സഭാ പുസ്തകാധ്യയനം—അതു നമുക്ക് ആവശ്യമായിരിക്കുന്നതിന്റെ കാരണം
1 ആയിരത്തെണ്ണൂറ്റിതൊണ്ണൂറ്റഞ്ചിൽ ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പഠന കൂട്ടങ്ങൾ ബൈബിൾ പഠനത്തിനുള്ള ‘ഉദയ വൃന്ദങ്ങൾ’ എന്ന് അറിയപ്പെട്ടു തുടങ്ങി. സഹസ്രാബ്ദോദയത്തിന്റെ വാല്യങ്ങൾ ആയിരുന്നു പഠനത്തിന് ആധാരം. പിൽക്കാലത്ത് ഈ പഠന കൂട്ടങ്ങൾ ‘ബെരോവൻ വൃന്ദങ്ങൾ’ എന്നു വിളിക്കപ്പെട്ടു. (പ്രവൃ. 17:10) മിക്കപ്പോഴും ചെറിയ കൂട്ടങ്ങളായി, ഓരോ കൂട്ടത്തിനും സൗകര്യപ്രദമായ വൈകുന്നേരത്ത്, സ്വകാര്യഭവനങ്ങളിലാണ് അവർ കൂടിവന്നിരുന്നത്. ഇതായിരുന്നു സഭാ പുസ്തകാധ്യയനത്തിന്റെ തുടക്കം.
2 പ്രോത്സാഹനവും സഹായവും: പുസ്തകാധ്യയന കൂട്ടങ്ങൾ ചെറിയ കൂട്ടങ്ങളായി ക്രമീകരിച്ചിരിക്കുന്നതിനാൽ ഹാജരാകുന്നവർക്ക് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യപ്രകടനം നടത്തുന്നതിന് കൂടുതൽ അവസരങ്ങളുണ്ട്. അതിന്റെ ഫലമോ, “ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ” പരസ്പരം “ആശ്വാസം” അല്ലെങ്കിൽ പ്രോത്സാഹനം ലഭിക്കുന്നു എന്നതുതന്നെ.—റോമർ 1:12.
3 പുസ്തകാധ്യയന മേൽവിചാരകന്റെ അധ്യാപന രീതി നിരീക്ഷിക്കുന്നത്, “സത്യവചനത്തെ യഥാർത്ഥമായി പ്രസംഗി”ക്കാൻ അഥവാ അത് ശരിയായി കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കും. (2 തിമൊ. 2:15) വിവരങ്ങളുടെ തിരുവെഴുത്ത് അടിസ്ഥാനത്തിന് അദ്ദേഹം ഊന്നൽ കൊടുക്കുന്നത് എങ്ങനെയെന്നു നിരീക്ഷിക്കുക. പരിചിന്തിക്കുന്ന പ്രസിദ്ധീകരണത്തിന് അനുയോജ്യമെങ്കിൽ ഉപസംഹാര പുനരവലോകനത്തിൽ, ബൈബിൾ മാത്രം ഉപയോഗിച്ചുകൊണ്ട് മുഖ്യ ആശയങ്ങൾ അദ്ദേഹം വിശേഷവത്കരിച്ചേക്കും. അദ്ദേഹത്തിന്റെ നല്ല മാതൃക ക്രിസ്തീയ ശുശ്രൂഷയിൽ നമ്മുടെ പഠിപ്പിക്കൽ മെച്ചപ്പെടുത്താൻ സഹായിക്കും.—1 കൊരി. 11:1.
4 വാരംതോറും അധ്യയനം നടത്തുന്നതിനു പുറമേ പുസ്തകാധ്യയന മേൽവിചാരകൻ സുവിശേഷ പ്രസംഗത്തിൽ നേതൃത്വമെടുക്കുകയും ചെയ്യുന്നു. സേവന മേൽവിചാരകനോടു സഹകരിച്ചുകൊണ്ട് അദ്ദേഹം അനുയോജ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യുന്നു. സുവാർത്ത പ്രസംഗിക്കുന്നതിനും ശിഷ്യരെ ഉളവാക്കുന്നതിനുമുള്ള ക്രിസ്തീയ ഉത്തരവാദിത്വം നിറവേറ്റാൻ കൂട്ടത്തിലുള്ള എല്ലാവരെയും സഹായിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.—മത്താ. 28:19, 20; 1 കൊരി. 9:16.
