“നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ചെയ്വിൻ”
1 “നിങ്ങളുടെ ആളുകളെ കാണുന്നത് ഞങ്ങൾക്ക് അങ്ങേയറ്റം സന്തോഷമാണ്, അവർ വളരെ മര്യാദയും ആദരവും ഉള്ളവരാണ്.” ഐക്യനാടുകളിൽ നമ്മുടെ ഒരു കൺവെൻഷൻ നടന്ന നഗരത്തിലെ ‘കൺവെൻഷൻ ആൻഡ് വിസിറ്റേഴ്സ് ബ്യൂറോ’യുടേതാണ് ഈ അഭിപ്രായം. പൊതുജനങ്ങളുടെ മുമ്പാകെയുള്ള നമ്മുടെ നടത്തയെ പ്രതി ലഭിക്കുന്ന അത്തരം അഭിനന്ദനങ്ങൾ നമ്മുടെ ഹൃദയത്തിനു കുളിർമ പകരുന്നു. ഒരു കൂട്ടമെന്ന നിലയിൽ ‘എല്ലാ കാര്യങ്ങളും സ്നേഹത്തിൽ ചെയ്യുന്നവരാണ്’ നാമെന്ന് ഇതു തെളിയിക്കുന്നു. (1 കൊരി. 16:14) എന്നാൽ, ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാത്തപക്ഷം ചില സംഗതികൾ ദൈവജനത്തിന്റെ സത്പേരിനെ നശിപ്പിച്ചേക്കാം.
2 മുറി ബുക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ: എല്ലാവർക്കും ന്യായമായ നിരക്കിൽ മുറികൾ ലഭിക്കുന്നതിന് ഹോട്ടലുകളുമായി ചർച്ച ചെയ്യാൻ ഓരോ കൺവെൻഷൻ നഗരത്തിലും ഒരു താമസസൗകര്യ ഡിപ്പാർട്ടുമെന്റ് രൂപീകരിക്കാറുണ്ട്. നമുക്കുവേണ്ടി സഹോദരങ്ങൾ വളരെയധികം ശ്രമവും സമയവും ചെലവഴിക്കുന്നു. മറ്റു മതക്കാരിൽനിന്നു മോശമായ അനുഭവങ്ങൾ ഉണ്ടായതു നിമിത്തം ചില ഹോട്ടലുകാർ ആദ്യമൊക്കെ കുറഞ്ഞ നിരക്കിൽ മുറികൾ നൽകാൻ മടിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ ആളുകൾ ഹോട്ടലുമായി സഹകരിക്കുമെന്ന് താമസസൗകര്യ ഡിപ്പാർട്ടുമെന്റ് ഉറപ്പുകൊടുത്തതിന്റെ ഫലമായി മിക്കവരും നമുക്കു മുറികൾ നൽകാൻ തയ്യാറായിരിക്കുന്നു.
3 കഴിഞ്ഞ വർഷം, പതിവില്ലാതെ അവസാന നിമിഷത്തിൽ സാക്ഷികൾ അനവധി മുറികളുടെ ബുക്കിങ് റദ്ദാക്കിയെന്ന് നിരവധി ഹോട്ടലുകൾ പരാതിപ്പെട്ടിരുന്നു. എന്തായിരുന്നു കാരണം? ചിലർ രണ്ടു ഹോട്ടലുകളിൽ മുറികൾ ബുക്കു ചെയ്യുകയുണ്ടായി, എന്നാൽ ആദ്യത്തെ മുറിക്ക് അഡ്വാൻസ് നൽകുകയോ അത് റദ്ദാക്കുകയാണെന്ന് അവരെ അറിയിക്കുകയോ ചെയ്തില്ല. മറ്റു ചിലർ തങ്ങളോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഉപകാരപ്പെടുമെന്നു വിചാരിച്ച് ഒരു ഹോട്ടലിൽത്തന്നെ ഒന്നിലധികം മുറികൾ ബുക്കു ചെയ്തിരുന്നു. എന്നാൽ സ്ഥലത്ത് എത്തിയപ്പോൾ അവർ ഒരു മുറി എടുക്കുകയും മറ്റുള്ളവയുടെ ബുക്കിങ് റദ്ദാക്കുകയും ചെയ്തു. സാക്ഷികളിൽനിന്ന് മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ലെന്ന് ആ ഹോട്ടലുകാർ പറയാൻ അത് ഇടയാക്കി.
4 ഇത് ഹോട്ടലുകാർക്കും കൺവെൻഷൻ സംഘാടകർക്കും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ആളുവരുമെന്നു കരുതിക്കൊണ്ട് ഹോട്ടലുകാർ നമുക്കുവേണ്ടി കുറെ മുറികൾ നീക്കിവെക്കുന്നു. എന്നാൽ, സമയമാകുമ്പോൾ മുറികൾ ഒഴിഞ്ഞുകിടക്കുന്നതായി അവർ കാണുന്നു. ഈ പ്രശ്നം തുടരുന്നെങ്കിൽ, ഭാവി കൺവെൻഷനുകൾക്കുവേണ്ടി മുറികളുടെ കാര്യം ചർച്ച ചെയ്യുമ്പോൾ നമ്മുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരിക്കാൻ അത് കാരണമായേക്കാം. ഇത് ഒഴിവാക്കാൻ, ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പുള്ളത്ര മുറികൾ മാത്രം ബുക്കു ചെയ്യുക.
