യഹോവയുടെ സാക്ഷികളുടെ “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ 2001
1 പ്രവാചകനായ യെശയ്യാവ് “മഹാപ്രബോധകൻ” (NW) എന്നാണ് യഹോവയെ വിശേഷിപ്പിച്ചത്. ഒരു പിതാവിനെപ്പോലെ യഹോവ നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.” (യെശ. 30:20, 21) എന്നാൽ നമ്മുടെ പ്രയോജനത്തിനായി പറയപ്പെട്ടിരിക്കുന്ന യഹോവയുടെ വാക്കുകൾ നമുക്ക് എങ്ങനെയാണ് കേൾക്കാൻ കഴിയുക? ബൈബിളിന്റെ താളുകളിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ, യോഗങ്ങൾ, സർക്കിട്ട് സമ്മേളനങ്ങൾ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ എന്നിവയിലൂടെയും യഹോവ തന്റെ ജനത്തോട് സംസാരിക്കുന്നു. (മത്താ. 24:45, NW) നടക്കേണ്ടുന്ന വഴിയിൽ നമ്മെ നയിച്ചുകൊണ്ടിരിക്കുന്നതിൽ നമുക്ക് യഹോവയോട് നന്ദിയുള്ളവരായിരിക്കാം.
2 എല്ലാ വർഷവും, സഹവിശ്വാസികളോടൊപ്പം കൂടിവരാനും യഹോവയുടെ പ്രബോധനങ്ങൾ നന്നായി ശ്രദ്ധിക്കാനുമുള്ള അവസരം ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമുക്കു പ്രദാനം ചെയ്യുന്നു. ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്ന “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ കഴിഞ്ഞ വർഷം 32,349 പേർ ഹാജരായി. 2001-ൽ, “ദൈവവചനം പഠിപ്പിക്കുന്നവർ” എന്ന വിഷയത്തിലുള്ള ത്രിദിന ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ രാജ്യത്തെമ്പാടും നടത്തപ്പെടുന്നതാണ്. ഇതിൽ ഹാജരാകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ് എന്ന് ഞങ്ങൾക്കറിയാം. നിങ്ങളെ സഹായിക്കാൻ പിൻവരുന്ന നിർദേശങ്ങൾ ഞങ്ങൾ നൽകുകയാണ്.
3 താമസസൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്: കൺവെൻഷൻ നഗരത്തിൽ താമസസൗകര്യം ലഭിക്കാൻ നിങ്ങളെ സഹായിക്കാനും അതുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വിവരങ്ങൾ നൽകാനുമായി ഓരോ കൺവെൻഷനിലും ഒരു താമസസൗകര്യ ഡിപ്പാർട്ടുമെന്റ് പ്രവർത്തിക്കുന്നുണ്ട്. താമസസൗകര്യത്തിന് കഴിവതും നേരത്തേതന്നെ ക്രമീകരണങ്ങൾ ചെയ്യുക. സഭാ സെക്രട്ടറിയിൽനിന്നും ‘മുറി അപേക്ഷാ ഫാറം’ ലഭിക്കുന്നതാണ്. ഫാറം പൂരിപ്പിച്ച് അദ്ദേഹത്തെ ഏൽപ്പിക്കുക. നിങ്ങൾ കൺവെൻഷനു സംബന്ധിക്കുന്നിടത്തെ കൺവെൻഷൻ ആസ്ഥാനത്തേക്ക് അദ്ദേഹം അത് അയച്ചുകൊടുക്കും. നിങ്ങളുടെ അപേക്ഷയോടൊപ്പം സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പൊട്ടിച്ച ഒരു കവറും ഉണ്ടായിരിക്കണം. ആ നഗരത്തിൽ ഒന്നിലധികം കൺവെൻഷൻ നടക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഹാജരാകുന്ന കൺവെൻഷന്റെ തീയതികൾ വ്യക്തമായി കാണിച്ചിരിക്കണം.
4 ഹോട്ടൽ അധികാരികൾ യഹോവയുടെ സാക്ഷികളെ എപ്രകാരം വീക്ഷിക്കുന്നു? യഹോവയുടെ ജനത്തിന്റെ നല്ല പെരുമാറ്റത്തെ പുകഴ്ത്തിയശേഷം അമേരിക്കയിലെ മിഡ്വെസ്റ്റിലുള്ള ഒരു ഹോട്ടലിന്റെ ജനറൽ മാനേജർ ഇപ്രകാരം പറഞ്ഞു: “വ്യാഴാഴ്ച യഹോവയുടെ സാക്ഷികൾ മുറിയെടുക്കുകയാണെങ്കിൽ ഞാൻ തിങ്കളാഴ്ച രാവിലെവരെ അവധി എടുക്കാറുണ്ട്. കാരണം, എന്തെങ്കിലും പ്രശ്നമുണ്ടായാൽത്തന്നെ അതു നിസ്സാരമായിരിക്കുമെന്ന് എനിക്കറിയാം. നിങ്ങളുടെ ആളുകൾ ഇവിടെ വരുന്നത് ഞങ്ങൾക്കു വളരെ സന്തോഷകരമാണ്.” ഒരു ഹോട്ടലിലെ വിൽപ്പനക്കാരി ആശ്ചര്യത്തോടെ ഇങ്ങനെ പറഞ്ഞു: “വളരെ നല്ല ആളുകൾ! അവർ എല്ലാവരും ‘നന്ദി’ പറഞ്ഞു.” ആളുകൾ നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ഇങ്ങനെ പറയാൻ ഇടയാകുന്നതിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നില്ലേ? യഹോവയുടെ നാമത്തിന് മഹത്ത്വം കരേറ്റുന്ന വിധത്തിൽ നാം പ്രവർത്തിക്കുമ്പോൾ അത് അവന് എത്ര സന്തോഷം കൈവരുത്തുമെന്ന് ചിന്തിക്കുക!