5 തന്റെ പുസ്തകാധ്യയന കൂട്ടത്തിലുള്ള ഓരോ അംഗത്തിന്റെയും ആത്മീയ ക്ഷേമത്തിൽ പുസ്തകാധ്യയന മേൽവിചാരകൻ താത്പര്യമുള്ളവനാണ്. സഭായോഗങ്ങളിൽ ആയിരിക്കുമ്പോഴും വയലിൽ അവരോടൊത്തു പ്രവർത്തിക്കുമ്പോഴും ഈ താത്പര്യം അദ്ദേഹം പ്രകടിപ്പിക്കുന്നു. സഹോദരങ്ങളെ അവരുടെ ഭവനങ്ങളിൽ സന്ദർശിക്കുമ്പോഴും ആത്മീയ പ്രോത്സാഹനം നൽകാനുള്ള അവസരം അദ്ദേഹം വിനിയോഗിക്കുന്നു. ആത്മീയ സഹായം ആവശ്യമുള്ളപ്പോഴെല്ലാം പുസ്തകാധ്യയന മേൽവിചാരകനെ സമീപിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം തോന്നണം.—യെശ. 32:1, 2.
6 പരസ്പരം ശക്തിപ്പെടുത്തുക: ദൈവജനത്തിന്റെ പ്രവർത്തനം നിയന്ത്രിക്കപ്പെട്ടിരിക്കുന്ന ദേശങ്ങളിൽ സഹോദരങ്ങൾ മിക്കപ്പോഴും ചെറിയ കൂട്ടങ്ങളായി കൂടിവരുന്നു. ഒരു സഹോദരൻ അനുസ്മരിക്കുന്നു: “ഞങ്ങളുടെ ക്രിസ്തീയ പ്രവർത്തനങ്ങൾ നിരോധനത്തിൻ കീഴിലായിരുന്നു. എങ്കിലും സാധ്യമാകുമ്പോഴെല്ലാം 10-നും 15-നും ഇടയ്ക്ക് അംഗങ്ങളുള്ള കൂട്ടങ്ങളായി കൂടിവന്ന് ഞങ്ങൾ പ്രതിവാര യോഗങ്ങൾ നടത്തുമായിരുന്നു. യോഗങ്ങളിൽനിന്ന് ഞങ്ങൾ ആത്മീയ ശക്തി ആർജിച്ചു—ബൈബിൾ പഠനത്തിൽനിന്നും യോഗാനന്തരമുള്ള സഹവാസത്തിൽനിന്നും. ഞങ്ങൾ പരസ്പരം അനുഭവങ്ങൾ താരതമ്യം ചെയ്തത് ഞങ്ങൾക്കെല്ലാം ഒരേ കഷ്ടപ്പാടു തന്നെയാണ് എന്നു തിരിച്ചറിയാൻ സഹായിച്ചു.” (1 പത്രൊ. 5:9) അതേവിധം നമുക്കും സഭാ പുസ്തകാധ്യയന ക്രമീകരണത്തെ പൂർണമായി പിന്തുണച്ചുകൊണ്ട് പരസ്പരം ശക്തീകരിക്കാം.—എഫെ. 4:16.
[അധ്യയന ചോദ്യങ്ങൾ]
1. സഭാ പുസ്തകാധ്യയന ക്രമീകരണത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?
2. നമുക്ക് എങ്ങനെയാണ് പുസ്തകാധ്യയനത്തിൽ പ്രോത്സാഹന കൈമാറ്റത്തിനു സംഭാവന ചെയ്യാൻ കഴിയുന്നത്?
3, 4. ശുശ്രൂഷ നിർവഹിക്കാൻ പുസ്തകാധ്യയന ക്രമീകരണം നമ്മെ സഹായിക്കുന്നത് എങ്ങനെ?
5. പുസ്തകാധ്യയന ക്രമീകരണത്തിലൂടെ വ്യക്തിപരമായ എന്തു സഹായമാണു ലഭിക്കുന്നത്?
6. (എ) ചില ദേശങ്ങളിൽ നമ്മുടെ സഹോദരങ്ങൾ ചെറിയ കൂട്ടങ്ങളായുള്ള കൂടിവരവിനാൽ ശക്തീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ? (ബി) പുസ്തകാധ്യയന ക്രമീകരണത്തിൽനിന്ന് നിങ്ങൾ വ്യക്തിപരമായി പ്രയോജനം അനുഭവിച്ചിരിക്കുന്നത് എങ്ങനെ?