കൃത്യമായ ഒരു റിപ്പോർട്ടു സമാഹരിക്കാൻ നിങ്ങൾ സഹായിക്കുന്നുവോ?
1 അനേകം ബൈബിൾ വിവരണങ്ങളിൽ നിശ്ചിത സംഖ്യകൾ ഉൾപ്പെടുത്തിയിരിക്കുന്നതായി നമുക്കു കാണാം. നടന്ന സംഭവത്തെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ ഇതു സഹായിക്കുന്നു. ഉദാഹരണത്തിന്, വെറും 300 പുരുഷന്മാരെ ഉപയോഗിച്ച് ഗിദെയോൻ മിദ്യാന്യ സൈന്യത്തെ പരാജയപ്പെടുത്തി. (ന്യായാ. 7:7) യഹോവയുടെ ദൂതൻ 1,85,000 അസീറിയൻ പടയാളികളെ കൊന്നു. (2 രാജാ. 19:35) പൊ.യു. 33-ലെ പെന്തെക്കൊസ്തു നാളിൽ 3,000-ത്തോളം പേർ സ്നാപനമേറ്റു. ഏറെ താമസിയാതെ വിശ്വാസികളുടെ എണ്ണം ഏകദേശം 5,000 ആയി വർധിച്ചു. (പ്രവൃ. 2:41; 4:4) പൂർണവും കൃത്യവുമായ ഒരു രേഖ സമാഹരിക്കാൻ ദൈവത്തിന്റെ പുരാതന ദാസന്മാർ വളരെയേറെ ശ്രമം ചെലുത്തിയിരുന്നു എന്നാണ് ഈ വിവരണങ്ങളെല്ലാം കാണിക്കുന്നത്.
2 എല്ലാ മാസവും വയൽസേവനത്തിലെ നമ്മുടെ പങ്കു റിപ്പോർട്ടു ചെയ്യാൻ യഹോവയുടെ സംഘടന ഇന്നു നമ്മോട് ആവശ്യപ്പെടുന്നു. ഈ ക്രമീകരണത്തോടുള്ള നമ്മുടെ വിശ്വസ്ത സഹകരണം പ്രസംഗവേലയുടെ ഫലപ്രദമായ മേൽവിചാരണയ്ക്കു സംഭാവന ചെയ്യും. ശുശ്രൂഷയുടെ ഏതെങ്കിലും ഒരു വശത്തിനു കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട് എന്നോ വയലിൽ ഒരു പ്രത്യേക ഭാഗത്ത് കൂടുതൽ വേലക്കാരെ ആവശ്യമുണ്ട് എന്നോ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയേക്കാം. സഭയിൽ ആർക്കൊക്കെ തങ്ങളുടെ ശുശ്രൂഷ വിപുലമാക്കാൻ കഴിയും, ആർക്കൊക്കെ സഹായം ആവശ്യമാണ് എന്നീ കാര്യങ്ങൾ തിട്ടപ്പെടുത്താൻ വയൽസേവന റിപ്പോർട്ടുകൾ മൂപ്പന്മാരെ സഹായിക്കും. കൂടാതെ, രാജ്യപ്രസംഗ വേലയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകൾ മുഴു ക്രിസ്തീയ സഹോദരവർഗത്തിനും പ്രോത്സാഹനം നൽകുന്നു. കൃത്യമായ ഒരു റിപ്പോർട്ടു സമാഹരിക്കുന്നതിൽ സഹായിക്കാൻ നിങ്ങൾ നിങ്ങളുടെ പങ്കു നിർവഹിക്കുന്നുണ്ടോ?
3 നിങ്ങളുടെ വ്യക്തിപരമായ ഉത്തരവാദിത്വം: മാസാവസാനം ആകുമ്പോൾ ആ മാസം ശുശ്രൂഷയിൽ എത്രമാത്രം പ്രവർത്തിച്ചു എന്ന് ഓർക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവോ? എങ്കിൽ ഓരോ പ്രാവശ്യം വയൽസേവനത്തിൽ ഏർപ്പെടുമ്പോഴും നിങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിവരങ്ങൾ എഴുതി വെക്കരുതോ? ചിലർ ഇതിന് ഒരു കലണ്ടറോ ഡയറിയോ ഉപയോഗിക്കുന്നു. മറ്റു ചിലർ ഒരു വയൽസേവന റിപ്പോർട്ട് സ്ലിപ്പ് കൂടെ കൊണ്ടുപോകുന്നു. മാസാവസാനം താമസംവിനാ നിങ്ങളുടെ റിപ്പോർട്ട് പുസ്തകാധ്യയന മേൽവിചാരകനെ ഏൽപ്പിക്കുക. ഇനി, രാജ്യഹാളിൽ റിപ്പോർട്ട് ഇടാനായി വെച്ചിട്ടുള്ള പെട്ടിയിൽ അതു നിക്ഷേപിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെ ചെയ്യുക. റിപ്പോർട്ടു നൽകാൻ മറന്നു പോകുന്നെങ്കിൽ എത്രയും പെട്ടെന്ന് പുസ്തകാധ്യയന മേൽവിചാരകന് അതു കൊടുക്കുന്നുവെന്ന് ഉറപ്പു വരുത്തുക. അദ്ദേഹം നിങ്ങളോടു വന്നു ചോദിക്കാൻ കാത്തു നിൽക്കരുത്. നിങ്ങളുടെ പ്രവർത്തനം കൃത്യമായി റിപ്പോർട്ടു ചെയ്യുന്നത് യഹോവയുടെ ക്രമീകരണത്തോടുള്ള ആദരവിനെയും റിപ്പോർട്ടുകൾ ശേഖരിച്ചു സഭാ റിപ്പോർട്ടു തയ്യാറാക്കാൻ നിയമിക്കപ്പെട്ടിരിക്കുന്ന സഹോദരന്മാരോടുള്ള സ്നേഹപൂർവകമായ പരിഗണനയെയും പ്രതിഫലിപ്പിക്കുന്നു.—ലൂക്കൊ. 16:10.
