‘നിത്യജീവനു ചേർന്ന പ്രകൃതമുള്ളവരെ’ സഹായിക്കുക
1 ഓരോ വ്യക്തിക്കും അവന്റെ ആലങ്കാരിക ഹൃദയത്തിൽ രൂഢമൂലമായ ഒരു പ്രകൃതമുണ്ട്. (മത്താ. 12:35) ‘ഹൃദയത്തിൽ യുദ്ധ’മുള്ള വ്യക്തിയെ കുറിച്ച് ബൈബിൾ പറയുന്നു. (സങ്കീ. 55:21) ചിലർ ‘കോപശീലരായ’ വ്യക്തികളാണ്. (സദൃ. 29:22, പി.ഒ.സി. ബൈബിൾ) എന്നാൽ ‘നിത്യജീവനു ചേർന്ന പ്രകൃതമുള്ളവരും’ ഉണ്ട്. (പ്രവൃ. 13:48, NW) അത്തരം ശരിയായ പ്രകൃതമുള്ളവരെ ഇക്കാലത്ത് യഹോവ തന്നിലേക്ക് കൂട്ടിവരുത്തുകയാണ്. (ഹഗ്ഗാ. 2:7) യഹോവയുടെ ആരാധകർ ആയിത്തീരാൻ നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
2 മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പുവരുത്തുക: ശിഷ്യരെ ഉളവാക്കാനുള്ള നമ്മുടെ നിയോഗം നിറവേറ്റുന്നതിൽ, മടക്കസന്ദർശനങ്ങൾ നടത്തുന്നതു സംബന്ധിച്ച് ശരിയായ വീക്ഷണം ഉണ്ടായിരിക്കുന്നതു മർമപ്രധാനമാണ്. (മത്താ. 28:19, 20) കണ്ടെത്തുന്ന താത്പര്യം പിന്തുടരാൻ നാം ശുഷ്കാന്തിയുള്ളവരാണോ? സാഹിത്യം സ്വീകരിക്കുന്ന അല്ലെങ്കിൽ സുവാർത്തയിൽ താത്പര്യം പ്രകടിപ്പിക്കുന്ന എല്ലാവരെയും നാം മടങ്ങിച്ചെന്നു കാണുന്നുണ്ടോ? ആത്മീയ വളർച്ച പ്രാപിക്കാൻ അവരെ സഹായിക്കുന്നതിന് നാം അശ്രാന്തപരിശ്രമം നടത്തുന്നുവോ? ആളുകളുടെ ജീവൻ ഉൾപ്പെട്ടിരിക്കുന്നതിനാൽ, കണ്ടെത്തുന്ന ഏതൊരു താത്പര്യവും വളർത്തിയെടുക്കാൻ നാം ഉത്സാഹിക്കണം.
3 ഒരു വ്യക്തിയുമായി നടത്തിയ സംഭാഷണം നാം മറന്നുപോകുന്നതിനുമുമ്പ്, അയാളുടെ പേരും മേൽവിലാസവും കുറിച്ചുവെക്കാൻ ഒരു നിമിഷം എടുക്കുക. സംസാരിച്ച വിഷയം, തിരുവെഴുത്തുകൾ വായിച്ചെങ്കിൽ അത്, സമർപ്പിച്ച പ്രസിദ്ധീകരണം എന്നിവയും രേഖപ്പെടുത്തി വെക്കുക. തുടർന്ന്, എത്രയും പെട്ടെന്നുതന്നെ മടങ്ങിച്ചെല്ലുന്നുവെന്ന് ഉറപ്പുവരുത്തുക.
4 മടക്കസന്ദർശനങ്ങൾ നടത്തേണ്ട വിധം: മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ, ഊഷ്മളതയും സൗഹാർദതയും ഉള്ളവരായിരിക്കുന്നതും വീട്ടുകാരനിൽ വ്യക്തിഗത താത്പര്യം പ്രകടിപ്പിക്കുന്നതും സഹായകമാണ്. ചർച്ച ലളിതവും തിരുവെഴുത്തധിഷ്ഠിതവും ആയിരിക്കാൻ ശ്രദ്ധിക്കുക. ചർച്ചചെയ്യാൻ ആകർഷകമായ ഒരു ബൈബിൾ വിഷയം തയ്യാറാകുക, സന്ദർശനത്തിന്റെ അവസാനം അടുത്ത സന്ദർശനത്തിൽ ഉത്തരംപറയാനായി ഒരു ചോദ്യം ഉന്നയിക്കുക. വീട്ടുകാരന്റെ തിരുവെഴുത്തുവിരുദ്ധ വീക്ഷണങ്ങളെ കുറിച്ച് അനാവശ്യമായി തർക്കിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇരുകൂട്ടരും പൊതുവായി അംഗീകരിക്കുന്ന കാര്യങ്ങളിൽനിന്ന് ചർച്ച വികസിപ്പിക്കാൻ ശ്രമിക്കുക.—കൊലൊ. 4:6.
