നിങ്ങൾ മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പു വരുത്തുക!
1 “എത്ര നല്ല ഒരു ചർച്ചയായിരുന്നു അത്! അവിടെ തീർച്ചയായും മടക്കസന്ദർശനം നടത്തണം.” അങ്ങനെ പറഞ്ഞിട്ട്, കുറച്ചു കഴിഞ്ഞപ്പോൾ ആ വ്യക്തി എവിടെയാണു താമസിക്കുന്നതെന്ന് ഓർക്കാൻ കഴിയാഞ്ഞ ഒരു അവസ്ഥ നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ മടങ്ങിച്ചെല്ലുന്നത് ഉറപ്പു വരുത്തുന്നതിന് അത് എഴുതിവെക്കുകയേ നിവൃത്തിയുള്ളൂ എന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകണം.
2 എല്ലാ വിവരങ്ങളും എഴുതിവെക്കുക: താത്പര്യം കാണിച്ച വ്യക്തിയുമായുള്ള സംഭാഷണം നിങ്ങളുടെ മനസ്സിൽനിന്നു മായുന്നതിനു മുമ്പുതന്നെ ആ സന്ദർശനത്തെ സംബന്ധിച്ച എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും കുറിച്ചിടുക. വ്യക്തിയുടെ പേരും മേൽവിലാസവും അതുപോലെതന്നെ നിങ്ങൾക്കെങ്ങനെ അയാളെ തിരിച്ചറിയാൻ കഴിയുമെന്നും എഴുതിവെക്കുക. മേൽവിലാസം ഒരിക്കലും ഊഹിച്ച് എഴുതരുത്, അതു കൃത്യമാണെന്ന് ഉറപ്പു വരുത്തുക. നിങ്ങൾ സംസാരിച്ച വിഷയം, വായിച്ച തിരുവെഴുത്തുകൾ, സമർപ്പിച്ച സാഹിത്യങ്ങൾ, ഇവയൊക്കെ കുറിച്ചുവെക്കുക.
3 അടുത്ത സന്ദർശനത്തിൽ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം നൽകാമെന്നു നിങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതും എഴുതിവെക്കാൻ മറക്കരുത്. ആ വ്യക്തിയെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബം, മതം എന്നിവയെ കുറിച്ചോ നിങ്ങൾ എന്തെങ്കിലും മനസ്സിലാക്കിയോ? എങ്കിൽ അതും മറക്കാതെ കുറിച്ചിടുക. അടുത്ത തവണ സന്ദർശിക്കുമ്പോൾ സംഭാഷണത്തിൽ ഈ സംഗതികൾ പരാമർശിച്ചുകൊണ്ട് അയാളിൽ നിങ്ങൾക്കു വ്യക്തിപരമായ താത്പര്യം ഉണ്ടെന്നു പ്രകടമാക്കാൻ കഴിയും. നിങ്ങൾ ആദ്യസന്ദർശനം നടത്തിയ ദിവസം, സമയം, മടങ്ങിച്ചെല്ലാമെന്നു പറഞ്ഞിരിക്കുന്ന ദിവസം എന്നിവയും എഴുതിയിടുക. ഇങ്ങനെയുള്ള നല്ല ഓർമക്കുറിപ്പുകൾ ഉണ്ടെങ്കിൽ, മടങ്ങിച്ചെല്ലാമെന്നുള്ള വാഗ്ദാനം നിങ്ങൾ മറന്നുപോകാനുള്ള സാധ്യത കുറവാണ്.—1 തിമൊ. 1:12.
4 മുഴു വിവരങ്ങളും രേഖപ്പെടുത്തി കഴിഞ്ഞാൽ അത്, പെട്ടെന്നെടുക്കാവുന്ന വിധത്തിൽ, ബാഗ്, ബൈബിൾ, ന്യായവാദം പുസ്തകം, സാഹിത്യങ്ങൾ എന്നിങ്ങനെ വയൽസേവനത്തിനു കൊണ്ടുപോകുന്ന മറ്റു സാധനങ്ങളോടൊപ്പം വെക്കുക. ആളില്ലാ ഭവനങ്ങൾ രേഖപ്പെടുത്താനും മടക്കസന്ദർശനങ്ങൾ രേഖപ്പെടുത്താനും വെവ്വേറെ വീടുതോറുമുള്ള രേഖകൾ ഉപയോഗിക്കുന്നതാണു നല്ലത്. തീർച്ചയായും മടക്കസന്ദർശനത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം എഴുതിവെക്കുക എന്നതല്ല, മറിച്ച് മടങ്ങിച്ചെല്ലുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി!
5 വ്യക്തിയെ കുറിച്ചു ചിന്തിക്കുക: ശുശ്രൂഷയ്ക്കു തയ്യാറാകുമ്പോൾ മടക്കസന്ദർശനത്തെ കുറിച്ചു നിങ്ങൾ രേഖപ്പെടുത്തി വെച്ച വിവരങ്ങളെല്ലാം എടുത്തുനോക്കുക. ഓരോ വ്യക്തിയെ കുറിച്ചും അടുത്ത സന്ദർശനത്തിൽ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ സമീപനത്തെ കുറിച്ചും ഒരു ഭവന ബൈബിൾ അധ്യയനം ആരംഭിക്കുന്നതിനായി വ്യക്തിയുടെ താത്പര്യം എങ്ങനെ ഉണർത്താം എന്നതിനെ കുറിച്ചും ചിന്തിക്കുക. മുന്നമേയുള്ള അത്തരം ആസൂത്രണം സുവാർത്തയുടെ ശുശ്രൂഷകൻ എന്ന നിലയിലുള്ള നിങ്ങളുടെ ഫലപ്രദത്വം വർധിപ്പിക്കും, ഒപ്പം നിങ്ങളുടെ വ്യക്തിപരമായ സന്തോഷവും.—സദൃ. 21:5എ.
6 അതുകൊണ്ട് അടുത്ത തവണ അനുകൂലമായി പ്രതികരിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തുമ്പോൾ വിവരങ്ങളെല്ലാം എളുപ്പത്തിൽ ഓർത്തിരിക്കാവുന്നതേ ഉള്ളൂ എന്നു തെറ്റായി ന്യായവാദം ചെയ്യരുത്. പകരം അവ എഴുതിവെക്കുക, പിന്നീടെടുത്തു നോക്കുക, വ്യക്തിയെ കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുക, എന്നിട്ട് മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പു വരുത്തുക!