4 പുസ്തകാധ്യയന മേൽവിചാരകന്റെ ധർമം: ജാഗ്രതയും കരുതലുമുള്ള ഒരു ഇടയനെന്ന നിലയിൽ പുസ്തകാധ്യയന മേൽവിചാരകൻ മാസത്തിലുടനീളം തന്റെ പുസ്തകാധ്യയന കൂട്ടത്തിലുള്ളവരുടെ പ്രവർത്തനത്തിൽ താത്പര്യം കാണിക്കുന്നു. (സദൃ. 27:23) ഓരോ പ്രസാധകനും ശുശ്രൂഷയിൽ അർഥവത്തും സന്തുഷ്ടവുമായ ഒരു പങ്കുണ്ടോ, അതുപോലെ അവർ ക്രമമായി ശുശ്രൂഷയിൽ പങ്കെടുക്കുന്നുണ്ടോ എന്നൊക്കെ അദ്ദേഹത്തിന് അറിയാം. ആരെങ്കിലും ഒരു മാസം മുഴുവനും ശുശ്രൂഷയിൽ പങ്കെടുക്കാതിരുന്നാൽ അദ്ദേഹം ഉടനടി ആ വ്യക്തിക്കു സഹായം നൽകുന്നു. പലപ്പോഴും, പ്രോത്സാഹനത്തിന്റെ ഒരു വാക്കോ ഒരു പ്രായോഗിക നിർദേശമോ തന്നോടൊപ്പം വയൽസേവനത്തിൽ പങ്കെടുക്കാനുള്ള ക്ഷണമോ മാത്രം മതിയാകും.
5 മാസാവസാനം ആകുമ്പോൾ, പുസ്തകാധ്യയന മേൽവിചാരകനു മറ്റൊരു ചുമതലയുണ്ട്. അടുത്ത മാസം ആറാം തീയതിയോടെ കൃത്യമായ ഒരു സഭാ റിപ്പോർട്ട് ബ്രാഞ്ച് ഓഫീസിന് അയയ്ക്കാൻ സെക്രട്ടറിക്കു സാധിക്കും വിധം തന്റെ പുസ്തകാധ്യയന കൂട്ടത്തിലുള്ള എല്ലാവരും സ്വന്തം പ്രവർത്തനം റിപ്പോർട്ടു ചെയ്തുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തുന്നു. മാസാവസാനത്തോട് അടുക്കുമ്പോൾ തന്റെ കൂട്ടത്തിലുള്ള എല്ലാവരെയും റിപ്പോർട്ടിടാൻ ഓർമിപ്പിക്കുകയും പുസ്തകാധ്യയനം നടക്കുന്നിടത്ത് റിപ്പോർട്ടു സ്ലിപ്പുകൾ ലഭ്യമാക്കുകയും ചെയ്യുന്നതു സഹായകമായിരുന്നേക്കാം. റിപ്പോർട്ടിടാൻ മറന്നു പോകുന്നവർക്ക് ഉചിതമായ ഓർമിപ്പിക്കലുകളും പ്രോത്സാഹനവും നൽകാൻ അദ്ദേഹത്തിനു കഴിയും.
6 വയൽസേവന റിപ്പോർട്ടുകൾ കൃത്യസമയത്തു കൊടുക്കുന്നത് വയൽപ്രവർത്തനത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു റിപ്പോർട്ടു തയ്യാറാക്കാൻ സഹായിക്കും. എല്ലാ മാസവും താമസംവിനാ നിങ്ങളുടെ പ്രവർത്തനം റിപ്പോർട്ടു ചെയ്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ പങ്കു നിർവഹിക്കുമോ?