യഹോവയുടെ സാക്ഷികളുടെ 2003-ലെ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1 തന്റെ വിശ്വസ്ത പ്രവാചകനായ യെശയ്യാവു മുഖാന്തരം യഹോവ ഇപ്രകാരം കൽപ്പിച്ചു: “എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ.” (യെശ. 51:4) അടിക്കടി വഷളായിക്കൊണ്ടിരിക്കുന്ന ദുർഘടമായ ഈ അന്ത്യനാളുകളിൽ, യഹോവയുടെ കൽപ്പനകൾക്കു ശ്രദ്ധ നൽകുന്നത് മുമ്പെന്നത്തേക്കാൾ പ്രധാനമാണ് എന്നതിനോടു നാം ഓരോരുത്തരും യോജിക്കുന്നില്ലേ? യഹോവയ്ക്കു ‘ചെവി കൊടുക്കാനുള്ള’ ഒരു മാർഗം ആരാധനയ്ക്കായി കൂടിവരാനുള്ള അവന്റെ കൽപ്പന അനുസരിക്കുന്നതാണ്. വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നമുക്കു പ്രദാനം ചെയ്യുന്ന പ്രത്യേക അവസരങ്ങൾക്കായി നാം എത്ര ആകാംക്ഷാഭരിതരായി നോക്കിപ്പാർത്തിരിക്കാറുണ്ട്! ഇന്ത്യ ബ്രാഞ്ചിന്റെ പ്രദേശത്ത് 2003-ലും അനേകം ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ നടത്താനുള്ള ക്രമീകരണം യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ചെയ്തിട്ടുണ്ട്.
2 ആത്മീയ നവോന്മേഷം പ്രദാനം ചെയ്ത “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ കഴിഞ്ഞവർഷം ഇന്ത്യയിൽ 33,372 പേർ ഹാജരായി. ഒൻപത് കൺവെൻഷനുകളോടു ബന്ധപ്പെട്ട് 807 പേർ തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റു എന്നത് ഹൃദയോഷ്മളമാണ്. ഈ കൺവെൻഷനുകളിൽ ക്രമീകരിച്ചിരുന്ന കാര്യങ്ങൾ സന്നിഹിതരായവരെ ആഴമായി സ്പർശിച്ചു. കൺവെൻഷൻ നടന്ന കൊച്ചി, ചെന്നൈ, മുംബൈ, സെക്കന്തരാബാദ് എന്നീ നാലു നഗരങ്ങളിലെ സഹോദരീസഹോദരന്മാർ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ ആയിരക്കണക്കിനു പ്രതിനിധികൾക്ക് ആതിഥ്യമരുളി; അവരിൽ പലരും തങ്ങളുടെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അത്തരം വലിയ ഒരു കൂടിവരവിനു സാക്ഷ്യംവഹിച്ചത്. തീർച്ചയായും, എല്ലാ പ്രതിനിധികളും സന്തോഷകരമായ സഹവാസവും ആത്മീയ പോഷണവും ആസ്വദിച്ചു. അത്തരം പ്രോത്സാഹനം സ്നേഹത്തിലും സത്പ്രവൃത്തികളിലും വർധിച്ചുവരാൻ നമ്മെ പ്രചോദിപ്പിക്കുന്നില്ലേ? ദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനായി ഈ പ്രസാദ കാലത്ത് ഇനിയും അനേകരെ സഹായിക്കാൻ തക്കവണ്ണം നാം കൂടുതൽ സജ്ജരാക്കപ്പെടുകയും പ്രചോദിതരാകുകയും ചെയ്തു എന്നതിന് ഒട്ടും സംശയമില്ല.—2 കൊരി. 6:1-3.
