശമായ ഒരു അഭിപ്രായം അവർ പറയാൻ അതു കാരണമായേക്കാം. ഇത് എങ്ങനെ ഒഴിവാക്കാൻ സാധിക്കും?
13 വിവേചന ഉപയോഗിക്കുക. ആളില്ലാ ഭവനത്തിൽ വീണ്ടും സന്ദർശിക്കുമ്പോൾ, ആരെങ്കിലും അവിടെ ഉള്ളതിന്റെ സൂചനകൾ ഉണ്ടോ? കത്തുകളും മാസികകളും മറ്റും വീട്ടിലെ എഴുത്തുപെട്ടിയിൽ തള്ളിനിൽക്കുകയോ തിണ്ണയിൽ കിടക്കുകയോ ആണെങ്കിൽ, വീട്ടിൽ ആരുമില്ല എന്നതിന്റെ സൂചന ആയിരിക്കാം അത്. അതിനാൽ ആ സമയത്ത് അവിടെ വീണ്ടും ചെല്ലുന്നതുകൊണ്ട് പ്രയോജനം ഉണ്ടാകില്ല. വൈകുന്നേരം പോലെ, ദിവസത്തിന്റെ മറ്റു സമയങ്ങളിൽ ഏതാനും പ്രാവശ്യം ശ്രമിച്ചിട്ടും വ്യക്തിയെ കാണാൻ സാധിക്കുന്നില്ലെങ്കിൽ ഒരുപക്ഷേ ടെലഫോണിലൂടെ വീട്ടുകാരനുമായി ബന്ധപ്പെടാൻ കഴിഞ്ഞേക്കും. അതുമല്ലെങ്കിൽ, ഒരു ലഘുലേഖയോ നോട്ടീസോ വിവേചനാപൂർവം വാതിൽക്കൽ ഇടാവുന്നതാണ്, പ്രത്യേകിച്ചും പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചു തീരുന്നതാണെങ്കിൽ. ഒരുപക്ഷേ ആ പ്രദേശത്ത് അടുത്ത തവണ പ്രവർത്തിക്കുമ്പോൾ ആ വ്യക്തിയെ കാണാൻ സാധിച്ചേക്കും.
14 കഠിന കാലാവസ്ഥ ആണെങ്കിൽ വാതിൽക്കൽ നിന്നുകൊണ്ടു വീട്ടുകാരനുമായി നാം ദീർഘമായ സംഭാഷണങ്ങളിൽ ഏർപ്പെടരുത്. അകത്തേക്കു ക്ഷണിച്ചാൽ, തറയിൽ ചെളി ആക്കാതിരിക്കാൻ ശ്രദ്ധിക്കുക. പട്ടി കുരയ്ക്കുകയാണെങ്കിൽ നല്ല വിവേകം പ്രകടമാക്കുക. അപ്പാർട്ട്മെന്റ് കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ, അടുത്തു താമസിക്കുന്നവർക്ക് അസ്വസ്ഥത ഉളവാക്കുകയോ നിങ്ങളുടെ സാന്നിധ്യം അറിയിക്കുകയോ ചെയ്യുന്ന വിധത്തിൽ ഉച്ചത്തിൽ അല്ല, മൃദുവായി വേണം സംസാരിക്കാൻ.
15 ക്രമവും ചിട്ടയും മാന്യതയും ഉള്ളവർ ആയിരിക്കുക: നല്ല സംഘാടനം ഉണ്ടെങ്കിൽ, പെട്ടെന്നു ദൃശ്യമായ വിധത്തിൽ അനേകം പ്രസാധകർ ഒരു പ്രദേശത്ത് കൂടിവരുന്നത് ഒഴിവാക്കാൻ സാധിക്കും. അനേകം കാറുകളോ മോട്ടോർ ബൈക്കുകളോ സ്കൂട്ടറുകളോ വാനുകളോ തങ്ങളുടെ വീടിന്റെ മുന്നിൽ വന്ന്, അവയിൽനിന്ന് അനേകം പേർ ഇറങ്ങുമ്പോൾ ചില വീട്ടുകാർക്കു ഭയം തോന്നുന്നു. വീടുകൾ ‘ആക്രമിക്കുന്നു’ എന്ന പ്രതീതി ഉളവാക്കാൻ നാം ആഗ്രഹിക്കുന്നില്ല. പ്രദേശത്തു പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ വയൽസേവന യോഗത്തിൽ വെച്ചുതന്നെ നടത്താവുന്നതാണ്. ഒരു കുടുംബം പോലുള്ള ചെറിയൊരു കൂട്ടം പ്രസാധകർ വീട്ടുകാരിൽ ഭയം ഉണർത്തുകയില്ല എന്നു മാത്രമല്ല, തന്മൂലം പ്രദേശത്ത് പ്രവർത്തിക്കുന്നതിന് ഇടയ്ക്ക് പുനഃസംഘാടനത്തിന്റെ ആവശ്യം വരുന്നതുമില്ല.
