ഇരുപതിനായിരം!
ഈ സേവന വർഷത്തിന്റെ അവസാനം ഇന്ത്യ റിപ്പോർട്ടു ചെയ്തു കാണാൻ നാം ആഗ്രഹിക്കുന്ന പ്രസാധകരുടെ എണ്ണമാണ് അത്. നമുക്ക് അതിനു കഴിയുമോ? ഉവ്വ്! 1997 ആഗസ്റ്റ് അവസാനം ഇന്ത്യയിൽ സഭകളിലെ മൊത്തം പ്രസാധകരുടെ സംഖ്യ 18,781 ആണെന്നു കണക്കുകൾ കാണിക്കുന്നു. എന്നുവരികിലും ആ മാസം വരെയുള്ള സർവകാല അത്യുച്ചം 17,534 ആയിരുന്നു. അതിന്റെ അർഥം 1,247 പ്രസാധകർ കഴിഞ്ഞ സേവന വർഷത്തിൽ ഏതെങ്കിലും ഒരു മാസം റിപ്പോർട്ടു ചെയ്യാതിരുന്നുകൊണ്ട് ക്രമമില്ലാത്തവരായി എന്നാണ്! മിക്ക സഭകളിലും ഏതാനും പേർ ക്രമമില്ലാത്തവരായി ഉണ്ടായിരുന്നു എന്ന് സർക്കിട്ട് മേൽവിചാരകന്മാരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രസാധകർ ഓരോരുത്തരും കാലവർഷ മാസങ്ങളിൽ ശുശ്രൂഷയിൽ പങ്കുപറ്റാൻ സുനിശ്ചിത ക്രമീകരണങ്ങൾ നടത്തുകയും താമസംവിനാ ആ പ്രവർത്തനം റിപ്പോർട്ടു ചെയ്യുകയുമാണെങ്കിൽ നമുക്കു തീർച്ചയായും 20,000 എന്ന ലക്ഷ്യം കടക്കാൻ കഴിയും. മാസത്തിന്റെ ആദ്യ ഭാഗത്ത് സാക്ഷ്യ വേലയിൽ ഏർപ്പെടുന്നെങ്കിൽ ആ മാസത്തിൽ നമുക്കു സാക്ഷ്യ വേലയിൽ പങ്കില്ലാതെ വരില്ല. പുസ്തകാധ്യയന നിർവാഹകൻ തന്റെ കൂട്ടത്തിലുള്ള ഏതൊരു ക്രമമില്ലാത്ത പ്രസാധകനെയും സഹായിക്കാൻ ആത്മാർഥമായി ശ്രമിക്കണം. പോയ മാസങ്ങളിൽ നിങ്ങൾ ഒരു ക്രമമില്ലാത്ത പ്രസാധകൻ ആയിരുന്നു എങ്കിൽ പുസ്തകാധ്യയന നിർവാഹകന്റെ സഹായം തേടാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഒരാളെ ഏർപ്പാടു ചെയ്യുന്നതിൽ അദ്ദേഹത്തിനു സന്തോഷമായിരിക്കും. ഒത്തൊരുമിച്ചുള്ള ശ്രമഫലമായി, ഇന്ത്യയിൽ ആദ്യമായി 20,000-ത്തിൽ അധികം പ്രസാധകരുടെ ഒരു പുതിയ സർവകാല അത്യുച്ചം നമുക്കു കാണാൻ സാധിക്കണം. അത് യഹോവയ്ക്കുള്ള എത്ര വലിയ സ്തുതിഘോഷം ആയിരിക്കും!—സങ്കീ. 47:1.