നിങ്ങളുടെ സഭാ പുസ്തകാധ്യയന മേൽവിചാരകനെ സഹായിക്കുക
1 സഭാ പുസ്തകാധ്യയനത്തിൽനിന്ന് നാം ഓരോരുത്തരും ധാരാളം പ്രയോജനങ്ങൾ നേടുന്നു. സഭാ പുസ്തകാധ്യയന മേൽവിചാരകൻ തന്റെ ധർമം നിർവഹിക്കുന്ന വിധത്തെ കുറിച്ച് കഴിഞ്ഞ മാസം നാം ചർച്ച ചെയ്യുകയുണ്ടായി. അദ്ദേഹത്തെ സഹായിക്കുന്നതിനും, അങ്ങനെ നമുക്കും മറ്റുള്ളവർക്കും പ്രയോജനം നേടുന്നതിനും നമുക്കു വ്യക്തിപരമായി എന്തു ചെയ്യാൻ കഴിയും?
2 എല്ലാ ആഴ്ചയും സംബന്ധിക്കുക: പുസ്തകാധ്യയനം ചെറിയ കൂട്ടങ്ങളായി സംഘടിപ്പിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ സാന്നിധ്യം വളരെ പ്രധാനമാണ്. എല്ലാ ആഴ്ചയിലും സംബന്ധിക്കുക എന്നതു നിങ്ങളുടെ ലക്ഷ്യമാക്കുക. കൂടാതെ, സമയത്തുതന്നെ അധ്യയനത്തിന് എത്തിച്ചേരുക. കാരണം, ക്രമീകൃതമായ ഒരു വിധത്തിൽ യോഗം നടത്താൻ അതു മേൽവിചാരകനെ സഹായിക്കും.—1 കൊരി. 14:40.
3 കെട്ടുപണിചെയ്യുന്ന അഭിപ്രായങ്ങൾ: നിങ്ങൾക്കു സഹായിക്കാൻ കഴിയുന്ന മറ്റൊരു വിധം, നന്നായി തയ്യാറായിവന്ന് കെട്ടുപണിചെയ്യുന്ന അഭിപ്രായങ്ങൾ പറയുക എന്നതാണ്. സാധാരണഗതിയിൽ, ഒരു ആശയത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന അഭിപ്രായങ്ങൾ പറയുന്നതാണ് അഭികാമ്യം. ഇത്, അഭിപ്രായങ്ങൾ പറയാൻ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കും. ഖണ്ഡികയിലുള്ള ആശയങ്ങൾ മുഴുവൻ ഒറ്റയടിക്കു പറയാൻ ശ്രമിക്കരുത്. പഠനഭാഗത്തെ ഒരു ആശയം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുന്നെങ്കിൽ, അഭിപ്രായം പറയുമ്പോൾ ആ വിവരങ്ങൾ പങ്കുവെച്ചുകൊണ്ടു ചർച്ചയെ സമ്പുഷ്ടമാക്കുക.—1 പത്രൊ. 4:10.
4 മുഴു കൂട്ടത്തിന്റെയും പ്രയോജനത്തിനായി വായന നടത്താനുള്ള പദവി ലഭിച്ചാൽ, ആ നിയമനം നിർവഹിക്കുന്നതിൽ ശുഷ്കാന്തി കാട്ടുക. അധ്യയനത്തെ വിജയപ്രദമാക്കുന്നതിൽ നല്ല വായന പ്രധാന പങ്കു വഹിക്കുന്നു.—1 തിമൊ. 4:13.
5 കൂട്ടസാക്ഷീകരണം: അനേകം പുസ്തകാധ്യയന കേന്ദ്രങ്ങളിൽ വയൽസേവന യോഗങ്ങൾ നടത്താറുണ്ട്. ഈ ക്രമീകരണത്തോടുള്ള നിങ്ങളുടെ പിന്തുണ, സുവിശേഷവേലയിൽ നേതൃത്വമെടുക്കവേ പുസ്തകാധ്യയന മേൽവിചാരകനെ സഹായിക്കുന്നു. സഹോദരങ്ങളോടു കൂടുതൽ അടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങളായി ഈ ക്രമീകരണങ്ങളെ വീക്ഷിക്കുക.
6 വയൽസേവന റിപ്പോർട്ടുകൾ: നിങ്ങളുടെ വയൽസേവന റിപ്പോർട്ടുകൾ മാസാവസാനം കൃത്യമായി നൽകുന്നതാണ് പുസ്തകാധ്യയന മേൽവിചാരകനെ സഹായിക്കുന്നതിനുള്ള മറ്റൊരു വിധം. റിപ്പോർട്ട് അദ്ദേഹത്തിന്റെ കൈയിൽ നേരിട്ടു കൊടുക്കുകയോ രാജ്യഹാളിൽ സേവന റിപ്പോർട്ടുകൾക്കായി വെച്ചിരിക്കുന്ന പെട്ടിയിൽ ഇടുകയോ ചെയ്യാം. പുസ്തകാധ്യയന മേൽവിചാരകന്മാർ ശേഖരിക്കുന്ന വയൽസേവന റിപ്പോർട്ടുകൾ സമാഹരിക്കാൻ സെക്രട്ടറിക്ക് ആ പെട്ടിതന്നെ ഉപയോഗിക്കാവുന്നതാണ്.
7 പുസ്തകാധ്യയന മേൽവിചാരകനോടുള്ള നിങ്ങളുടെ സഹകരണം വിലമതിക്കപ്പെടുകതന്നെ ചെയ്യും. സർവോപരി, യഹോവ “നിങ്ങൾ പ്രകടമാക്കുന്ന ആത്മാവിനോടുകൂടെ ഉണ്ടായിരിക്കു”മെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുള്ളവരായിരിക്കാം.—ഫിലി. 4:23, NW.