സമയം ഫലപ്രദമായി വിനിയോഗിക്കുക
1 എല്ലാവർക്കും ഓരോ വാരത്തിലും ലഭിക്കുന്ന സമയം തുല്യമാണ്. സുവാർത്താ പ്രസംഗം ജീവരക്ഷാകരമായ ഒരു വേല ആയതിനാൽ അതിനായി ഉപയോഗിക്കുന്ന സമയം വിശേഷിച്ചും വിലയേറിയതാണ്. (റോമ. 1:16) സഭ ക്രമീകരിച്ചിരിക്കുന്ന സേവനത്തിനായി നന്നായി തയ്യാറായിക്കൊണ്ടും വയൽ സേവന യോഗങ്ങൾക്കു കൃത്യസമയത്ത് എത്തിക്കൊണ്ടും അതിനുശേഷം പെട്ടെന്നുതന്നെ പ്രദേശത്തേക്കു പോയിക്കൊണ്ടും നാം അതിനോടുള്ള വിലമതിപ്പു പ്രകടമാക്കുന്നു. വയൽ സേവന യോഗത്തിനുശേഷം സമയം പാഴാക്കാതെ നാം പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടും. ‘എല്ലാററിന്നും ഒരു സമയമുണ്ട്’ എന്ന് യഹോവ നമ്മെ പഠിപ്പിച്ചിരിക്കുന്നതിനാൽ ശുശ്രൂഷയ്ക്കായി മാറ്റി വെച്ചിരിക്കുന്ന സമയം നാം നന്നായി പ്രയോജനപ്പെടുത്തണം.—സഭാ. 3:1.
2 സമയം ജ്ഞാനപൂർവം കൈകാര്യം ചെയ്യുക: വയൽ സേവനത്തിൽ ക്രമമായ പങ്കുണ്ടായിരിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പട്ടികയോട് അടുത്തു പറ്റിനിൽക്കുമ്പോൾ നമുക്ക് ധാരാളം അനുഗ്രഹങ്ങൾ കൈവരുന്നു. പൊതുവെ, നാം സേവനത്തിൽ ചെലവഴിക്കുന്ന സമയത്തിന് ആനുപാതികം ആയിരിക്കും അതിൽനിന്നു ലഭിക്കുന്ന നല്ല ഫലങ്ങളും. നമ്മുടെ പതിവു പ്രവർത്തന രീതിയിൽ ചെറിയ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട് വയൽ സേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ നമുക്കു കഴിയുമോ? ഉദാഹരണത്തിന്, ശനിയാഴ്ചത്തെ മാസികാ വേലയ്ക്കു ശേഷം, മടക്ക സന്ദർശനങ്ങൾക്കായി കുറച്ചു സമയം നമുക്കു ചെലവഴിക്കാനാകുമോ? ഞായറാഴ്ചത്തെ വയൽ ശുശ്രൂഷയിൽ കുറച്ചു സമയമേ പങ്കെടുക്കാൻ സാധിച്ചുള്ളുവെങ്കിൽ, മടക്കസന്ദർശനങ്ങളും ബൈബിൾ അധ്യയനങ്ങളും നടത്തിക്കൊണ്ട് കുറെ കൂടി സമയം നമുക്ക് സേവനത്തിൽ ചെലവഴിക്കാൻ കഴിയുമോ? വീടുതോറുമുള്ള പ്രവർത്തനത്തെ തുടർന്ന് കുറെ നേരം തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടാൻ സാധിക്കുമോ? ഈ വിധങ്ങളിലൊക്കെ നമുക്കു സേവനത്തിൽ പുരോഗമിക്കാനാകും.
