ചോദ്യപ്പെട്ടി
◼ സ്നാപനത്തിനു മുമ്പു പുതിയവരോടൊത്ത് ഏതെല്ലാം പ്രസിദ്ധീകരണങ്ങൾ പഠിക്കണം?
തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ച് സ്നാപനമേൽക്കുന്നതിനു മുമ്പ് ഒരുവൻ സൂക്ഷ്‌മ പരിജ്ഞാനം നേടേണ്ടതുണ്ട്. (യോഹ. 17:3) ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകവും—രണ്ടും—പഠിക്കുന്നതിനാൽ അയാൾക്കു വേണ്ടത്ര അറിവു നേടാൻ സാധിക്കും. മിക്കവരും ആവശ്യം ലഘുപത്രിക ആയിരിക്കും ആദ്യം പഠിച്ചുതുടങ്ങുക. എന്നാൽ, പരിജ്ഞാനം പുസ്തകമാണ് ആദ്യം പഠിച്ചുതുടങ്ങിയതെങ്കിൽ, അതിനു ശേഷം ആവശ്യം ലഘുപത്രിക പഠിക്കേണ്ടതാണ്. അതിന്റെ ആവശ്യം എന്താണ്?
ആവശ്യം ലഘുപത്രിക അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ച് ഒരു ആകമാന വീക്ഷണം നൽകുന്നു. ഈ ലഘുപത്രികയാണ് ആദ്യം പഠിക്കുന്നതെങ്കിൽ, അത് യഹോവയെ പ്രീതിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളെ കുറിച്ച് വിദ്യാർഥിക്ക് ഒരു അടിസ്ഥാന ഗ്രാഹ്യം പ്രദാനം ചെയ്യും. ഇത് രണ്ടാമതാണു പഠിക്കുന്നതെങ്കിൽ, അത് പരിജ്ഞാനം പുസ്തകത്തിന്റെ ഒരു പുനരവലോകനമായും ഉതകും. സംഗതി ഏതായാലും, പിന്താങ്ങുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാനും അവയെ കുറിച്ചു ധ്യാനിക്കാനും വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. ചിത്രങ്ങൾ ഫലപ്രദമായ പഠന സഹായികൾ ആയതിനാൽ അവയ്‌ക്കു പ്രത്യേക ശ്രദ്ധ നൽകുക.—1997 ജനുവരി 15 വീക്ഷാഗോപുരത്തിന്റെ 16-17 പേജുകൾ കാണുക.
ഈ രണ്ടു പ്രസിദ്ധീകരണങ്ങളും വിദ്യാർഥി ഒരിക്കൽ പഠിച്ചു കഴിഞ്ഞാൽ, സ്നാപനത്തിനുള്ള തയ്യാറാകലിന്റെ ഭാഗമായി മൂപ്പന്മാർ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ അയാൾക്കു സാധിച്ചേക്കും. അതുകൊണ്ട്, മറ്റേതെങ്കിലും പ്രസിദ്ധീകരണം ഉപയോഗിച്ച് ഔദ്യോഗികമായി അധ്യയനം നടത്തേണ്ട ആവശ്യമില്ല. എങ്കിലും അധ്യയന നിർവാഹകൻ വിദ്യാർഥിയുടെ പുരോഗതിയിൽ തുടർന്നും ഒരു ക്രിയാത്മക താത്പര്യം പ്രകടമാക്കണം.—1996 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 13-ാം പേജിലെ 17 മുതലുള്ള ഖണ്ഡികകളും 17-ാം പേജും കാണുക.