“ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1 “ഞാൻ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.” (സങ്കീ. 35:18) ഒന്നാലോചിച്ചു നോക്കൂ, ദിവ്യ പ്രബോധനം സ്വീകരിക്കാനായി ഇന്ന് നമ്മുടെ കൺവെൻഷനുകളിൽ ആയിരക്കണക്കിനാളുകൾ സമാധാനത്തോടെ കൂടിവരുന്നതു ദാവീദ് കണ്ടിരുന്നെങ്കിൽ അത് അവനെ എത്രമാത്രം പുളകംകൊള്ളിക്കുമായിരുന്നു! 1999 നവംബർ പകുതി മുതൽ 2000 ജനുവരി ആദ്യം വരെ ഇന്ത്യയിൽ, “ദൈവത്തിന്റെ പ്രാവചനിക വചന” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ 27 എണ്ണം നടക്കുകയുണ്ടായി. ഈ കൺവെൻഷനുകളിൽ ഹാജരായ 30,462 പേരിൽ ഒരാൾ ആയിരുന്നോ നിങ്ങൾ? “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ഈ വർഷാവസാനത്തേക്കായി പട്ടികപ്പെടുത്തിയിരിക്കുന്നു. “തങ്ങളുടെ ആത്മീയാവശ്യങ്ങൾ സംബന്ധിച്ച് ബോധമുള്ള”വരും ‘ആത്മാവു സഭകളോടു പറയുന്നതു കേൾക്കാൻ’ സന്തോഷവും ആകാംക്ഷയും ഉള്ളവരുമായ യഹോവയുടെ സ്തുതിപാഠകരോടൊപ്പം കൂടിവരുന്നതിനുള്ള കൂടുതലായ അവസരങ്ങൾ നമുക്ക് അപ്പോൾ ലഭിക്കും.—മത്താ. 5:3, NW; വെളി. 2:29.
2 താമസസൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്: കൺവെൻഷൻ നഗരത്തിൽ താമസസൗകര്യം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിനും നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനുമായി ഓരോ കൺവെൻഷനിലും ഒരു താമസസൗകര്യ ഡിപ്പാർട്ടുമെന്റ് പ്രവർത്തിക്കുന്നുണ്ട്. താമസസൗകര്യത്തിനായി കഴിവതും നേരത്തേതന്നെ ക്രമീകരണങ്ങൾ ചെയ്യുക. സഭയിലെ സെക്രട്ടറിയിൽനിന്നും ‘മുറി അപേക്ഷാ ഫാറം’ ലഭിക്കുന്നതാണ്. ഫാറം പൂരിപ്പിച്ച് സഭാ സെക്രട്ടറിയെ ഏൽപ്പിക്കുക. അദ്ദേഹം അത് നിങ്ങൾ ഹാജരാകുന്ന സ്ഥലത്തെ കൺവെൻഷൻ ആസ്ഥാനത്തേക്ക് അയയ്ക്കും. നിങ്ങളുടെ അപേക്ഷയോടൊപ്പം സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച ഒരു കവറും ഉണ്ടായിരിക്കണം. ഒരേ നഗരത്തിൽ ഒന്നിലധികം കൺവെൻഷൻ നടക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഹാജരാകാനിരിക്കുന്ന കൺവെൻഷന്റെ തീയതികൾ വ്യക്തമായി കാണിച്ചിരിക്കണം.