3 ശ്രദ്ധയുള്ളവർ അല്ലെങ്കിൽ, ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ നമുക്കു വിലയേറിയ സമയം നഷ്ടമായേക്കാം. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ, അൽപ്പം വിശ്രമിക്കുന്നത് നമ്മുടെ ഉന്മേഷം വർധിപ്പിക്കുകയും സാക്ഷീകരണത്തിൽ തുടരാൻ സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, അത്തരം ഇടവേളകൾ എല്ലായ്പോഴും ആവശ്യമില്ലാത്തതിനാൽ ഇക്കാര്യത്തിൽ സമനിലയുള്ളവർ ആയിരിക്കുക.
4 സമീപ വർഷങ്ങളിൽ, ആളുകളെ അവരുടെ വീടുകളിൽ കണ്ടെത്തുക വളരെ പ്രയാസകരമാണ്. വീടുതോറുമുള്ള ശുശ്രൂഷ മറ്റു സമയങ്ങളിൽ നിർവഹിച്ചുകൊണ്ട് നിരവധി പേർ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നു. വൈകുന്നേരങ്ങളിൽ സാക്ഷീകരണം നടത്തിക്കൊണ്ട് നിങ്ങൾക്കും ഇതൊന്ന് പരീക്ഷിച്ചു നോക്കരുതോ?
5 തെരുവുവേലയിൽ ഏർപ്പെടുമ്പോൾ അന്യോന്യം സംസാരിച്ചു സമയം കളയാതിരിക്കാൻ ശ്രദ്ധിക്കുക. പകരം, അകന്നകന്നു നിൽക്കുകയും സംസാരിക്കാനായി ആളുകളെ സമീപിക്കുകയും ചെയ്യുക. അങ്ങനെയാകുമ്പോൾ, സമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും വേലയിൽനിന്നു കൂടുതൽ സന്തോഷം കണ്ടെത്താനും സാധിക്കും.
6 സാക്ഷീകരിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക: താത്പര്യം ഇല്ലെന്നു പറഞ്ഞ ഒരു സ്ത്രീയോട്, തനിക്കു സംസാരിക്കാൻ കഴിയുന്ന മറ്റാരെങ്കിലും ആ വീട്ടിൽ ഉണ്ടോ എന്ന് ഒരു സഹോദരി ചോദിച്ചു. അത് രോഗംമൂലം വർഷങ്ങളായി ഏതാണ്ടു പൂർണമായും കിടപ്പിലായിരുന്ന അവിടത്തെ കുടുംബനാഥനുമായി സംസാരിക്കുന്നതിലേക്കു നയിച്ചു. ദൈവവചനത്തിലെ പ്രത്യാശയുടെ ഫലമായി ആ വ്യക്തിയിൽ ജീവിക്കാനുള്ള ആഗ്രഹം വീണ്ടും നാമ്പെടുത്തു. കിടക്കയിൽത്തന്നെ കഴിഞ്ഞുകൂടിയിരുന്ന അദ്ദേഹം പെട്ടെന്നുതന്നെ രാജ്യഹാളിൽ യോഗങ്ങൾക്കു പോകാനും താൻ പുതുതായി കണ്ടെത്തിയ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാനും തുടങ്ങി!
7 സഭാ പുസ്തക അധ്യയനത്തിനു മുമ്പുള്ള സമയത്ത് വയൽ സേവനത്തിൽ ഏർപ്പെടാനുള്ള നിർദേശം കൗമാരപ്രായക്കാരിയായ ഒരു സഹോദരി ബാധകമാക്കി. ആദ്യത്തെ വീട്ടിൽ കണ്ടുമുട്ടിയ ഒരു 13 വയസ്സുകാരി, സഹോദരി പറഞ്ഞതു ശ്രദ്ധിച്ചു കേൾക്കുകയും സാഹിത്യം സ്വീകരിക്കുകയും ചെയ്തു. പിറ്റേന്ന് ആ പെൺകുട്ടിയെ വീണ്ടും സ്കൂളിൽ വെച്ചു കണ്ടപ്പോൾ സഹോദരി ഒരു ബൈബിൾ അധ്യയനം വാഗ്ദാനം ചെയ്തു. അതു അവൾ സ്വീകരിച്ചു.
