യഹോവയുടെ സാക്ഷികളുടെ 2004-ലെ “ദൈവത്തോടുകൂടെ നടക്കുക” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1 നമ്മുടെ വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകളെ നിങ്ങൾക്കു പ്രിയങ്കരമാക്കിത്തീർക്കുന്നത് എന്താണ്? “വിശ്വസ്തനും വിവേകിയുമായ അടിമ” നമുക്കുവേണ്ടി തയ്യാറാക്കുന്ന കെട്ടുപണി ചെയ്യുന്ന പ്രസംഗങ്ങളും നാടകവുമാണോ? (മത്താ. 24:45-47, NW) കാലോചിതമായ ആത്മീയ പോഷണം നൽകുന്ന പുതിയ പ്രസിദ്ധീകരണങ്ങളാണോ? ബൈബിൾ തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തിയതു സംബന്ധിച്ച സഹോദരങ്ങളുടെ അനുഭവങ്ങളാണോ? മറ്റു രാജ്യങ്ങളിലെ രാജ്യ പ്രസംഗവേലയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ടുകളാണോ? അതോ, എല്ലാ പ്രായത്തിലുമുള്ള സഹവിശ്വാസികളുമായുള്ള സഹവാസമാണോ? അതേ, നമ്മുടെ കൺവെൻഷനുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കാൻ ഇവയും മറ്റനേകം കാരണങ്ങളും ഉണ്ട്!
2 മൂന്നു ദിവസവും ഹാജരാകുക: മോശെ മുഖാന്തരം യഹോവ കൽപ്പിച്ചു: ‘കേട്ടു പഠിക്കേണ്ടതിന് ജനത്തെ വിളിച്ചുകൂട്ടേണം.’ (ആവ. 31:12, 13) വിശ്വസ്തനും വിവേകിയുമായ അടിമവർഗം മുഖാന്തരം നമ്മുടെ കൺവെൻഷന്റെ ഓരോ ദിവസത്തേക്കും യഹോവ നമുക്കായി വിശിഷ്ടമായ വിദ്യാഭ്യാസ പരിപാടി തയ്യാറാക്കിയിരിക്കുന്നു. ‘നമ്മുടെതന്നെ പ്രയോജനത്തിനുവേണ്ടി’യാണ് അവൻ പഠിപ്പിക്കുന്നത് എന്നതിനാൽ അവന്റെ മുഴു പ്രബോധനവും ശ്രദ്ധിക്കത്തക്കവണ്ണം അവിടെ ഉണ്ടായിരിക്കാൻ നാം ആഗ്രഹിക്കുന്നു. (യെശ. 48:17, NW) എന്നാൽ കഴിഞ്ഞ വർഷം “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ ശനി, ഞായർ ദിവസങ്ങളെ അപേക്ഷിച്ച് വെള്ളിയാഴ്ച ഹാജർ വളരെ കുറവായിരുന്നു. ഇതിന്റെ അർഥം മർമപ്രധാനമായ വിവരങ്ങൾ അവതരിപ്പിച്ച കൺവെൻഷൻ ഭാഗങ്ങൾ ഒരു നല്ല ശതമാനം സഹോദരങ്ങൾക്ക് നഷ്ടമായി എന്നാണ്. മാത്രമല്ല, സഹവിശ്വാസികളുമായുള്ള സന്തോഷകരമായ സഹവാസവും അവർക്കു നഷ്ടപ്പെട്ടു.
