ചോദ്യപ്പെട്ടി
◼ രാജ്യഹാൾ ശുചീകരിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്?
വൃത്തിയുള്ളതും ആകർഷകവുമായ രാജ്യഹാൾ നാം പ്രസംഗിക്കുന്ന സന്ദേശത്തിന്മേൽ അനുകൂല ഫലമുളവാക്കുന്നു. (1 പത്രൊസ് 2:12 താരതമ്യം ചെയ്യുക.) ഹാൾ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുന്നതു വളരെ പ്രധാനമാണ്. അപ്രകാരം ചെയ്യുന്നതിൽ എല്ലാവർക്കും ഒരു പങ്കുണ്ടായിരിക്കാവുന്നതാണ്. ഏതാനും ചില സഹോദരങ്ങൾ മുഴു ഉത്തരവാദിത്വവും വഹിക്കാൻ നാം പ്രതീക്ഷിക്കരുത്. സാധാരണമായി, പുസ്തകാധ്യയന നിർവാഹകന്റെയോ അദ്ദേഹത്തിന്റെ സഹായിയുടെയോ നേതൃത്വത്തിൽ, സഭാ പുസ്തകാധ്യയന ഗ്രൂപ്പുകൾക്കായിരിക്കും ശുചീകരണത്തിനുള്ള ചുമതല ഏൽപ്പിച്ചുകൊടുക്കുന്നത്. ഒന്നിലധികം സഭകൾ ഒരു രാജ്യഹാൾ ഉപയോഗിക്കുന്നെങ്കിൽ, അതു നന്നായി സൂക്ഷിക്കുന്നതിൽ എല്ലാ സഭകൾക്കും പങ്കുണ്ടായിരിക്കത്തക്കവിധം മൂപ്പന്മാർ കാര്യങ്ങൾ ക്രമീകരിക്കും.
ഈ ഉത്തരവാദിത്വം നമുക്ക് എങ്ങനെ ഏറ്റവും നന്നായി നിർവഹിക്കാൻ കഴിയും? ഒരു ക്രമമായ പട്ടിക അനുസരിച്ച് രാജ്യഹാൾ ശുചിയാക്കേണ്ടതാണ്. ശുചീകരണത്തിനുള്ള സാമഗ്രികളും ഉപകരണങ്ങളും കൈവശം ഉണ്ടായിരിക്കണം. സഹോദരങ്ങൾ എന്തൊക്കെ ചെയ്യണം എന്നു വിശദമാക്കുന്ന ഒരു ലിസ്റ്റ് പ്രദർശിപ്പിക്കുക. വ്യത്യസ്തമായ രണ്ട് ലിസ്റ്റുകൾ ഉണ്ടായിരിക്കാം. ഒന്ന്, ഓരോ യോഗത്തിനു ശേഷവും ചെറിയ തോതിലുള്ള പൊതുവായ ശുചീകരണത്തിനും മറ്റൊന്ന് ആഴ്ചയിലൊരിക്കൽ പൂർണമായ ഒരു ശുചീകരണത്തിനും ഉള്ളതായിരിക്കണം. പുസ്തകാധ്യയന നിർവാഹകൻ പൂർണ ശുചീകരണത്തിനായി നിയമനമുള്ള സകലർക്കും സൗകര്യപ്രദമായ ഒരു ദിവസവും സമയവും പട്ടികപ്പെടുത്തണം. ചെടികൾക്കും പുഷ്പങ്ങൾക്കും നിരന്തര പരിചരണം നൽകണം. നടപ്പാതകളിലെയും പാർക്കിങ് സ്ഥലങ്ങളിലെയും ചപ്പുചവറുകൾ നീക്കിക്കളയണം. ഓരോ വർഷവും, ഒരുപക്ഷേ സ്മാരകത്തിനു തൊട്ടു മുമ്പ്, ഒരു പൂർണ ശുചീകരണം നടത്തേണ്ടതാണ്. ഇതിൽ ജനാലകളും ഭിത്തികളും കഴുകുന്നതും കർട്ടനുകൾ അലക്കുന്നതും ഉൾപ്പെടുത്താം.
തീർച്ചയായും, ഹാളിനകത്തോ പുറത്തോ ചപ്പുചവറുകൾ ഇടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് നമുക്ക് ഓരോരുത്തർക്കും ജോലിഭാരം കുറയ്ക്കാൻ കഴിയും. ഓരോ തവണയും കക്കൂസ് ഉപയോഗിച്ച ശേഷം അടുത്തയാൾക്ക് ഉപയോഗിക്കാനായി അതു നമുക്കു ശുചിയാക്കാവുന്നതാണ്. ഉപകരണങ്ങൾ പൊട്ടിക്കാതിരിക്കാനും സാധനസാമഗ്രികൾക്ക് കേടു വരുത്താതിരിക്കാനും ശ്രദ്ധയുള്ളവർ ആയിരിക്കുക. കേടുവന്ന കസേരകൾ, പൈപ്പുകൾക്കുള്ള പ്രശ്നങ്ങൾ, ഫ്യൂസായ ബൾബുകൾ എന്നിവ ശ്രദ്ധിക്കുകയും രാജ്യഹാൾ അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വമുള്ള സഹോദരനെ ഈ കാര്യങ്ങൾ എത്രയും പെട്ടെന്ന് അറിയിക്കുകയും ചെയ്യുക.
നമ്മുടെ പങ്കു നിറവേറ്റാൻ നമുക്കു മനസ്സൊരുക്കമുള്ളവർ ആയിരിക്കാം. അത് ഉത്തമമായ ഒരു ആരാധനാലയം ഉണ്ടായിരിക്കാൻ സഹായിക്കുകയും യഹോവയാം ദൈവത്തെ ബഹുമാനിക്കുന്ന ശുദ്ധിയുള്ള ജനം എന്ന നിലയിൽ നമ്മെ തിരിച്ചറിയിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.—1 പത്രൊ. 1:16.