നിങ്ങൾ ക്രമമുള്ള ഒരു രാജ്യഘോഷകനാണോ?
1 ഇന്ത്യയിലെ പ്രസാധകരുടെ എണ്ണം 1999 ആഗസ്റ്റിൽ, 21,212 എന്ന സർവകാല അത്യുച്ചത്തിലെത്തി എന്ന് അറിഞ്ഞപ്പോൾ നാമെല്ലാം സന്തോഷിച്ചു. നിശ്ചയദാർഢ്യത്തോടെയുള്ള ഒരു ഏകീകൃത ശ്രമത്തിന്റെ ഫലം തന്നെ! എന്നാൽ തുടർന്നുവന്ന മാസങ്ങളിൽ രാജ്യഘോഷണ വേലയിൽ ക്രമമായി പങ്കുപറ്റുന്നതിൽ ഈ പ്രസാധകരിൽ ചിലർക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരിക്കുന്നു എന്നതു വ്യക്തമാണ്. കാരണം, അതിനു ശേഷമുള്ള എല്ലാ മാസങ്ങളിലും പ്രസാധകരുടെ ശരാശരി എണ്ണം 20,095 ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് 19 പ്രസാധകരിൽ ഒരാൾ വീതം എല്ലാ മാസവും ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടില്ല എന്നാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ പിൻവരുന്ന പ്രോത്സാഹനം സഹായകമായിരിക്കുമെന്നു കരുതുന്നു.
2 പദവി വിലമതിക്കുക: രാജ്യസുവാർത്താ ദൂത് മറ്റുള്ളവരുമായി പങ്കിടാനുള്ള നമ്മുടെ പദവിയെ നാം ആഴമായി വിലമതിക്കേണ്ടതുണ്ട്. ഈ പ്രവർത്തനത്തിലൂടെ നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ജീവനിലേക്കു നയിക്കുന്ന പാതയെ കുറിച്ചു മനസ്സിലാക്കാൻ ആത്മാർഥഹൃദയരെ സഹായിക്കുകയും ചെയ്യുന്നു. (സദൃ. 27:11; 1 തിമൊ. 4:16) ക്രമമായി സാക്ഷീകരണ വേലയിൽ ഏർപ്പെടുമ്പോൾ ശുശ്രൂഷയിലെ നമ്മുടെ അനുഭവസമ്പത്ത് വർധിക്കുന്നു. കൂടാതെ അത് സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നു.
3 പ്രവർത്തനം റിപ്പോർട്ടു ചെയ്യുക: ചിലർ വയൽസേവനത്തിൽ പങ്കുപറ്റുന്നുണ്ടെങ്കിലും സമയത്തിനു റിപ്പോർട്ട് ഇടുന്നില്ല. നമ്മുടെ പ്രവർത്തനം റിപ്പോർട്ടു ചെയ്യാൻതക്ക മൂല്യമുള്ളതല്ല എന്ന് ഒരിക്കലും വിചാരിക്കരുത്. (മർക്കൊ. 12:41-44 താരതമ്യം ചെയ്യുക.) നാം പ്രവർത്തിച്ചിരിക്കുന്നത് എന്തുമാത്രമാണോ അതു നാം തീർച്ചയായും റിപ്പോർട്ടു ചെയ്യണം! ശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയം കലണ്ടറിൽ കുറിച്ചു വെക്കുന്നതുപോലെയുള്ള എന്തെങ്കിലും ക്രമീകരണം നമുക്കുണ്ടെങ്കിൽ കൃത്യമായി എല്ലാ മാസാവസാനവും ശരിയായ റിപ്പോർട്ടിടാനുള്ള ഒരു ഓർമിപ്പിക്കലായി അത് ഉതകും.
4 ആവശ്യമായ സഹായം നൽകുക: ശുശ്രൂഷയിൽ ക്രമമായി പങ്കെടുക്കുന്നതിന് സഹായം ആവശ്യമുള്ളവരെ പിന്തുണയ്ക്കാനായി പ്രാദേശിക ക്രമീകരണങ്ങൾ മെച്ചപ്പെടുത്തേണ്ടത് ഉണ്ടായിരിക്കാം. അനുഭവപരിചയമുള്ള പ്രസാധകരുടെ സഹായം ലഭ്യമാക്കുന്നതിനു വേണ്ട ഏർപ്പാടുകൾ പുസ്തക അധ്യയന നിർവാഹകരും സഭാ സെക്രട്ടറിയും ചെയ്യണം. സ്നാപനമേൽക്കാത്ത പ്രസാധകരായ നിങ്ങളുടെ കുട്ടികളെയും ബൈബിൾ വിദ്യാർഥികളെയും എല്ലാ മാസവും അവരുടെ പ്രവർത്തനം റിപ്പോർട്ടു ചെയ്യാൻ പരിശീലിപ്പിക്കുക.
5 1997 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിൽ വന്ന “യഹോവയുടെ സേവനത്തിൽ ദീർഘായുസ്സോടെയിരിക്കുന്നതിനു നന്ദി” എന്ന ജീവിതകഥ ഓർക്കുക. നോർവേയിലെ ഓട്ടില്യ മിഡ്ലൻ സഹോദരി, 1921-ൽ സ്നാപനമേൽക്കുന്നതിനു മുമ്പുതന്നെ തന്റെ പ്രവർത്തനം ക്രമമായി റിപ്പോർട്ടു ചെയ്തുതുടങ്ങി. എഴുപത്തിയാറ് വർഷങ്ങൾക്കുശേഷം 99-ാമത്തെ വയസ്സിൽ സഹോദരി പറഞ്ഞു: “ഇപ്പോഴും പ്രവർത്തനത്തിനു മുടക്കംവരുത്താത്ത പ്രസാധികയായിരിക്കാൻ സാധിക്കുന്നതിൽ എനിക്കു ചാരിതാർഥ്യമുണ്ട്.” യഹോവയുടെ ദാസന്മാരായ നമുക്കെല്ലാം അനുകരിക്കാൻ പറ്റിയ എത്ര ഉത്കൃഷ്ടമായ മാതൃക!