3 നമ്മുടെ അമൂല്യമായ സാഹോദര്യം ആസ്വദിക്കാനും യഹോവ നമുക്കു നൽകിയിരിക്കുന്ന ഐക്യത്തിനായി അവനോടു നന്ദി പറയാനുമുള്ള കൂടുതലായ അവസരങ്ങൾ 2003-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ നമുക്കു പ്രദാനം ചെയ്യുന്നതായിരിക്കും. കൺവെൻഷനുകൾക്കായി ഇപ്പോൾ ചെയ്തുവരുന്ന ക്രമീകരണങ്ങളിൽനിന്ന് പൂർണപ്രയോജനം നേടുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും?
4 എല്ലാ ദിവസവും ഹാജരാകുക: വിശ്വസ്തനും വിവേകിയുമായ അടിമവർഗം മുഖാന്തരം പ്രദാനം ചെയ്യുന്ന പ്രബോധനത്തിൽനിന്നു പൂർണപ്രയോജനം നേടുന്നതിന്, മുഴു പരിപാടിക്കും സന്നിഹിതരാകുന്നു എന്ന് ഉറപ്പുവരുത്താൻ നാം ആഗ്രഹിക്കും. (മത്താ. 24:45, NW) കൺവെൻഷനിൽ എല്ലാ ദിവസവും സംബന്ധിക്കുന്നതിന് നിങ്ങളുടെ തൊഴിലുടമയോട് ജോലിയിൽനിന്ന് ഒഴിവ് ആവശ്യപ്പെടേണ്ടതുണ്ടോ? മതിലുകൾ പുനർനിർമിക്കാനായി യെരൂശലേമിലേക്ക് പോകുന്നതിന് അർത്ഥഹ്ശഷ്ടാവ് രാജാവിനോട് അനുവാദം ചോദിക്കുന്നതിനു മുമ്പ് നെഹെമ്യാവ് ‘സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചു.’ (നെഹെ. 2:4) സമാനമായി, കൺവെൻഷനിൽ മൂന്നുദിവസവും പങ്കെടുക്കുന്നതിന്, തൊഴിലുടമയോട് ജോലിയിൽനിന്ന് ഒഴിവുചോദിക്കാനുള്ള ധൈര്യത്തിനായി നിങ്ങളും യഹോവയോടു പ്രാർഥിക്കണം. ജോലിയിൽനിന്ന് ഒഴിവുതരാൻ നിങ്ങളുടെ തൊഴിലുടമ വൈമനസ്യം പ്രകടിപ്പിക്കുന്നെങ്കിലോ? കൺവെൻഷനുകളിൽ നമുക്കു ലഭിക്കുന്ന പ്രബോധനം സത്യസന്ധരും ഉത്സാഹികളും ആശ്രയയോഗ്യരുമായ തൊഴിലാളികൾ ആയിരിക്കാൻ നമ്മെ സഹായിക്കുന്നു എന്ന് വിശദീകരിക്കുന്നത് ഒരുപക്ഷേ അനുകൂലമായി പ്രതികരിക്കാൻ അദ്ദേഹത്തെ സഹായിച്ചേക്കാം. കൂടാതെ, നമുക്ക് വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങളുണ്ടെങ്കിൽ, കൺവെൻഷനു വേണ്ടിയുള്ള നമ്മുടെ ആസൂത്രണം സംബന്ധിച്ച് കഴിവതും നേരത്തേതന്നെ അവരോടു പറയുന്നത് ദയയായിരിക്കും.
5 പുതിയ താമസസൗകര്യ ക്രമീകരണം: വലിയ ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ പങ്കെടുക്കുന്ന നൂറുകണക്കിനാളുകൾക്ക് താമസസൗകര്യം കണ്ടെത്തുക എന്നത് എല്ലായ്പോഴും ഒരു വലിയ സംരംഭംതന്നെ ആയിരുന്നിട്ടുണ്ട്. ഇന്നു മിക്കവാറും ആളുകൾ ഹോട്ടലുകളിലോ ഡോർമിറ്ററികളിലോ താമസിക്കാനാണു താത്പര്യപ്പെടുന്നത്. ഹോട്ടലുകളിൽ, ചില സന്ദർഭങ്ങളിൽ കുറഞ്ഞ നിരക്കിൽപ്പോലും, താമസസൗകര്യം ഒരുക്കിക്കൊണ്ട് കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് സഹോദരങ്ങളെ സഹായിക്കുന്നതിന് സന്തോഷമുള്ളവർ ആയിരുന്നിട്ടുള്ളപ്പോൾത്തന്നെ ചില സഹോദരങ്ങൾ നേരിട്ട് സ്വന്തം ക്രമീകരണങ്ങൾ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്.
