യഹോവയുടെ സാക്ഷികളുടെ 2005-ലെ “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1 നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവയാം ദൈവം, അവന്റെ വഴികൾ നമ്മെ പഠിപ്പിക്കുന്നതിന് നാം കൂടിവരാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. (യെശ. 30:20, 21; 54:13) വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെയാണ് അവൻ ഇതു ചെയ്തുകൊണ്ടിരിക്കുന്നത്. വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾപോലുള്ള യോഗങ്ങൾ അടിമവർഗം നമുക്കായി ക്രമീകരിക്കുന്നു. (മത്താ. 24:45-47, NW) പിൻവരുന്നപ്രകാരം പാടിയ സങ്കീർത്തനക്കാരനായ ദാവീദിന്റേതിനു സമാനമാണ് നമ്മുടെയും വികാരങ്ങൾ: “സഭകളിൽ” അഥവാ സമ്മിളിത കൂട്ടങ്ങളിൽ “ഞാൻ യഹോവയെ വാഴ്ത്തും.” (സങ്കീ. 26:12) യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന്റെ മൂല്യം ദാവീദ് വ്യക്തമായി മനസ്സിലാക്കിയിരുന്നു. മാത്രമല്ല ദൈവജനം ഒരുമിച്ചു കൂടിവരുമ്പോഴെല്ലാം അവിടെ ആയിരിക്കാൻ അവൻ ദൃഢചിത്തനും ആയിരുന്നു.
2 ഈ വർഷത്തെ “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഹാജരാകുന്ന സമ്മിളിത കൂട്ടങ്ങളിൽ നിങ്ങൾ ഉണ്ടായിരിക്കുമോ? അങ്ങനെയെങ്കിൽ ഹാജരാകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ പിൻവരുന്ന വിവരങ്ങൾ സഹായകമായിരിക്കും.
3 എല്ലാ ദിവസവും ഹാജരാകാനുള്ള ക്രമീകരണങ്ങൾ ഇപ്പോൾത്തന്നെ ചെയ്യുക: “ഉത്സാഹിയുടെ വിചാരങ്ങൾ [അഥവാ ആസൂത്രണങ്ങൾ] സമൃദ്ധിഹേതുകങ്ങൾ ആകുന്നു.” (സദൃ. 21:5) കൺവെൻഷനു ഹാജരാകുന്നതിന് എത്രയും പെട്ടെന്ന് ആവശ്യമായ ആസൂത്രണങ്ങൾ ചെയ്യേണ്ടതിന്റെ മൂല്യം ആ വാക്കുകൾ ഊന്നിപ്പറയുന്നില്ലേ? ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്ന മുഴു പരിപാടിയും ആസ്വദിക്കുന്നതിന് മൂന്നു ദിവസവും ഹാജരാകാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജ്ഞാനപൂർവം ഇപ്പോൾത്തന്നെ ചെയ്തു തുടങ്ങുക. ലൗകിക അവധി ദിവസങ്ങളും സ്കൂൾ പരീക്ഷാദിനങ്ങളുമെല്ലാം പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ എല്ലാവർക്കും സൗകര്യപ്രദമായ ഒരു തീയതി തിരഞ്ഞെടുക്കുക എന്നത് അസാധ്യമായി കാണപ്പെടുന്നു. അതുകൊണ്ട് ഈ വർഷം മുതൽ കൺവെൻഷനുകൾ മുൻവർഷങ്ങളിലേതിനെക്കാൾ നേരത്തേ നടത്താൻ തീരുമാനിച്ചിരിക്കുന്നു. മഴക്കാലത്ത്, താമസസൗകര്യവും ഹാളും ലഭിക്കാൻ എളുപ്പമായിരിക്കുന്നതുകൊണ്ട് ആ മാസങ്ങളിലായിരിക്കും അവ നടത്തപ്പെടുക. തീർച്ചയായും ഇത് നമ്മുടെ പക്ഷത്ത് കൂടുതലായ തയ്യാറെടുപ്പുകൾ നടത്തേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. നിങ്ങളുടെ തൊഴിലുടമയോട് അവധിക്ക് അപേക്ഷിക്കേണ്ടതുണ്ടോ, എങ്കിൽ അത് ഉടനടി ചെയ്യുക. അവിശ്വാസിയായ ഇണയുമായി ഇതു സംബന്ധിച്ച് ചർച്ച ചെയ്യേണ്ടതുണ്ടോ, അതും അവസാന നിമിഷത്തേക്കു വെക്കരുത്. ഇക്കാര്യത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും, യഹോവയുടെ സഹായത്താൽ ‘നിങ്ങളുടെ ഉദ്ദേശ്യങ്ങൾ സാധിക്കും’ എന്ന ബോധ്യത്തോടെ അക്കാര്യം ഒരു പ്രാർഥനാവിഷയമാക്കുക. (സദൃ. 16:3) കൂടാതെ, മുഴു പരിപാടിക്കും ഹാജരാകാൻ തക്കവണ്ണം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് നിങ്ങളുടെ ബൈബിൾ വിദ്യാർഥികളെയും സഹായിക്കാവുന്നതാണ്.