3 പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങൾ ഉള്ളവർക്കും വേണ്ടി കരുതൽ: സഭയിൽ പ്രായമായവരോ, രോഗികളോ മറ്റു പ്രത്യേക ആവശ്യങ്ങൾ ഉള്ളവരോ ആയ ആരെങ്കിലും ഉണ്ടെങ്കിൽ കൺവെൻഷനു ഹാജരാകുന്നതിന് അവരെ സഹായിച്ചുകൊണ്ട് സ്വന്തക്കാർക്കും മൂപ്പന്മാർക്കും സഭയിലെ മറ്റുള്ളവർക്കും അവരോടു സ്നേഹവും പരിഗണനയും കരുതലും പ്രകടമാക്കാവുന്നതാണ്. (1 തിമൊഥെയൊസ് 5:4 താരതമ്യം ചെയ്യുക.) പരിപാടിയിൽനിന്നും മുഴു പ്രയോജനവും നേടത്തക്കവിധം സൗകര്യപ്രദമായ സ്ഥലത്തുതന്നെ അവർക്ക് ഇരിപ്പിടം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. അത്തരം ആളുകളെ സഹായിക്കുന്നതിന് സഹോദരീസഹോദരന്മാർ സ്വമേധയാ മുന്നോട്ടു വരുന്നെങ്കിൽ അത് എത്ര നന്നായിരിക്കും! ആഹാരം കഴിക്കുന്നതിന് സഹായിക്കുകയോ കുടിക്കാൻ വെള്ളം കൊണ്ടുവന്നു കൊടുക്കുകയോ കക്കൂസിലും മറ്റും അവരെ കൂട്ടിക്കൊണ്ടു പോകുകയോ ഒക്കെ ചെയ്യേണ്ടതുണ്ടായിരിക്കാം. പ്രായമായവരെയോ പ്രത്യേക ആവശ്യങ്ങൾ ഉള്ളവരെയോ പരിപാലിക്കാനുള്ള പദവി പലർ ചേർന്ന് ഏറ്റെടുക്കുമ്പോൾ, എല്ലാവർക്കും, അതായത് അവരുടെ സ്വന്തക്കാർക്കോ അവരെ പരിപാലിക്കുന്ന ഉത്തരവാദിത്വം സ്ഥിരം ഏറ്റെടുക്കുന്ന സഭാപ്രസാധകർക്കോ ഒക്കെ പരിപാടിയിൽ നിന്നു പ്രയോജനം ആസ്വദിക്കാനാകും.
4 മൂന്നു ദിവസവും ഹാജരാകാൻ ക്രമീകരിക്കുക: ആത്മീയ കാര്യങ്ങൾക്കു ശ്രദ്ധനൽകുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ സാത്താൻ ശ്രമിച്ചിട്ടുണ്ടോ? സങ്കടകരമെന്നു പറയട്ടെ, പല സഹോദരീസഹോദരന്മാരും അവരുടെ കുടുംബങ്ങളും ജീവത്പ്രധാനമായ ആത്മീയ ആഹാരം നഷ്ടപ്പെടുത്തുന്നു. എങ്ങനെ? വെള്ളിയാഴ്ചത്തെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടികൾക്കു ഹാജരാകാതിരിക്കുന്നതിലൂടെ. ചിലയിടങ്ങളിലെങ്കിലും വലിയൊരു ശതമാനം ആളുകൾ വെള്ളിയാഴ്ചത്തെ ആത്മീയ പ്രബോധനവും സഹവാസവും നഷ്ടപ്പെടുത്തുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
5 കൺവെൻഷനു ഹാജരാകുന്നതിനുള്ള അവധി അപേക്ഷിക്കാനായി തൊഴിലുടമകളെ സമീപിക്കുന്ന കാര്യത്തിൽ ചിലർ മടിയുള്ളവരായിരിക്കാം. നിങ്ങളും ആ കൂട്ടത്തിൽപ്പെടുന്നുവോ? ഇക്കാര്യം സംബന്ധിച്ച് യഹോവയോടു പ്രാർഥിക്കുകയും അങ്ങനെ, നിങ്ങളുടെ സാഹചര്യം തൊഴിലുടമയെ അറിയിക്കുന്നതിനു വേണ്ട ധൈര്യം സംഭരിക്കുകയും ചെയ്യരുതോ? സമാനമായ ഒരു സാഹചര്യത്തിലായിരുന്ന നെഹമ്യാവിന് ഉണ്ടായ നല്ല അനുഭവം ഓർക്കുക. (നെഹെ. 2:1-6) നമ്മെ സഹായിക്കുന്നതിനുള്ള നമ്മുടെ സ്വർഗീയ പിതാവിന്റെ മനസ്സൊരുക്കത്തിൽ വിശ്വാസം അർപ്പിക്കുക. നാം രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നെങ്കിൽ മറ്റു ജീവിതാവശ്യങ്ങൾ അവൻ നിറവേറ്റും എന്നതിൽ ഉറപ്പുള്ളവരായിരിക്കുക.—മത്താ. 6:32ബി, 33.