6 താമസസൗകര്യം ആവശ്യമുള്ള എല്ലാവരെയും സഹായിക്കുന്നതിനും താമസസൗകര്യ ക്രമീകരണത്തോടു ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ലളിതമാക്കുന്നതിനുംവേണ്ടി, ഈ വർഷത്തെ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സംബന്ധിക്കുന്നവർക്കായുള്ള താമസസൗകര്യം സംബന്ധിച്ച് ഒരു പുതിയ സമീപനം കൈക്കൊള്ളാൻ ബ്രാഞ്ച് ഓഫീസ് തീരുമാനിച്ചിരിക്കുകയാണ്. താമസസൗകര്യ ഡിപ്പാർട്ടുമെന്റ് മുൻകൂട്ടി ഹോട്ടലുകളിൽ ബുക്കിങ് നടത്തുകയില്ല, പകരം താമസസൗകര്യം ആവശ്യമുള്ളവർക്ക് ഹോട്ടലുകളുമായി നേരിട്ടു ബന്ധപ്പെട്ട് സ്വന്തമായി ക്രമീകരണങ്ങൾ ചെയ്യാൻ കഴിയത്തക്കവണ്ണം, ഞങ്ങൾ ശുപാർശ ചെയ്യുന്ന ഹോട്ടലുകളുടെയും വാടകനിരക്കുകളുടെയും ഒരു പട്ടിക പ്രദാനംചെയ്യാനാണ് തീരുമാനം. ഡോർമിറ്ററി സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് ഇതു ബാധകമല്ല. അവർക്ക് തുടർന്നും കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് മുഖാന്തരം ബുക്കു ചെയ്യാവുന്നതാണ്.
7 ഡോർമിറ്ററി: മിക്കപ്പോഴും, ഹോട്ടലുകളുടെ ആദ്യ പട്ടിക അയച്ചതിനുശേഷം ഒരു മാസം കഴിഞ്ഞോ മറ്റോ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ സഭകൾക്കു ലഭിക്കുന്നതായിരിക്കും. ഈ രീതിയിലുള്ള താമസസൗകര്യം ആവശ്യമുള്ളവർ, കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് സഭകൾക്ക് അയച്ചുതരുന്ന പട്ടികയിലെ നിർദേശങ്ങൾക്ക് ചേർച്ചയിൽ തുടർന്നുള്ള പടികൾ സ്വീകരിക്കണം.