4 താമസസൗകര്യം: നിങ്ങളുടെ സൗകര്യത്തിനായി, ഓരോ കൺവെൻഷൻ നഗരത്തിലും താമസത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞിരിക്കുന്നു. താമസിക്കാൻ ശുപാർശ ചെയ്യുന്ന, ലഭ്യമായ ഹോട്ടലുകളുടെ പട്ടിക ലഭിച്ചാൽ ഉടൻ അത് നോട്ടീസ് ബോർഡിൽ പതിക്കുന്നതാണ്. നമുക്കു താമസിക്കുന്നതിന് കുറഞ്ഞനിരക്കിൽ മുറി ലഭ്യമാക്കുന്നതിനുവേണ്ടി സഹോദരന്മാർ പല ഹോട്ടലുകാരോടും സംസാരിച്ച് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് മുറി ബുക്കുചെയ്യുന്നതിനുവേണ്ടി ഹോട്ടലിലേക്കോ ലോഡ്ജിലേക്കോ വിളിക്കുമ്പോൾ നിങ്ങൾ കൺവെൻഷനിൽ സംബന്ധിക്കുന്നതിനുവേണ്ടി വരുന്നതാണെന്ന് അറിയിക്കുക. സഹോദരന്മാർ തന്ന പട്ടികയിൽ കാണിച്ചിരിക്കുന്ന തുകയേ കൊടുക്കാൻ സമ്മതിക്കാവൂ. ഹോട്ടലുടമകൾ ആ തുകയ്ക്കു മുറി തരാൻ തയ്യാറാകുന്നില്ലെങ്കിൽ സഭയിലെ സെക്രട്ടറിയുടെ സഹായത്തോടെ താമസസൗകര്യ ഡിപ്പാർട്ടുമെന്റിനെ വിവരം അറിയിക്കുക. ഇക്കാര്യത്തിലുള്ള നിങ്ങളുടെ സഹകരണം കുറഞ്ഞ നിരക്കിൽ നല്ല മുറികൾ ക്രമീകരിക്കുന്നതിന് തുടർന്നും ബ്രാഞ്ച് ഓഫീസിനെ സഹായിക്കും. നല്ല ഹോട്ടലുകൾ അവശ്യം കൺവെൻഷൻ സ്ഥലത്തോട് അടുത്തായിരിക്കണമെന്നില്ല എന്ന കാര്യം ഓർക്കുമല്ലോ. മുറി ബുക്കുചെയ്യുന്നതിനു മുമ്പ്, “താമസസൗകര്യ ക്രമീകരണങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന വിധം” എന്ന ചതുരത്തിലെ ആശയങ്ങൾ പുനരവലോകനം ചെയ്യുക. മുറി ബുക്കുചെയ്യുന്നതിന് നിങ്ങൾ ഫോൺ ചെയ്യുമ്പോൾ “മുറി ബുക്കുചെയ്യുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം എന്ത്?” എന്നതിനു കീഴിലെ നിർദേശങ്ങൾ പിൻപറ്റുക.
