ആഗസ്റ്റ് ഒരു സവിശേഷ മാസം ആയിരിക്കുമോ?
1 യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലെ ഒരു സവിശേഷ വർഷം ആയിരുന്നു 1963. എന്തുകൊണ്ടെന്നു നിങ്ങൾക്ക് അറിയാമോ? ലോകവ്യാപകമായുള്ള പ്രസാധകരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞത് അന്നായിരുന്നു. അപ്പോൾ നിങ്ങൾ സത്യത്തിൽ ആയിരുന്നെങ്കിൽ രാജ്യസന്ദേശം പ്രസംഗിക്കുന്ന അത്രയും പേരുള്ളതിൽ നാം എത്രമാത്രം ആവേശഭരിതർ ആയിരുന്നു എന്ന് ഓർമിക്കുന്നുണ്ടാകും! ഇന്ന് ഐക്യനാടുകളിൽ മാത്രമായി അത്രയും പ്രസാധകരുണ്ട്. എന്നിരുന്നാലും, ഐക്യനാടുകളിൽ മാത്രമായി ഓരോ മാസവും ശുശ്രൂഷയിൽ അൽപ്പ സമയമെങ്കിലും ചെലവഴിച്ചതായി റിപ്പോർട്ടു ചെയ്യാത്ത ശരാശരി 90,000 പ്രസാധകർ ഉണ്ട്. സമാനമായ ഒരു സ്ഥിതിവിശേഷം ഇന്ത്യയിലും ഉണ്ട്.
2 വെല്ലുവിളി സ്വീകരിക്കുക: ആഗസ്റ്റ് മാസത്തിൽ സൊസൈറ്റി ഐക്യനാടുകളിൽ പത്തുലക്ഷം പ്രസാധകർ എന്ന സർവകാല അത്യുച്ചത്തിൽ എത്താൻ ഉത്സാഹിക്കുകയാണ്. ഇന്ത്യയ്ക്കു വേണ്ടിയുള്ള നമ്മുടെ ലക്ഷ്യം 20,000 പ്രസാധകരാണ്. നമ്മുടെ ശ്രമങ്ങൾ വിജയിക്കുന്നെങ്കിൽ, ഇവിടെയും ആഗസ്റ്റ് ഒരു സവിശേഷ മാസം ആയിരിക്കും! നാം എല്ലാവരും നമ്മുടെ ഭാഗം നിർവഹിക്കുന്നെങ്കിൽ അതിനു കഴിയും.
3 അവധിക്കാലം ചെലവഴിക്കാൻ എവിടെയെങ്കിലും പോകാൻ പരിപാടിയിടുന്നെങ്കിൽ, പോകുന്നതിനു മുമ്പു തന്നെ അൽപ്പ സമയം ശുശ്രൂഷയ്ക്കായി ചെലവഴിക്കാവുന്നതാണ്. യാത്രയിൽ കണ്ടുമുട്ടുന്നവരോടു സാക്ഷീകരിക്കാൻ കഴിയേണ്ടതിന് ലഘുലേഖകളോ ലഘുപത്രികകളോ മാസികകളോ കൂടെ കരുതുക. കൂടാതെ, നിങ്ങൾ സന്ദർശിക്കുന്ന സ്ഥലത്തുള്ള പ്രസാധകരുമൊത്തും ശുശ്രൂഷയിൽ പങ്കെടുക്കാൻ നിങ്ങൾക്കു സാധിക്കും.
4 ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽപ്പോലും നിങ്ങൾക്ക് ശുശ്രൂഷയിൽ ഒരു പങ്ക് ഉണ്ടായിരിക്കാൻ കഴിയും. ഡോക്ടർമാരോടും നേഴ്സുമാരോടും സന്ദർശകരോടും സാക്ഷീകരിക്കാൻ നിങ്ങൾക്കു സാധിച്ചേക്കാം. ഒരുപക്ഷേ കത്തിലൂടെയോ ടെലഫോണിലൂടെയോ സാക്ഷീകരിക്കാനും നിങ്ങൾക്കു കഴിയും.
5 ആഗസ്റ്റിൽ വയൽ സേവനത്തിൽ ഏർപ്പെടാൻ വേണ്ട സഹായം ലഭിക്കുന്നതിനെ ചിലർ തീർച്ചയായും വിലമതിച്ചേക്കാം. മൂപ്പന്മാരും ശുശ്രൂഷാ ദാസന്മാരും അധ്യയന നിർവാഹകരും ഇത്തരം സഹായം നൽകാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണം. ആഗസ്റ്റിൽ നിങ്ങളെ ഒരു പ്രസാധകനായി കണക്കാക്കേണ്ടതിന് മാസാവസാനം നിങ്ങളുടെ വയൽസേവന റിപ്പോർട്ട് മറക്കാതെ കൃത്യ സമയത്തുതന്നെ കൊടുക്കുക.
6 ആ പദവിയെ വിലമതിക്കുക: ശുശ്രൂഷ ഒരു “നല്ല നിക്ഷേപ”മാണ്. (2 തിമൊ. 1:14, പി.ഒ.സി. ബൈബിൾ) നമുക്കു നൽകപ്പെട്ടിരിക്കുന്ന, സുവാർത്ത പ്രസംഗിക്കുക എന്ന പദവിയെ നാം വിലമതിക്കുന്നു. (1 തെസ്സ. 2:4) യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന എല്ലാ കാര്യങ്ങളെയും കുറിച്ചു പരിചിന്തിക്കുമ്പോൾ, ഈ സർവപ്രധാന വേലയിൽ വർഷം മുഴുവനും തുടർച്ചയായ ഒരു പങ്ക് ഉണ്ടായിരിക്കാൻ നാം പ്രചോദിതർ ആയിത്തീരേണ്ടതാണ്. പതിവായി പ്രസംഗവേലയിൽ ഏർപ്പെടുന്നതിൽ നിന്നു നമ്മെ തടയാൻ യാതൊന്നിനെയും അനുവദിച്ചുകൂടാ. ഈ വരുന്ന ആഗസ്റ്റിനെ നമുക്ക് യഹോവയുടെ സേവനത്തിലെ ഒരു സവിശേഷ മാസം ആക്കിത്തീർക്കുകയും പിന്നീടു വരുന്ന എല്ലാ മാസങ്ങളിലും അവനെക്കുറിച്ചു സാക്ഷീകരിക്കാൻ ദൃഢനിശ്ചയമുള്ളവർ ആയിരിക്കുകയും ചെയ്യാം!—സങ്കീ. 34:1.