8 പ്രത്യേക ആവശ്യങ്ങൾ: പ്രത്യേക ആവശ്യങ്ങൾ ഉള്ളവർക്കുവേണ്ടി കരുതുന്നതിനുള്ള മിക്ക ക്രമീകരണങ്ങളും അവർ സഹവസിക്കുന്ന പ്രാദേശിക സഭതന്നെ ചെയ്യുകയാണ് പതിവ്. അത്തരം വ്യക്തികളുടെ സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്ന മൂപ്പന്മാരും മറ്റുള്ളവരും സ്നേഹപൂർവം അവരെ സഹായിച്ചിട്ടുണ്ട്, അത് തികച്ചും ശ്ലാഘനീയമാണ്. മുഴുസമയ സേവനത്തിൽ ആയിരിക്കുന്നവരെയും പ്രായമായവരെയും ആരോഗ്യപ്രശ്നമുള്ളവരെയും സാമ്പത്തിക സഹായം ആവശ്യമുള്ളവരെയും തങ്ങളോടൊപ്പം കൊണ്ടുപോകുന്നത് മിക്കപ്പോഴും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ക്രമീകരണങ്ങൾ ചെയ്യുന്നതിൽ സഹായിച്ചുകൊണ്ടും സാമ്പത്തികമായ പിന്തുണ ആവശ്യമായവരുടെ കാര്യത്തിൽ സാധിക്കുന്നപക്ഷം അതു നൽകിക്കൊണ്ടുപോലും സഹവിശ്വാസികൾക്കായി സഹോദരങ്ങൾ കരുതിയിട്ടുണ്ട്. (യാക്കോ. 2:15-17; 1 യോഹ. 3:18) അത്തരം സ്നേഹവും താത്പര്യവും സഹോദരങ്ങൾ തുടർന്നും പ്രകടമാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. (യോഹ. 13:35) എന്നിരുന്നാലും, ഒരു വ്യക്തിയുടെ പ്രത്യേക ആവശ്യങ്ങൾ അദ്ദേഹത്തിനു സ്വന്തമായോ അദ്ദേഹം സംബന്ധിക്കുന്ന സഭയിൽ ഉള്ളവർക്കോ നിറവേറ്റാൻ സാധിക്കാതെ വരുന്ന പക്ഷം അത്തരം വ്യക്തികൾക്ക് താമസസൗകര്യം ക്രമീകരിക്കുന്നതിനായി കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് പ്രവർത്തിക്കുന്നതായിരിക്കും. അങ്ങനെയുള്ളവർക്ക് സഭയിലെ കൺവെൻഷൻ കോർഡിനേറ്ററുമായി തങ്ങളുടെ സാഹചര്യത്തെ കുറിച്ച് ചർച്ചചെയ്ത് ‘പ്രത്യേക ആവശ്യ മുറി അപേക്ഷാ ഫാറം’ വാങ്ങിക്കാൻ കഴിയും.
9 പ്രത്യേക ആവശ്യങ്ങൾ ഉള്ളവർ മാത്രമാണ് ഈ ഫാറം ഉപയോഗിക്കേണ്ടത്. അവർ അതു പൂരിപ്പിച്ച് കൺവെൻഷൻ കോർഡിനേറ്റർക്ക് നൽകണം. ഫാറം മുഴുവനായും കൃത്യതയോടെ പൂരിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കുകയും സാഹചര്യങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്യും. അദ്ദേഹമാണ് കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റിന് അത് അയച്ചുകൊടുക്കുന്നതെങ്കിലും താമസസൗകര്യ ഡിപ്പാർട്ടുമെന്റ് വ്യക്തികളെ നേരിട്ടായിരിക്കും വിവരമറിയിക്കുക. പ്രത്യേക ആവശ്യമുള്ളവർക്ക്, അവരുടെ ഓരോരുത്തരുടെയും സാഹചര്യം അനുസരിച്ച് സ്വകാര്യ ഭവനങ്ങളിലോ ഹോട്ടലുകളിലോ താമസസൗകര്യം ക്രമീകരിക്കുന്നതായിരിക്കും. സ്വകാര്യഭവനങ്ങളിൽ താമസസൗകര്യം ക്രമീകരിക്കാത്തപക്ഷം ശരിക്കും ബുദ്ധിമുട്ടിലാകുന്ന പരിമിതമായ സാമ്പത്തിക ശേഷിയുള്ളവർക്കുവേണ്ടി മാത്രമുള്ളതാണ് സാധാരണഗതിയിൽ അത്തരം ക്രമീകരണം എന്നകാര്യം ദയവായി മനസ്സിൽപ്പിടിക്കുക. അവധിക്കാലം ചെലവിടുന്നതിനും മറ്റുമായി പണം മിച്ചം പിടിക്കാനുള്ള ഉദ്ദേശ്യത്തിൽ ചെലവുകൂടാതെ സൗജന്യമായി താമസിക്കാൻ ലക്ഷ്യമിടുന്നവർക്കുവേണ്ടി ഉള്ളതല്ല ഈ ക്രമീകരണം. കൂടാതെ, സ്വകാര്യ ഭവനങ്ങളിലെ താമസസൗകര്യം കൺവെൻഷൻ സമയത്തേക്കു മാത്രമുള്ളതാണ്. കൺവെൻഷനു മുമ്പോ ശേഷമോ പ്രദേശത്തുള്ള ഒഴിവുകാല സങ്കേതങ്ങൾ സന്ദർശിക്കാൻ പലരും ആഗ്രഹിച്ചേക്കാം. എന്നിരുന്നാലും, ആതിഥേയരായ സഹോദരങ്ങളുടെ വീട്ടിൽ കൂടുതൽ ദിവസം തങ്ങാമെന്നു പ്രതീക്ഷിച്ചുകൊണ്ട് അവരുടെ അതിഥിസത്കാര പ്രിയത്തെ മുതലെടുക്കുന്നത് തികച്ചും അനുചിതമായിരിക്കും.
