1999-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ നിന്ന് പ്രയോജനം നേടുക
1 യേശു വിദഗ്ധ അധ്യാപകൻ ആയിരുന്നു. “അവന്റെ ഉപദേശത്തിങ്കൽ [“പഠിപ്പിക്കൽ രീതിയിൽ,” NW] അവർ [ആളുകൾ] വിസ്മയിച്ചു.” (മർക്കൊ. 1:22) യേശുവിനെ പോലെ ഫലപ്രദമായി പ്രസംഗിക്കാനോ പഠിപ്പിക്കാനോ നമുക്കാർക്കും കഴിയില്ലെങ്കിലും, നമുക്ക് അവനെ അനുകരിക്കാൻ ശ്രമിക്കാവുന്നതാണ്. (പ്രവൃ. 4:13) ആ ലാക്കിൽ എത്തിച്ചേരാനായി, നമ്മുടെ പ്രസംഗ, പഠിപ്പിക്കൽ പ്രാപ്തികൾ പുരോഗമിപ്പിക്കുന്നതിൽ തുടരാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പങ്കെടുക്കുന്നതു നമ്മെ സഹായിക്കും.
2 1999-ൽ, 1-ാം നമ്പർ നിയമനം മുഖ്യമായും 1997-ലെ വീക്ഷാഗോപുര, ഉണരുക! ലേഖനങ്ങളെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും. ഈ ലേഖനങ്ങൾ മുന്നമേ വായിക്കുകയും പിന്നെ സ്കൂൾ പരിപാടിയിൽ ശ്രദ്ധിക്കുകയും ചെയ്യുന്നപക്ഷം, ആത്മീയ കാര്യാദികളിലുള്ള നമ്മുടെ ഗ്രാഹ്യം വളരെ വർധിക്കും. പ്രബോധന പ്രസംഗം നിർവഹിക്കാൻ നിയമിക്കപ്പെടുന്നവർ തങ്ങളുടെ ഭാഗം ആകർഷണീയവും ജീവസ്സുറ്റതുമായി അവതരിപ്പിച്ചുകൊണ്ട് പ്രസ്തുത വിവരങ്ങൾ എങ്ങനെ പ്രായോഗികമായി ബാധകമാക്കാം എന്നു വ്യക്തമാക്കണം. 3-ഉം 4-ഉം നമ്പർ നിയമനങ്ങൾ കുടുംബ സന്തുഷ്ടി പുസ്തകത്തെയോ ചർച്ചയ്ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങളെയോ അടിസ്ഥാനപ്പെടുത്തി ആയിരിക്കും നടത്തപ്പെടുക. പ്രസംഗ ഭാഗങ്ങൾ നിയമിച്ചുകൊടുക്കുന്നതിനു മുമ്പ് സ്കൂൾ മേൽവിചാരകൻ അതിലെ വിവരങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കേണ്ടതുണ്ട്. കുടുംബ സന്തുഷ്ടി പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ അവതരിപ്പിക്കുന്ന എല്ലാ വിദ്യാർഥികളും മാതൃകായോഗ്യമായ കുടുംബ ജീവിതം നയിക്കുന്നവർ ആയിരിക്കണം.
3 ഗുണദോഷം ബാധകമാക്കുക, നന്നായി തയ്യാറാകുക: പ്രസംഗ, പഠിപ്പിക്കൽ കലയിൽ എല്ലാവർക്കും പുരോഗതി വരുത്താനാകും. (1 തിമൊ. 4:13, NW) അതുകൊണ്ട് നാം ഗുണദോഷം തേടേണ്ടതുണ്ട്. അതിനെ അനാവശ്യമായ ഒന്നായി ഒരിക്കലും വീക്ഷിക്കരുത്. (സദൃ. 12:15; 19:20) യോഗങ്ങളിലും വയൽ ശുശ്രൂഷയിലും സത്യം ഫലപ്രദമായി അവതരിപ്പിക്കുന്നതിന് കേവലം വസ്തുതകൾ പ്രസ്താവിക്കുന്നതിലും തിരുവെഴുത്തുകൾ ഒഴുക്കൻ മട്ടിൽ വായിച്ചു വിടുന്നതിലും അധികം ആവശ്യമാണ്. ശ്രോതാക്കളുടെ ഹൃദയങ്ങളിലെത്തി നാം അവരെ പ്രചോദിപ്പിക്കണ്ടതുണ്ട്. സത്യം, ഹൃദയത്തിൽനിന്നു ബോധ്യംവരുത്തും വിധം സംസാരിച്ചുകൊണ്ടു നമുക്കിതു ചെയ്യാനാകും. (പ്രവൃത്തികൾ 2:37 താരതമ്യം ചെയ്യുക.) സ്കൂളിൽ ലഭിക്കുന്ന ഗുണദോഷം അതിനു നമ്മെ പ്രാപ്തരാക്കുന്നു.
4 ഒരു നിയമനം ലഭിക്കുന്ന ഉടനെ, സ്കൂൾ ഗൈഡ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന, നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രസംഗ ഗുണങ്ങളെ കുറിച്ചു പരിചിന്തിക്കുക. തലേപ്രാവശ്യം ലഭിച്ച ഗുണദോഷം ബാധകമാക്കാൻ നിങ്ങൾ എന്തു ചെയ്യേണ്ടതുണ്ടെന്നു ചിന്തിക്കുക. വിഷയം, രംഗസംവിധാനം ആവശ്യമെങ്കിൽ അത്, നിയമിത ഭാഗത്തുള്ള തിരുവെഴുത്തുകൾ നിങ്ങൾ ബാധകമാക്കാൻ പോകുന്ന വിധം തുടങ്ങിയ കാര്യങ്ങൾ ധ്യാനിക്കുക. പഠിപ്പിക്കാനും പ്രചോദനമേകാനുമായി ആ വിവരങ്ങൾ ഏറ്റവും മെച്ചമായി എങ്ങനെ ഉപയോഗിക്കാം എന്നു വിചിന്തനം ചെയ്യുക.—1 തിമൊ. 4:15, 16, NW.
5 സ്കൂളിൽ പേർ ചാർത്താൻ നിങ്ങൾക്കു സങ്കോചം ഉണ്ടെങ്കിൽ, അതു സംബന്ധിച്ച് പ്രാർഥിക്കുക, സ്കൂൾ മേൽവിചാരകനുമായി സംസാരിക്കുക. 1999-ലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ അവതരിപ്പിക്കപ്പെടുന്ന പരിപാടികളിൽനിന്ന് പൂർണമായി നേട്ടം കൊയ്തുകൊണ്ട് എല്ലാവർക്കും പ്രയോജനം നേടാനാകും.