16 ഒരു പ്രദേശത്തു പ്രവർത്തിക്കുമ്പോൾ മാതാപിതാക്കൾ കുട്ടികളുടെ നടത്തയുടെ കാര്യത്തിൽ ശ്രദ്ധയോടെ മേൽനോട്ടം വഹിക്കണം. കുട്ടികൾ മുതിർന്നവരുടെ കൂടെ വീടുകളിൽ പോകുമ്പോൾ മാന്യമായി പെരുമാറണം. കളിക്കാനോ കറങ്ങി നടക്കാനോ കുട്ടികളെ അനുവദിക്കരുത്. അതു വീട്ടുകാരുടെ ശ്രദ്ധ പതറിക്കുന്നതിനോ വഴിപോക്കരുടെ ശ്രദ്ധ അനുചിതമായി ആകർഷിക്കുന്നതിനോ കാരണമാകും.
17 ചായയും കാപ്പിയുമൊക്കെ കുടിക്കാനെടുക്കുന്ന സമയത്തിന്റെ കാര്യത്തിലും സമനില ആവശ്യമാണ്. 1995 ജൂൺ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷ അതിന്റെ 3-ാം പേജിൽ ഇങ്ങനെ പ്രസ്താവിച്ചു: “നാം വയൽസേവനത്തിലായിരിക്കുമ്പോൾ ലഘുഭക്ഷണത്തിനും വിശ്രമത്തിനുമായി നമ്മുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയേക്കാം. എന്നിരുന്നാലും, കാലാവസ്ഥ തീരെ മോശമാണെങ്കിൽ അൽപ്പ സമയം വിശ്രമിക്കുന്നതു വേല തുടരുന്നതിനു നമുക്കു സഹായകമാകും. എന്നുവരികിലും, ശുശ്രൂഷക്കായി മാറ്റിവച്ചിരിക്കുന്ന സമയത്ത് ചായകുടിച്ചുകൊണ്ടു സഹോദരങ്ങളുമായി സല്ലപിക്കുന്നതിനു പകരം അനേകം സഹോദരങ്ങൾ ആളുകൾക്കു സാക്ഷ്യം നൽകുന്നതിൽ തിരക്കുള്ളവരായിരിക്കാൻ താത്പര്യപ്പെടുന്നു.” ലഘുഭക്ഷണത്തിന് സമയമെടുക്കണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെങ്കിലും, സഹോദരീസഹോദരന്മാരുടെ വലിയ കൂട്ടങ്ങൾ ചായക്കടകളിലും റെസ്റ്ററന്റുകളിലുമൊക്കെ കൂടിവരുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓർഡർ ചെയ്ത സാധനങ്ങൾ കിട്ടാൻ കൂടുതൽ സമയമെടുക്കും എന്നതിനു പുറമേ, ഒരു വലിയ കൂട്ടത്തിന്റെ സാന്നിധ്യം അവിടെ വന്നിരിക്കുന്ന മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തേക്കാം. ചിലപ്പോൾ, സഹോദരങ്ങൾ രാവിലത്തെ വയൽസേവനത്തിലെ അനുഭവങ്ങൾ അവിടെവെച്ച് ഉച്ചത്തിൽ സംസാരിക്കുന്നു. അതു നമ്മുടെ ശുശ്രൂഷയുടെ അന്തസ്സിന് നിരക്കാത്തതായിരുന്നേക്കാം, ശുശ്രൂഷയുടെ ഫലപ്രദത്വം ഇല്ലാതാക്കുകയും ചെയ്തേക്കാം. വിവേചന കാട്ടുന്നതിനാൽ പ്രസാധകർക്ക് ഒരു കടയിൽ തിങ്ങിക്കൂടുന്നതും അങ്ങനെ ശുശ്രൂഷയ്ക്കുള്ള സമയം അനാവശ്യമായി കളയുന്നതും ഒഴിവാക്കാനാകും.