6 നമ്മുടെ കൺവെൻഷനുകൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നു? കിഴക്കൻ ഐക്യനാടുകളിൽ നിന്നുള്ള ഒരു സഹോദരി എഴുതി: “1999-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷനു പ്രത്യേകം നന്ദി. വർഷത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടാറുള്ള സഹോദരങ്ങളുമായുള്ള സഹവാസം എനിക്കു വളരെയേറെ സന്തോഷം കൈവരുത്തുന്നു. സത്യത്തെക്കുറിച്ച് അറിയാനിടയായ സമയത്ത്, ഞാൻ കൗമാരപ്രായക്കാരിയായ ഒരു ഗർഭിണി ആയിരുന്നു. എനിക്ക് അധ്യയനം നടത്തിയ ആൾ ആദ്യമായി എന്നെ ഒരു കൺവെൻഷനു കൊണ്ടുപോയത് ഞാൻ ഇന്നലെയെന്നവണ്ണം ഓർമിക്കുന്നു. ആ തുറന്ന സ്റ്റേഡിയത്തിൽ വെച്ച് ‘ആയിരങ്ങളാം സോദരർ’ എന്ന രാജ്യഗീതം ആലപിക്കവെ, ഞാൻ ആകാശത്തിലേക്കു ദൃഷ്ടികൾ പായിച്ചു, എന്നിട്ട് വിതുമ്പിക്കരഞ്ഞു. ഞാൻ എന്നോടു തന്നെ ചോദിച്ചു, ‘എന്റെ ചുറ്റും നിൽക്കുന്ന ഈ നല്ല ആളുകൾക്കിടയിൽ എന്നെ എങ്ങനെയാണ് യഹോവയ്ക്ക് ഇഷ്ടപ്പെടാൻ കഴിയുക?’ യഹോവയെ പൂർണമായി സേവിക്കാൻ അന്നു ഞാൻ തീരുമാനമെടുത്തു.” എത്ര ഹൃദയാവർജകമായ ഒരനുഭവം! യഹോവയുടെ ശുദ്ധിയുള്ള ജനത്തോടൊപ്പം സഹവസിക്കുക എന്നത് തീർച്ചയായും ആനന്ദകരമല്ലേ?
7 അന്ത്യത്തിന്റെ പരമാന്ത്യത്തിൽ ആയിരിക്കുന്ന നമുക്ക് ഇത്തരം വാർഷിക കൺവെൻഷനുകൾ മുമ്പെന്നത്തെക്കാളും ആവശ്യമാണ്. നമ്മുടെ ആത്മീയ ആരോഗ്യവും സമനിലയും കാത്തുസൂക്ഷിക്കുന്നതിന് യഹോവയിൽനിന്നുള്ള കരുതലാണിത്. അതുകൊണ്ട്, ഈ വർഷത്തെ “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മൂന്നു ദിവസത്തെയും പരിപാടികൾക്കു ഹാജരാകാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കുക. ആ തീരുമാനത്തോട് നിങ്ങൾക്ക് എങ്ങനെ പറ്റിനിൽക്കാൻ കഴിയും? മുഴുകൺവെൻഷൻ പരിപാടിക്കും ഹാജരാകുന്നതിന് ആവശ്യമായ അവധി നേരത്തേതന്നെ തൊഴിലുടമയോടു ചോദിക്കുക. നിങ്ങൾക്കു വരുമാനം കുറവാണെങ്കിൽ കൺവെൻഷനു പോകാനാവശ്യമായ പണം ഇപ്പോൾത്തന്നെ സ്വരൂപിച്ചു തുടങ്ങുക. തരണം ചെയ്യേണ്ട എന്തു പ്രശ്നം ഉണ്ടെങ്കിലും യഹോവയുടെ സഹായം തേടുക. അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങളുടെ സഹോദരീസഹോദരന്മാരുമൊത്തുള്ള ഊഷ്മള സൗഹൃദം ആസ്വദിക്കുന്നതിനും നമ്മുടെ സ്നേഹവാനാം സ്വർഗീയ പിതാവായ യഹോവയിൽനിന്നുള്ള നിത്യജീവന്റെ വചനങ്ങൾ കേൾക്കുന്നതിനുമായി നിങ്ങൾക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയും.—യോഹന്നാൻ 6:68 താരതമ്യം ചെയ്യുക.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളിയും ശനിയും
9:30 a.m.–5:00 p.m
ഞായർ
9:30 a.m.–4:00 p.m