സഭാ പുസ്തകാധ്യയന ക്രമീകരണം നമ്മെ സഹായിക്കുന്നു
1. വാരംതോറുമുള്ള അഞ്ചു യോഗങ്ങൾ നമ്മെ എങ്ങനെ സഹായിക്കുന്നു?
1 വാരംതോറുമുള്ള അഞ്ചു യോഗങ്ങളിൽ ഓരോന്നും നടത്തപ്പെടുന്ന രീതിയും അവയുടെ ഉദ്ദേശ്യവും വ്യത്യസ്തമാണ്. എന്നിരുന്നാലും അന്യോന്യം “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പി”ക്കുന്നതിൽ ഇവയ്ക്കു വലിയ പങ്കുണ്ട്. (എബ്രാ. 10:24, 25) സഭാ പുസ്തകാധ്യയന ക്രമീകരണത്തിനു മാത്രമുള്ള പ്രയോജനകരമായ ചില സവിശേഷതകൾ ഏവയാണ്?
2. ചെറിയ കൂട്ടമായി നടത്തുന്ന പുസ്തകാധ്യയനത്തിൽ സംബന്ധിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?
2 ആത്മീയമായി വളരാൻ സഹായിക്കുന്നു: മറ്റു സഭായോഗങ്ങളിൽ സംബന്ധിക്കുന്നതിലും വളരെ കുറച്ച് ആളുകളാണ് ഓരോ പുസ്തകാധ്യയന കൂട്ടത്തിലും സംബന്ധിക്കുന്നത്. ഇത് ആത്മീയ പിന്തുണ പ്രദാനം ചെയ്യുന്ന സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. (സദൃ. 18:24) നിങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തിലെ എല്ലാവരെയും അടുത്തറിയുന്നതിനു നിങ്ങൾ ഒരു ശ്രമം നടത്തിയിട്ടുണ്ടോ, ഒരുപക്ഷേ നിങ്ങളോടൊപ്പം ശുശ്രൂഷയിൽ ഏർപ്പെടാൻ അവരിൽ ഓരോരുത്തരെയും ക്ഷണിച്ചുകൊണ്ട്? ഇത്തരമൊരു ക്രമീകരണം, പുസ്തകാധ്യയന കൂട്ടത്തിലെ ഓരോരുത്തരുടെയും സാഹചര്യങ്ങൾ മനസ്സിലാക്കാനും വ്യക്തിപരമായ പ്രോത്സാഹനം കൊടുക്കാനും അധ്യയന മേൽവിചാരകന് അവസരം നൽകും.—സദൃ. 27:23.
3. ഹാജരാകുന്നതിനും അഭിപ്രായങ്ങൾ പറയുന്നതിനും പുസ്തകാധ്യയന ക്രമീകരണം എങ്ങനെയാണു ബൈബിൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നത്?
3 നിങ്ങളോടൊപ്പം പുസ്തകാധ്യയനത്തിൽ സംബന്ധിക്കാൻ നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെ ക്ഷണിച്ചിട്ടുണ്ടോ? വലിയ യോഗങ്ങളിൽ സംബന്ധിക്കാൻ മടികാണിക്കുന്ന താത്പര്യക്കാർക്ക് സാധാരണഗതിയിൽ സ്വകാര്യഭവനങ്ങളിലെ താരതമ്യേന ചെറിയ യോഗത്തിനു കൂടിവരാൻ ബുദ്ധിമുട്ടു തോന്നിയേക്കുകയില്ല. ഇത്തരം സൗഹൃദാന്തരീക്ഷത്തിൽ കുട്ടികൾക്കും പുതിയവർക്കും അഭിപ്രായം പറയുന്നത് എളുപ്പമായിരിക്കും. കൂടാതെ ചെറിയ കൂട്ടമായതിനാൽ അഭിപ്രായം പറയുന്നതിനും യഹോവയെ സ്തുതിക്കുന്നതിനും നമുക്കു കൂടുതൽ അവസരങ്ങളുണ്ട്.—സങ്കീ. 111:1.
4. പുസ്തകാധ്യയന ക്രമീകരണം ഏതു വിധങ്ങളിൽ സൗകര്യപ്രദമായിരുന്നേക്കാം?
4 സാധാരണമായി പുസ്തകാധ്യയനം സഭയുടെ പ്രദേശത്തെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സൗകര്യപ്രദമായ ഇടങ്ങളിലാണു നടത്തപ്പെടുന്നത്. എല്ലാവരെയും അവരുടെ ഏറ്റവും അടുത്തുള്ള സ്ഥലത്തു പുസ്തകാധ്യയനത്തിനു നിയമിക്കാനായെന്നു വരില്ല. എങ്കിലും മറ്റു യോഗങ്ങൾ നടക്കുന്ന സ്ഥലത്തേക്കാൾ അടുത്തായിരിക്കും നമ്മുടെ നിയമിത പുസ്തകാധ്യയനം നടക്കുന്നത്. പുസ്തകാധ്യയന കേന്ദ്രങ്ങൾ വയൽസേവനത്തിനു കൂടിവരാൻ സൗകര്യപ്രദമായ ഇടങ്ങളും ആയിരിക്കും.
5. പുസ്തകാധ്യയന മേൽവിചാരകനിൽനിന്ന് നമുക്ക് എന്തു സഹായം ലഭിക്കും?
5 ശുശ്രൂഷയ്ക്ക് ആവശ്യമായ സഹായം: ശുശ്രൂഷയിൽ ഓരോരുത്തർക്കും ക്രമവും അർഥവത്തും സന്തോഷകരവുമായ പങ്കുണ്ടായിരിക്കുന്നതിനു വേണ്ട സഹായം നൽകുന്നതിൽ പുസ്തകാധ്യയന മേൽവിചാരകൻ തത്പരനാണ്. അതുകൊണ്ട് ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ വ്യക്തിഗത സഹായം നൽകിക്കൊണ്ട് കൂട്ടത്തിലെ എല്ലാവരുമൊത്തു പ്രവർത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. മടക്കസന്ദർശനങ്ങൾപോലെ ശുശ്രൂഷയുടെ ഒരു പ്രത്യേക ഭാഗം വെല്ലുവിളിയാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ ആ വിവരം പുസ്തകാധ്യയന മേൽവിചാരകനെ അറിയിക്കുക. കൂട്ടത്തിലെ പരിചയ സമ്പന്നനായ ഒരു പ്രസാധകനുമൊത്തു പ്രവർത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ അദ്ദേഹത്തിനായേക്കും. പുസ്തകാധ്യയനത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന നല്ല പഠിപ്പിക്കൽ രീതികൾക്ക് അടുത്ത ശ്രദ്ധ കൊടുക്കുകവഴി ബൈബിളധ്യയനങ്ങൾ നടത്താനുള്ള നിങ്ങളുടെ പ്രാപ്തി മെച്ചപ്പെടും.—1 കൊരി. 4:17.
6. പുസ്തകാധ്യയന ക്രമീകരണത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്?
6 സഭാ പുസ്തകാധ്യയനം എന്തൊരു അനുഗ്രഹമാണ്! നാം ജീവിക്കുന്ന വെല്ലുവിളിനിറഞ്ഞ ഈ കാലത്ത് ആത്മീയ സുസ്ഥിരത നിലനിറുത്താൻ യഹോവയിൽനിന്നുള്ള സ്നേഹപുരസ്സരമായ ഈ കരുതൽ നമ്മെ സഹായിക്കുന്നു.—സങ്കീ. 26:12.