8 വയൽ സേവന സമയത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക: വയൽ സേവനത്തിൽ ക്രമമായ പങ്കുണ്ടായിരിക്കുന്നത് സുവാർത്ത അവതരിപ്പിക്കുന്നതിലുള്ള നമ്മുടെ പ്രാപ്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കൂടുതൽ ഫലപ്രദമായ ഒരു മുഖവുര ഉപയോഗിച്ചുകൊണ്ട് സംഭാഷണം തുടങ്ങാനുള്ള പ്രാപ്തി നിങ്ങൾക്കു മെച്ചപ്പെടുത്താൻ സാധിക്കുമോ? ഒരു ഭവന ബൈബിളധ്യയനം നടത്തിക്കൊണ്ട് നിങ്ങൾക്കു കൂടുതൽ വിദഗ്ധനായ ഒരു അധ്യാപകൻ ആകാൻ കഴിയുമോ? അങ്ങനെ ചെയ്യുകവഴി, സേവനത്തിൽ ചെലവഴിക്കുന്ന സമയം കൂടുതൽ ഫലപ്രദമാക്കാനും ശുശ്രൂഷ കൂടുതൽ ഉത്പാദനക്ഷമമാക്കാനും നിങ്ങൾക്കു സാധിക്കും, തീർച്ച.—1 തിമൊ. 4:16.
9 “കാലം ചുരുങ്ങിയിരിക്കുന്ന”തിനാൽ നാം ക്രിസ്തീയ പ്രവർത്തനങ്ങളിൽ പൂർണമായും വ്യാപൃതർ ആയിരിക്കണം. (1 കൊരി. 7:29) പ്രസംഗപ്രവർത്തനത്തിൽ സമയം ചെലവഴിക്കുന്നതിന് ആയിരിക്കണം നാം ഏറ്റവും പ്രാധാന്യം നൽകേണ്ടത്. ശുശ്രൂഷയിൽ നമുക്ക് ആരോഗ്യാവഹവും തീക്ഷ്ണവുമായ ഒരു പങ്ക് ഉണ്ടായിരിക്കണം. യഹോവ നമുക്കു പ്രദാനം ചെയ്തിരിക്കുന്ന അത്ഭുതകരമായ ഒരു സ്വത്താണ് സമയം. എല്ലായ്പോഴും അത് ജ്ഞാനപൂർവം, ഫലപ്രദമായി വിനിയോഗിക്കുക.
[4-ാം പേജിലെ ചിത്രം]
പിൻവരുന്ന നിർദേശങ്ങൾ പരിചിന്തിക്കുക:
◼ വയൽ സേവന യോഗങ്ങൾക്കു കൃത്യസമയത്ത് എത്തുക.
◼ സാക്ഷീകരണ കൂട്ടം ചെറുതായിരിക്കണം.
◼ പ്രദേശത്തു താമസിച്ച് എത്തിച്ചേരുന്നത് ഒഴിവാക്കുക.
◼ മിക്കവരും വീടുകളിൽ ഉള്ളപ്പോൾ പ്രദേശം സന്ദർശിക്കുക.
◼ സുരക്ഷിതമെങ്കിൽ ചിലപ്പോഴൊക്കെ തനിച്ചു പ്രവർത്തിക്കുക.
◼ വീടുതോറുമുള്ള പ്രവർത്തനം നടത്തുന്ന സ്ഥലത്തിന് അടുത്തുള്ള മടക്ക സന്ദർശനങ്ങൾ നടത്തുക.
◼ മറ്റുള്ളവർ വീടുകളിൽനിന്ന് വരാൻ താമസിക്കുമ്പോൾ കാത്തുനിന്നു സമയം കളയാതെ സേവനത്തിൽ ഏർപ്പെടുക.
◼ സാധ്യമാകുമ്പോഴെല്ലാം, സാഹചര്യങ്ങൾക്കനുസരിച്ച് ഒരു മണിക്കൂറിലേറെ സമയം വയലിൽ ചെലവഴിക്കുക.