5 മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ ശ്രമം ഉൾപ്പെടുന്നു, പക്ഷേ അവയുടെ പ്രതിഫലങ്ങൾ സംതൃപ്തിദായകമാണ്. ജപ്പാനിലെ ഒരു പയനിയർ മാസംതോറും കൂടുതൽ മടക്കസന്ദർശനങ്ങൾ നടത്താനുള്ള ലക്ഷ്യമിട്ടു. വീടുതോറുമുള്ള വേലയിൽ താൻ കണ്ടുമുട്ടിയവരുടെയെല്ലാം രേഖ അദ്ദേഹം സൂക്ഷിക്കാൻ തുടങ്ങി. എന്നിട്ട്, ഏഴു ദിവസത്തിനുള്ളിൽ അവരെയെല്ലാം മടങ്ങിച്ചെന്നു കണ്ടു. പറയാനുള്ള കാര്യങ്ങൾ അദ്ദേഹം നന്നായി തയ്യാറാകുകയും താൻ വഹിക്കുന്ന സന്ദേശത്തിലുള്ള പരിപൂർണ ബോധ്യത്തോടെ തന്റെ ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. ഒരിക്കൽ ഒരു മടക്കസന്ദർശനം നടത്തിയപ്പോൾ, പ്രഥമ സന്ദർശനത്തിൽ പിൻവരുന്നപ്രകാരം പറഞ്ഞ ഒരു വ്യക്തിയുമായി അദ്ദേഹത്തിന് ബൈബിളധ്യയനം തുടങ്ങാൻ സാധിച്ചു: “ഞാൻ നിങ്ങളുടെ ആളുകളെ പറഞ്ഞുവിടുകയാണ് പതിവ്. ഇതാദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്.” പയനിയറുടെ സ്നേഹപൂർവമായ അശ്രാന്തപരിശ്രമം വിജയം കണ്ടു. മാസാവസാനം പത്ത് ബൈബിളധ്യയനങ്ങളാണ് അദ്ദേഹം റിപ്പോർട്ടു ചെയ്തത്.
6 ആളുകളുടെ സാഹചര്യങ്ങൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. (1 കൊരി. 7:31, NW) ഒരു താത്പര്യക്കാരനെ വീട്ടിൽ കണ്ടെത്താൻ മിക്കപ്പോഴും പലപ്രാവശ്യം മടങ്ങിച്ചെല്ലേണ്ടതായി വരുന്നു. മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ ഉത്സാഹം പ്രകടമാക്കിക്കൊണ്ട്, ശരിയായ പ്രകൃതമുള്ളവരെ നിത്യജീവന്റെ പാതയിലേക്കു കടന്നുവരുന്നതിന് നമുക്കു സഹായിക്കാൻ കഴിയും.—മത്താ. 7:13, 14.
[അധ്യയന ചോദ്യങ്ങൾ]
1. ഇന്ന് യഹോവ തന്നിലേക്ക് ആരെ കൂട്ടിവരുത്തുന്നു?
2. ശിഷ്യരെ ഉളവാക്കാനുള്ള നമ്മുടെ നിയോഗം നിറവേറ്റുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
3. ശുശ്രൂഷയിൽ ആരോടെങ്കിലും സംസാരിച്ച ശേഷം നാം എന്തു ചെയ്യണം?
4. ഫലകരമായ മടക്കസന്ദർശനങ്ങൾ എങ്ങനെ നടത്താൻ കഴിയും?
5. ഒരു പയനിയർ എന്തു ശ്രമം നടത്തി, ഫലം എന്തായിരുന്നു?
6. മടക്കസന്ദർശനങ്ങൾ നടത്തുന്നതിൽ നാം അശ്രാന്തം പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്?