5 പ്രത്യേക ആവശ്യങ്ങൾ: അപ്പൊസ്തലനായ പൗലൊസ്, തനിക്ക് “ബലപ്പെടുത്തുന്ന സഹായ”മായിത്തീർന്ന ചില സഹോദരങ്ങളെക്കുറിച്ചു വിവരിക്കുകയുണ്ടായി. (കൊലൊ. 4:7-11, NW) അവർ പൗലൊസിനെ സഹായിച്ച ഒരുവിധം അവനു വ്യക്തിപരമായ സേവനങ്ങൾ ചെയ്തുകൊടുത്തുകൊണ്ടാണ്. കൺവെൻഷനോടുള്ള ബന്ധത്തിൽ മറ്റുള്ളവർക്ക് ഒരു “ബലപ്പെടുത്തുന്ന സഹായ”മായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? പ്രായമായ പ്രസാധകർ, രോഗികൾ, മുഴുസമയ സേവനത്തിലുള്ളവർ തുടങ്ങിയ പലർക്കും യാത്രയോടോ താമസസൗകര്യത്തോടോ ബന്ധപ്പെട്ട് സഹായം ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ളവരെ സഹായിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സ്വന്തക്കാർക്കാണ്. (1 തിമൊ. 5:4) എന്നാൽ അവർക്ക് അതു ചെയ്യാനാകുന്നില്ലെങ്കിൽ സ്വന്തം സഭയിലുള്ള സഹവിശ്വാസികൾക്കു സഹായിക്കാൻ കഴിഞ്ഞേക്കും. (യാക്കോ. 1:27) പുസ്തകാധ്യയന മേൽവിചാരകന്മാർ തങ്ങളുടെ കൂട്ടത്തിൽ പ്രത്യേക ആവശ്യമുള്ളവർ ആരാണെന്നു കണ്ടുപിടിച്ച് അവർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുവെന്ന് എത്രയും നേരത്തേതന്നെ ഉറപ്പാക്കണം.
6 കുടുംബാംഗങ്ങൾക്കോ സഭയ്ക്കോ താമസസൗകര്യ ക്രമീകരണങ്ങൾ ചെയ്തുകൊടുക്കാനാകാത്ത പ്രസാധകർക്കു മാത്രമേ, പ്രത്യേക ആവശ്യ മുറി അപേക്ഷ ഫാറങ്ങൾ ലഭ്യമായിരിക്കുകയുള്ളൂ. ഫാറത്തിലെയോ എല്ലാ മൂപ്പന്മാരുടെ സംഘങ്ങൾക്കും വേണ്ടിയുള്ള 2004 ഡിസംബർ 14-ലെ കത്തിലെയോ മാർഗനിർദേശം ഉപയോഗിച്ച് പ്രസാധകരുടെ യോഗ്യത, സഭാ സേവനക്കമ്മിറ്റി വിലയിരുത്തണം. സഭയിൽ നല്ല നിലയിലുള്ള പ്രസാധകർക്കും അവരുടെ അച്ചടക്കമുള്ള മക്കൾക്കും മാത്രമുള്ളതാണ് ഈ കരുതൽ.
7 മറ്റൊരു കൺവെൻഷനു ഹാജരാകൽ: ഈ വർഷം പല ഇംഗ്ലീഷ് കൺവെൻഷനുകളുണ്ട്. സഭ ഒരു പ്രാദേശിക ഭാഷയിലുള്ള കൺവെൻഷനാണു നിയമിക്കപ്പെട്ടിരിക്കുന്നതെങ്കിലും അതേസ്ഥലത്ത് ഒരു ഇംഗ്ലീഷ് കൺവെൻഷൻ ഉണ്ടെങ്കിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും മനസ്സിലാകുകയും ചെയ്യുന്നവർ അതിൽ സംബന്ധിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പ്രാദേശിക ഭാഷയിലുള്ള കൺവെൻഷനിൽ സംബന്ധിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് ഇത് സഹായകമാകും. അതുവഴി ഇരിപ്പിടം, സാഹിത്യം, താമസസൗകര്യം തുടങ്ങിയവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കും. നിങ്ങൾ ഒരു ഇംഗ്ലീഷ് കൺവെൻഷനിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇന്ത്യയിലെ എല്ലാ കൺവെൻഷനുകളുടെയും മേൽവിലാസം 2005 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിങ്ങൾക്കു കാണാവുന്നതാണ്. ശുപാർശ ചെയ്തിരിക്കുന്ന താമസസൗകര്യ ക്രമീകരണത്തെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചെങ്കിലുമോ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ അക്കാര്യം സൂചിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം കൺവെൻഷൻ മേൽവിലാസത്തിൽ കത്ത് അയയ്ക്കുക. ഒരേ നഗരത്തിൽത്തന്നെ ഒന്നിലധികം കൺവെൻഷൻ നടക്കുന്നപക്ഷം, നിങ്ങൾ ഹാജരാകുന്ന കൺവെൻഷന്റെ തീയതി കാണിച്ചിരിക്കണം.