3 തടസ്സം സൃഷ്ടിക്കാൻ മറ്റു കാര്യങ്ങളെ അനുവദിക്കരുത്: തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയം നിമിത്തമായിരിക്കാം ചിലർ വെള്ളിയാഴ്ച ഹാജരാകാതിരുന്നത്. മറ്റു ചിലർ അവധിയും പണവും മറ്റു ചില കാര്യങ്ങൾക്കായി മാറ്റി വെച്ചിരിക്കാം. ഒന്നോ രണ്ടോ ദിവസത്തെ കൺവെൻഷൻ പരിപാടി നഷ്ടപ്പെട്ടതുകൊണ്ട് അത്ര കുഴപ്പമൊന്നുമില്ലെന്നോ നിങ്ങളുടെ തൊഴിലുടമ അവധി തരില്ലെന്നോ നിങ്ങൾ നിഗമനം ചെയ്യരുത്. തൊഴിലുടമയോട് അവധി ചോദിക്കേണ്ടതുണ്ടെങ്കിൽ, നെഹെമ്യാവിന്റെ ധീരമായ ദൃഷ്ടാന്തം പിൻപറ്റിക്കൊണ്ട് യഹോവയോടു പ്രാർഥിച്ചശേഷം അത് ചോദിക്കുക. (നെഹെ. 1:11; 2:4) എന്നിട്ട്, നിങ്ങളുടെ ജീവിതത്തിൽ ആത്മീയ ആവശ്യങ്ങൾ ഒന്നാം സ്ഥാനത്തു വെക്കുന്നെങ്കിൽ ഭൗതികമായതെല്ലാം നൽകപ്പെടും എന്നു തിരിച്ചറിഞ്ഞുകൊണ്ട്, യഹോവയുടെ വാഗ്ദാനങ്ങളിൽ പൂർണ വിശ്വാസം അർപ്പിക്കുക. (മത്താ. 6:33; എബ്രാ. 13:5, 6) കൂടാതെ, കൺവെൻഷനിൽ പങ്കെടുക്കാനുള്ള നിങ്ങളുടെ പദ്ധതി സംബന്ധിച്ച് കഴിവതും നേരത്തേതന്നെ അവിശ്വാസികളായ കുടുംബാംഗങ്ങളെ അറിയിക്കുന്നതും സ്നേഹപൂർവകമായ നടപടി ആയിരിക്കും.
4 “കൂടുതൽ പ്രാധാന്യമുള്ള സംഗതി”കളോടുള്ള വിലമതിപ്പാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മുഖ്യ ഘടകം. (ഫിലി. 1:10, 11, NW; സങ്കീ. 27:4) യഹോവയിൽനിന്നുള്ള ജീവത്പ്രധാനമായ ഈ കരുതലിൽനിന്നു പൂർണ പ്രയോജനം അനുഭവിക്കുന്നതിന് ആവശ്യമായ ആസൂത്രണം നടത്താൻ ആ വിലമതിപ്പ് നമ്മെ പ്രേരിപ്പിക്കും. ഇപ്പോൾത്തന്നെ അതിനുള്ള സുനിശ്ചിതമായ ആസൂത്രണങ്ങൾ ചെയ്തുതുടങ്ങുക, മൂന്നു ദിവസവും നിങ്ങൾ അവിടെ ഉണ്ടായിരിക്കും എന്ന് ദൃഢനിശ്ചയം ചെയ്യുക!
5 താമസസൗകര്യം: കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ലളിതമാക്കിയ താമസസൗകര്യ ക്രമീകരണമായിരിക്കും ഈ വർഷവും പിൻപറ്റുന്നത്. താമസസൗകര്യ ഡിപ്പാർട്ടുമെന്റ് ഹോട്ടലുകളിൽ യാതൊരു ബുക്കിങ്ങും നടത്തുന്നതല്ല. പകരം, താമസിക്കാൻ ശുപാർശ ചെയ്യപ്പെടുന്ന ഹോട്ടലുകളുടെ പട്ടികയും അവയുടെ നിരക്കും സഭകൾക്ക് അയച്ചുതരുന്നതാണ്. താമസസൗകര്യം ആഗ്രഹിക്കുന്നവർക്ക് ഹോട്ടലുകളുമായി നേരിട്ടു ബന്ധപ്പെട്ട് തങ്ങൾക്കാവശ്യമുള്ള മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. ഡോർമിറ്ററിയിലെ താമസസൗകര്യം മാത്രമേ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് ഏർപ്പാടു ചെയ്യുകയുള്ളൂ. സഭകൾക്ക് ഇതു സംബന്ധിച്ച കൂടുതലായ വിവരങ്ങൾ കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റിൽനിന്നു ലഭിക്കുന്നതാണ്. ഡോർമിറ്ററി താമസസൗകര്യത്തിനായുള്ള നിങ്ങളുടെ അപേക്ഷകൾ നേരത്തേതന്നെ അയയ്ക്കുക. 4-ാം പേജിലെ “നിങ്ങൾക്ക് താമസസൗകര്യ ക്രമീകരണങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന വിധം” എന്ന ചതുരത്തിലെ ആശയങ്ങൾ പുനരവലോകനം ചെയ്യുക.