10 മറ്റൊരു കൺവെൻഷനിൽ സംബന്ധിക്കൽ: നിങ്ങളുടെ സാഹചര്യങ്ങൾ നിമിത്തം നിങ്ങളെ നിയമിച്ചിരിക്കുന്ന കൺവെൻഷനിൽ അല്ലാതെ മറ്റൊന്നിൽ സംബന്ധിക്കേണ്ടതായി വരുകയും ഹോട്ടലിൽ താമസസൗകര്യം ആവശ്യമായിരിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങളുടെ സഭാ സെക്രട്ടറിയെ കാണുക. അദ്ദേഹം കൺവെൻഷൻ ആസ്ഥാനത്തിന്റെ മേൽവിലാസം നിങ്ങൾക്കു നൽകും. നിങ്ങളുടെ അപേക്ഷ ഉചിതമായ മേൽവിലാസത്തിൽ അയയ്ക്കുക. അതോടൊപ്പം സ്വന്തം മേൽവിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച ഒരു കവറും കൂടി വെക്കാൻ ശ്രദ്ധിക്കണം. അപ്പോൾ ആ നഗരത്തിലെ താമസസൗകര്യ ഡിപ്പാർട്ടുമെന്റ് അവർ ശുപാർശചെയ്യുന്ന ഹോട്ടലുകളുടെയും വാടകനിരക്കുകളുടെയും ഏറ്റവും പുതിയ പട്ടിക നിങ്ങൾക്ക് അയച്ചുതരും.
11 നാം ഒരു കൂത്തുകാഴ്ചയാണ്: യഹോവയുടെ സാക്ഷികളും ലോകത്തിലെ ആളുകളും തമ്മിലുള്ള അന്തരം ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ? തീർച്ചയായുമുണ്ട്! എന്നിരുന്നാലും, കൺവെൻഷൻ പ്രതിനിധികൾ, അവരുടെ പേരിൽ നടത്തിയ ബുക്കിങ്ങുകൾ അവസാനനിമിഷം റദ്ദാക്കുന്നുവെന്നും വാടകയിൽ ഉൾപ്പെടാത്ത കൂടുതൽ സൗകര്യങ്ങൾ ആവശ്യപ്പെടുന്നുവെന്നും മറ്റുമുള്ള അത്ര നല്ലതല്ലാത്ത റിപ്പോർട്ടുകൾ ചിലപ്പോഴൊക്കെ ഹോട്ടൽ മാനേജർമാരിൽനിന്ന് കേൾക്കേണ്ടിവന്നിട്ടുണ്ട്. കൺവെൻഷന് എത്തുന്ന യഹോവയുടെ സാക്ഷികളെ ഇനി മേലാൽ തങ്ങളുടെ ഹോട്ടലുകളിൽ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നുപോലും ചിലർ പറയാൻ ഇടവന്നിരിക്കുന്നു. നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തെ പ്രതിനിധാനം ചെയ്യുന്നവരാണ് എന്നും ആളുകൾ നമ്മെ അടുത്തു നിരീക്ഷിക്കുന്നുണ്ട് എന്നുമുള്ള വസ്തുത നമ്മിൽ എല്ലാവരും തിരിച്ചറിയുന്നില്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
12 എന്നിരുന്നാലും സന്തോഷകരമെന്നു പറയട്ടെ, ഭൂരിഭാഗം ഹോട്ടൽ മാനേജർമാർക്കും നമ്മെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ഒരു നഗരത്തിൽ ഒരു മാനേജർ പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾ പല കൺവെൻഷനുകളും കണ്ടിട്ടുണ്ട്, മിക്കപ്പോഴും കൺവെൻഷൻ പ്രതിനിധികളെ താമസിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ഏറ്റവും സഹകരണവും ദയയും പ്രകടമാക്കിയത് നിങ്ങളാണ്.” മറ്റു ചിലർ പിൻവരുന്നപ്രകാരം അഭിപ്രായപ്പെട്ടു: “കഴിഞ്ഞയാഴ്ച ഇവിടെ മറ്റൊരു മതക്കാരുടെ സമ്മേളനമുണ്ടായിരുന്നു. അവരും നിങ്ങളും തമ്മിലുള്ള വ്യത്യാസം വളരെ പ്രകടമാണ്.” “നിങ്ങൾ എല്ലായ്പോഴും നല്ല സഹായസഹകരണങ്ങൾ പ്രകടമാക്കുന്നവരാണ് എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്.” “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിന് നമ്മുടെ വ്യക്തിത്വത്തിൽ എങ്ങനെ ക്രിയാത്മകമായി പ്രഭാവം ചെലുത്താൻ കഴിയും എന്ന് മനസ്സിലാക്കാൻ ഈ അഭിപ്രായ പ്രകടനങ്ങൾ നമ്മെ സഹായിക്കുന്നില്ലേ? (യാക്കോ. 3:17) നമ്മൾ ‘ലോകത്തിന്നു കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ’ നമ്മുടെ നടത്ത എല്ലായ്പോഴും നമ്മുടെ ദൈവമായ യഹോവയുടെ അന്തസ്സും തേജസ്സും പ്രതിഫലിപ്പിക്കുന്നതായിരിക്കട്ടെ.—1 കൊരി. 4:9.
13 ഈ ‘ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’ എന്നതിനാൽ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് നിലകൊള്ളുന്നതിന് നമുക്ക് ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ആവശ്യമാണ്. (1 കൊരി. 7:29-31, NW) എല്ലാ ദിവസവും ഹാജരാകാൻ ക്രമീകരണങ്ങൾ ചെയ്യുന്നത് ശ്രമകരമാണ്, എന്നാൽ അതുകൊണ്ടുള്ള പ്രയോജനങ്ങൾ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്. സാത്താന്റെ ലോകത്തെ ന്യായംവിധിക്കാനുള്ള യഹോവയുടെ സമയത്തിനായി കാത്തിരിക്കവേ, അചഞ്ചലരായി നിലനിൽക്കുന്നതിന് നമ്മെ സഹായിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ വർഷത്തെ “ദൈവത്തിനു മഹത്ത്വം കൊടുക്കുവിൻ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ തയ്യാറാക്കിയിരിക്കുന്നത്. യഹോവ നമുക്കായി ഒരുക്കിയിരിക്കുന്ന പ്രബോധനം സ്വീകരിക്കുന്നതിൽനിന്ന് നമ്മെ തടയാൻ നമുക്ക് യാതൊന്നിനെയും അനുവദിക്കാതിരിക്കാം.—യെശ. 51:4, 5.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളിയും ശനിയും
9:30 a.m. - 5:00 p.m.
ഞായർ
9:30 a.m. - 4:05 p.m.