8 സ്വമേധയാ സേവകരെ ആവശ്യമുണ്ട്: മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി താഴ്മയോടെ കരുതുന്നതിൽ യേശു പൂർണ മാതൃക വെച്ചു. (ലൂക്കൊ. 9:12-17; യോഹ. 13:5, 14-16) സമാനമായ ഒരു മനോഭാവമാണ്, കൺവെൻഷനിൽ സ്വമേധയാ സേവനത്തിനായി മുന്നോട്ടു വരുന്നവർ പ്രതിഫലിപ്പിക്കുന്നത്. കൺവെൻഷൻ ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കുന്നതിന് പ്രാദേശിക കൺവെൻഷൻ കമ്മിറ്റികൾ താമസിയാതെതന്നെ നിങ്ങളുടെ സഹായം അഭ്യർഥിക്കും. അത്തരം നിയമനങ്ങൾ സ്വീകരിക്കുന്ന കാര്യത്തിൽ വിശേഷിച്ചു മൂപ്പന്മാർ മനസ്സൊരുക്കം കാണിക്കേണ്ടതുണ്ട്. അവരുടെ മനസ്സൊരുക്കം സഭയിൽ മറ്റുള്ളവർക്ക് ഒരു ഉത്തമ മാതൃകയായിരിക്കും.—1 പത്രൊ. 5:2, 3.
9 മറ്റുള്ളവർ നിരീക്ഷിക്കുന്നത്: ഒരു ഹോട്ടൽ മാനേജർ പറഞ്ഞു: “ഇവിടെ നിങ്ങളുടെ ആളുകൾ വരുന്നതാണ് ഞങ്ങൾക്ക് ഏറെ ഇഷ്ടം. മറ്റെല്ലാവരുടേതിനെക്കാൾ നല്ല പെരുമാറ്റമാണു നിങ്ങളുടേത്. നിങ്ങൾ എത്ര നന്നായി ഞങ്ങളുടെ റൂംബോയ്സ്നോട് ഇടപെട്ടുവെന്നും അവരുടെ സേവനത്തെ എത്രയധികം വിലമതിച്ചുവെന്നും അവർ പറയുകയുണ്ടായി. വാസ്തവത്തിൽ നിങ്ങൾ ഇവിടെ വരുന്ന വാരാന്തത്തിൽ ജോലി ചെയ്യാൻ അവർ മത്സരിക്കുകയാണ്!” മറ്റൊരു ഹോട്ടൽ പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ സാക്ഷികളുമായി ഇടപെടാൻ എത്ര എളുപ്പമാണെന്നോ!” ഒരുപക്ഷേ നിങ്ങളുടെ മാതൃകായോഗ്യമായ നടത്തയായിരിക്കാം ഈ അഭിപ്രായപ്രകടനങ്ങളിലേക്കു നയിച്ചത്. യഹോവയ്ക്കു മഹത്ത്വം കരേറ്റുന്ന വിധത്തിലുള്ള നമ്മുടെ അത്തരം പെരുമാറ്റം അവന് എത്രമാത്രം സന്തോഷം കൈവരുത്തുമെന്ന് ഒന്നോർത്തു നോക്കൂ!—1 പത്രൊ. 2:12.
10 ആത്മീയ പ്രബോധനങ്ങൾക്കായി തന്റെ ജനം കൂടിവരുന്നതിന് ‘വിശ്വസ്ത ഗൃഹവിചാരകനിലൂടെ’ യഹോവ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. (ലൂക്കൊ. 12:42) മൂന്നു ദിവസവും ഹാജരാകുന്നതിനുവേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനു ശ്രമം ആവശ്യമാണ്, എന്നാൽ അത് തക്ക മൂല്യമുള്ളതായിരിക്കും. ഈ വർഷത്തെ “ദൈവിക അനുസരണം” ഡിസ്ട്രിക്റ്റ് കൺവെൻഷൻ, ഇപ്പോഴും സകല നിത്യതയിലും യഹോവയെ സേവിക്കുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ തീർച്ചയായും ശക്തിപ്പെടുത്തും. “സഭായോഗങ്ങളിൽ . . . കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ” എന്ന സങ്കീർത്തനക്കാരന്റെ ഉദ്ബോധനം പിൻപറ്റാൻ നമുക്ക് ദൃഢചിത്തരായിരിക്കാം.—സങ്കീ. 68:26.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളിയും ശനിയും
9:30 a.m. - 5:05 p.m.
ഞായർ
9:30 a.m. - 4:10 p.m.
[4-ാം പേജിലെ ചതുരം]
താമസസൗകര്യ ക്രമീകരണങ്ങളെ പിന്തുണയ്ക്കാൻ കഴിയുന്ന വിധം
◼ പട്ടികപ്പെടുത്തിയിരിക്കുന്ന ഹോട്ടലുകളുമായി ബന്ധപ്പെടുന്നതിന്—ടെലിഫോണിലൂടെയോ സാധ്യമായിരിക്കുന്നിടത്ത് നേരിട്ടു ചെന്നുകൊണ്ടോ—വ്യക്തിപരമായ ക്രമീകരണങ്ങൾ ചെയ്യുക.
◼ നിങ്ങളുടെ ആവശ്യങ്ങൾ വ്യക്തമായി വിശദീകരിക്കുക, കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കൂടുതൽ ആളുകൾ മുറിയിൽ താമസിക്കുമോയെന്നും.
◼ പട്ടികപ്പെടുത്തിയിരിക്കുന്ന ഹോട്ടലുകളിലെല്ലാം വിളിച്ചിട്ടും മുറി ലഭ്യമല്ലെങ്കിലോ ഹോട്ടലിനോടു ബന്ധപ്പെട്ട് മറ്റെന്തെങ്കിലും പ്രശ്നം നേരിടുന്നെങ്കിലോ നിങ്ങളുടെ സഭാ സെക്രട്ടറിയെ അറിയിക്കുക. അദ്ദേഹം, പട്ടികയുടെ ആദ്യം കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് അപ്പോൾ ലഭിക്കും.
◼ നിങ്ങൾക്ക് ആവശ്യമുള്ള മുറികൾ മാത്രം ബുക്കുചെയ്യുക.
◼ നിങ്ങൾ ബുക്കുചെയ്യുന്ന മുറി ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ മുറിക്കുംവേണ്ടി ഒരു നിശ്ചിത തുക അഡ്വാൻസ് ആയി കൊടുത്തിരിക്കണം. അല്ലാത്തപക്ഷം ഹോട്ടലുകാർ ആ മുറി മറ്റാർക്കെങ്കിലും നൽകിയേക്കാം.
◼ ബുക്കിങ്ങിനോടു പറ്റിനിൽക്കുക. മറ്റൊരു നല്ല ഹോട്ടൽ കാണുന്നതുകൊണ്ടു മാത്രം നിങ്ങൾ ഹോട്ടൽ മാറരുത്.
[4-ാം പേജിലെ ചതുരം]
മുറി ബുക്കുചെയ്യുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗം എന്ത്?
1. ശുപാർശ ചെയ്തിരിക്കുന്ന ഹോട്ടലുകളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച്, സാധാരണ ജോലിസമയത്ത് ഹോട്ടലിൽ വിളിക്കുക.
2. യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കാനാണ് മുറി ബുക്കുചെയ്യുന്നതെന്ന് ഹോട്ടലുകാരോടു പറയുക.
3. നിങ്ങൾ അവിടെ എത്തുന്ന തീയതിയും തിരിച്ചു പോകുന്ന തീയതിയും കൃത്യമായി അറിയിക്കുക.
4. അവിടെ മുറി ഇല്ലാത്തപക്ഷം മറ്റൊരു ഹോട്ടലിൽ വിളിക്കുക.
5. പട്ടികപ്പെടുത്തിയിരിക്കുന്നതിനെക്കാൾ ഉയർന്ന നിരക്കിൽ മുറി എടുക്കാൻ സമ്മതിക്കരുത്.
6. മുറി ബുക്കുചെയ്യുക; പത്തു ദിവസത്തിനകം ഡിമാന്റ് ഡ്രാഫ്റ്റോ മണി ഓർഡറോ അയയ്ക്കുക. തുക പണമായി ഒരിക്കലും അയയ്ക്കരുത്.
7. നിങ്ങളുടെ ബുക്കിങ്ങിന്റെ രസീതോ ലിഖിത രേഖയോ ചോദിക്കുക.