6 പ്രത്യേക ആവശ്യങ്ങൾ: അപ്പൊസ്തലനായ പൗലൊസ് ഗലാത്യ ക്രിസ്ത്യാനികളെ ഇങ്ങനെ ഓർമിപ്പിച്ചു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.” (ഗലാ. 6:10) പ്രായമായ സഹോദരീസഹോദരന്മാർ, രോഗികൾ, ഒറ്റയ്ക്കുള്ള മാതാപിതാക്കൾ, മുഴുസമയ സേവകർ എന്നിവരൊന്നും നിങ്ങളുടെ സഹായം ആവശ്യപ്പെട്ടെന്നിരിക്കില്ല. എന്നാൽ കൺവെൻഷനിൽ ഹാജരാകുന്നതിന് അവർക്ക് തടസ്സങ്ങളുണ്ടായിരിക്കാം. അവർക്കു ‘നന്മചെയ്യാനും’ സഹായഹസ്തം നീട്ടിക്കൊടുക്കാനും പറ്റിയ സ്ഥാനത്താണോ നിങ്ങൾ? വിശേഷിച്ചും ക്രിസ്ത്യാനികളായ ബന്ധുക്കളും മൂപ്പന്മാരും അത്തരക്കാരുടെ സാഹചര്യങ്ങൾ സംബന്ധിച്ച് ബോധമുള്ളവരായിരിക്കണം.
7 ഒരു പ്രസാധകൻ, പ്രത്യേക ആവശ്യ മുറി അപേക്ഷ ഫാറം നൽകിയാൽ ഫാറത്തിലെ മാർഗനിർദേശങ്ങൾ ഉപയോഗിച്ച് സഭാ സേവന കമ്മിറ്റി അതു വിലയിരുത്തും. പ്രാദേശിക സഭയ്ക്ക് സഹായിക്കാൻ കഴിയുമോ എന്ന് അവർ ചിന്തിക്കണം. ഈ കരുതൽ സഭയിൽ നല്ല നിലയുള്ള പ്രസാധകർക്കും അവരുടെ അച്ചടക്കമുള്ള കുട്ടികൾക്കും മാത്രം ഉള്ളതാണ്. താമസസൗകര്യ ഡിപ്പാർട്ടുമെന്റിന് പ്രത്യേക ആവശ്യ അപേക്ഷകൾ സംബന്ധിച്ച് എന്തെങ്കിലും വിശദാംശങ്ങൾ ആവശ്യമായി വന്നാൽ സഭാ സെക്രട്ടറിയുമായി ബന്ധപ്പെടുന്നതാണ്.
8 മറ്റൊരു സമ്മേളനത്തിൽ സംബന്ധിക്കൽ: നിയമിത കൺവെൻഷനിൽ പങ്കെടുക്കാൻ സാഹചര്യങ്ങൾ അനുവദിക്കാത്തതു നിമിത്തം നിങ്ങൾക്ക് മറ്റൊരു കൺവെൻഷനിൽ സംബന്ധിക്കേണ്ടതായി വന്നേക്കാം. മറ്റു കൺവെൻഷനുകൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ സഭാ സെക്രട്ടറിയോടു ചോദിക്കുക. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന കൺവെൻഷനുകൾ സംബന്ധിച്ച വിവരങ്ങൾ അവ നടക്കുന്ന ക്രമത്തിൽ, കൺവെൻഷൻ ആസ്ഥാനത്തിന്റെ മേൽവിലാസം സഹിതം നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഒരു ഭാവി ലക്കത്തിൽ പ്രത്യക്ഷപ്പെടുന്നതായിരിക്കും. നിങ്ങളുടെ അപേക്ഷ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക. അതോടൊപ്പം സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച ഒരു കവർ കൂടി വെക്കാൻ ശ്രദ്ധിക്കണം. ഒരു നഗരത്തിൽ ഒന്നിലധികം കൺവെൻഷൻ നടക്കുന്നുണ്ടെങ്കിൽ, നിങ്ങൾ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കൺവെൻഷന്റെ തീയതി എഴുതിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ശുപാർശ ചെയ്യുന്ന ഹോട്ടലുകളുടെ ഏറ്റവും പുതിയ പട്ടികയും വാടകനിരക്കുകളും താമസസൗകര്യ ഡിപ്പാർട്ടുമെന്റ് നിങ്ങൾക്ക് അയച്ചു തരുന്നതായിരിക്കും.