18 ആളുകളെ കണ്ടെത്താൻ കഴിയുന്നിടത്തെല്ലാം—തെരുവിലും പാർക്കിങ് സ്ഥലങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലുമൊക്കെ—അവരെ സമീപിക്കുന്നതിനാൽ പലർക്കും നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലും, നമ്മുടെ വാക്കിലൂടെ മാത്രമല്ല, ന്യായബോധത്തിലൂടെയും നല്ല സാക്ഷ്യം നൽകാൻ നാം ആഗ്രഹിക്കുന്നു. ഓരോ സഭയിലെയും പ്രസാധകർ തങ്ങളുടെ പ്രദേശത്തിന്റെ അതിരുകൾ മാനിക്കേണ്ടതുണ്ട്. വാണിജ്യ സ്ഥലങ്ങളിലും ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഉള്ള ആളുകളെയും പെട്രോൾ പമ്പുകൾ പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബിസിനസ് സ്ഥലങ്ങളിൽ ഉള്ള ജോലിക്കാരെയും പ്രസാധകർ ബുദ്ധിമുട്ടിക്കരുത്. ക്രമീകൃതവും മാന്യവുമായ വിധത്തിൽ ശുശ്രൂഷ നിർവഹിക്കുന്നു എന്ന് ഉറപ്പു വരുത്താൻ നാം നമ്മുടെ നിയമിത പ്രദേശത്തു മാത്രമേ പ്രവർത്തിക്കാവൂ. മറ്റൊരു സഭയെ സഹായിക്കുന്നത് അവിടുത്തെ സഭാ സേവന കമ്മിറ്റി മുഖാന്തരമുള്ള സുനിശ്ചിത ക്രമീകരണങ്ങൾക്കു ചേർച്ചയിൽ ആയിരിക്കണം.—2 കൊരിന്ത്യർ 10:13-15 താരതമ്യം ചെയ്യുക.
19 പരസ്യ സാക്ഷീകരണം സാധ്യമായിരിക്കുന്ന പല മേഖലകൾ ഉള്ള ചില സഭകൾ അവയെ ചെറു പ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്. എന്നിട്ട് ഒരു പ്രദേശത്തിന്റെ കാർഡ് ഒരു പ്രസാധകനോ ഒരു കൂട്ടത്തിനോ നൽകുന്നു. “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്നു പ്രസ്താവിക്കുന്ന 1 കൊരിന്ത്യർ 14:39-ലെ തത്ത്വത്തിനു ചേർച്ചയിൽ, കൂടുതൽ ഫലപ്രദമായി പ്രദേശം പ്രവർത്തിച്ചു തീർക്കാൻ ഇതു സഹായിക്കുന്നു എന്ന് മാത്രമല്ല, അനേകം പ്രസാധകർ ഒരേ സ്ഥലത്ത് ഒരേ സമയം പ്രവർത്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യും.
20 നമ്മുടെ വേഷവിധാനം എപ്പോഴും മാന്യവും യഹോവയുടെ നാമം വഹിക്കുന്ന ശുശ്രൂഷകർക്കു ചേർന്നതും ആയിരിക്കണം. നാം ഉപയോഗിക്കുന്ന സാധനങ്ങളുടെ കാര്യത്തിലും അതു സത്യമാണ്. കീറിയ ബാഗും അരികുകൾ മടങ്ങിയതോ അഴുക്കു പുരണ്ടതോ ആയ ബൈബിളും രാജ്യ സന്ദേശത്തിൽനിന്ന് ആളുകളുടെ ശ്രദ്ധ പതറിക്കും. “നിങ്ങൾ ആരാണ്, എങ്ങനെയുള്ളവനാണ്, നിങ്ങളുടെ സ്ഥാനം എന്താണ് എന്നിങ്ങനെയുള്ള വിവരങ്ങൾ ചുറ്റുപാടും ഉള്ളവർക്കു നൽകുന്ന ഒരു സാമൂഹിക വിനിമയ മാർഗമാണ്” വസ്ത്രധാരണവും ചമയവും എന്നു പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നമ്മുടെ വസ്ത്രധാരണം അശ്രദ്ധമോ ചിട്ടയില്ലാത്തതോ അല്ലെങ്കിൽ ശ്രദ്ധ ആകർഷിക്കുന്നതോ അനുചിതമോ ആയിരിക്കരുത്. മറിച്ച്, “സുവിശേഷത്തിന്നു യോഗ്യമാംവണ്ണം” ആയിരിക്കണം.—ഫിലി. 1:27; 1 തിമൊഥെയൊസ് 2:9, 10 താരതമ്യം ചെയ്യുക.
21 1 കൊരിന്ത്യർ 9:26-ൽ പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു; ആകാശത്തെ കുത്തുന്നതു പോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്.” പൗലൊസിനെ അനുകരിച്ചുകൊണ്ട് ഫലപ്രദവും ഉത്പാദനക്ഷമവുമായ ശുശ്രൂഷയിൽ ഏർപ്പെടാൻ നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. യഹോവയുടെ “വെട്ടുക്കിളി സൈന്യ”ത്തിന്റെ ഭാഗമെന്ന നിലയിൽ ഇന്ന് നമുക്കു സാക്ഷീകരണ വേലയിൽ തീക്ഷ്ണമായ ഒരു പങ്ക് ഉള്ളതിനാൽ, നമ്മുടെ പ്രദേശത്തുള്ള സകലർക്കും രക്ഷാ സന്ദേശം എത്തിക്കുന്നതിൽ ക്രിസ്തീയ ന്യായബോധവും വിവേചനയും പ്രകടമാക്കാം.