5 പ്രായമായവർക്കും പ്രത്യേക സഹായം ആവശ്യമുള്ളവർക്കും വേണ്ടി കരുതൽ: സഭയിൽ പ്രായമായവരോ രോഗികളോ മറ്റു പ്രത്യേക ആവശ്യങ്ങൾ ഉള്ളവരോ ആയ ആരെങ്കിലും ഉണ്ടെങ്കിൽ, കൺവെൻഷനു ഹാജരാകാൻ അവരെ സഹായിച്ചുകൊണ്ട് സ്വന്തക്കാർക്കും മൂപ്പന്മാർക്കും സഭയിലെ മറ്റുള്ളവർക്കും അവരോടു സ്നേഹവും പരിഗണനയും കരുതലും പ്രകടമാക്കാവുന്നതാണ്. (1 തിമൊ. 5:4 താരതമ്യം ചെയ്യുക.) പരിപാടിയിൽനിന്നു മുഴു പ്രയോജനവും നേടത്തക്കവിധം സൗകര്യപ്രദമായ സ്ഥലത്താണ് അവർ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. അത്തരം വ്യക്തികളെ സഹായിക്കാൻ സഹോദരീസഹോദരന്മാർ സ്വമേധയാ മുന്നോട്ടു വരുന്നെങ്കിൽ അത് എത്ര നന്നായിരിക്കും! ആഹാരം കഴിക്കുന്നതിനു സഹായിക്കുകയോ കുടിക്കാൻ വെള്ളം കൊണ്ടുവന്നു കൊടുക്കുകയോ കക്കൂസിലും മറ്റും അവരെ കൊണ്ടുപോകുകയോ ഒക്കെ ചെയ്യുന്നത് ഇതിൽ ഉൾപ്പെട്ടിരിക്കാം. പ്രായമായവരെയോ പ്രത്യേക സഹായം ആവശ്യമുള്ളവരെയോ പരിപാലിക്കാനുള്ള പദവി പലർ ചേർന്ന് ഏറ്റെടുക്കുമ്പോൾ, അവരുടെ സ്വന്തക്കാരോ അവരെ പരിപാലിക്കുന്ന ഉത്തരവാദിത്വം സ്ഥിരം ഏറ്റെടുക്കുന്ന സഭാപ്രസാധകരോ ഉൾപ്പെടെ എല്ലാവർക്കും പരിപാടിയിൽ നിന്നു പ്രയോജനം ആസ്വദിക്കാനാകും. ക്രിസ്തീയ സഹോദരങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാനും ലോകക്കാരുടെ ‘ഞാൻ-മുമ്പേ’ മനോഭാവം ഒഴിവാക്കാനും സ്നേഹപുരസ്സരമായ ഈ നിർദേശങ്ങൾ പിൻപറ്റുകവഴി നമുക്ക് അവസരം ലഭിക്കുന്നു.—1 കൊരി. 10:24.
6 ഡിസ്ട്രിക്റ്റ് കൺവെൻഷൻ അടുത്തുവരവേ, മൂന്നു ദിവസത്തെയും പരിപാടികൾക്കു ഹാജരാകാനും പൂർണ പ്രയോജനം നേടാനും നിങ്ങൾക്കു കഴിയേണ്ടതിന് അതേക്കുറിച്ച് യഹോവയോടു പ്രാർഥിക്കുക. ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ തീയതി അറിഞ്ഞുകഴിഞ്ഞാൽ ജോലിയിൽനിന്ന് അവധി ലഭിക്കേണ്ടതിന് മുൻകൂട്ടി അപേക്ഷിക്കുക. അവസാന നിമിഷത്തിൽ അവധി ചോദിച്ചാൽ അതു ലഭിക്കാൻ സാധ്യതയില്ല. നമുക്ക് ആത്മീയ മാർഗനിർദേശം പ്രദാനം ചെയ്യാനും നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കാനും വേണ്ടിയാണ് വിശ്വസ്തനും വിവേകിയുമായ അടിമ ഈ വർഷത്തേക്കായി “ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് സങ്കീർത്തനക്കാരന്റെ പിൻവരുന്ന ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട് കൺവെൻഷനിൽ ഹാജരാകാൻ ആസൂത്രണം ചെയ്തുതുടങ്ങുക: “സമ്മേളിത കൂട്ടങ്ങളിൽ ദൈവത്തെ വാഴ്ത്തുവിൻ.”—സങ്കീ. 68:26, NW.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളി, ശനി
9:30 a.m. – 5:00 p.m.
ഞായർ
9:30 a.m. – 4:00 p.m.