തയ്യാറാകൽ—ഫലപ്രദമായ മടക്കസന്ദർശനങ്ങളുടെ രഹസ്യം
1. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ ശുശ്രൂഷ ഏതു വിധത്തിൽ വ്യാപിക്കേണ്ടിയിരുന്നു?
1 ‘രാജ്യസുവിശേഷത്തിന്റെ’ ഫലപ്രദരായ ഘോഷകരാകാൻ യേശു തന്റെ ശിഷ്യന്മാരെ പൂർണമായി സജ്ജരാക്കി. (മത്താ. 4:23; 9:35) ആ പരിശീലനപരിപാടി നടന്നതു പാലസ്തീനിൽവെച്ചാണ്. എന്നിരുന്നാലും, “സകലജാതികളെയും” ശിഷ്യരാക്കാൻ തക്കവിധം ക്രിസ്തീയ ശുശ്രൂഷ വ്യാപകമായിത്തീരുമെന്ന് സ്വർഗാരോഹണത്തിനുമുമ്പ് അവൻ വ്യക്തമാക്കി.—മത്താ. 28:19, 20.
2. ശിഷ്യരെ ഉളവാക്കാനുള്ള കൽപ്പനയിൽ എന്തുൾപ്പെട്ടിരിക്കുന്നു?
2 രാജ്യസുവാർത്തയിൽ താത്പര്യം പ്രകടമാക്കുന്നവരെ വീണ്ടും സന്ദർശിക്കുന്നതും ക്രിസ്തു കൽപ്പിച്ച സകലവും അനുസരിക്കാൻ അവരെ പഠിപ്പിക്കുന്നതും ആ വേലയിൽപ്പെടുമായിരുന്നു. നന്നായി തയ്യാറായാൽ മാത്രമേ ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്താൻ നമുക്കാകൂ.
3. ആദ്യസന്ദർശനത്തിൽത്തന്നെ മടക്കസന്ദർശനത്തിന് എങ്ങനെ അടിസ്ഥാനമിടാം?
3 മുൻകൂട്ടി ആസൂത്രണം ചെയ്യുക: ചില പ്രസാധകർ ആദ്യസന്ദർശനത്തിനൊടുവിൽ ഒരു ചോദ്യം ഉന്നയിക്കുകയും അതേക്കുറിച്ചു ചർച്ചചെയ്യാൻ പിന്നീടു മടങ്ങിവരാമെന്നു സമ്മതിക്കുകയും ചെയ്യുന്നു. മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ വിവരങ്ങൾ പരാമർശിക്കുന്നത്, നേരിട്ട് ഒരു ബൈബിളധ്യയനത്തിലേക്കു കടക്കാൻ സഹായിച്ചിരിക്കുന്നതായി അവർ മനസ്സിലാക്കിയിരിക്കുന്നു.
4. മടക്കസന്ദർശനം നടത്താൻ പുതിയ ലക്കം മാസികകൾ ലഭിക്കുന്നതുവരെ കാത്തിരിക്കരുതാത്തത് എന്തുകൊണ്ട്?
4 മാസികകൾ മൂന്നുമാസത്തിലൊരിക്കൽ ലഭിക്കുന്നതിനാൽ, പുതിയ ലക്കം കിട്ടിയശേഷം വീട്ടുകാരനെ വീണ്ടും സന്ദർശിച്ചാൽ മതിയെന്നു വിചാരിക്കരുത്. വീട്ടുകാരനു നൽകിയിട്ടുള്ള മാസികയിലെതന്നെ വിവരങ്ങൾ ചർച്ചചെയ്തുകൊണ്ട് താത്പര്യം സജീവമാക്കിനിറുത്താൻ കഴിഞ്ഞേക്കും.
5. ഒരു ലക്ഷ്യമുണ്ടായിരിക്കുന്നതിന്റെ പ്രയോജനമെന്ത്?
5 ഒരു ലക്ഷ്യമുണ്ടായിരിക്കുക: മടങ്ങിച്ചെല്ലുന്നതിനുമുമ്പ് വീടുതോറുമുള്ള രേഖ പുനഃപരിശോധിക്കാനും എന്താണു ചെയ്യേണ്ടതെന്നു തീരുമാനിക്കാനും അൽപ്പസമയം ചെലവഴിക്കുക. ഉദാഹരണത്തിന്, കഴിഞ്ഞ പ്രാവശ്യം നൽകിയ പ്രസിദ്ധീകരണത്തിൽനിന്നുള്ള ഒരു ആശയം ചർച്ചചെയ്യുക. അല്ലെങ്കിൽ മുമ്പു സംസാരിച്ച വിഷയത്തോടു ബന്ധപ്പെട്ട മറ്റൊരു പ്രസിദ്ധീകരണംകൂടെ നൽകുക. മുൻസന്ദർശനത്തിൽ ഒരു ചോദ്യം ഉന്നയിച്ചിട്ടാണു പോന്നതെങ്കിൽ അതിന് ഉത്തരം നൽകാൻ മറക്കരുത്. സംസാരിക്കുന്ന വിഷയത്തിന് ഉപോദ്ബലകമായ ഒരു തിരുവെഴുത്ത് പ്രദീപ്തമാക്കുമ്പോൾ ബൈബിളിൽനിന്നു നേരിട്ടു വായിക്കാൻ ശ്രമിക്കുക.
6. മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ ലക്ഷ്യമെന്ത്?
6 നമ്മുടെ ലക്ഷ്യം: ബൈബിളധ്യയനം ആരംഭിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം. മടക്കസന്ദർശനവേളയിൽ ബൈബിളധ്യയനം ആരംഭിക്കാൻ ഒരു പ്രസാധകൻ വീട്ടുകാരനെ പ്രോത്സാഹിപ്പിച്ചു, അദ്ദേഹം പക്ഷേ അതു നിരസിച്ചു. ഏറ്റവും പുതിയ മാസികകളുമായി മടങ്ങിച്ചെന്ന സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഇന്ന് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരം നൽകിവരികയാണ് ഞങ്ങൾ.” വീട്ടുകാരന്റെ അഭിപ്രായം ശ്രദ്ധിച്ചശേഷം സഹോദരൻ ഒരു തിരുവെഴുത്തും, ബൈബിളധ്യയനത്തിനുള്ള ഒരു പ്രസിദ്ധീകരണത്തിൽനിന്ന് അതോടു ബന്ധപ്പെട്ട ഒരു ഖണ്ഡികയും വായിച്ചു. അങ്ങനെ ബൈബിളധ്യയനവും ആരംഭിച്ചു.
7. ബൈബിളധ്യയനം ആരംഭിക്കാൻ നല്ല തയ്യാറാകൽ നിങ്ങളെ എങ്ങനെ സഹായിച്ചിരിക്കുന്നു?
7 മടക്കസന്ദർശനങ്ങൾക്കു തയ്യാറാകാൻ സമയം ചെലവഴിക്കുന്നത് ഒരിക്കലും വ്യർഥമല്ല. അതു നമ്മുടെ സന്തോഷം വർധിപ്പിക്കും. ‘നിത്യജീവനുവേണ്ട ഹൃദയനിലയുള്ളവരെ’ സഹായിക്കാനുള്ള അവസരവും അതു നമുക്കു തുറന്നുതന്നേക്കാം.—പ്രവൃ. 13:48, NW.