5 പ്രഭാത ഭക്ഷണം സൗജന്യമായി നൽകുന്ന ഹോട്ടലുകളിൽ താമസിച്ച സഹോദരങ്ങൾ, ഭക്ഷിച്ച ശേഷം ധാരാളം ഭക്ഷ്യവസ്തുക്കൾ എടുത്തുകൊണ്ടു പോയെന്നും അങ്ങനെ ആ ക്രമീകരണത്തെ ദുരുപയോഗം ചെയ്തെന്നും അത്തരം ചില ഹോട്ടലുകൾ പരാതിപ്പെട്ടിട്ടുണ്ട്. ഈ പ്രഭാത ഭക്ഷണം അവിടെ താമസിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ്. പിന്നീട് കഴിക്കാനോ കൺവെൻഷൻ സ്ഥലത്ത് സുഹൃത്തുക്കളുമായി പങ്കുവെക്കാനോ വേണ്ടി അവിടെനിന്ന് ഭക്ഷണം എടുത്തുകൊണ്ടുപോകാൻ ഉദ്ദേശിക്കപ്പെടുന്നില്ല. നാം ആ ക്രമീകരണത്തെ ദുരുപയോഗപ്പെടുത്തുന്നെങ്കിൽ അവർ അതു നിറുത്തിക്കളഞ്ഞേക്കാം. അല്ലെങ്കിൽ, മുറികൾക്ക് കൂടുതൽ വാടക ആവശ്യപ്പെടുകയോ ഭാവിയിൽ മുറികൾ നൽകാതിരിക്കുക പോലുമോ ചെയ്തേക്കാം.
6 എല്ലാവർക്കും നന്മ ചെയ്യൽ: നല്ല പെരുമാറ്റരീതികളും മാതൃകായോഗ്യമായ നടത്തയും ഉള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് യഹോവയോടും അയൽക്കാരോടുമുള്ള സ്നേഹമാണ്. (മത്താ. 22:37-39; യാക്കോ. 3:13) എല്ലാവരോടും സ്നേഹവും പരിഗണനയും ഉള്ളവരായിരിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (ഗലാ. 6:10) ഹോട്ടലുകളിൽ താമസിക്കുമ്പോൾ ആ തത്ത്വം തീർച്ചയായും ബാധകമാണ്. അവരോടു സഹകരിക്കാതിരിക്കുന്നത് നമ്മുടെ സത്പേരിനെ കളങ്കപ്പെടുത്തുന്നു, കുറഞ്ഞ നിരക്കിൽ മുറികൾ കിട്ടാനുള്ള സാധ്യത കുറയ്ക്കുന്നു, സഹോദരങ്ങൾക്കിടയിൽ നീരസം ഉളവാക്കുകയും ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ ഇനി മുറികൾ കൊടുക്കേണ്ടതില്ലെന്ന് ഒരു ഹോട്ടൽ തീരുമാനിച്ചാൽ, അവിടെ കൺവെൻഷനിൽ സംബന്ധിക്കുന്ന മറ്റുള്ളവരെ, പ്രത്യേകിച്ച് കൂടിയ നിരക്കിലുള്ള മുറികൾ എടുക്കാൻ പണമില്ലാത്തവരെ, അതു ബാധിച്ചേക്കാം.
7 ഒരു നല്ല മുറി ബുക്കു ചെയ്യുകയും അവസാന നിമിഷത്തിൽ അത് റദ്ദാക്കുകയും ചെയ്യുന്നെങ്കിൽ, അതിന്റെ അർഥം ആ മുറി ബുക്കു ചെയ്യാൻ ശ്രമിച്ച മറ്റൊരു സഹോദരന് അതു ലഭ്യമല്ലാതാകുന്നു എന്നാണ്. അതു നിമിത്തം അദ്ദേഹത്തിനു കൂടുതൽ ദൂരം യാത്ര ചെയ്യുകയോ അത്ര നല്ലതല്ലാത്ത മുറിയിൽ താമസിക്കുകയോ ചെയ്യേണ്ടിവന്നേക്കാം. അതു സ്നേഹമോ പരിഗണനയോ ആണോ? നമ്മുടേതല്ല, മറ്റുള്ളവരുടെ താത്പര്യങ്ങൾ സംബന്ധിച്ച് ചിന്തയുള്ളവരായിരുന്നുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുകയും അവർക്ക് നന്മ ചെയ്യുകയും ചെയ്യുന്നത് എത്രയോ മെച്ചമാണ്!—മത്താ. 7:12; യോഹ. 13:34, 35.
8 “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ നാം ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. താമസസൗകര്യവും യാത്രാ ക്രമീകരണങ്ങളും ഉൾപ്പെടെ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നിങ്ങൾ ചെയ്തുകഴിഞ്ഞുവോ? ഹോട്ടലുകളിലെയും കൺവെൻഷൻ നഗരത്തിലെയും നമ്മുടെ നടത്ത എല്ലായ്പോഴും നമ്മിലുള്ള സത്യത്തെയും സ്രഷ്ടാവിനോടുള്ള നമ്മുടെ സ്നേഹത്തെയും പ്രതിഫലിപ്പിക്കുമാറാകട്ടെ.