9 ഏതാണ്ട് 2,500 വർഷം മുമ്പ് യഹോവയുടെ ജനത്തിന്റെ ഒരു കൂടിവരവിൽവെച്ച് എസ്രായും സഹ ലേവ്യരും ജനങ്ങളെ ദൈവവചനം വായിച്ചു കേൾപ്പിക്കുകയും അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. അതിന്റെ ഫലമെന്തായിരുന്നു? “തങ്ങളോടു പറഞ്ഞ വചനം ബോദ്ധ്യമായതുകൊണ്ടു ജനമെല്ലാം പോയി . . . അത്യന്തം സന്തോഷിക്കയും ചെയ്തു,” എന്ന് നെഹെമ്യാവു 8:12 നമ്മോടു പറയുന്നു. ഇന്ന് അഭിഷിക്ത അടിമവർഗം എസ്രായെയും ലേവ്യരെയും പോലെ ദൈവവചനം ഉപയോഗിക്കുകയും, വിശദീകരിക്കുകയും, നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രയോഗപഥത്തിൽ കൊണ്ടുവരാം എന്നു കാണിച്ചു തരികയും ചെയ്യുന്നതിൽ നാം നന്ദിയുള്ളവരല്ലേ? ഇങ്ങനെ ചെയ്തുകൊണ്ട് അടിമവർഗം യഹോവയ്ക്കു തന്റെ ജനത്തോടുള്ള യഥാർഥ സ്നേഹവും താത്പര്യവും പ്രതിഫലിപ്പിക്കുന്നു. “ദൈവത്തോടുകൂടെ നടക്കുക” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ ഒരു പരിപാടി പോലും നഷ്ടപ്പെടുത്തുകയില്ല എന്ന കാര്യത്തിൽ ദൃഢനിശ്ചയം ഉള്ളവരായിരിക്കുവിൻ!
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളിയും ശനിയും
9:30 a.m. - ഏകദേശം 5:10 p.m.
ഞായർ
9:30 a.m. - ഏകദേശം 4:05 p.m.
[4-ാം പേജിലെ ചതുരം]
നിങ്ങൾക്ക് താമസസൗകര്യ ക്രമീകരണങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന വിധം
◼ ശുപാർശ ചെയ്തിട്ടുള്ള ഹോട്ടലുകളിലെല്ലാം അന്വേഷിച്ചിട്ടും നിങ്ങൾക്കു താമസസൗകര്യം കിട്ടാതെ വരികയോ, തന്നിരിക്കുന്ന നിരക്കിൽ കൂടുതൽ ചോദിക്കുന്നതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്യുന്നെങ്കിൽ നിങ്ങളുടെ സഭാ സെക്രട്ടറിയെ അറിയിക്കുക. അദ്ദേഹം നിങ്ങളുടെ കൺവെൻഷന്റെ താമസസൗകര്യ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്.
◼ നിങ്ങൾക്ക് ആവശ്യമുള്ള മുറികൾ മാത്രം ബുക്കുചെയ്യുക.
◼ ആദ്യത്തെ ബുക്കിങ്ങിനോടു പറ്റിനിൽക്കുക.
◼ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് ഡോർമിറ്ററി സൗകര്യം മാത്രമേ ക്രമീകരിക്കുകയുള്ളൂ. അതുകൊണ്ട് ദയവായി, ഹോട്ടൽ മുറികൾ ബുക്കുചെയ്യാൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റിന് പണം അയയ്ക്കരുത്.
◼ നിങ്ങളുടെ ആവശ്യമനുസരിച്ചാണ് ഡോർമിറ്ററികൾ ബുക്കുചെയ്യുന്നത്. അതുകൊണ്ട്, ദയവായി നിങ്ങൾക്കു നിയമിച്ചുതന്നിരിക്കുന്ന ഡോർമിറ്ററിയിൽത്തന്നെ താമസിക്കുക. നിങ്ങളുടെ അപേക്ഷയിൽ കാണിച്ചിരിക്കുന്നതിനെക്കാൾ കൂടുതൽ ആളുകളെ ഡോർമിറ്ററിയിൽ പാർപ്പിക്കാൻ പ്രതീക്ഷിക്കുന്നില്ല.
◼ കൺവെൻഷൻ കഴിഞ്ഞ് പോകുന്നതിനു മുമ്പായി നിങ്ങളുടെ ഡോർമിറ്ററി ബുക്കിങ്ങിനുള്ള മുഴുവൻ പണവും താമസസൗകര്യ ഡിപ്പാർട്ടുമെന്റിൽ ഏൽപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.